14 November 2024, Thursday
KSFE Galaxy Chits Banner 2

സർക്കാർ ഇടപെടൽ ഫലം കണ്ടു; കൊച്ചി തുറമുഖത്തിന് നല്ല കാലം

ബേബി ആലുവ
കൊച്ചി
April 29, 2022 9:54 pm

സംസ്ഥാന സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടലിന്റെ ഫലമായി അതിർത്തി ചെക്ക്പോസ്റ്റുകളിലെ ചരക്കു നീക്കം സുഗമമായതോടെ കൊച്ചി തുറമുഖത്തിന്റെ നല്ല കാലം തെളിഞ്ഞു. 20 വർഷത്തിനുള്ളിൽ ആദ്യമായി ചരക്കു കൈകാര്യത്തിൽ കൊച്ചി തൂത്തുക്കുടി തുറമുഖത്തെ മറികടന്നു. അതിർത്തി ചെക്ക്പോസ്റ്റുകളിൽ, മുഖ്യമായി സംസ്ഥാനത്തെ ഏറ്റവും കൂടുതൽ തിരക്കുള്ള വാളയാറിൽ പരിശോധന നീളുകയാണ്. പ്രതിദിനം 5000 വാഹനങ്ങളെങ്കിലും വാളയാറിനെ ആശ്രയിക്കുന്നുണ്ടെന്നാണ് കണക്ക്. പരിശോധന വൈകുന്നതിനാൽ കൊച്ചിയിലേക്കുള്ള ചരക്കു നീക്കം നിലയ്ക്കുന്നതുൾപ്പെടെയുളള പ്രതിസന്ധിയും പതിവായി. 

ചരക്കുകൾ കൊച്ചിയിലെത്താതെ തൂത്തുക്കുടി തുറമുഖത്തേക്കു വഴിമാറുന്ന സ്ഥിതിയായിരുന്നു. സംസ്ഥാന സർക്കാർ ചെക്ക്പോസ്റ്റുകൾ അഴിമതിമുക്തമാക്കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്തുകയും പരിശോധനയടക്കമുള്ള കാര്യങ്ങളിൽ ഫലപ്രദമായി ഇടപെടുകയും ചെയ്തതോടെ വാളയാറിലടക്കം ചരക്കു നീക്കം ദ്രുതഗതിയിലായി. തമിഴ്‌നാട് സർക്കാരിന്റെ പരിശോധനകളിലെ കാലതാമസം ഇതോടൊപ്പം ഒഴിവാക്കാനായത് വലിയ ഗുണം ചെയ്തു. 

2021–22 സാമ്പത്തിക വർഷം കൊച്ചി കൈകാര്യം ചെയ്തത് 34.55 ദശലക്ഷം മെട്രിക് ടൺ ചരക്കാണ്. തൂത്തുക്കുടി തുറമുഖത്ത് 34.12 ദശലക്ഷം മെട്രിക് ടണ്ണും. കൊച്ചിയിലെ വർധന 9.67 ശതമാനമാണ്. ഇത് 2020–21 കാലയളവിൽ 31.50 ദശലക്ഷം മെട്രിക് ടണ്ണായിരുന്നു. ഈ വർധനവോടെ ചരക്കു നീക്കത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജ്യത്ത് നേട്ടം കൈവരിച്ച മേജർ തുറമുഖങ്ങളിൽ കൊച്ചി നാലാമതെത്തി. സംസ്ഥാന സർക്കാരിന്റെ ഇടപെടലിനു പുറമെ, റോഡ് മാർഗം പോകേണ്ട വളരെയധികം ചരക്കുകൾ കടൽമാർഗമായതും കൊച്ചിക്കു ഗുണമായി. 

ശ്രീലങ്കൻ പ്രതിസന്ധി മൂലം കൊളംബോ തുറമുഖം നാനാവിധ പ്രശ്നങ്ങളുടെ നടുവിലായതിനാൽ, വൻകിട ചരക്കുകപ്പലുകളെ വല്ലാർപാടം ടെർമിനലിലേക്ക് എത്തിക്കും എന്ന പ്രതീക്ഷയുമുയർന്നിട്ടുണ്ട്. ഏതാനും മെയിൻ ലൈൻ ചരക്കുകപ്പലുകൾ കഴിഞ്ഞ വർഷം കൊളംബോയ്ക്കു ബദലായി വല്ലാർപാടത്തേക്കു സർവീസ് നടത്തിയതും അനുകൂല ഘടകങ്ങളിലൊന്നാണ്. ചരക്കു നീക്കത്തിലെ കാലതാമസവും കണ്ടെയ്നർ നിരക്കുകളിൽ അടിക്കടിയുണ്ടാകുന്ന വർധനവും മൂലം കൊച്ചിയിലെ കപ്പൽക്കമ്പനികളടക്കം ഒരിടയ്ക്ക് തൂത്തുക്കുടിയിലേക്കും കൊളംബോയിലേക്കും തിരിഞ്ഞിരുന്നു.

Eng­lish Summary:Government inter­ven­tion saw results; Good times for Cochin Port
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.