May 29, 2023 Monday

Related news

May 27, 2023
December 27, 2022
December 10, 2022
November 7, 2022
August 26, 2022
July 15, 2022
June 18, 2022
June 17, 2022
April 18, 2022
March 27, 2022

പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടികളുമായി സര്‍ക്കാര്‍; തെങ്കാശിയില്‍ സംഭരണ കേന്ദ്രം ആരംഭിക്കും

Janayugom Webdesk
തിരുവനന്തപുരം
December 1, 2021 2:18 pm

പച്ചക്കറി വില വർധനവിനു ശേഷം കൃഷി വകുപ്പ് കഴിഞ്ഞ ഒരാഴ്ചയായി നടത്തിവരുന്ന വിപണി ഇടപെടലുകൾ കൂടുതല്‍ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി തെങ്കാശിയില്‍ സംഭരണകേന്ദ്രം തുറക്കുമെന്നും കൂടുതൽ പ്രദേശങ്ങളിൽ നിന്നും പച്ചക്കറികൾ സംഭരിക്കുമെന്നും കൃഷി മന്ത്രി പി പ്രസാദ് അറിയിച്ചു. കർഷക ക്ഷേമനിധി അംഗത്വ രജിസ്ട്രേഷനുള്ള വെബ് പോർട്ടല്‍ ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ തിരുനെൽവേലി, മൈസൂർ ഭാഗങ്ങളിൽ നിന്നുമാണ് പച്ചക്കറി സംഭരിച്ച് കേരളത്തിലെത്തിച്ചിട്ടുള്ളത്. ഒരാഴ്ച കൊണ്ട് 256.5 ടൺ പച്ചക്കറികളാണ് ഈ പ്രദേശങ്ങളിലെ കർഷകരിൽ നിന്നും ഹോർട്ടി കോർപ്പ്‌ മുഖേന നേരിട്ട് സംഭരണം നടത്തി കേരളത്തിലെത്തിച്ചത്. കർഷകരിൽ നിന്നും നേരിട്ട് സംഭരണം നടത്തുന്നതിനാൽ ഇടനിലക്കാരെ ഒഴിവാക്കി ന്യായമായ വിലയ്ക്ക് പച്ചക്കറികൾ വാങ്ങുന്നതിനും ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനും കഴിഞ്ഞതായി മന്ത്രി പറഞ്ഞു.
സർക്കാരിന്റെ വിപണി ഇടപെടലുകളെ തുടർന്ന് പൊതുവിപണിയിൽ പല ഇനങ്ങൾക്കും വില കുറഞ്ഞിട്ടുണ്ട്. തെങ്കാശി ജില്ലയിലെ കർഷകോത്പാദക സംഘങ്ങളിൽ നിന്നും പച്ചക്കറി നേരിട്ട് സംഭരിക്കുന്നതിനായി ഉദ്യോഗസ്ഥതലത്തിൽ ഇന്നു ചർച്ച നടത്തും. തെങ്കാശി കേന്ദ്രീകരിച്ച് ഒരു സംഭരണശാല നിർമ്മിക്കുന്നതാണ് പരിഗണനയിലുള്ളത്. പച്ചക്കറി വില കുറഞ്ഞാലും തെങ്കാശിയിലെ സംഭരണ കേന്ദ്രം നിലനിർത്താനും സർക്കാർ ഉദ്ദേശിക്കുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കൃഷി മന്ത്രിമാരുടെ ഒരു യോഗം ഉടനെ തന്നെ ചേരും. കർഷകരിൽ നിന്നും നേരിട്ടുള്ള സംഭരണം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യും.
കർണാടക, തെലങ്കാന എന്നിവിടങ്ങളിൽ നിന്നും ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി എത്തിക്കാൻ ശ്രമമുണ്ട്. തെലങ്കാനയിലെ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുമായി ആശയവിനിമയം നടത്തുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളുമായി ബന്ധപ്പെടാൻ നാല് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി മന്ത്രി പറഞ്ഞു. ഇടനിലക്കാരെ ഒഴിവാക്കി കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറി ശേഖരിക്കുമ്പോൾ ഗുണമേന്മയുള്ള പച്ചക്കറി ലഭിക്കും. നമ്മൾ കൃഷിയിലേക്ക് ആണ്ടിറങ്ങേണ്ടതിന്റെ ആവശ്യകതയാണ് പച്ചക്കറി വിലക്കയറ്റം ബോധ്യപ്പെടുത്തുന്നത്. കൃഷി ഒരു ജനകീയ ഉത്സവമായി മാറിയാല്‍ പച്ചക്കറി ഉല്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനാവുമെന്നും മന്ത്രി പറഞ്ഞു.

വെബ് പോർട്ടല്‍ ഉദ്ഘാടനം ചെയ്തു

 

തിരുവനന്തപുരം: കേരള കർഷക ക്ഷേമനിധി ബോർഡിൽ കർഷകർക്ക് അംഗത്വ രജിസ്ട്രേഷനുള്ള വെബ് പോർട്ടല്‍ സെക്രട്ടേറിയറ്റ് അനക്സ് ഹാളിൽ കൃഷിമന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. കൃഷി എന്നത് കർഷകന് കേവലം ജീവൻ നിലനിർത്താനുള്ള ആനുകൂല്യം നൽകുന്നത് മാത്രമാകരുത്, മറിച്ച് കർഷകന് സമൂഹത്തിൽ അന്തസായ ജീവിതം നയിക്കുന്നതിന് ഉതകുന്നതാകണമെന്ന് കൃഷിമന്ത്രി പറഞ്ഞു.
രാജ്യത്തിനു തന്നെ മാതൃകയായി സംസ്ഥാനത്ത് ആദ്യമായാണ് കർഷകർക്കായി ഒരു ക്ഷേമനിധി ബോർഡ് യാഥാർത്ഥ്യമാകുന്നത്. കർഷകർക്ക് ഇന്നു മുതൽ ഓൺലൈൻ അംഗത്വം സ്വീകരിക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു.
ബോർഡ് ചെയർമാൻ ഡോ. പി രാജേന്ദ്രൻ സ്വാഗതവും ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു. ഡയറക്ടർ ബോർഡ് മെമ്പർമാരായ അഡ്വ. ജോയിക്കുട്ടി ജോസ്, അഡ്വ. ജോസ് ചെമ്പേരി, ലാൽ വർഗീസ് കൽപ്പകവാടി, കെ ആർ ഹരികുമാർ, അഡ്വ. പ്രീജ , ജോസ് കുറ്റിയാനിമറ്റം, വി സുശീൽ കുമാർ, വസന്തകുമാർ, മാത്യു വർഗീസ്, കൃഷി അഡീഷണൽ ഡയറക്ടർ ശിവരാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

eng­lish summary;Government takes steps to con­trol veg­etable inflation
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.