3 March 2024, Sunday

Related news

February 24, 2024
February 21, 2024
February 19, 2024
February 15, 2024
February 1, 2024
January 10, 2024
January 1, 2024
December 26, 2023
December 19, 2023
December 12, 2023

ഒരടിയില്‍ ഫൈനലിലെത്തണം; ഗുജറാത്തും രാജസ്ഥാനും ഇന്ന് ഏറ്റുമുട്ടും

Janayugom Webdesk
കൊല്‍ക്കത്ത
May 24, 2022 9:15 am

സാമ്പിള്‍ വെടിക്കെട്ട് കഴിഞ്ഞു. ഇനിയാണ് പൂരം തുടങ്ങുന്നത്. ഐപിഎല്ലില്‍ ലീഗ് ഘട്ടം അവസാനിച്ചതിന് ശേഷമുള്ള ആദ്യ പ്ലേ ഓ­ഫ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഒന്നാം സ്ഥാനക്കാരാ­യെത്തിയ ഗുജറാത്ത് ടൈ­റ്റണ്‍സും രണ്ടാം സ്ഥാനക്കാരാ­യ രാജസ്ഥാന്‍ റോയല്‍സുമാണ് ഏറ്റുമുട്ടുന്നത്. ലീഗ് ഘട്ടത്തില്‍ ഏറ്റവും മികച്ച പ്രകടനത്തോടെയെത്തുന്ന രണ്ട് ശക്തരായ ടീമുകളാണ് ഇരുവരും. അതുകൊണ്ട് തന്നെ ആര് വിജയിക്കുമെന്നോ തോ­ല്‍ക്കുമെന്നോ പ്രവചനാതീതമാണ്.

എന്നാല്‍ വിജയിക്കുന്നവര്‍ നേരിട്ട് ഫൈനലിലെത്തുമെന്നതിനാല്‍ ഗ്രൗണ്ടില്‍ തീപാറുന്ന മത്സരം തന്നെ അരങ്ങേറുമെന്ന് ഉറപ്പാണ്. തോൽക്കുന്ന ടീംഎലിമിനേറ്ററിലെ വിജയിയെ രണ്ടാം ക്വാളിഫയറില്‍ നേരിടും. ഐപിഎല്‍ കന്നി സീസണില്‍ കപ്പ് ഉയര്‍ത്തിയ ടീമാണ് രാജസ്ഥാന്‍. അന്നത്തെ ക്യാപ്റ്റന്‍ ഷെയ്ന്‍ വോണായിരുന്നു. ഇന്ന് മലയാളി താരമായ സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയില്‍ രാജസ്ഥാന്‍ ഇറങ്ങുന്നത് ഏറെ പ്രതീക്ഷയോടെയാണ്. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ അഞ്ച് വിക്കറ്റിന് വീഴ്ത്തി രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനം ഉറപ്പാക്കുകയായിരുന്നു.

ചെന്നൈ ഉയര്‍ത്തിയ 151 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ രാജസ്ഥാന്‍ ഇടയ്ക്കൊന്ന് പതറിയെങ്കിലും ആര്‍ അശ്വിന്റെ പോരാട്ടവീര്യത്തില്‍ അവസാന ഓവറില്‍ രണ്ട് പന്ത് ബാക്കിനിര്‍ത്തി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഗുജറാത്തിനെ സംബന്ധിച്ച് ഐപിഎല്ലിലെ തുടക്കകാരാണ്. അരങ്ങേറ്റത്തില്‍ ത­ന്നെ വമ്പന്‍മാരെ ഞെട്ടിച്ചുകൊണ്ടാണ് അവര്‍ പോയിന്റ് ടേബിളിന്റെ തലപ്പത്തെത്തിയത്. ഹാര്‍ദിക് പാ­­­ണ്ഡ്യ നയിക്കുന്ന ടീം ബൗളിങ്ങിലും ബാറ്റിങ്ങി­ലും ഒരു പോ­ലെ മികച്ച പ്രകടനം നടത്തി­യിട്ടുണ്ട്. 14 കളിയില്‍ 10ലും വിജയിച്ചപ്പോള്‍ വെറും നാല് കളിയില്‍ മാത്രമാണ് തോല്‍വി നേരിട്ടത്. അ­രങ്ങേറ്റ സീസണില്‍ ത­ന്നെ ഫൈനലിലെത്തി കിരീടമുയ­ര്‍ത്തിയാല്‍ അത് ചരിത്രമാകും.

മഴയില്‍ മുങ്ങിയാല്‍ സൂപ്പര്‍ ഓവര്‍! അതിലും നടന്നില്ലെങ്കില്‍ മറ്റൊരു വഴി

കൊല്‍ക്കത്ത: പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് കാലാവസ്ഥ ഭീഷണിയായേക്കും. ലീഗ് ഘട്ട മത്സരങ്ങളെല്ലാം മുംബൈയിലാണ് നടന്നതെങ്കില്‍ ക്വാളിഫയര്‍ മത്സരങ്ങളെല്ലാം കൊല്‍ക്കത്തയിലാണ് നടക്കുന്നത്. എന്നാല്‍ കുറച്ച് ദിവസങ്ങളായി ശക്തമായ മഴയാണ് ഇവിടെ അനുഭവപ്പെടുന്നത്. എന്നാല്‍ മഴ തടസപ്പെടുത്തിയാല്‍ സൂപ്പര്‍ ഓവറുകളിലൂടെ വിജയിയെ തീരുമാനിക്കും. എലിമിനേറ്റർ, ക്വാളിഫയർ മത്സരങ്ങൾ, ഒരു ടീമിന് കുറഞ്ഞത് അഞ്ച് ഓവർ എന്ന ക്രമത്തിലെങ്കിലും നടത്താൻ കഴിയാതെ വന്നാൽ,‌ സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ സൂപ്പർ ഓവറിലൂടെ വിജയിയെ നിശ്ചയിക്കും.

അതേസമയം, ഗ്രൗണ്ടിലെ സാഹചര്യങ്ങള്‍ മത്സരത്തിനു ഒട്ടും അനുയോജ്യമല്ലെങ്കില്‍ സൂപ്പര്‍ ഓവര്‍ നടക്കില്ല. അങ്ങനെയാണെങ്കില്‍ ലീഗ് ഘട്ടത്തില്‍ ഇരുടീമുകളും എവിടെയാണ് ഫിനിഷ് ചെയ്തതെന്നു പരിശോധിക്കും. അപ്പോള്‍ 20 പോയിന്റോടെ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്ത ടൈറ്റന്‍സിനു മുന്‍തൂക്കം ലഭിക്കും. അവര്‍ ഫൈനലിലെത്തുകയും ചെയ്യും. റോയല്‍സിനു എലിമിനേറ്ററിലെ വിജയികളുമായി ക്വാളിഫയര്‍ രണ്ടില്‍ കളിക്കേണ്ടിവരും. ക്വാളിഫയര്‍ മത്സരങ്ങള്‍ക്ക് റിസര്‍വ് ദിനമില്ല. മേയ് 29നു നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഐപിഎൽ ഫൈനലിന് കാലാവസ്ഥ തിരിച്ചടിയായാൽ, റിസർവ് ദിവസമായ മേയ് 30നു കളി നടത്തും. മേയ് 29ന് ഏതു സ്കോറിലാണോ കളി അവസാനിപ്പിക്കേണ്ടി വന്നത്, അവിടെനിന്നാകും റിസർവ് ദിനത്തിൽ കളി പുനരാരംഭിക്കുക.

Eng­lish summary;Gujarat and Rajasthan will play today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.