January 28, 2023 Saturday

Related news

January 28, 2023
January 28, 2023
January 28, 2023
January 27, 2023
January 27, 2023
January 27, 2023
January 27, 2023
January 26, 2023
January 25, 2023
January 25, 2023

ഗുജറാത്ത്: മോഡി ജയിപ്പിക്കുമെന്ന് ബിജെപി; ജനങ്ങള്‍ വിധിയെഴുതുമെന്ന് കോണ്‍ഗ്രസ്

Janayugom Webdesk
ന്യൂഡൽഹി
November 30, 2022 9:58 pm

‘മോഡിക്കെന്താ 100 തലയുണ്ടോ, എല്ലായിടത്തും അദ്ദേഹത്തിന്റെ പടം മാത്രമേയുള്ളൂ. സംസ്ഥാന തെരഞ്ഞെടുപ്പിൽ മറ്റു നേതാക്കളാരുമില്ലേ’ എന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പ്രസ്താവന വെറും രാഷ്ട്രീയ ആരോപണമായി തള്ളിക്കളയാനാകില്ല. തന്റെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുന്നത് 27 തെരഞ്ഞെടുപ്പ് പ്രചാരണ റാലികളിലാണ്. 2017 ൽ 34 യോഗങ്ങളെയാണ് അഭിസംബോധന ചെയ്തത്.

ഇത്തവണ ത്രികോണ പോരാട്ടത്തിന്റെ പ്രതീതിയാണെങ്കിലും തങ്ങൾ ഭരണം നിലനിർത്തുമെന്ന് ബിജെപി പറയുന്നു. കഴിഞ്ഞ തവണയുണ്ടായത്രയും ശക്തമായ പോരാട്ടം കോൺഗ്രസിൽ നിന്ന് ഇല്ലെന്നാണവരുടെ അവകാശവാദം. പ്രധാന പ്രതിപക്ഷം കോൺഗ്രസ് തന്നെയാണെന്ന് കേന്ദ്രമന്ത്രി അമിത് ഷാ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ആംആദ്മി പാർട്ടി സംസ്ഥാനത്ത് അക്കൗണ്ട് തുറക്കില്ലെന്നും അദ്ദേഹം പിടിഐയോട് പറഞ്ഞു. എന്നിട്ടും സംസ്ഥാന തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോഡിയെ തന്നെയാണ് ആശ്രയിക്കുന്നത്.

ഇതുവരെ 20 റാലികളിലാണ് മോഡി പങ്കെടുത്തത്. ഈയാഴ്ച ഏഴ് റാലികൾ കൂടി ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ആദ്യ ഘട്ട പോളിങ് ദിവസമായ ഇന്ന് അദ്ദേഹം മൂന്ന് റാലികളെ അഭിസംബോധന ചെയ്യും. അഞ്ചിന് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന പ്രദേശങ്ങളിൽ പഞ്ച്മഹൽ ജില്ലയിലെ കലോലിലും തുടർന്ന് ഛോട്ടയിലുമാണ് ഇന്നത്തെ മോഡിയുടെ പരിപാടി. ഉദയ്‍പുരിലെ ബോഡേലി, ഹിമ്മത്ത്നഗർ എന്നിവിടങ്ങളിലും സംസാരിക്കും. നാളെ കനക്രാജ്, പിന്നെ പാടാൻ, സോജിത്ര എന്നിവിടങ്ങളിൽ തുടങ്ങി അഹമ്മദാബാദിലെ റോഡ്ഷോയോടെ സമാപിക്കും.
ഏത് വിധത്തിലും അധികാരം നിലനിർത്തുക എന്നല്ലാതെ, രാഷ്ട്രീയ സദാചാരം എന്നത് ബിജെപിക്ക് ഇല്ല. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് താെട്ടുമുമ്പ് ശതകോടികളുടെ നിരവധി പദ്ധതി പ്രഖ്യാപനങ്ങളുമായി മോഡി ഗുജറാത്തിലെത്തിയിരുന്നു. അയൽസംസ്ഥാനമായ രാജസ്ഥാനിലെ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലാണ് കോൺഗ്രസ് പ്രചാരണം നടത്തിയത്. രാഹുൽ ഗാന്ധി തന്റെ ‘ഭാരത് ജോഡോ യാത്ര’യിൽ നിന്ന് ഇടവേളയെടുത്ത് ചില റാലികൾ നടത്തി. ഖാർഗെയും കഴിഞ്ഞദിവസങ്ങളിൽ സംസ്ഥാത്തുണ്ടായിരുന്നു.

വിലക്കയറ്റത്തിന്റെയും തൊഴിലില്ലായ്മയുടെയും പേരിൽ ബിജെപിക്കെതിരെ നിശബ്ദവും എന്നാൽ ശക്തവുമായ അടിയൊഴുക്ക് ഉണ്ടെന്നാണ് കോൺഗ്രസ് പറയുന്നത്. വെെദ്യുതി സൗജന്യം പോലുള്ള പ്രഖ്യാപനങ്ങളും ബിജെപിയുടെ ഹിന്ദുത്വയ്ക്ക് ബദൽ ഹിന്ദുത്വയുമായെത്തിയ എഎപിയും വിജയം അവകാശപ്പെടുന്നു. എന്നാൽ ബിജെപിയും കോൺഗ്രസും പറയുന്നത് എഎപിയുടെ കെട്ടുകാഴ്ച വോട്ടായി മാറില്ല എന്നാണ്.

ഒന്നാംഘട്ടം നാളെ

ഗുജറാത്ത്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒന്നാംഘട്ട വോട്ടെടുപ്പ്‌ നാളെ. 19 ജില്ലകളിലെ 89 സീറ്റിലേക്കുള്ള വോട്ടെടുപ്പിൽ 70 വനിതകൾ അടക്കം 788 സ്ഥാനാർത്ഥികളാണ്‌ രംഗത്ത്‌. ബിജെപിയും കോൺഗ്രസും മുഴുവൻ സീറ്റിലും എഎപി 88 ഇടത്തും മത്സരിക്കുന്നുണ്ട്‌. സിപിഐ(എം)ആറിടത്ത്‌ മത്സരിക്കുന്നു.

സൂറത്ത്‌, കച്ച്‌, സൗരാഷ്‌ട്ര, രാജ്‌കോട്ട്‌ മേഖലകളിലാണ്‌ ഒന്നാംഘട്ടത്തിൽ വോട്ടെടുപ്പ്‌. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ തിരിച്ചടിയേറ്റ മേഖലയാണിത്. 2.39 കോടി വോട്ടർമാരാണ്‌ ഇന്ന് വിധിയെഴുതുക. 1.24 കോടി പുരുഷന്മാരും 1.15 കോടി സ്‌ത്രീകളും 497 ട്രാൻസ്‌ജെൻഡറുകളും ഉള്‍പ്പെടുന്നു.

Eng­lish Sum­ma­ry: Gujarat: BJP says Modi will win
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.