8 May 2024, Wednesday

Related news

April 20, 2024
April 18, 2024
April 6, 2024
April 5, 2024
April 5, 2024
April 4, 2024
April 2, 2024
March 29, 2024
March 25, 2024
March 24, 2024

ഹരിയാന: കലാപബാധിത മേഖലയില്‍ സിപിഐ നേതാക്കളെ തടഞ്ഞു

Janayugom Webdesk
ന്യൂഡല്‍ഹി
August 6, 2023 11:16 pm

ഹരിയാനയിലെ സംഘര്‍ഷ ബാധിത പ്രദേശത്ത് സന്ദര്‍ശനത്തിനെത്തിയ സിപിഐ നേതാക്കളെ പൊലീസ് തടഞ്ഞു. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ ബിനോയ് വിശ്വം എംപി, അമര്‍ജീത് കൗര്‍, ദേശീയ എക്സിക്യൂട്ടീവ് അംഗം പി സന്തോഷ് കുമാര്‍ എംപി, സംസ്ഥാന സെക്രട്ടറി ദരിയാവോ സിങ് കശ്യപ് എന്നിവരടങ്ങിയ സംഘത്തെയാണ് മുസ്ലിം വേട്ട നടന്ന നൂഹില്‍ പ്രവേശിക്കുന്നത്, പ്രദേശത്ത് നിരോധനാജ്ഞയുണ്ടെന്നു പറഞ്ഞ് തടഞ്ഞത്.
നൂഹ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിക്കുവാനായിരുന്നു തീരുമാനിച്ചിരുന്നത്. രാവിലെ കലാപം നടന്ന കേന്ദ്രങ്ങളില്‍ നിന്ന് പലായനം ചെയ്ത മുസ്ലിം വിഭാഗം താമസിക്കുന്ന ഗുരുഗ്രാമിലെ 86, 90 സെക്ടറുകളിലും സംഘര്‍ഷം നടന്ന സോഹ്നയിലും ബാദ്ഷാപൂര്‍ ഗ്രാമത്തിലും നോയ്ഡയിലെ കേന്ദ്രങ്ങളിലും സന്ദര്‍ശനം നടത്തി.

സന്ദര്‍ശിച്ച പ്രദേശങ്ങളിലെല്ലാം ജനങ്ങള്‍ ഭീതിയോടെ കഴിയുന്നതാണ് കാണാന്‍ കഴിഞ്ഞത്. അധികൃതര്‍ പോലും ശത്രുക്കളെ പോലെയാണ് പെരുമാറുന്നതെന്ന് പ്രദേശവാസികള്‍ പരാതിപ്പെട്ടു. അവശ്യവസ്തുക്കള്‍ പോലും ലഭ്യമാകാത്ത സ്ഥിതിയിലാണ് പലരും. എല്ലായിടത്തും പൊലീസ് സാന്നിധ്യമുണ്ടെങ്കിലും പുറത്തിറങ്ങിയാല്‍ കേസില്‍പ്പെടുത്തി അറസ്റ്റ് ചെയ്യുമെന്ന അവസ്ഥയുണ്ട്. മുസ്ലിം വിഭാഗത്തിനെതിരായാണ് ഭൂരിഭാഗം കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും പ്രദേശവാസികള്‍ പറഞ്ഞു. ഉച്ചയോടെയാണ് നേതാക്കള്‍ നൂഹിലേക്ക് പുറപ്പെട്ടത്. മുന്‍കൂട്ടി അറിയിച്ചായിരുന്നു സന്ദര്‍ശനമെങ്കിലും അതിര്‍ത്തിയില്‍ വന്‍ പൊലീസ് സംഘം തടയുകയായിരുന്നു.

ആക്രമണത്തിനിരയായ എല്ലാവരെയും കാണുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നതിനും സമാധാനത്തിന് ആഹ്വാനം ചെയ്യുന്നതിനുമാണ് എത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചുവെങ്കിലും ആരെയും കടത്തരുതെന്നും അറസ്റ്റ് ചെയ്ത് ജയിലിലിടണമെന്നും നിര്‍ദേശമുണ്ടെന്നായിരുന്നു മറുപടി.
ബിജെപിയുടെ ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ ജനങ്ങളുടെ സ്വൈര വിഹാരത്തെ ഭയക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് ജനങ്ങളെ ഭിന്നിപ്പിക്കുകയും ഒരു വിഭാഗത്തെ ഭീതിയിലാക്കി അകറ്റുകയുമാണ് ചെയ്യുന്നതെന്നും നേതാക്കള്‍ വ്യക്തമാക്കി. തുടര്‍ന്ന് നേരത്തെ നിശ്ചയിച്ച മറ്റ് പ്രദേശങ്ങള്‍ കൂടി സന്ദര്‍ശിച്ച് സംഘം മടങ്ങി. അനില്‍ പവാര്‍, സത്പാല്‍ നയ്ന്‍, ഹരിപ്രകാശ് ശര്‍മ, ധീരേന്ദര്‍ ഗുപ്ത എന്നിവരും നേതാക്കള്‍ക്കൊപ്പമുണ്ടായിരുന്നു.

കലാപാഹ്വാനമുള്ള കത്ത് പുറത്ത്

ന്യൂനപക്ഷങ്ങളെ വേട്ടയാടി, ഓടിക്കുന്നതിനുളള ശ്രമങ്ങളും അതിന്റെ ഭാഗമായുളള വിദ്വേഷ പ്രചരണവും നടത്തിയ ശേഷമായിരുന്നു കലാപം ഉണ്ടാക്കിയതെന്ന് തെളിയിക്കുന്ന കത്തിന്റെ പകര്‍പ്പ് സിപിഐ നേതാക്കള്‍ക്ക് ലഭിച്ചു. രെവാരി ജില്ലയില്‍ ദഹിന ബ്ലോക്കിലെ ജൈനബാദ് പഞ്ചായത്ത് സര്‍പഞ്ചിന്റേതാണ് കത്ത്.
ഇവിടെയുള്ള മുസ്ലിങ്ങള്‍ മോഷ്ടാക്കളും പശുക്കടത്തുകാരുമാണെന്ന് പറയുന്ന കത്തില്‍ അവരെ കച്ചവടം ചെയ്യാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെടുന്നു. മുസ്ലിങ്ങളുടെ സാന്നിധ്യം കലാപത്തിന് കാരണമാകുമെന്ന മുന്നറിയിപ്പും പൊലീസിനെ അഭിസംബോധന ചെയ്യുന്ന കത്തിലുണ്ട്.
കത്ത് ലഭിച്ചിട്ടും ആക്രമണ സാധ്യത മുന്നില്‍ക്കണ്ട് പ്രദേശത്ത് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയില്ല. തുടര്‍ന്ന് പൊലീസ് നടപടിയൊന്നുമെടുത്തില്ലെന്ന് പറഞ്ഞെത്തിയ അക്രമികള്‍ ഈ പ്രദേശത്ത് അഴിഞ്ഞാടുകയായിരുന്നു. കണ്ണില്‍ക്കണ്ടതെല്ലാം തകര്‍ക്കുകയും കടകളും വഴിയോര കച്ചവട സ്ഥാപനങ്ങളും തീയിടുകയും ചെയ്തു. പ്രദേശവാസികളില്‍ മഹാഭൂരിപക്ഷവും പലായനം ചെയ്തിരിക്കുകയാണ്.

Eng­lish Sum­ma­ry; Haryana: CPI lead­ers detained in riot-hit area

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.