ഒബിസി സംവരണ തീരുമാനത്തില്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന് തിരിച്ചടി. നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ (ഒബിസി) സംവരണമില്ലാതെ തെരഞ്ഞെടുപ്പ് നടത്താന്‍ അലഹബാദ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഇത് സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ കരട് വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി.തെരഞ്ഞെടുപ്പ് കഴിയുന്നത്ര നേരത്തെ നടത്താനും നിര്‍ദ്ദേശമുണ്ട്. ജസ്റ്റിസുമാരായ ദേവേന്ദ്ര ഉപാധ്യായ, സൗരവ് ലവാനിയ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.
നഗര തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒബിസി സംവരണത്തിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഈ മാസം അഞ്ചിന് പുറപ്പെടുവിച്ച കരട് വിജ്ഞാപനമാണ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് റദ്ദാക്കിയത്. സുപ്രീം കോടതി നിര്‍ദ്ദേശിച്ച ട്രിപ്പിള്‍ ടെസ്റ്റ് ഫോര്‍മുല പാലിക്കാതെ ഒബിസി സംവരണ കരട് തയ്യാറാക്കിയത് ചോദ്യം ചെയ്തുള്ള പൊതുതാല്പര്യ ഹര്‍ജികള്‍ പരിഗണിച്ചാണ് വിധി. സംവരണം നിശ്ചയിക്കുന്നതിന് മുമ്പ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതി ഫോര്‍മുല പിന്തുടരണമെന്നും ഒബിസി വിഭാഗക്കാരുടെ രാഷ്ട്രീയ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷന്‍ രൂപീകരിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ ലഖ്‌നൗ ബെഞ്ച് ശനിയാഴ്ച വാദം പൂര്‍ത്തിയാക്കിയിരുന്നു.
ത്രിതല നഗര തദ്ദേശ തെരഞ്ഞെടുപ്പിനായി 17 മുനിസിപ്പല്‍ കോര്‍പറേഷനുകളിലെയും 200 മുനിസിപ്പല്‍ കൗണ്‍സിലുകളിലെയും 545 നഗരപഞ്ചായത്തുകളിലെയും മേയര്‍മാരുടെ സംവരണ സീറ്റുകളുടെ താല്‍ക്കാലിക പട്ടിക സംസ്ഥാന സര്‍ക്കാര്‍ ഈ മാസം ആദ്യം പുറപ്പെടുവിച്ചിരുന്നു. ഏഴ് ദിവസത്തിനകം നിര്‍ദ്ദേശങ്ങളും എതിര്‍പ്പുകളും തേടുകയും ചെയ്തിരുന്നു. ഡിസംബര്‍ അഞ്ചിലെ കരട് പ്രകാരം, അലിഗഡ്, മഥുര‑വൃന്ദാവന്‍, മീററ്റ്, പ്രയാഗ്‌രാജ് എന്നീ നാല് മേയര്‍ സീറ്റുകള്‍ ഒബിസി സ്ഥാനാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.
ഇതില്‍ അലിഗഡിലെയും മഥുര‑വൃന്ദാവനിലെയും മേയര്‍ സ്ഥാനങ്ങള്‍ ഒബിസി വനിതകള്‍ക്കായാണ് സംവരണം ചെയ്തിട്ടുള്ളത്. 200 മുനിസിപ്പല്‍ കൗണ്‍സിലുകളിലെ 54 ചെയര്‍പേഴ്‌സണ്‍ സീറ്റുകള്‍ 18 ഒബിസി സ്ത്രീകള്‍ക്ക് ഉള്‍പ്പെടെ സംവരണം ചെയ്തിട്ടുണ്ട്. 1545 നഗരപഞ്ചായത്തുകളിലെ ചെയര്‍പേഴ്സണ്‍ സീറ്റുകളില്‍ 49 ഒബിസി വനിതകള്‍ ഉള്‍പ്പെടെ 147 സീറ്റുകള്‍ ഒബിസി സ്ഥാനാര്‍ത്ഥികള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒബിസി സംവരണം നടപ്പാക്കുമെന്നും സുപ്രീം കോടതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള സര്‍വേ നടത്തുമെന്നും ആദിത്യനാഥ് പറഞ്ഞു.
English Summary;HC quashes revised OBC reservation; Adityanath hits back
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.