12 June 2024, Wednesday

Related news

May 29, 2024
May 20, 2024
May 7, 2024
May 5, 2024
April 30, 2024
April 30, 2024
April 29, 2024
April 28, 2024
April 27, 2024
April 24, 2024

ഉഷ്ണതരംഗം: കേരളം തിളയ്ക്കുന്നു, മൂന്ന് ജില്ലകളില്‍ ജാഗ്രത

Janayugom Webdesk
തിരുവനന്തപുരം/പാലക്കാട്
April 28, 2024 11:41 pm

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. എല്ലാ ജില്ലകളിലും ഉയര്‍ന്ന താപനിലയില്‍ വര്‍ധനവുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ സാഹചര്യം തുടരുകയാണ്. മറ്റ് ഒമ്പത് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുന്നുവെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.
പാലക്കാട് ജില്ലയിൽ 41, കൊല്ലം, തൃശൂര്‍ 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച ജില്ലകളില്‍ അതീവ ജാഗ്രത വേണം. പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂർ 38, ആലപ്പുഴ, എറണാകുളം, മലപ്പുറം, കാസര്‍കോട് 37, തിരുവനന്തപുരം 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പാലക്കാട് എലപ്പുള്ളിയില്‍ ആളിയാർ കനാലിൽ തലയിടിച്ച് വീണ് മരിച്ചനിലയിൽ കണ്ടെത്തിയ വയോധികയുടെ മരണകാരണം സൂര്യാതാപമെന്ന് സ്ഥിരീകരിച്ചു. പള്ളത്തേരിയിൽ പാറമേട് നല്ലാംപുരയ്ക്കൽ വീട്ടിൽ ലക്ഷ്മി അമ്മ (89) ആണ് മരിച്ചത്. 

ശനിയാഴ്ച വൈകീട്ട് ഇവരെ കാണാതായിരുന്നു. വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് വെള്ളമില്ലാത്ത കനാലിൽ വീണുകിടക്കുന്നത് കണ്ടത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇവരെ ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്മോർട്ടത്തിലാണ് മരണകാരണം സൂര്യാതാപമാണെന്ന് സ്ഥിരീകരിച്ചത്. ഭർത്താവ്: പരേതനായ കൃഷ്ണൻ. മകൾ: ശ്രീദേവി. മരുമകൻ: മോഹനൻ. സംസ്കാരം നടത്തി.
മാഹിയില്‍ സൂര്യാഘാതമേറ്റ പന്തക്കല്‍ സ്വദേശി ഉടുമ്പന്റവിടെ മതേമ്പത്ത് യു എം വിശ്വനാഥന്‍ (53) മരിച്ചു. കിണര്‍ നിര്‍മ്മാണ ജോലിക്കിടെ സൂര്യാഘാതമേറ്റ വിശ്വനാഥന്‍ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
നെടുമ്പ്രത്തെ പറമ്പില്‍ കിണറിന്റെ പടവുകള്‍ കെട്ടുന്നതിനിടയിലാണ് സൂര്യാഘാതമേറ്റത്. കുഴഞ്ഞുവീണ വിശ്വനാഥനെ പള്ളൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയശേഷം മഞ്ഞോടിയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പുലര്‍ച്ചെ മൂന്നോടെ മരിച്ചു. പ്രജിഷയാണ് ഭാര്യ. മക്കള്‍: വിഷ്ണുപ്രിയ, വിനയ പ്രിയ. 

വൈദ്യുതി ഉപയോഗം കുതിക്കുന്നു 

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ വൈദ്യുതി ഉപയോഗം കുതിക്കുന്നു. 110.14 ദശലക്ഷം യൂണിറ്റാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയിലും വലിയ വര്‍ധനവാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. ശനിയാഴ്ച വൈകിട്ട് ആറ് മുതല്‍ 11 മണി വരെ 5563 മെഗാവാട്ടാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. 

Eng­lish Sum­ma­ry: Heat wave: Ker­ala boils, alert in three districts

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.