21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 12, 2024
December 7, 2024
December 6, 2024
December 6, 2024
December 4, 2024
November 14, 2024
October 25, 2024
October 21, 2024
October 14, 2024
October 14, 2024

ജോര്‍ജിന്റെ വായ് മൂടിക്കെട്ടി ഹൈക്കോടതി; ഇനി മിണ്ടരുത്

Janayugom Webdesk
കൊച്ചി
May 23, 2022 10:59 pm

വിദ്വേഷ പ്രസംഗം നടത്തിയതിന് പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിൽ വ്യാഴാഴ്ച വരെ മുൻ എംഎൽഎ പി സി ജോർജിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ജോർജ് നൽകിയ മുൻകൂർ ജാമ്യ ഹര്‍ജിയിൽ വിശദീകരണം നൽകാൻ സർക്കാർ സമയം തേടിയതിനെ തുടർന്നാണ് ജസ്റ്റിസ് പി ഗോപിനാഥ് 26വരെ ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചത്. പൊതു പ്രസ്താവനകൾ നടത്തരുതെന്ന കർശന ഉപാധിയോടെയാണ് ഉത്തരവ്. ഹര്‍ജി വീണ്ടും 26ന് പരിഗണിക്കും.

70 വയസ് പിന്നിട്ട വ്യക്തിയാണെന്നതും ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നതും പരിഗണിച്ചാണ് ഇടക്കാല ജാമ്യം. ഈ കാലയളവിൽ അറസ്റ്റ് ചെയ്താൽ 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവും വ്യവസ്ഥയിൽ വിട്ടയയ്ക്കണം. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണം, അന്വേഷണത്തിൽ ഇടപെടാനൊ സാക്ഷികളെ സ്വാധീനിക്കാനൊ പാടില്ല തുടങ്ങിയവയാണ് മറ്റ് വ്യവസ്ഥകൾ. വെണ്ണല തൈക്കാട്ട് ക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തോടനുബന്ധിച്ച് മേയ് എട്ടിനാണ് ജോർജ് വിവാദ പ്രസംഗം നടത്തിയത്. പ്രസംഗത്തിൽ നിന്ന് ചില വാചകങ്ങൾ അടർത്തിയെടുത്താണ് പാലാരിവട്ടം പൊലീസ് കേസെടുത്തതെന്ന് ജോർജിന്റെ അഭിഭാഷകൻ വാദിച്ചു.

അതേസമയം ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിന്റെ ഹര്‍ജി തിരുവനന്തപുരം കോടതിയിൽ നിലവിലുണ്ടെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ അറിയിച്ചു. മതവികാരം വ്രണപ്പെടുത്തുന്ന പരാമർശങ്ങൾ പാടില്ലെന്ന ഉപാധിയോടെ തിരുവനന്തപുരം കോടതി ജാമ്യം നൽകിയ ശേഷവും കുറ്റം ആവർത്തിക്കുകയാണ് ചെയ്തത്. ഇടക്കാല ജാമ്യം നൽകിയ ഹൈക്കോടതി ഉത്തരവ് തിരുവനന്തപുരം കോടതിയിലെ ഹര്‍ജിയിൽ തീരുമാനമെടുക്കാൻ തടസമല്ലെന്ന് കോടതി വ്യക്തമാക്കി. ജോർജ് വാ തുറക്കില്ലെന്ന് എങ്ങനെ ഉറപ്പാക്കാനാവുമെന്ന് ചോദിച്ച കോടതി തുടർന്നാണ് പൊതു പ്രസ്താവനകൾ വിലക്കിയത്.

വെണ്ണല കേസിൽ മുൻകൂർ ജാമ്യം തേടി ജോർജ് നൽകിയ ഹര്‍ജി എറണാകുളം ജില്ലാ സെഷൻസ് കോടതി തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. തിരുവനന്തപുരത്ത് വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ അറസ്റ്റിലായെങ്കിലും തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു.

 

Eng­lish Summary:highcourt agan­ist pc george
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.