26 April 2024, Friday

ദേശീയപാത 66; ടോൾ കൊടുത്തു ജനം മുടിയും

സ്വന്തം ലേഖകൻ
കൊച്ചി
March 18, 2023 10:29 pm

തിരുവനന്തപുരം മുതൽ കാസർകോട് വരെ കേരളത്തിന്റെ രണ്ടറ്റത്തെ കൂട്ടിമുട്ടിക്കുന്ന ദേശീയപാത 66ൽ ടോൾ കൊടുത്തു ജനം മുടിയും. 2025 ഓടെ പാതയുടെ നിർമ്മാണം പൂർത്തിയാകുമെന്നാണ് ദേശീയപാത അതോറിറ്റി വ്യക്തമാക്കുന്നത്. പുതിയ പാതയിൽ 11 ഇടത്താണ് പുതിയ ടോൾ പ്ലാസകൾ തുറക്കുക. ഇതോടെ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നവരും പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്നവരും ടോൾ പിരിവിൽ പൊറുതിമുട്ടും. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി തുറന്നുകൊടുത്ത ബെംഗളുരു-മൈസൂരു അതിവേഗ പാതയിൽ കഴിഞ്ഞ ദിവസം മുതലാണ് ടോൾ പിരിവ് ആരംഭിച്ചത്. ഉയർന്ന ടോൾ നിരക്ക് മൂലം കർണാടകയിലെ പൊതുഗതാഗത സംവിധാനമായ കെഎസ്ആർടിസി തങ്ങളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചിരുന്നു.

കേരളത്തിൽ ദേശീയപാത യാഥാർത്ഥ്യമാകുന്നതോടെ സ്വകാര്യ വാഹന ഉടമകളെയും പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരെയും ടോൾ പിരിവ് ഒരുപോലെ ബാധിക്കുമെന്ന് വ്യക്തം. ദേശീയപാത നിർമ്മാണം പൂർത്തിയാകുമ്പോൾ ടോൾ പ്ലാസകൾ സ്ഥാപിക്കേണ്ടത് എവിടെയൊക്കെയെന്നുള്ള കാര്യത്തിൽ ഏകദേശം ധാരണ ആയിട്ടുണ്ട്. തൃശൂർ മുതൽ കൊല്ലം അടക്കമുള്ള ജില്ലകളിൽ ടോൾ പ്ലാസകൾ നിർമ്മിക്കും. പാതയുടെ 50–60 കി മി ദൈർഘ്യത്തിൽ ഒരു ടോൾ ബൂത്ത് എന്ന നിലയ്ക്കായിരിക്കും നിർമ്മാണം. എന്നാൽ ഇവ എവിടെയൊക്കെയായിരിക്കും നിർമ്മിക്കുകയെന്ന് ഇനിയും പരസ്യപ്പെടുത്തിയിട്ടില്ല.

ടോൾ പിരിവിന്റെ ചുമതല ദേശീയപാത അതോറിറ്റിക്കായിരിക്കും. നിർമ്മാണ തുക പൂർണമായും പിരിച്ചു കഴിഞ്ഞാൽ ടോൾനിരക്ക് 40 ശതമാനമായി കുറയ്ക്കും. പാതയുടെ അരികിൽ പെട്രോൾ പമ്പുമുതൽ വഴിയോര വിശ്രമ കേന്ദ്രം, ഷോപ്പിങ് മാൾ എന്നിവയും ലക്ഷ്യമിടുന്നുണ്ട്.കൊച്ചിയിൽ കുമ്പളത്തു ഇത്തരത്തിൽ സ്ഥലം ഏറ്റെടുക്കാൻ ശ്രമം നടത്തിയെങ്കിലും ജനങ്ങളുടെ എതിർപ്പ് ശക്തമായതിനാൽ താൽക്കാലികമായി പദ്ധതി മാറ്റിവയ്ക്കുകയായിരുന്നു. ബെംഗളുരു-മൈസൂരു അതിവേഗ പാതയിൽ460 രൂപയാണ് ടോൾ വാങ്ങുന്നത്. 24 മണിക്കൂറിൽ മടങ്ങി വന്നാൽ 690 രൂപ കൊടുത്താൽ മതിയാകും.

പ്രതിമാസ പാസിന് 15,325 രൂപയാണ് വാങ്ങുന്നത്. ഈ സാഹചര്യത്തിലാണ് ടിക്കറ്റ് നിരക്ക് 20 രൂപ വരെ ഉയർത്തിയത്. സരിഗെ ബസുകളിൽ യാത്ര ചെയ്യുന്നവരിൽ നിന്നും 15 രൂപയും രാജഹംസ ബസുകളിലെ യാത്രികരിൽ നിന്നും 18 രൂപയും മൾട്ടി ആക്സിൽ ബസുകളിലെ യാത്രികരിൽ നിന്നും 20 രൂപയുമാണ് അധികമായി വാങ്ങുക. അതിവേഗ പാതയിലൂടെ സഞ്ചരിക്കുന്നവരിൽ നിന്നു മാത്രമാണ് ഇത്തരത്തിൽ ഉയർന്ന നിരക്ക് ഈടാക്കുന്നതെന്ന് കര്‍ണാടക കെഎസ്ആർടിസി വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിൽ ദേശീയപാത 66 നിർമ്മാണം പൂർത്തിയാകുന്നതോടെ ബസുകളിലെ യാത്രാനിരക്ക് വർദ്ധിക്കും. സ്വകാര്യ വാഹനം ഉപയോഗിക്കുന്നവരെ കൂടാതെ പൊതുഗതാഗതം ഉപയോഗിക്കുന്നവർക്കും ടോൾ പിരിവ് തിരിച്ചടിയാകും. ആകാശ് പാത ഉപയോഗിക്കുന്നവർക്ക് പ്രത്യേക തുക ഈടാക്കുമോയെന്ന കാര്യവും ഇപ്പോൾ വ്യക്തമല്ല.

Eng­lish Sum­ma­ry: High­way 66 toll plaza
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.