3 May 2024, Friday

Related news

May 3, 2024
May 2, 2024
May 1, 2024
May 1, 2024
April 29, 2024
April 29, 2024
April 29, 2024
April 28, 2024
April 24, 2024
April 22, 2024

ഹിമാചലില്‍ കോണ്‍ഗ്രസിന് ആശ്വാസം; ബജറ്റ് മന്ത്രിസഭ പാസാക്കി

Janayugom Webdesk
ഷിംല
February 28, 2024 9:08 pm
രാജ്യസഭാ തെരഞ്ഞെടുപ്പിലെ എംഎല്‍എമാരുടെ കൂറുമാറ്റത്തിന് പിന്നാലെ ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് മന്ത്രിസഭയെ താഴെയിറക്കാന്‍ ബിജെപി നീക്കം തുടങ്ങി. തിരിച്ചടിച്ച കോണ്‍ഗ്രസ്, മുന്‍ മുഖ്യമന്ത്രി ജയറാം ഠാക്കൂർ അടക്കം 15 ബിജെപി എംഎൽഎമാരെ സ്പീക്കര്‍ സസ്പെൻഡ് ചെയ്തു.  രാഷ്ട്രീയ അട്ടിമറി നീക്കത്തിന് തുടക്കമിട്ടുകൊണ്ട് ഇന്നലെ രാവിലെ ജയറാം ഠാക്കൂര്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ ശിവപ്രതാപ് ശുക്ലയെ കണ്ടിരുന്നു. പിന്നാലെയാണ് നിയമസഭയില്‍ സ്പീക്കറുടെ അപ്രതീക്ഷിത നീക്കത്തില്‍ 15 ബിജെപി എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തത്.
ക്രോസ് വോട്ട് ചെയ്ത ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെ അയോഗ്യരാക്കുന്നതിനും നടപടികള്‍ ആരംഭിച്ചു. രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടെ ബജറ്റ് പാസാക്കി നിയമസഭാ യോഗം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.
അതേസമയം കോണ്‍ഗ്രസിന് മറ്റൊരു തിരിച്ചടിയായി മന്ത്രി വിക്രമാദിത്യ സിങ് രാജി പ്രഖ്യാപിച്ചുവെങ്കിലും അനുനയനീക്കത്തിനൊടുവില്‍ പിന്‍വലിച്ചു.
മുൻ മുഖ്യമന്ത്രി വീരഭദ്ര സിങിന്റെ മകനാണ് വിക്രമാദിത്യ സിങ്. ഇദ്ദേഹത്തിന്റെ മാതാവും പിസിസി അധ്യക്ഷയുമായ പ്രതിഭ സിങും രാജി വയ്ക്കുമെന്നാണ് റിപ്പോർട്ടുകള്‍. രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന്റെ അഭിഷേക് മനു സിങ്‌വി പരാജയപ്പെട്ടതോടെ സുഖ്‌വിന്ദർ സിങ് സുഖു സർക്കാർ‌ പ്രതിസന്ധിയിലായിരുന്നു. ആറ് കോൺ​​ഗ്രസ് എംഎൽഎമാരും മൂന്ന് സ്വതന്ത്ര എംഎൽഎമാരും ബിജെപി സ്ഥാനാര്‍ത്ഥി ഹര്‍ഷ് മഹാജന് വോട്ട് ചെയ്യുകയായിരുന്നു.
സഭയില്‍ മുദ്രാവാക്യം വിളിച്ചതിനും മോശമായി പെരുമാറിയതിനുമാണ് എംഎല്‍എമാര്‍ക്കെതിരെ നടപടി. ഇതോടെ 10 പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. തുടര്‍ന്ന് ബജറ്റ് ശബ്ദ വോട്ടോടെ പാസാക്കി സമ്മേളനം പിരിയുകയും ചെയ്തു.  സര്‍ക്കാരിനെ വീഴ്ത്താനുള്ള ബിജെപിയുടെ ഗൂഢാലോചന പരാജയപ്പെട്ടെന്നും തന്റെ സര്‍ക്കാര്‍ അഞ്ചുവര്‍ഷം കാലാവധി തികയ്ക്കുമെന്നും സുഖ്‌വീന്ദര്‍ സിങ് സുഖു അവകാശപ്പെട്ടു. വിക്രമാദിത്യ സിങ്ങിന്റെ രാജി അംഗീകരിക്കില്ല. വ്യക്തിപരമായ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപിക്ക് വോട്ട് ചെയ്തതിൽ ഒരു കോണ്‍ഗ്രസ് എംഎൽഎ ക്ഷമ ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്ക് വോട്ട് ചെയ്ത ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കും സ്പീക്കര്‍ കുല്‍ദീപ് സിങ് പതാനിയ നോട്ടീസ് നല്‍കി. എംഎല്‍എമാര്‍ക്ക് എതിരെ തിടുക്കപ്പെട്ട് നടപടി സ്വീകരിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് തീരുമാനം. ആറ് എംഎല്‍എമാര്‍ പെറ്റീഷന്‍ നല്‍കിയിട്ടുണ്ടെന്നും ഇവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി. 68 സീറ്റുള്ള ഹിമാചല്‍ നിയമസഭയില്‍ കോണ്‍ഗ്രസിന് 40, ബിജെപിക്ക് 25, മൂന്ന് സ്വതന്ത്രര്‍ എന്നിങ്ങനെയാണ് കക്ഷി നില.
Eng­lish Sum­ma­ry: Himachal cri­sis, bud­get passed amid coup fears
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.