February 8, 2023 Wednesday

Related news

January 9, 2023
December 28, 2022
December 20, 2022
December 14, 2022
December 13, 2022
November 27, 2022
November 8, 2022
November 5, 2022
November 4, 2022
October 30, 2022

മെസിയുടെ ലോകകപ്പ് വിടവാങ്ങൽ എങ്ങനെ ? പന്ന്യന്‍ എഴുതുന്നു

പന്ന്യൻ രവീന്ദ്രൻ
കളിയെഴുത്ത്
October 10, 2022 8:56 am

മുപ്പത്തിയഞ്ച് വയസിലും യുവത്വത്തിന്റെ പ്രസരിപ്പോടെ കളിക്കളത്തിൽ നിറഞ്ഞുനിൽക്കുന്ന മഹാപ്രതിഭയാണ് ലയണൽ മെസി. ഇത്തവണത്തെ ലോകകപ്പിൽ ഖത്തറിലെ കളിയരങ്ങിൽ വച്ചു ലോകകപ്പ് ഫുട്ബോളിൽനിന്ന് വിടവാങ്ങുമെന്ന പ്രഖ്യാപനവുമായാണ് മെസി സമൂഹമധ്യത്തിലെത്തിയിരിക്കുന്നത്. ലോകകപ്പ് വേദിയിൽ അഞ്ചാമത്തെ മത്സരമാണ് മെസിയുടേത്. നാലു തവണയും നഷ്ടസ്വപ്നങ്ങളുടെ മടക്കയാത്രയായിരുന്നു. ഇത്തവണ വലിയ പ്രതീക്ഷയുമായാണ് കളിക്കാനെത്തുന്നത്.
2019ന് ശേഷം തോൽവിയെന്തെന്നറിയാത്ത ഏകരാജ്യം അർജന്റീനയാണ്. മെസിയുടെ കരിയറിലെ മിന്നുന്ന ഫോമിലാണ് രാജ്യം നിൽക്കുന്നത്. ആജന്മവൈരികളായ ബ്രസീലാണ് അവരുടെ മുഖ്യ എതിരാളി. ലാറ്റിനമേരിക്കയിലെ കരുത്തരായ അയൽക്കാർ. ബ്രസീൽ അഞ്ചുതവണ ലോകകപ്പ് സ്വന്തമാക്കി. അർജന്റീന കേവലം രണ്ടിൽ നിൽക്കുന്നു.
പെലെയെപ്പറ്റി ബ്രസീലുകാർ രോമാഞ്ചം കൊള്ളുമ്പോൾ അർജന്റീനയ്ക്ക് പകരം വയ്ക്കാനുള്ളത് മറഡോണയാണ്. കോപ്പ അമേരിക്കയിൽ ബ്രസീലിനെക്കാൾ മികച്ച റെക്കോഡ് അർജന്റീനയ്ക്കാണ്. ബ്രസീലിനെക്കാൾ അരഡസൻ തവണ കോപ്പയും ഒളിമ്പിക് സ്വർണവും നേടിയിട്ടുണ്ട്. എങ്കിലും ലോകകപ്പാണ് ഒരു രാജ്യത്തിന്റെ പ്രശസ്തി. ലോകത്തെ അറിയിക്കുന്ന മഹാനേട്ടം.
ലോകഫുട്ബോളിലെ മഹാപ്രതിഭകളുടെ ജന്മഭൂമിയെന്ന മഹത്വവും അവർക്കുണ്ട്. മരിയോ കെംപസ്, ഡാനിയേല പാസറല്ല, ഡിസ്റ്റെഫാനോ, കനീജിയ, ബാറ്റിസ്റ്റ്യൂട്ട തുടങ്ങിയ ഇതിഹാസിക താരങ്ങളുടെ പൂർവകാല പ്രശസ്തി രാജ്യത്തിനുണ്ട്.
മോഹങ്ങൾ മനസിൽ അടക്കിവച്ച് കളിച്ചുകൊണ്ടിരുന്ന അർജന്റീനയ്ക്ക് അത് പൂവണിഞ്ഞത്, 1978ൽ സ്വന്തം മണ്ണിൽവച്ചായിരുന്നു. ആരെയും വെല്ലുന്ന സൈന്യവുമായി കളിക്കളത്തിൽ നിറഞ്ഞാടിയ അർജന്റീനയ്ക്ക് എതിരാളികളായെത്തിയ ഹോളണ്ട് അന്നത്തെ കരുത്തരും ജയിക്കാൻ ഉറച്ചവരുമാണ്. എതിരാളികളെ നിർദ്ദയം തകർക്കുന്നവരുമായിരുന്നു.
ഫൈനൽ പ്രവചനാതീതമായി. ബ്യൂണസ് അയേഴ്സിലെ റിവർപ്ലേറ്റ് സ്റ്റേഡിയമായിരുന്നു അങ്കത്തട്ട്. അർജന്റീന ആദ്യമായി ഫൈനലിൽ കളിക്കുന്നു, ഹോളണ്ട് രണ്ടാം തവണയും. അതിന് മുമ്പുനടന്ന ലോകകപ്പ് ഫൈനലിൽ ജർമ്മൻപടയോട് തോറ്റ ദുഃഖം മാറ്റാൻവന്ന ഹോളണ്ടാണ് എതിരാളികൾ. പ്രവാചകരെല്ലാം ഹോളണ്ടിനൊപ്പം. ഫൈനലിൽ മൈതാനം നീലക്കടലിന്റെ പ്രതീതി. മത്സരം തുടങ്ങുന്നതിന് മുമ്പ് കോച്ച് കളിക്കാരോട് ചോദിച്ചു, മത്സരം ജയിക്കാതെയും ലോകകപ്പ് നേടാതെയും തിരിച്ചു പോകുന്നതെങ്ങനെ? ലൂയീസ് മെനോട്ടിയാണ് കോച്ച്. കളിക്കാരുമായി ഇഴുകിച്ചേരുന്ന കർക്കശക്കാരനാണദ്ദേഹം. കളിക്കാർ ജയം എന്ന ഏകലക്ഷ്യവുമായി കളിക്കിറങ്ങി.
കളിയിൽ 38 മിനിറ്റ് വരെ ആരും ഗോൾവലയത്തിൽ കടന്നില്ല. ആ നിമിഷത്തിൽ സൂപ്പർ താരം കെംപസിന്റെ ഇടങ്കാൽ ഷോട്ട് വലയിൽ കടന്നു, മൈതാനം പൊട്ടിത്തെറിച്ചു. ഗ്യാലറികൾ ഇളകിമറിഞ്ഞു. അതോടെ അർജന്റീന അടവുമാറ്റി പ്രതിരോധത്തിലായി. പിന്നീട് കണ്ടത് അർജന്റീന പ്രതിരോധവും ഹോളണ്ടിന്റ കടന്നാക്രമണവുമാണ്. രണ്ടാംപകുതിയുടെ 13-ാം മിനിറ്റിൽ ഹോളണ്ട് പ്രഗത്ഭനായ റെപ്പിനെ പിൻവലിച്ച്, ഉയരക്കാരനായ നന്നിംഗയെ കളത്തിലിറക്കി. ഹൈബോളിലേക്ക് അവർ മാറി. 81-ാം മിനിറ്റിൽ ആകാശം വഴിവന്ന പന്തിനെ ഉയരത്തിൽ ചാടി ഹെഡ് ചെയ്തു. മത്സരം സമനിലയിലായി. എക്സ്ട്രാ ടൈമിലെ 13-ാം മിനിറ്റിൽ കെംപസ് തന്റെ രണ്ടാമത്തെ ഗോൾ നേടി. മൈതാനം ആർത്തുവിളിച്ചു. അതോടെ സമനിലയ്ക്കായി ഹോളണ്ടും പത്ത് കളിക്കാരും മൈതാന മധ്യത്തിലായി. ഈ സമയത്ത് അവരുടെ പ്രതിരോധത്തെ പിളർത്തിക്കൊണ്ട് ബെർട്ടോനി വിജയഗോൾ വലയിലെത്തിച്ചു. അങ്ങനെ 48 വർഷത്തെ ദീർഘമായ കാത്തിരിപ്പിനൊടുവിൽ അർജന്റീന ആദ്യമായി കപ്പ് നേടിയ ശുഭദിനം അവർ ഇന്നും മധുരിതമായി ഓർക്കുന്നു.
1982ൽ അർജന്റീന വന്നത് കപ്പ് നിലനിർത്താനും യുദ്ധത്തിൽ തങ്ങളെ തോല്പിച്ച ഇംഗ്ലണ്ടിനോട് പകരംവീട്ടാനുമായിരുന്നു. ഈ മത്സരത്തിലാണ് ഡീഗോ മറഡോണയുടെ രംഗപ്രവേശം. അത്തവണ ലോകകപ്പിൽ ചില പരിഷ്കാരങ്ങൾ വരുത്തിയിരുന്നു. ഫൈനൽ റൗണ്ടിൽ മത്സരിക്കുന്ന ടീമുകളുടെ എണ്ണം 16ൽ നിന്ന് 24 ആക്കിയതാണ് പ്രധാനം. ഒന്നാം റൗണ്ടിൽ ബെൽജിയം, ഹംഗറി, എന്നീ ടീമുകൾക്കൊപ്പമായിരുന്നു അർജന്റീന. 1978ൽ ചാമ്പ്യൻഷിപ്പ് നേടിയെടുത്ത പതിനൊന്ന് കളിക്കാരെയും അവർ നില നിർത്തിയിരുന്നു. കോച്ചിനും മാറ്റമുണ്ടായില്ല. കെംപസും പാസറെല്ലയും ബർട്ടോണിയും ഫില്ലോലും അസാധാരണ ഫോമിലും. എന്നാൽ എല്ലാ കണ്ണുകളും പുതിയ താരത്തിലായിരുന്നു. അയാളാണ് ലോകമറിയുന്ന ഡീഗോ മറഡോണ.
ഉദ്ഘാടനമത്സരത്തിൽ ബെൽജിയത്തോട് തോറ്റു. മനസിൽ മുറിവുമായാണ് ടീം അടുത്ത മത്സരത്തിൽ ശക്തരായ ഹംഗറിയെ നേരിട്ടത്. ആദ്യ പകുതിയിലെ 29-ാം മിനിറ്റിലും രണ്ടാം പകുതിയിലെ 19-ാം മിനിറ്റിലും നേടിയ മറഡോണയുടെ ഗോളുകൾ വിജയത്തിന് അടിത്തറയായി. 4–1 നാണ് ഹംഗറിയെ തകർത്തത്. തുടർന്ന് എൽസാവഡോറിനെയും തോല്പിച്ചു. പക്ഷെ, ഇറ്റലിയോട് 2–1ന് തോറ്റുപോയി.
അടുത്ത മത്സരമാണ് അവർക്ക് വല്ലാത്ത മനോവേദനയുണ്ടാക്കിയത്. അത് ബദ്ധവൈരികളായ ബ്രസീലിനോടായിരുന്നു. വെളുത്ത പെലെയെന്നുപേരുള്ള സീക്കോയുടെ മിടുക്കിൽ ബ്രസീൽ ജയിച്ചു കയറി. അർജന്റീനക്കാർ എന്നും ഹൃദയത്തിൻ സൂക്ഷിക്കുന്നത് 86 ലെ മെക്സിക്കോ ലോകകപ്പാണ്. മറഡോണയാണ് സൈന്യത്തെ നയിച്ചത്. 82ലെ ടീമിൽ സമൂലമായ മാറ്റം വരുത്തിയാണ് അവർ മെക്സിക്കോയിൽ വന്നത്. മറഡോണ‑വോൾഡാന സഖ്യം ആർക്കും പിടിച്ചുകെട്ടാൻ പറ്റാത്ത ആക്രമണകാരികളായിരുന്നു. കടുത്ത പോരാട്ടവും ഉജ്വലവിജയവും തുടക്കം മുതൽക്കെ ഉണ്ടായിരുന്നു. ഉറുഗ്വേയുമായി രണ്ടാം റൗണ്ടിൽ ഒരു ഗോളിന്റെ വിജയം നേടിയപ്പോൾ തന്നെ പത്രങ്ങൾ അർജന്റീനയുടെ വിജയം പ്രവചിച്ചു. മാത്രമല്ല, ബാഴ്സയിലും തുടർന്ന് നാപ്പോളിയിലുമായി കളിച്ചപ്പോൾ ഒരു വലിയ ആരാധക സമൂഹം മറഡോണയുടെ കൂടെയുണ്ട്.
ഇംഗ്ലണ്ടിനോട് നടന്ന മത്സരമാണ് ലോകശ്രദ്ധയിൽ മായാതെ നിൽക്കുന്നത്. തങ്ങളെ യുദ്ധത്തിൽ തോല്പിച്ച രാജ്യത്തെ കളിക്കളത്തിൽ പിടിച്ചുകെട്ടാനുള്ള വാശിയിലാണ് മറഡോണയും സംഘവും ഗ്രൗണ്ടിലിറങ്ങിയത്. ഗ്യാരി ലിനേക്കർ എന്ന പ്രമുഖതാരമാണ് ഇംഗ്ലണ്ടിന്റെ ശക്തി. ഫുട്ബോൾ ഗ്രൗണ്ടിൽ യുദ്ധത്തിന് പകരം വീട്ടാൻ അർജന്റീനയും വിജയം ആവർത്തിക്കാൻ ഇംഗ്ലണ്ടും മുഖാമുഖം. അസെറ്റേക്കാ സ്റ്റേഡിയത്തിൽ ക്വാർട്ടറിൽ മത്സരിക്കുന്നു.
ആദ്യ പകുതി സ്കോർബോർഡ് ശൂന്യം. രണ്ടാം പകുതി അഞ്ചാം മിനിറ്റിൽ ഇംഗ്ലീഷ് പ്രതിരോധം തുളച്ചുകയറിയ മറഡോണയ്ക്ക് പന്ത് കിട്ടിയില്ല. ഇംഗ്ലണ്ട് മിഡ്ഫീൽഡർ സ്റ്റീവ് ഹോഡ്ജ് ആ സമയത്ത് പന്ത് ഗോൾകീപ്പർക്ക് ഉയർത്തി ഇട്ടുകൊടുത്തു. പന്ത് പിടിക്കാൻ ഗോളിയും മറഡോണയും ഒപ്പം ചാടി. പന്തു കിട്ടാതെ വന്ന മറഡോണ മുഷ്ടിചുരുട്ടിക്കുത്തി പന്ത് വലയത്തിലാക്കി. ഇംഗ്ലണ്ടുകാർ പ്രതിഷേധിച്ച് അലറിവിളിച്ചു. റഫറി ഗോൾ വാദത്തിൽ ഉറച്ചുനിന്നു. ഗോൾകീപ്പർ ഹിൽട്ടനും കളിക്കാരും ബഹളംവച്ചു. ടുണീഷ്യക്കാരൻ റഫറി തീരുമാനത്തിൽ ഉറച്ചുനിന്നു. അപരാധബോധം മനസിൽ വിങ്ങുന്ന മറഡോണ നാല് മിനിറ്റിനുള്ളിൽ സ്വന്തം പ്രയത്നത്തിൽ മൈതാനമധ്യത്തിൽനിന്നും കിട്ടിയ പന്തുമായി മൂന്ന് ഡിഫന്റർമാരെ വെട്ടിച്ചു നാലാമന്റെ കൺമുൻപിൽനിന്നും കറക്കിയെടുത്ത് ഗോളിയെ കബളിപ്പിച്ചു നേടിയ ഗോൾ അതിമനോഹരമായിരുന്നു. തർക്ക ഗോളിനെകുറിച്ച് പത്രക്കാർ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു “ദൈവത്തിന്റെ കയ്യും എന്റെ തലയും” എന്ന്. അങ്ങനെ അർജന്റീന അന്നത്തെ മത്സരം 2.1ന് ജയിച്ചു. അർജന്റീന കളിയും യുദ്ധവും ജയിച്ച പ്രതീതിയായി.
ഈ ചരിത്ര വസ്തുതകൾ മനസിൽ വച്ചാണ് മെസി ഇത്തവണ അർജന്റീനയെ നയിക്കുന്നത്. വിജയത്തിൽ കുറഞ്ഞതൊന്നും അവരുടെ മനസിലില്ല. മെസിയുടെ കളി ജീവിതത്തിലെ അഞ്ചാമത് ലോകകപ്പ് മത്സരം. ജയിച്ചേ മതിയാകുകയുള്ളു. താരനിരയുടെ ബാഹുല്യം കോച്ചിനെ വല്ലാതെ അലട്ടുന്നുണ്ട്. നവംബർ 22 ന് ഖത്തറിൽ ആദ്യ അങ്കത്തിൽ സൗദി അറേബ്യക്കാരാണ് എതിരാളി. കളിക്കളത്തിൽ സ്വന്തം കഴിവുകൊണ്ട് പ്രത്യേക ഇടം കണ്ടെത്തിയ പ്രതിഭാധനന് അർഹിക്കുന്ന വിജയത്തോടെ ലോകകപ്പിൽ നിന്ന് വിരമിക്കുവാൻ കഴിയട്ടെ എന്നാശംസിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.