23 December 2024, Monday
KSFE Galaxy Chits Banner 2

പ്രകൃതി നമിച്ച മനുഷ്യ നന്മ

* ആദ്യ മരവിപ്പിൽ നിന്ന് ഉയർത്തെഴുന്നേറ്റ് ചുരൽമല
* ലോകം ഒന്നിച്ച രക്ഷാ പ്രവർത്തനത്തിന് മുന്നിൽ കലിതുളളിയ പ്രകൃതി പോലും നമിച്ചു
*മുറിവ് ഉണങ്ങില്ലെങ്കിലും നാട് അതിജീവനത്തിന്റെ പാതയിലേക്ക്
*പ്രകൃതിയെ സ്നേഹം കൊണ്ട് തിരിച്ച് തോല്പിച്ച മനുഷ്യർ
ജോമോന്‍ ജോസഫ്
August 11, 2024 2:30 am

ഒരായുസിൽ നേടിയതെല്ലാം തകർത്തെറിഞ്ഞ പ്രകൃതിയുടെ താണ്ഡവത്തിൽ നിന്ന് അതി വേഗത്തിൽ തിരിച്ചെത്തുകയാണ് ഒരു നാട്. ആർത്തലിച്ച് വന്ന പുന്നപ്പുഴ ഇപ്പോൾ ശാന്തമായി ഒഴുകുകയാണ്. രൗദ്ര ഭാവത്തിൽ നിന്ന പുഞ്ചിരിമട്ടത്തും ഉദയാസ്തമനങ്ങളുടെ സൂര്യകിരണങ്ങൾ പ്രതീക്ഷയായി പടരുകയാണ്. എല്ലാം ഉപേക്ഷിച്ച് വീടുകളിൽ നിന്ന് ഓടിയവർ നാട്ടിലേക്ക് തിരിച്ചെത്തി തുടങ്ങിയിരിക്കുന്നു. പൊട്ടികരഞ്ഞുകൊണ്ട് അവർ എല്ലാ ഉൾക്കൊളളുകയാണ്. ഒറ്റക്കല്ലെന്ന ചിന്ത അവരുടെ മനസിനെ എല്ലാം ജയിക്കാൻ പ്രപ്തരാക്കുകയാണ്. 

നടക്കുന്ന ഓർമ്മകളിൽ നിന്ന് ജീവിതത്തിലേക്ക്
************************
മുണ്ടക്കൈയിലെയും അട്ടമലയിലെയും ജനങ്ങളെ ചേർത്ത് നിർത്തി രാജ്യം ഒഴുകി എത്തുകയായിരുന്നു. ക്യാമ്പുകളിൽ, ബന്ധു വീടുകളിൽ അഭയം തേടി എത്തിയവരെയെല്ലാം ചേർത്ത് പിടിച്ചു. പുനരധിവാസത്തിന് തന്നാൽ കഴിയുന്നതെല്ലാം ചെയ്തു. മന്ത്രിമാർ, സർക്കാർ സംവിധാനങ്ങൾ, സന്നദ്ധപ്രവർത്തകർ ഇവരെ ഒന്നും മറക്കാത്ത നിലയിലേക്ക് നാട് മാറുന്ന കാഴ്ചയും നമ്മൾ കണ്ടു. 

അതിജീവനത്തിന്റെ വയനാടന്‍ ചരിതം
***************************************
1984 ജൂലൈ ഒന്നിനാണ് ഇതിന് മുമ്പ് ചൂരൽമലയിൽ ഉരുൾ പൊട്ടലുണ്ടായത്. അന്ന് 14 മരണങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതിൽ 11 ആദിവാസികളും മൂന്ന് എസ്റ്റേറ്റ് തൊഴിലാളികളുമാണ് കൊല്ലപ്പെട്ടത്. അന്ന് ഉരുൾ കാട്ടിലൂടെ ഒഴുകി അരണപ്പുഴയിൽ എത്തിയതിനാലാണ് മരണസംഖ്യ കുറയാൻ കാരണം. കല്ലിന്റെ അറകളിൽ താമസിച്ചിരുന്ന 11 ആദിവാസികളാണ് അന്ന് ദുരന്തത്തിന് ഇരയായത്. 2019ൽ സമീപ പ്രദേശമായ പുത്തുമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ 17 പേർക്കാണ് ജീവൻ നഷ്ടമായത്. നാടിനെ നടുക്കിയ ദുരന്തത്തിൽ അഞ്ച് പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. ഇതേ വർഷം ഓഗസ്റ്റ് എട്ടിന് തന്നെയാണ് പുത്തുമലയുടെ മറുകുന്നായ മലപ്പുറം ജില്ലയിലെ കവളപ്പാറയിലും ഉരുൾപൊട്ടിയത്. 1992ൽ വയനാട് പടിഞ്ഞാറെത്തറ കാപ്പിക്കളത്ത് ഉണ്ടായ ദുരന്തത്തിൽ ഒരു കുടുംബത്തിലെ 11 പേർ മരിച്ചു. 2018ൽ കുറിച്യർ മലയിൽ വലിയ ദുരന്തം ഉണ്ടായെങ്കിലും ജനവാസ പ്രദേശം അല്ലാത്തതിനാൽ ആളപായമൊന്നും ഉണ്ടായില്ല. 2020ൽ പുഞ്ചിരിമട്ടത്തെ വെള്ളൊലിപ്പാറ പൊട്ടി മുണ്ടക്കൈയിലെ പാലമടക്കം ഒലിച്ചുപോയിരുന്നു. എന്നാൽ ആളപാമയമുണ്ടായില്ല. ഉറ്റവരും, ഉടയവരും നഷ്ടപ്പെട്ടവരുടെ വേദനകൾക്ക് പകരം വയ്ക്കാൻ ഒന്നും ഇല്ലെങ്കിലും എല്ലാം അതിജീവിച്ച് ഇവിടുത്തെ ജനത തിരിച്ചുവരുമെന്ന് ഉറപ്പാണ്. 

നാട് മാറുന്നു
*************
മലബാറിന്റെ മൂന്നാർ പൂർവ സ്ഥിതിയിലേക്ക് മാറി വരികയാണ്. കൽപറ്റ- മുണ്ടക്കൈ ബസുകൾ ഓട്ടം പുനരാരംഭിച്ചു. കച്ചട സ്ഥാപനങ്ങൾ തുറന്നു. പച്ചക്കുന്നുകൾക്കിടയിലുള്ള ഈ നാട് പ്രതീക്ഷയുടെ പച്ചപ്പിലേക്ക് നടക്കുകയാണ്… പ്രതീക്ഷയോടെ, ആത്മവിശ്വാസത്തോടെ ഇനിയും ഒരു ജീവിതം പച്ച പിടിപ്പിക്കാനായി… 

രക്ഷാ പ്രവർത്തനത്തിന്റെ കേരള മോഡൽ
**************************************
തകർന്നടിഞ്ഞ മണ്ണിലേക്ക് രക്ഷാ പ്രവർത്തനത്തിന്റെ കരങ്ങൾ നീട്ടി വീണ്ടും ഒരു കേരള മോഡൽ ഉണ്ടായിരിക്കുന്നു. ദുരന്തം ശ്രദ്ധയിൽപ്പെട്ട നിമിഷം മുതൽ ഉണർന്ന് പ്രവർത്തിക്കുകയായിരുന്നു ഭരണ സംവിധാനങ്ങളെല്ലാം. പഞ്ചായത്ത് അംഗങ്ങൾ മുതൽ മുഖ്യമന്ത്രി വരെയുള്ള ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ആദ്യം ഓടിയെത്തിയ ഫയർഫോഴ്സ്, പൊലീസ്, എൻഡിആർഎഫ്, സൈന്യം, വിവിധ സന്നദ്ധ സംഘടനകൾ, ആംബുലൻസുകളുമായി ദുരന്ത മുഖത്ത് എത്തിയവർ, ഭക്ഷണം, വെള്ളം, മരുന്ന് വെളിച്ചം എല്ലാമായെത്തിയവർ. എല്ലാ പ്രവർത്തനങ്ങളും ദുരന്ത ഭൂമിയിൽ നേരിട്ടെത്തി ഏകോപിപ്പിച്ച മന്ത്രി സഭാ ഉപസമിതിയുടെ പ്രവർത്തനങ്ങൾ, സർവോപരി എല്ലാത്തിനും മുന്നിൽ നിന്ന ജനങ്ങൾ, താമരശേരി ചുരം രക്ഷാപ്രവർത്തനങ്ങൾക്കു മാത്രമായി മാറ്റിവച്ച് യാത്രകൾ ഒഴിവാക്കി സഹികരിച്ച ജനങ്ങൾ, സർവീസുകൾ നിർത്തിവച്ച ബസ് തൊഴിലാളികൾ, നേരിട്ട് പങ്കാളികളായ ആരോഗ്യ പ്രവർത്തകർ എല്ലാവരും ചേർന്ന് രക്ഷാ പ്രവർത്തനത്തിലും കേരളാ മോഡൽ സൃഷ്ടിച്ചു. 

ബെയിലി പാലം ഒരു സൂചകം
******************************
സൈന്യം ഒന്നര ദിവസം കൊണ്ട് നിർമിച്ച ബെയിലി പാലം ഈ നാടിന് ഒരു സൂചകം മാത്രമാണ്. പുനർ നിർമ്മിതിയിലേക്ക് സർക്കാർ എങ്ങനെ നാടിനെ നയിക്കും എന്നതിന്റെ സൂചന. തകർന്ന സ്കൂളുകൾ ഉടൻ പുനർനിർമ്മാണ പ്രവൃത്തിയിലേക്ക് നീങ്ങുമെന്ന സർക്കാർ വാക്ക് നാടിനെ പഴയ പ്രതാപത്തിലേക്ക് മാറ്റും എന്ന് ഉറപ്പാണ്. ബ്രിട്ടീഷുകാർ നിർമ്മിച്ച മരപ്പാലത്തിൽ തടി കയറ്റിവന്ന ലോറി പുഴയിലേക്ക് മറിഞ്ഞ് അപകടം ഉണ്ടായപ്പോൾ 1971 ൽ പുനർനിർമ്മിച്ച പാലമാണ് 2024ലെ ദുരന്തത്തിൽ തകർന്നത്. ഇവിടെയാണ് സൈന്യം ബെയിലി പാലം നിർമിച്ചത്. പുനർനിർമിതിയുടെ ചരിത്രമാണ് രണ്ട് ഗ്രാമങ്ങളെ ഒന്നാക്കിയ പാലത്തിനുളളത്. 

ടൗൺഷിപ്പ് പദ്ധതി
*******************
പുനരധിവാസത്തിന് പ്ലാൻ ചെയ്യുന്ന ടൗൺഷിപ്പ് പൂർത്തിയാകുന്നതോടെ ഒരാളും ദുരന്തത്തിന്റെ കൊടുതികൾ അനുഭവിക്കേണ്ടി വരില്ല. അത്യാധുനിക സൗകര്യങ്ങൾ എല്ലാം ുഉൾപ്പെടുത്തിയാണ് പദ്ധതി വരുന്നത്. വലിയ രൂപത്തിലുളള മരണ സംഖ്യ ഉയർന്നതും 11,12 വാർഡുകളിലെ കുറെ അധികം കുടുംബങ്ങളെ മാറ്റി പാർപ്പിക്കേണ്ടതായും വന്നതോടെ ടൗൺഷിപ്പ് എന്ന ആശയം അല്ലാതെ ഗവൺമെന്റിന്റെ മുന്നിൽ മറ്റുവഴികളില്ലാതെയായി. സ്കൂളുകൾ, അഞ്ച് വർഷത്തിന് മുമ്പ് നടന്ന പുത്തുമല പുനരധിവാസവും നല്ല മാതൃകയാണ്. ഇത്തരത്തിലുളള പുനരധിവാസ പദ്ധതികൾ നടപ്പിലാക്കുന്നതോടെ കേരളം ദുരന്തനിവാരണത്തിലും മാതൃകയാകും. 

നാട് ഉയർത്തെഴുന്നേൽക്കും
***************************
സഞ്ചാരികളുടെ പറുദീസയായ നാട് സഞ്ചാരികളെ ആകർഷിച്ച് ഇനിയും ഉയർത്തെഴുന്നേൽക്കും. വർഷത്തിൽ 365 ദിവസവും സഞ്ചാരി പ്രവാഹമുള്ള നാടാണിത്. സന്തോഷവും സങ്കടങ്ങളും അവർ ഒന്നിച്ച് പങ്കിടും. ഒരു തവണ അവിടെ പോയവരെല്ലാം പിന്നീട് ഒരിക്കലെങ്കിലും വരണമെന്ന് ആഗ്രഹിക്കുന്ന നാടാണത്. കെടുതികൾ അവസാനിക്കുന്നതോടെ പ്രകൃതിയുടെ സൗന്ദ്യര്യം ആസ്വദിക്കാൻ ആളുകൾ എത്തിചേരും എന്നുതന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

ഫോട്ടോ: വി എന്‍ കൃഷ്മപ്രകാശ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.