26 April 2024, Friday

ഗുലാബ് ചുഴലിക്കാറ്റ് ഷഹീനായി അറബിക്കടലില്‍ രൂപം പ്രാപിക്കാന്‍ സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

Janayugom Webdesk
ന്യൂഡൽഹി
September 28, 2021 3:03 pm

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റ് ദുര്‍ബലമായി അറബിക്കടലില്‍ പ്രവേശിച്ച് മറ്റൊരു ചുഴലിക്കാറ്റായി രൂപം മാറാന്‍ സാധ്യതയെന്ന് ഐഎംഡി മുന്നറിയിപ്പ്. ഒരു ചുഴലിക്കാറ്റ് മറ്റൊരു ചുഴലിക്കാറ്റായി രൂപം പ്രാപിക്കുന്നത് അപൂര്‍വ പ്രതിഭാസമാണ്. വ്യാഴാഴ്ച വൈകീട്ടോടെ ഗുലാബ് ചുഴലിക്കാറ്റ് ഷഹീന്‍ ചുഴലിക്കാറ്റായി രൂപം മാറാന്‍ സാധ്യതയേറെയാണെന്ന് ഐഎംഡി മുന്നറിയിപ്പ് നല്‍കി. ഖത്തറാണ് ചുഴലിക്കാറ്റിന് ഷഹീന്‍ എന്ന പേര് നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഗുലാബ് ചുഴലിക്കാറ്റ് ദുര്‍ബലമായി വടക്കന്‍ തെലങ്കാനയിലും വിദര്‍ഭയിലും ന്യൂനമര്‍ദ്ദമായി മാറിയിരിക്കുകയാണ്. ഈ ന്യൂനമര്‍ദ്ദം ചൊവ്വാഴ്ച രാവിലെ മറാത്ത് വാഡ, വിദര്‍ഭ എന്നിവിടങ്ങളിലേക്ക് നീങ്ങി ചൊവ്വാഴ്ച വൈകുന്നേരത്തോടെ ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ട്. സെപ്റ്റംബര്‍ 30 വൈകുന്നേരത്തോടെ ന്യൂനമര്‍ദ്ദം വടക്കുകിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള ഗുജറാത്ത് തീരത്തും പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നും തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ വടക്കുകിഴക്കന്‍ അറബിക്കടലില്‍ കൂടുതല്‍ തീവ്രമാകാനുള്ള സാധ്യതയുണ്ടെന്നും ഐഎംഡി വ്യക്തമാക്കി.

അടുത്ത രണ്ട് മൂന്ന് ദിവസത്തേക്ക് ഗുജറാത്ത്, മഹാരാഷ്ട്ര, കൊങ്കണ്‍, മറാത്ത് വാഡ, സൗരാഷ്ട്ര, കച്ച് തുടങ്ങിയ പ്രദേശങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴക്കും സൗരാഷ്ട്ര, കച്ച് എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴക്ക് സാധ്യതയുണ്ട്. അടുത്ത രണ്ട് മൂന്ന് ദിവസങ്ങളില്‍ ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാളിലെ ഗംഗാതീരം, ഒഡീഷ, തമിഴ്‌നാട്, പുതുച്ചേരി, കാരക്കല്‍ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴക്കും സാധ്യതയുണ്ടെന്നും ഐഎംഡി മുന്നറിയിപ്പ് നല്‍കി. 2018ലും സമാനമായി ചുഴലിക്കാറ്റ് രൂപം കൊണ്ടിരുന്നു. അന്ന് ഗജ ചുഴലിക്കാറ്റാണ് ദുര്‍ബലമായി മറ്റൊരു ന്യൂനമര്‍ദ്ദമായി മാറിയത്.

Eng­lish sum­ma­ry; Hur­ri­cane Gulab is like­ly to form in the Ara­bi­an Sea as Shaheen

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.