26 April 2024, Friday

ഗൃഹനാഥന്‍ വെട്ടേറ്റ് മരിച്ചു; ഭാര്യ ഒളിവില്‍

Janayugom Webdesk
കോട്ടയം
December 14, 2021 9:20 pm

ഗൃഹനാഥനെ വീടിനകത്ത് വെട്ടേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ടു. അരുംകൊല ചെയ്തത് ഭാര്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവശേഷം ആറുവയസുകാരനായ മകനെയും കൂട്ടി വീടുവിട്ടിറങ്ങിയ ഭാര്യ റോസന്നയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ പുതുപ്പള്ളി പയ്യപ്പാടി പെരുങ്കാവ് പടനിലത്ത് മാത്യു ഏബ്രഹാമിനെ(സിജു 48)യാണ് ഇന്ന് പുലര്‍ച്ചെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഭാര്യ മകനെയും കൂട്ടി പുലർച്ചെ വീട്ടിൽ നിന്ന് ഇറങ്ങി പോകുന്നതിന് അയൽവാസികൾ ദൃക്സാക്ഷികളാണ്.ഇവർ ഏഴരയോടെ റയിൽവേ സ്റ്റേഷൻ പരിസരത്ത് എത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.മൊബൈൽ ടവർ ലൊക്കേഷൻ പരിശോധനയിലാണ് പൊലീസ് ഇത് കണ്ടെത്തിയത്. പുലർച്ചെയാണ് നാടിനെ നടുക്കിയ കൊലപാതകം പുറത്തറിയുന്നത്. വീടിന് സമീപത്ത് താമസിക്കുന്ന സിജുവിന്റെ സഹോദരന്റെ ഭാര്യ കൊച്ചുമോളാണ് സിജുവിനെ മരിച്ച നിലയിൽ ആദ്യം കണ്ടത്. ഓടിക്കൂടിയ അയൽവാസികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കോട്ടയം എസ്‌പി ഡി ശിൽപ്പ, ചങ്ങനാശേരി ഡിവൈഎസ്‌പി ആർ ശ്രീകുമാർ, കോട്ടയം ഈസ്റ്റ് സിഐ റിജോ പി ജോസഫ്, എസ്ഐ എം അനീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സംഭവ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. 

വീടിന്റെ സമീപത്തു നിന്നു ഭക്ഷണത്തിന്റെ അവശിഷ്ടവും പേഴ്സും നൂറ് രൂപയും പൊലീസ് സംഘം കണ്ടെത്തി. ഇതിന് കൊലയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷിച്ച് വരികയാണ്. തമിഴ്‌നാട് ബോഡിമെട്ട് സ്വദേശിയായ റോസന്നയെ സാന്ത്വനം എന്ന അനാഥാലയത്തിൽ നിന്നാണ് സിജു വർഷങ്ങൾക്ക് മുൻപ് വിവാഹം കഴിച്ചത്. എന്നാൽ ഇവർ കുറച്ച് നാളുകളായി മാനസിക അസ്വസ്ഥതകൾ കാണിച്ചിരുന്നതായി ബന്ധുക്കളും നാട്ടുകാരും പറയുന്നു. ബന്ധുക്കളെ ഉൾപ്പടെ ആരെയും ഇവർ വീട്ടിനുള്ളിൽ പ്രവേശിപ്പിച്ചിരുന്നില്ല എന്നും എന്നാൽ കുടുംബ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. മുൻപും റോസന്ന നാട് വിട്ട് പോയിട്ടുണ്ട്. അന്ന് ഇവരെ തമിഴ്‌നാട്ടിൽ നിന്നുമാണ് കണ്ടെത്തിയത് . ഇവർക്കായുള്ള തെരച്ചിൽ പൊലീസ് ശക്തമാക്കി. മൊബൈൽ ഫോറൻസിക് യൂണിറ്റ് കോട്ടയം സയന്റിഫിക് ഓഫീസർമാരായ രാജപ്രിയ, ആതിര എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഫോറൻസിക് പരിശോധനകൾ പൂർത്തിയാക്കി.
eng­lish summary;husband killed by wife at kottayam
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.