17 November 2024, Sunday
KSFE Galaxy Chits Banner 2

കാപട്യവും അപഹാസ്യവുമായ ‘വിമോചന ദിനാ’ഘോഷം

Janayugom Webdesk
September 19, 2022 5:00 am

സെപ്റ്റംബർ പതിനേഴിന് ശനിയാഴ്ച ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാരും മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിൽ തെലങ്കാന സംസ്ഥാന സർക്കാരും ഹൈദരാബാദിന്റെ ഇന്ത്യൻ യൂണിയനിലുള്ള ഔപചാരിക ലയനത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആചരിക്കുകയുണ്ടായി. ഒരു ചരിത്ര സംഭവത്തെ ജനങ്ങളുടെയും രാജ്യത്തിന്റെയും ഐക്യം ഊട്ടിഉറപ്പിക്കുന്നതിനുള്ള അവസരവും ആഘോഷവുമാക്കി മാറ്റുന്നതിന് പകരം ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാരിന്റെയും ആഭ്യന്തരമന്ത്രിയുടെയും നേതൃത്വത്തിൽ നടന്നത്. അതാവട്ടെ രാജ്യത്തിന്റെ ഐക്യത്തിനും ഒരു ജനതയുടെ സ്വാതന്ത്ര്യത്തിനും അന്തസായി മനുഷ്യരായി ജീവിക്കാനുള്ള അവരുടെ അവകാശത്തിനും വേണ്ടി നടന്ന സുദീർഘവും ത്യാഗപൂർണവുമായ പോരാട്ടചരിത്രത്തെ അപകീർത്തിപ്പെടുത്തുന്നതും തമസ്കരിക്കുന്നതുമായി. ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയ ഇരുനേതാക്കളും ഹൈദരാബാദിന്റെ ഇന്ത്യൻ യൂണിയനിലുള്ള ലയനത്തിലേക്കു നയിച്ച തെലങ്കാന സായുധ വിപ്ലവത്തെക്കുറിച്ചോ അതിനു നേതൃത്വം നൽകിയ വിപ്ലവകാരികളെപ്പറ്റിയോ രക്തസാക്ഷിത്വം വരിച്ച ദേശാഭിമാനികളെപ്പറ്റിയോ വിമോചന പോരാട്ടത്തിനിടയിൽ കൊല്ലപ്പെട്ട ആയിരക്കണക്കിന് സാധാരണ മനുഷ്യരെപ്പറ്റിയോ പരാമർശംപോലും നടത്തിയതായി റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായില്ല.

ഹൈദരാബാദ് വിമോചനദിനം ആചരിച്ച കേന്ദ്രസർക്കാരും അമിത്ഷായും തങ്ങൾ പ്രതിനിധാനം ചെയ്യുന്ന ബിജെപി-ആർഎസ് എസ്-സംഘ്പരിവാർ പ്രസ്ഥാനങ്ങൾക്ക് അതിൽ യാതൊരു പങ്കും ഇല്ലെന്ന വസ്തുത സൗകര്യപൂർവം മറച്ചുവച്ചു. അതിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കും കോൺഗ്രസിലെ പുരോ ഗമനപക്ഷത്തിനുമുള്ള പങ്കാളിത്തം അപ്പാടെ തമസ്കരിച്ചു. ഇന്ത്യയുടെ കോളനിവിരുദ്ധ സ്വാതന്ത്ര്യസമരവും നാട്ടുരാജ്യമായിരുന്ന ഹൈദരാബാദിന്റെ വിമോചനത്തിന്റെ പോരാട്ടവും സാമ്രാജ്യത്വത്തിനും നാടുവാഴിത്തത്തിനും ജന്മിത്ത ചൂഷണത്തിനും എതിരായ പോരാട്ടമായിരുന്നു. അതിന്റെ ലക്ഷ്യം കേവലം ബ്രിട്ടീഷ് കോളനിവാഴ്ച അവസാനിപ്പിക്കുകയോ നാടുവാഴിത്തത്തിന് അറുതിവരുത്തുകയോ മാത്രമായിരുന്നില്ല. കോളനിവാഴ്ചയും അതിനു വഴിയൊരുക്കിയ നാടുവാഴിത്തവും അവസാനിപ്പിക്കുന്നതോടൊപ്പം ജന്മിത്ത ചൂഷണത്തിൽ നിന്നും അടിമജീവിതത്തിൽനിന്നും കർഷകരുടെയും ഗ്രാമങ്ങളിൽ പണിയെടുക്കുന്ന ദരിദ്രജനതയുടെയും മോചനവും ആ പോരാട്ടങ്ങളുടെ ലക്ഷ്യമായിരുന്നു. അതിൽ ജാതി, മത, വർണ ഭേദചിന്തകൾ കൂടാതെ രാജ്യമെമ്പാടും ജനങ്ങൾ അണിനിരന്നു. തെലങ്കാനയും ആന്ധ്രാപ്രദേശും കർണാടകയുടെയും മാറാത്തവാഡയുടെയും ഭാഗങ്ങളും ചേർന്ന പതിനാറു ജില്ലകൾ ഉൾപ്പെട്ട രാജ്യത്തെ പ്രധാനവും സമ്പന്നവുമായ നാട്ടുരാജ്യങ്ങളിൽ ഒന്നായിരുന്നു ഹൈദരാബാദ്. എന്നാൽ ജനങ്ങളിൽ മഹാഭൂരിപക്ഷവും നൈസാമിന്റെയും അയാൾ നിയമിച്ച കരംപിരിവുകാരായ ജാഗിർദാർമാരുടെയും റസാക്കർ എന്നറിയപ്പെട്ടിരുന്ന മർദ്ദകരുടെയും ചൂഷണങ്ങൾക്കും കൊടിയ അതിക്രമങ്ങൾക്കും ഇരകളായിരുന്നു.


ഇതുകൂടി വായിക്കൂ: ഭരണഘടന നേരിടുന്ന വെല്ലുവിളികൾ


ഇന്ത്യയുടെ സ്വാതന്ത്ര്യസമരവും ലോകത്താകെ പടർന്നുപിടിച്ചുകൊണ്ടിരുന്ന കമ്മ്യൂണിസ്റ്റ് ആശയങ്ങളും അവർക്ക് സംഘബലവും പ്രതീക്ഷയും കരുത്തും സമരവീര്യവും പകർന്നുനൽകി. അങ്ങനെ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ അവിഭാജ്യഘടകമായാണ് തെലങ്കാന സായുധവിപ്ലവം ആരംഭിക്കുന്നത്. അതിന്റെ മൂർധന്യത്തിൽ നാലായിരത്തില്‍പരം ഗ്രാമങ്ങളെ വിമോചിപ്പിക്കാനും അവിടങ്ങളിൽ ഭരണം സ്ഥാപിക്കാനും വിപ്ലവത്തിന് കഴിഞ്ഞു. ഹൈദരാബാദ് ഇന്ത്യൻ യൂണിയനിൽ ലയിക്കുന്നതിലേക്കു നയിച്ച ഏറ്റവും പ്രധാന ഘടകം തെലങ്കാന സായുധ വിപ്ലവം തന്നെയാണ്. ആർഎസ്എസും അവർ ബീജാവാപം നൽകിയ ബിജെപിയും സംഘ്പരിവാറും ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലും ആധുനിക ഇന്ത്യയുടെ രൂപീകരണത്തിലും യാതൊരു പങ്കും വഹിച്ചില്ലെന്നു മാത്രമല്ല ആ ലക്ഷ്യങ്ങൾക്ക് തുരങ്കംവയ്ക്കാൻ തങ്ങളാലാവുന്നത് ചെയ്യാൻ ശ്രമിച്ചിട്ടുണ്ട് എന്നതും നഗ്നമായ ചരിത്രവസ്തുതയാണ്. എന്നാൽ ഇപ്പോൾ ഇന്ത്യൻ സ്വാതന്ത്യ്ര സമരത്തിന്റെ എല്ലാ മഹദ്പ്രതീകങ്ങളുടെയും സംഭവങ്ങളുടെയും പിതൃത്വം അവകാശപ്പെടുകവഴി ചരിത്രത്തെ വളച്ചൊടിച്ചു സ്വന്തമാക്കി മാറ്റാനാണ് അവർ ശ്രമിക്കുന്നത്. തന്റെ ജീവിതം തന്നെ സ്വാതന്ത്ര്യത്തിനും സോഷ്യലിസ്റ്റ് ആശയങ്ങൾക്കും വേണ്ടി ഹോമിച്ച രക്തസാക്ഷികളുടെ ചക്രവർത്തി ഭഗത്‌സിങ്, ആർഎസ്എസിനെ സ്വതന്ത്ര ഇന്ത്യയിൽ നിരോധിച്ച പ്രഥമ ആഭ്യന്തരമന്ത്രി സർദാർ വല്ലഭഭായി പട്ടേൽ എന്നിവരുടെമേൽപോലും അവകാശവാദം ഉന്നയിക്കുന്ന ചരിത്ര നിഷേധകരിൽനിന്നും സത്യാനന്തരകാലത്ത് ഇതിലപ്പറവും പ്രതീക്ഷിക്കാം. പക്ഷെ, എല്ലാകാലത്തും എല്ലാവരെയും കബളിപ്പിക്കാമെന്ന വ്യാമോഹം അവർ പ്രതിനിധാനം ചെയ്യുന്ന ശുദ്ധമൗഢ്യത്തെയാണ് തുറന്നുകാട്ടുന്നത്. ബിജെപിയുടെ ‘ഹൈദരാബാദ് വിമോചന’ ആഘോഷങ്ങൾ അക്കാരണത്താലാണ് കാപട്യവും അപഹാസ്യവുമായി മാറുന്നത്.

You  may also like this video;

TOP NEWS

November 17, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.