മധ്യപ്രദേശ് സർക്കാരും ഇന്റർനാഷണൽ സെന്റർ ഫോർ റെസ്പോൺസിബിൾ ടൂറിസവും (ഐസിആർടി) ചേർന്ന് നടത്തിയ ഐസിആർടി ഇന്ത്യ സബ്കോണ്ടിനന്റ് അവാർഡ് 2022ൽ ഉത്തരവാദിത്ത ടൂറിസം മിഷൻ പ്രവർത്തനങ്ങളിലൂടെ കേരളം നാല് ഗോൾഡ് പുരസ്കാരങ്ങൾ നേടി. ഇതാദ്യമായാണ് ഉത്തരവാദിത്ത ടൂറിസം മിഷൻ പ്രവർത്തനങ്ങൾക്ക് ഒരു പുരസ്കാരവേദിയിൽ കേരളം ഹാട്രിക് നേട്ടം കരസ്ഥമാക്കുന്നത്.
പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജ്ജനം, ജലസംരക്ഷണം (വാട്ടർ സ്ട്രീറ്റ് പ്രോജക്ട് — സ്ട്രീറ്റ് പ്രോജക്ട്) ടൂറിസം മേഖലയിലെ വൈവിധ്യവല്ക്കരണം, കോവിഡിന് ശേഷം ടൂറിസം മേഖലകളുടെ തിരിച്ചുവരവ് എന്നീ നാല് വിഭാഗങ്ങളിലാണ് കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം മിഷൻ പ്രവർത്തനങ്ങൾ ഗോൾഡ് പുരസ്കാരത്തിന് അർഹമായത്. ഗോൾഡ് പുരസ്കാരം നേടിയതിനാൽ ഈ നാല് വിഭാഗങ്ങളിലും വേൾഡ് ട്രാവൽ മാർക്കറ്റ് പുരസ്കാരത്തിന് മത്സരിക്കാനുള്ള അർഹതയും കേരളം നേടി.
ഭോപ്പാലില്‍ നടന്ന ചടങ്ങിൽ വച്ച് മധ്യപ്രദേശ് ടൂറിസം മന്ത്രി ഉഷാ ഠാക്കൂറിൽ നിന്നും ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോഓഡിനേറ്റർ കെ രൂപേഷ് കുമാർ കേരളത്തിന് വേണ്ടി പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. ഐസിആർടി സ്ഥാപകനും വേൾഡ് ട്രാവൽ മാർക്കറ്റ് അഡ്വൈസറുമായ ഡോ. ഹാരോൾഡ് ഗുഡ് വിൻ, ഐസിആർടി വെസ്റ്റ് ആഫ്രിക്ക സ്ഥാപകൻ അദാമ ബാ, മധ്യപ്രദേശ് ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി ഷിയോ ശേഖർഗുപ്ത എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
കേരളത്തിലെ വിനോദസഞ്ചാര പ്രക്രിയയെ ജനകീയമായി വികസിപ്പിക്കാനുള്ള പരിശ്രമങ്ങൾ സംസ്ഥാന സർക്കാർ വിജയകരമായി നടത്തി വരികയാണെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രവർത്തനങ്ങൾ ഇന്ന് ജനകീയ വിനോദസഞ്ചാര പ്രവർത്തനങ്ങളുടെ മാതൃകയായി മാറിയിട്ടുണ്ട്. അതിന് ലഭിച്ച അംഗീകാരമാണിതെന്നും മന്ത്രി പറഞ്ഞു.
ടൂറിസം മേഖലയ്ക്ക് മാത്രമല്ല, മാലിന്യ സംസ്ക്കരണത്തിന്റെ കാര്യത്തിൽ രാജ്യത്തിനാകെ മാതൃകയാണ് സംസ്ഥാനത്തെ ഉത്തരവാദിത്ത ടൂറിസം മിഷനെന്ന് സംസ്ഥാന ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ എസ് ശ്രീനിവാസ് പറഞ്ഞു. കേവലം സംസ്ക്കരണത്തിനപ്പുറത്തേക്ക് മൂല്യവർധിത ഉല്പന്നങ്ങളായി ഇതിനെ പരിണമിപ്പിക്കാനുള്ള പദ്ധതികൾ ആർടി മിഷനെ വ്യത്യസ്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാർ, ഉത്തരവാദിത്ത ടൂറിസം മിഷൻ, കേരള ടൂറിസം, എന്നിവയുടെ സാമൂഹിക പ്രതിബദ്ധത വെളിവാക്കുന്നതാണ് ഈ പുരസ്ക്കാരലബ്ധിയെന്ന് കേരള ടൂറിസം ഡയറക്ടർ പി ബി നൂഹ് പറഞ്ഞു. ഉത്തരവാദിത്ത ടൂറിസം മിഷന്റെ യൂണിറ്റുകളിലെ വനിതാമുന്നേറ്റത്തെക്കുറിച്ച് ജൂറി നടത്തിയ അഭിപ്രായങ്ങൾ അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തരവാദിത്ത ടൂറിസം മേഖലയിൽ കേരളം തുടർച്ചയായ 15-ാം വർഷവും നടത്തുന്ന ഇടപെടൽ ശ്ലാഘനീയമാണെന്ന് ഡോ. ഹാരോൾഡ് ഗുഡ് വിന്റെ നേതൃത്വത്തിലുള്ള ജൂറി വിലയിരുത്തി. ഹോട്ടലുകളുടെയും റിസോർട്ടുകളുടെയും പങ്കാളിത്തത്തോടെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങൾ ഒഴിവാക്കൽ, പ്ലാസ്റ്റിക്ക് കുപ്പികൾ ഉപയോഗം പരമാവധി കുറക്കാൻ എടുത്ത നടപടികൾ എന്നിവയിലെ ആർടി മിഷന്റെ പങ്ക്, 80 ശതമാനം ആർടി മിഷൻ യൂണിറ്റുകളും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ ഒഴിവാക്കിയത്, പ്ലാസ്റ്റിക് ഇതര പരിസ്ഥിതി സൗഹൃദ ഉല്പന്നങ്ങൾ പരമാവധി ആർടി മിഷൻ യൂണിറ്റുകളെക്കൊണ്ട് ഉല്പാദിപ്പിച്ച് അക്കോമഡേഷൻ യൂണിറ്റുകൾക്ക് നൽകാൻ നടത്തിയ പ്രവർത്തനം ഇവയെല്ലാം കേരള ടൂറിസത്തിന്റെ പാരിസ്ഥിതിക പ്രതിബദ്ധത വെളിവാക്കുന്ന നടപടികളാണെന്ന് ജൂറി പറഞ്ഞു.
കേരളത്തിൽ നിന്നും കേരള വോയജസ്, ലെറ്റ്സ് ഗോ ഫോർ എ ക്യാമ്പ്, വീർ നാച്ചുറൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സംരംഭങ്ങളും പുരസ്കാരങ്ങൾ നേടി.
English Summary: ICRT India Subcontinent Award: Kerala with four awards
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.