1 March 2024, Friday

സ്ത്രീ സൗഹൃദ വിശ്രമ കേന്ദ്രമായ ‘ഇടം’ പൊതു ഇടങ്ങളിലും സജ്ജമാക്കും; മന്ത്രി മുഹമ്മദ് റിയാസ്

Janayugom Webdesk
കോഴിക്കോട്
October 10, 2022 12:24 pm

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറമെ പൊതുസ്ഥലങ്ങളിലും ഇടം പദ്ധതി സജ്ജമാക്കുമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മണ്ണൂർ സി എം ഹയർ സെക്കൻഡറി സ്കൂളിൽ ‘ഇടം’ സ്ത്രീ സൗഹൃദ വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ബേപ്പൂർ മണ്ഡലത്തിലെ ആറ് സ്കൂളുകളിലും നാല് പൊതു ഇടങ്ങളിലുമാണ് ‘ഇടം’ സജ്ജമാക്കുക.
മണ്ഡലത്തിലെ അമ്മമാർക്കും സഹോദരിമാർക്കും പെൺകുട്ടികൾക്കുമുള്ള പ്രത്യേക പദ്ധതിയാണ് ഇടം. പൊതു ഇടങ്ങളിലും സ്കൂളുകളിലും സ്ത്രീകൾക്കും പെൺകുട്ടികൾക്കും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

ഇടം പദ്ധതി സ്ത്രീകളിലും പെൺകുട്ടികളിലും കൂടുതൽ ആത്മവിശ്വാസവും കരുത്തും വർദ്ധിപ്പിക്കും. ഇടം പദ്ധതി നാടിനെ കൂടുതൽ സ്ത്രീ സൗഹൃദമാക്കും. കൂടുതൽ സ്ത്രീസൗഹൃദ പദ്ധതികൾ ആവിഷ്കരിക്കുന്നതിന് സർക്കാർ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

മയക്കുമരുന്നിനെതിരെ എല്ലാവരും കൈകോർക്കേണ്ട സമയമാണിത്. ലഹരി ഒരു ക്യാൻസർ പോലെ എല്ലാവരെയും കാർന്നു തിന്നുകൊണ്ടിരിക്കുകയാണ്. ലഹരി മുക്ത കേരളമായി സംസ്ഥാനത്തെ മാറ്റാൻ സാധിക്കണം. പാഠപുസ്തകങ്ങൾ പഠിക്കുന്നതിനോടൊപ്പം സഹപാഠിയുടെ പ്രശ്നങ്ങളും നാട്ടിലെ പ്രശ്നങ്ങളും തിരിച്ചറിയാൻ സാധിക്കണമെന്നും മന്ത്രി വിദ്യാർഥികളോട് പറഞ്ഞു.

ഒൻപത് ജില്ലകളിലൂടെ കടന്നുപോകുന്ന തീരദേശപാത ബേപ്പൂർ മണ്ഡലത്തിലൂടെയും കടന്നുപോകുന്നുണ്ട്. തീരദേശ പാതയുടെ ഡിസൈനിംഗിൽ ഓരോ 50 കിലോമീറ്റർ ഇടവിട്ട് കംഫർട്ട് സ്റ്റേഷനുകൾ നിർമ്മിക്കും. യാത്രയ്ക്കിടയിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് പുതിയ സംവിധാനത്തിലൂടെ പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു.

16 ലക്ഷത്തി ഇരുപതിനായിരം രൂപ ചിലവിട്ടു പൂർത്തീകരിച്ച ‘ഇട’ത്തിൽ കിടക്കകളോട് കൂടിയ വിശ്രമമുറി, രണ്ട് ടോയ്ലറ്റുകൾ, സാനിറ്ററി പാഡ് ഡിസ്പോസൽ മെഷീൻ മറ്റ് സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
ഇടം പദ്ധതി റിപ്പോർട്ട് കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപറേഷൻ റീജിയണൽ മാനേജർ നീന സൂസൻ പുന്നൻ അവതരിപ്പിച്ചു.

കടലുണ്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി കെ ശിവദാസൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പിടിഎ പ്രസിഡണ്ട് വിനീഷ് സ്വാഗതവും വാർഡ് മെമ്പർ റിജി പിലാക്കാട്ട്, സ്കൂൾ പ്രിൻസിപ്പൽ ബൈജു പി, ഹെഡ്മാസ്റ്റർ ഉമ്മർ എൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

Eng­lish Sum­ma­ry: Iddam Project will facil­i­tate to pub­lic spaces 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.