27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 24, 2024
July 24, 2024
July 23, 2024
July 16, 2024
July 12, 2024
July 11, 2024
July 10, 2024
July 9, 2024
July 8, 2024
June 21, 2024

ബിജെപിക്കെതിരെ വിശ്വസനീയമായ രാഷ്ട്രീയ ബദല്‍ വന്നാല്‍ ജനങ്ങള്‍ ഏറ്റെടുക്കും: ബിനോയ് വിശ്വം എംപി

സി പി ഐ കാസര്‍കോട് ജില്ലാ സമ്മേളന പ്രതിനിധി സമ്മേളനത്തിന് തുടക്കമായി 
Janayugom Webdesk
കാഞ്ഞങ്ങാട്(സ: സരോജിനി അമ്മ നഗര്‍)
August 13, 2022 7:46 pm

ദേശീയ തലത്തില്‍ ബിജെപിക്കെതിരെ വിശ്വസനീയമായ രാഷ്ട്രീയ ബദല്‍വന്നാല്‍ അത് ജനങ്ങള്‍ ഏറ്റെടുക്കുമെന്ന് സിപിഐ കേന്ദ്രസെക്രട്ടറിയേറ്റംഗം ബിനോയ് വിശ്വം എം പി പറഞ്ഞു. സിപിഐ കാസര്‍കോട് ജില്ലാ സമ്മേളന പ്രതിനിധി സമ്മേളനം മാണിക്കോത്തെ സരോജിനി അമ്മ നഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 40 വര്‍ഷത്തേക്ക് ബിജെപി ഭരണമെന്ന് പ്രവചിക്കുന്നവര്‍ ബിജെപി മുന്നണിയുടെ തകര്‍ച്ചയും കാണണം. തമിഴ്‌നാടും ബംഗാളും ഡെല്‍ഹിയും കേരളവും ജാര്‍ഖണ്ഡും ഛത്തീസ് ഗഡും പഞ്ചാബും ബിജെപിയല്ല ഭരിക്കുന്നത്. ഉത്തരേന്ത്യയെ കുറിച്ച് പറയുമ്പോള്‍ യുപി കഴിഞ്ഞാല്‍ പറയുന്ന ബിഹാറില്‍ ബിജെപിയെ പുറംതള്ളിയിരിക്കുകയാണ്. ബദലുകള്‍ നിലവിലുണ്ട്, അത് ശക്തിപ്പെടുത്തുകയാണ് വേണ്ടത്. എല്‍ഡിഎഫും ദേശീയതലത്തില്‍ ശക്തിപ്പെടേണ്ടുതുണ്ട്. അതിന്റെ വലിയ പ്രതീക്ഷ കേരളത്തില്‍ നിന്നാണ് ഉയര്‍ന്നുവരുന്നത്. എല്‍ഡിഎഫ് കേരളത്തിലെ മാത്രം രാഷ്ട്രീയമല്ല. ഇന്ത്യന്‍ രാഷ്ട്രീയത്തിന് മുന്നില്‍ ഒരു ബദലാണ്. ആ എല്‍ഡിഎഫിനെ കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കാന്‍ സിപിഐ എന്നും മുന്നിലുണ്ടാകും. എത്രമാത്രം എല്‍ഡിഎഫ് സിപിഎമ്മിന്റെതാണോ അത്രയോ അതില്‍ അധികമോ എല്‍ഡിഎഫ് സിപിഐയുടെതുമാണെന്ന് അദ്ദേഹം പറഞ്ഞു. മാറ്റംകൊതിക്കുന്നവര്‍ക്കെല്ലാം നടക്കാനിരിക്കുന്ന സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനങ്ങള്‍ ശ്രദ്ധേയമായിരിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. രാജ്യത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ തീര്‍ച്ചയായും മാറ്റമുണ്ടായേ തീരു. 40 വര്‍ഷത്തേക്ക് ബിജെപി തന്നെയായിരിക്കും ഇന്ത്യയുടെ രാഷ്ട്രീയ ഗതി തീരുമാനിക്കുന്നതെന്നതാണ് ബിജെപി പറയുന്നത്. ചുമ്മാ സ്വപ്നം കാണുമ്പോള്‍ 40 ഉം 50ഉം എത്രയും പറയാം. ഇന്ത്യന്‍ രാഷ്ട്രീയം അങ്ങനെയായാല്‍ ഈ നാടിന്റെ നാശമായിരിക്കും. ബിജെപിക്ക് അതിന്റെതായ സംഖ്യാബലങ്ങളെ കുറിച്ച് ഊറ്റംകൊള്ളാന്‍ കഴിയും. പക്ഷേ ബിജെപിയുടെ മുന്നേറ്റം മാത്രമല്ല രാജ്യം കണ്ടത്.
നിനച്ചിരിക്കാതെയും നിനച്ചിരിക്കുമ്പോഴും ബിജെപി തകര്‍ന്നു വീഴുന്നത് കാണുന്നുണ്ട്. ഫലപ്രദമായ വിശ്വസനീയമായ ഒരു രാഷ്ട്രീയ ബദല്‍ ലക്ഷണമൊത്ത് ഉണ്ടാകുന്നില്ല. ബിജെപിയെ തോല്‍പ്പിക്കാന്‍ പറ്റുുമെന്ന തോന്നല്‍ ഉണ്ടെങ്കില്‍ അതിനെ തെരഞ്ഞെടുക്കാന്‍ ജനം തയ്യാറാണ്. അതാണ് കേരളത്തിലും തമിഴ്‌നാട്ടിലും ബംഗാളിലും കണ്ടത്. ഒരു ബദലുണ്ടെങ്കില്‍ ആ ബദലിനെ ജനങ്ങള്‍ സ്വീകരിക്കും. അവര്‍ക്ക് മോഡിയും വലുതല്ല ബിജെപിയും വലുതല്ല. ബിഹാറില്‍ ബിജെപി സ്വന്തം ചേരിയിലേക്ക് തട്ടികൊണ്ടുപോയ പാര്‍ട്ടിയാണ് ജെഡിയു. ആ പാര്‍ട്ടിയെ ചേര്‍ത്തുപിടിച്ചാണ് ബിജെപി ബിഹാറിലെ രാഷ്ട്രീയ കടിഞ്ഞാണ്‍ ഏറ്റെടുത്തത്. ബിജെപിക്ക് എല്ലാ സഖ്യങ്ങളും വര്‍ഗീയ ഫാസിസത്തിലേക്കുള്ള ചവിട്ടുപടിമാത്രമാണ്. കൂട്ടുകാരനെ ഭിന്നിപ്പിക്കാനും അവരെ തകര്‍ത്ത് അവരുടെ ഒറ്റകക്ഷി ഭരണമാക്കാന്‍ മാത്രമാണ് ബിജെപി മുന്നണികളെ കാണുന്നത്. എല്ലാം കയ്യടക്കികൊണ്ട് ഇന്ത്യയുടെ പരമാധികാരം സ്വന്തം കാല്‍കീഴിലേക്ക് കൊണ്ടുവരാനാണ് ബിജെപി ശ്രമിക്കുന്നത്. മഹാരാഷ്ട്രയിലെ ആവേശം അടങ്ങുംമുമ്പ് തന്നെ ബിഹാറില്‍ മറുപടി കിട്ടി. ബിഹാറിലെ രാഷ്ട്രീയ മാറ്റം നമ്മോട് പറയുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ എല്ലാ വെളിച്ചവും കെട്ടടങ്ങിയിട്ടില്ല എന്നതാണ്. വംശ മേധാവിത്വം ഇന്ത്യയില്‍ അടിച്ചേല്‍പ്പിക്കാന്‍ ആര്‍ എസ് എസ് ശ്രമിക്കുന്നു. ഇന്ത്യയിലെ സാസംകാരിക വകുപ്പ് വംശമഹിമയെ കുറിച്ച് പഠിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ചാതുര്‍വര്‍ണ്യ രാഷ്ട്രീയം നടപ്പിലാക്കുകയാണവര്‍. ആര്‍എസ്എസ് പറയുന്നു ദേശസ്‌നേഹത്തിന്റെ അവസാന വാക്ക് തങ്ങളാണെന്ന്. ബിജെപിക്ക് ദേശീയതയെ പറ്റി പറയാന്‍ അവകാശമില്ല. ബിജെപി വൈദേശികമായ ആശയങ്ങളെയാണ് മുറുകെ പിടിക്കുന്നത്. ഫാസിസം ഒരിക്കലും ഇന്ത്യന്‍ പാരമ്പര്യമല്ല. നമ്മെ രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ ബിജെപിക്ക് അര്‍ഹതയില്ല. ദേശസ്‌നേഹത്തിന്റെ പേര് പറഞ്ഞ് എല്ലാ വീട്ടിലും ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ പറയുന്നു. എന്നിട്ട് ഇന്ത്യയില്‍ അവര്‍ വില്‍ക്കുന്നത് ഫ്‌ളാഗ് കോഡ് ലംഘിച്ചുകൊണ്ടുള്ള കൊടികളാണ്. ദേശീയമൂല്യങ്ങളെയും ദേശീയപതാകയെയും വിറ്റ് കാശുണ്ടാക്കുകയാണ്. വഞ്ചനയുടെ, പൊയ്മുഖത്തിന്റെ പാര്‍ട്ടിയാണ് ബിജെപി. ഈ പൊയ്മുഖം പിച്ചിചീന്തിയെ മതിയാവൂ. ഫാസിസത്തോട് കമ്മ്യൂണിസ്റ്റുകാര്‍ക്ക് പ്രാണം പോയാലും സന്ധിക്കാന്‍ കഴിയില്ല. ഈ ഫാസിസ്റ്റ് ഭീഷണിയെ ചെറുത്തേ മതിയാകൂവെന്നും ബിജെപിക്കെതിരെ സഖ്യമുണ്ടാകുമ്പോള്‍ അതില്‍ ഇടതുപക്ഷത്തിന് വലിയ പങ്കുവഹിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിനിധി സമ്മേളനം സി പി ഐ കേന്ദ്രസെക്രട്ടറിയേറ്റംഗം ബിനോയ് വിശ്വം എം പി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന് തുടക്കം കുറിച്ച് പ്രതിനിധി സമ്മേളന നഗരിയില്‍ തലമുതിര്‍ന്ന പാര്‍ട്ടി നേതാവ് പി എ നായര്‍ പതാക ഉയര്‍ത്തി. സമ്മേളനത്തില്‍ കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍, ദേശീയഎക്‌സിക്യൂട്ടീവംഗം കെ ഇ ഇസ്മയില്‍, സംസ്ഥാന അസി. സെക്രട്ടറിമാരായ അഡ്വ. കെ പ്രകാശ് ബാബു, സത്യന്‍മോകേരി, ദേശീയ കൗണ്‍സിലംഗം ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, സംസ്ഥാന എക്‌സിക്യൂട്ടീവംഗം സി പി മുരളി എന്നിവര്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍പള്ളിക്കാപ്പില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ അസി.സെക്രട്ടറിമാരായ വി രാജന്‍ രക്തസാക്ഷി പ്രമേയവും സി പി ബാബു അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന കൗണ്‍സിലംഗം ടി കൃഷ്ണന്‍ കണ്‍വീനറും എം അസിനാര്‍, എം കുമാരന്‍ മുന്‍ എംഎല്‍എ, പി ഭാര്‍ഗവി, അജിത് എംസി എന്നിവരടങ്ങിയ പ്രസീഡിയവും ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളടങ്ങിയ സ്റ്റീയറിംഗ് കമ്മറ്റിയും സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ബങ്കളം പി കുഞ്ഞികൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

Eng­lish Sum­ma­ry: If there is a cred­i­ble polit­i­cal alter­na­tive to BJP, peo­ple will take it: Binoy Viswam MP

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.