21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

January 11, 2024
December 25, 2023
October 31, 2023
October 13, 2023
October 5, 2023
September 26, 2023
September 20, 2023
September 4, 2023
August 10, 2023
August 7, 2023

മണിപ്പൂര്‍ പോപ്പി മാഫിയയുടെ അനധികൃത കുടിയേറ്റവും ഭരണകൂട പൊള്ളത്തരങ്ങളും

കെ സഹദേവൻ
July 28, 2023 8:36 pm

‘അനധികൃത കുടിയേറ്റം’ ഇല്ലാതാക്കാനുള്ള ശ്രമമാണ് മണിപ്പൂര്‍ കലാപത്തിലേക്ക് എത്തിപ്പെട്ടതെന്നും വിദേശ കുടിയേറ്റക്കാരെ പുറന്തള്ളുന്ന കാര്യത്തില്‍ ഒത്തുതീര്‍പ്പിനില്ലെന്നും മണിപ്പൂര്‍ ഭരണാധികാരികള്‍ അവകാശപ്പെടുന്നതിന് പിന്നിലെ പൊള്ളത്തരങ്ങള്‍ നിരവധിയാണ്. ഇതേ രീതിയില്‍ മലമേഖലകളിലേക്കുള്ള ഇതര വിഭാഗങ്ങളുടെ പ്രവേശനം സുസാധ്യമാക്കുന്നതിന് ഭരണകൂടം അഴിച്ചുവിടുന്ന പ്രചരണങ്ങളിലൊന്നാണ് കുക്കി അധിവാസ മേഖലകളിലെ പോപ്പി കൃഷി. മണിപ്പൂരില്‍ നിന്നും പോപ്പി കൃഷി സമ്പൂര്‍ണമായി ഇല്ലാതാക്കുമെന്ന മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ പ്രഖ്യാപനം അദ്ദേഹത്തെ ഒരു ‘പോപ്പി യുദ്ധനായക’നാക്കി മാറ്റി.

പോപ്പി കൃഷിയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ അവമതിക്കപ്പെടുന്ന വിഭാഗം മലയോര മേഖലകളില്‍ താമസിക്കുന്ന കുകി-സോമി ഗോത്ര വിഭാഗങ്ങളാണ്. ഈ രീതിയില്‍ അവരെ അപമാനിക്കുന്നതില്‍ ഭരണകൂടത്തിനും മാധ്യമങ്ങള്‍ക്കും വ്യക്തമായ പങ്കുണ്ട്. മലയോര മേഖലയിലെ വനഭൂമിയില്‍ കണ്ണുംനട്ടിരിക്കുന്ന രാഷ്ട്രീയ ഉന്നതന്മാരും ബിസിനസ് ഗ്രൂപ്പുകളും ഈ പ്രചരണത്തിന് കൂട്ടുനില്‍ക്കുന്നു. പോപ്പി കൃഷിക്കെതിരായ നടപടികള്‍ എന്ന നിലയില്‍ കുകി സമുദായത്തെ അടിച്ചമര്‍ത്താനാണ് ഭരണകൂടം ശ്രമിക്കുന്നത്.

വാസ്തവത്തില്‍ മലമ്പ്രദേശങ്ങളില്‍ പോപ്പി കൃഷി ചെയ്യുന്നവര്‍ താഴ്വവര പ്രദേശങ്ങളിലെ സമ്പന്നരും ഭൂരിപക്ഷ മെയ്‌തി വിഭാഗത്തില്‍പ്പെട്ട വരേണ്യവര്‍ഗവും രാഷ്ട്രീയ നേതൃത്വങ്ങളും ഉള്‍പ്പെട്ട ഒരു വിഭാഗമാണ്. പോപ്പി കൃഷിയുമായി ബന്ധപ്പെട്ടു നടന്ന അറസ്റ്റുകളെ സംബന്ധിച്ച കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. 1985ലെ നര്‍ക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സസ് (എന്‍ഡിപിഎസ്) ആക്ട് പ്രകാരം മണിപ്പൂരില്‍ നടന്ന അറസ്റ്റുകളുടെ വിവരങ്ങളിലൂടെ സൂക്ഷ്മായി കടന്നുപോയാല്‍ കുകികളെക്കുറിച്ച് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന കഥകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ചിത്രമാണ് ലഭിക്കുക.

സംസ്ഥാനത്തെ മയക്കുമരുന്ന് വിരുദ്ധ സേനയായ നര്‍ക്കോട്ടിക്സ് ആന്റ് അഫയേഴ്സ് ഓഫ് ബോര്‍ഡര്‍ (NAB) കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അറസ്റ്റ് ചെയ്ത 2518 പേരില്‍ 381 പേര്‍ മെയ്തികളും 1,083 മുസ്ലിംകളും 873 കുക്കി-ചിനും 181 മറ്റുള്ളവരും ആണ്. 2022ലാണ് ഏറ്റവും കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായത് — 658. 2023 മേയ് പകുതി വരെ 80 പേരെ എന്‍ഡിപിഎസ് നിയമപ്രകാരം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനര്‍ത്ഥം പോപ്പി, മയക്കുമരുന്ന് വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരേയൊരു സമൂഹമല്ല കുകികള്‍ എന്നാണ്. അറസ്റ്റ് ചെയ്യപ്പെട്ട ആളുകളില്‍ ഏറ്റവും കൂടുതല്‍ എണ്ണവും കുകികളുടേതല്ല. മ്യാന്‍മറില്‍ നിന്ന് അനധികൃത കുടിയേറ്റം നടത്തിയിരിക്കുന്നവരാണ് പോപ്പി കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന പ്രചരണത്തിനും അടിസ്ഥാനമേതുമില്ല. കാരണം, പോപ്പി കൃഷിയിലും മയക്കുമരുന്ന് വ്യാപാരത്തിലും ഏര്‍പ്പെട്ടതിന് ഏതെങ്കിലും മ്യാന്‍മര്‍ പൗരനെ അറസ്റ്റ് ചെയ്തതായി ഡാറ്റ സൂചിപ്പിക്കുന്നില്ല.

പോപ്പി കൃഷിയുടെ വിസ്തൃതിയുടെ കാര്യത്തില്‍ മണിപ്പൂരില്‍ ഉയര്‍ച്ച താഴ്ചകള്‍ സംഭവിക്കാറുണ്ട്. എന്‍എബിയുടെ കണക്കനുസരിച്ച് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 15,497 ഏക്കര്‍ ഭൂമിയില്‍ പോപ്പി കൃഷി കണ്ടെത്തി. ഇതില്‍ 13,122 ഏക്കര്‍ കുക്കി-ചിന്‍ നിയന്ത്രിത പ്രദേശങ്ങളിലും 2,340 ഏക്കര്‍ നാഗ നിയന്ത്രിത പ്രദേശങ്ങളിലും 35 ഏക്കര്‍ മറ്റ് പ്രദേശങ്ങളിലുമാണ്. കൂടാതെ, കുക്കി-ചിന്‍ നിയന്ത്രിത പ്രദേശങ്ങളിലെ പോപ്പി കൃഷി 2017–18 ലെ 2,001 ഏക്കറില്‍ നിന്ന് 2021–22 ല്‍ 2,600 ഏക്കറായി 30 ശതമാനം വര്‍ധിച്ചു, എന്നാല്‍ 2022–23 ല്‍ 804 ഏക്കറായി കുറഞ്ഞുവെന്ന് എന്‍എബി ഡാറ്റ കാണിക്കുന്നു. എന്നിരുന്നാലും നാഗാ ഗോത്രങ്ങളുടെ കീഴിലുള്ള പോപ്പി കൃഷി പ്രദേശങ്ങള്‍ 305 ഏക്കറില്‍ നിന്ന് 350 ഏക്കറായി വര്‍ധിച്ചു. മ്യാന്‍മര്‍ പൗരന്മാരുടെ പങ്കാളിത്തത്തിന്റെ അവകാശവാദത്തെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നുമില്ല.

മണിപ്പൂരില്‍ മയക്കുമരുന്ന് പ്രശ്നമുണ്ടെന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. അതേസമയം അതിന്റെ വേരുകള്‍ കൂടുതലും ഗോള്‍ഡന്‍ ട്രയാംഗിള്‍ മേഖലയിലാണ്. 2022–2023 ല്‍ മുഴുവന്‍ മണിപ്പൂരിലും 1,154 ഏക്കര്‍ കൃഷി ചെയ്തു. മണിപ്പൂരിലെ പോപ്പി കൃഷിയുടെ യഥാര്‍ത്ഥ ഉടമകള്‍ അന്നന്നത്തെ നിത്യജീവനത്തിനായ് പണിയെടുക്കുന്ന ആദിവാസി ഗോത്ര ജനതയല്ലെന്നതും അതിന് പിന്നില്‍ രാഷ്ട്രീയ ബിസിനസ് മാഫിയാ വിഭാഗങ്ങളുണ്ടെന്നതും എല്ലാവര്‍ക്കും അറിയാവുന്ന സംഗതിയാണ്. എന്നാല്‍ രാഷ്ട്രീയ സ്വാധീനമുള്ള പോപ്പി മാഫിയയെ തൊടാതെ, ഗോത്ര ജനതയുടെ ഭൂമിയിലേക്ക് കടന്നുകയറാനുള്ള അവസരമായി മാറ്റുകയാണ് ഭരണകൂടം.

ഗോത്ര ജനത എന്തുകൊണ്ടാണ് പോപ്പി കൃഷിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് എന്ന ചോദ്യത്തെ അഭിമുഖീകരിക്കാന്‍ ഭരണകൂടം തയ്യാറാകാത്തത് കൂടി ഇതോടൊപ്പം ഉന്നയിക്കപ്പെടേണ്ട വിഷയമാണ്. പരമ്പരാഗത കാര്‍ഷിക മേഖല പൂര്‍ണമായ തകര്‍ച്ചയെ നേരിടുമ്പോള്‍ പോപ്പി കൃഷിയിലൂടെ മെച്ചപ്പെട്ട ഉപജീവനം സാധ്യമാക്കാമെന്നതാണ് അതിനുള്ള ഒരു കാരണം. രാഷ്ട്രീയക്കാര്‍, പോപ്പി വ്യാപാരികള്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന പോപ്പി കൂട്ടുകെട്ട് ഗോത്ര വിഭാഗങ്ങളെ ഇതിലേക്ക് ഒരര്‍ത്ഥത്തില്‍ നിര്‍ബന്ധിച്ച് കൊണ്ടുവരികയാണ്. ഒരു ജനതയെ ഒന്നടങ്കം പോപ്പി കൃഷിക്കാരായി ചിത്രീകരിച്ചുകൊണ്ടോ, അവരെ ബലം പ്രയോഗിച്ച് ഭൂമിയില്‍ നിന്ന് ഇറക്കിവിടുന്നതിലൂടെയോ പരിഹരിക്കാന്‍ കഴിയുന്ന ഒന്നല്ല മയക്ക് മരുന്ന് കൃഷിയും അതിന്റെ വ്യാപാരവും.

(എന്‍ഇഎഫ്ആഎസ് (north-east forum for inter­na­tion­al sol­i­dar­i­ty) പ്രവർത്തകരുമായി സംസാരിച്ച് സാമൂഹിക പ്രവര്‍ത്തകനായ കെ സഹദേവൻ തയ്യാറാക്കിയത്)


എന്താണ് പോപ്പി കൃഷി

മോർഫിൻ, കോഡിൻ, തെബൈൻ തുടങ്ങിയ ഔഷധ പ്രാധാന്യമുള്ള നിരവധി ആൽക്കലോയിഡുകൾ അടങ്ങിയ ഓപിയം ഗമ്മിന്റെ ഉറവിടമാണ് പോപ്പി. ആധുനിക വൈദ്യശാസ്ത്രത്തിൽ വേദനസംഹാരിയായും ആന്റി-ട്യൂസിവ്, ആന്റി സ്പാസ്മോഡിക് എന്നിവയായും ഉപയോഗിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച വേദനസംഹാരികളിൽ ഒന്നായാണ് മോർഫിൻ അറിയപ്പെടുന്നത്.

ചെടിയുടെ ഉണക്കിയ കായ് (പ്രാദേശികമായി ദോഡച്ചൂര എന്ന് വിളിക്കുന്നു) നേരിയ മയക്കുമരുന്നാണ്. ഇത് നിയമവിരുദ്ധമായി ഉയർന്ന വിലയ്ക്ക് കരിഞ്ചന്തയിൽ വിൽക്കുന്നവരുണ്ട്. കായ്കൾ, ചതച്ചാൽ, പോപ്പി വിത്തുകൾ (പ്രാദേശികമായി  ഖുസ് ഖുസ് എന്ന് വിളിക്കുന്നു. ഇത് ഇന്ത്യൻ അടുക്കളകളിൽ സുഗന്ധവ്യഞ്ജനമായും ഉപയോഗിക്കുന്നു) നിലവിൽ വിപണിയിൽ ഉയർന്ന വില ലഭിക്കുന്നു.

ഇന്ത്യയിൽ കറുപ്പ് കൃഷി വളരെ നിയന്ത്രിതവും നിരീക്ഷണവുമാണ്. ഔഷധ, ശാസ്ത്രീയ ആവശ്യങ്ങൾക്കായി ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിൽ മാത്രമാണ് ഇത് നിയമപരമായി കൃഷി ചെയ്യുന്നത്. മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണത്. കുട്ടികളുടെ പഠനത്തിനാവശ്യമായ പണം കണ്ടെത്താനാണ് മണിപ്പൂരില്‍ പല കര്‍ഷകരും പോപ്പി കൃഷി തുടങ്ങിയത്. നെല്‍ക്കൃഷി ചെയ്ത് വിളവെടുത്തിരുന്ന കര്‍ഷകരാണ് മണിപ്പൂരില്‍ നിരോധിക്കപ്പെട്ട പോപ്പിക്കൃഷിയിലേക്ക് മാറിയത്. മറ്റുള്ള വിളകള്‍ കൃഷി ചെയ്താല്‍ കിട്ടുന്ന വരുമാനം കൊണ്ട് കുടുംബത്തെ തീറ്റിപ്പോറ്റാന്‍ കഴിയുന്നില്ലെന്നാണ് കര്‍ഷകരുടെ അഭിപ്രായം. ഏകദേശം 50 ശതമാനത്തില്‍ കൂടുതല്‍ കര്‍ഷകര്‍ പോപ്പിച്ചെടികള്‍ കൃഷി ചെയ്യുന്നുണ്ട്. 1985 ‑ലെ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സസ് ആക്റ്റ് അനുസരിച്ച് ലഹരി പദാര്‍ഥമായ പോപ്പി നിരോധിക്കപ്പെട്ടതാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ കർഷകർക്ക് കറുപ്പ് പോപ്പി കൃഷി ചെയ്യുന്നതിന് ലൈസൻസ് നൽകാന്‍ തുടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.