28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 2, 2024
November 26, 2024
November 26, 2024
November 24, 2024
June 25, 2024
January 26, 2024
November 26, 2023
September 20, 2023
September 20, 2023
September 12, 2023

ഭരണഘടനാ സംരക്ഷണത്തിന്റെ പ്രാധാന്യം

സഫി മോഹൻ എം ആർ
November 26, 2024 6:27 am

ലോകത്തിനു മുന്നിൽ ഒരു ജനാധിപത്യ രാഷ്ട്രമായി ഭരണഘടന 1949 നവംബർ 26ന് ഇന്ത്യയെ മാറ്റി. രാജ്യത്ത് ഭരണഘടന നിലവിൽ വന്നിട്ട് 75 വർഷം പിന്നിടുമ്പോഴും ഭരണഘടനയെ കുറിച്ചുള്ള അറിവ് ജനങ്ങളിൽ എത്തിക്കുന്നതിൽ ഭരണകൂടങ്ങൾ പരാജയപ്പെട്ടതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. കേവലം രാജ്യത്തെ ഭരണസംവിധാനങ്ങളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഒരു പുസ്തകം മാത്രമല്ല ഭരണഘടന. മറിച്ച് ജനങ്ങൾക്ക് മനുഷ്യാവകാശങ്ങൾ നൽകുകയും അവ സംരക്ഷിക്കുവാനുള്ള മാർഗങ്ങൾ പരാമർശിക്കുന്ന ഒരു തത്വസംഹിതയാണ് ഇന്ത്യൻ ഭരണഘടന. പൗരൻമാരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുവാൻ ഭരണകൂടങ്ങൾക്ക് കഴിയുന്ന നിർദേശക തത്വങ്ങളും പൗരൻമാരുടെ മൗലിക ഉത്തരവാദിത്തങ്ങളും അതിൽ പരാമർശിച്ചിട്ടുണ്ട്. ഒരു ജനാധിപത്യ രാഷ്ട്രത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം ആ രാഷ്ട്രത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ഭരണഘടന നൽകുന്ന മനുഷ്യാവകാശങ്ങളും മറ്റ് ജനാധിപത്യ അവകാശങ്ങളും സംരക്ഷിക്കപ്പെടുക എന്നതു തന്നെയാണ്. ഭരണഘടനാ മൂല്യങ്ങൾക്കും ധാർമ്മികതയ്ക്കും അനുസരിച്ച് പ്രവർത്തിക്കുന്ന ഒരു ഭരണസംവിധാനവും രാജ്യത്തിനുണ്ടാകണം. 

കഴിഞ്ഞ ഏതാനും വർഷങ്ങളായി ഭരണഘടന ഒരു ചർച്ചാ വിഷയമാണെങ്കിലും അതിന്റെ ആശയങ്ങളെ പൂർണമായി മുറുകെ പിടിച്ചുകൊണ്ട് മുന്നോട്ട് പോകുവാൻ രാജ്യത്തിനായിട്ടുണ്ടോ എന്നത് ഈ അവസരത്തിൽ പ്രസക്തമാണ്. ഉദാഹരണത്തിന് ഇന്ത്യ ഒരു മതനിരപേക്ഷ രാഷ്ട്രമായിട്ടുപോലും മതനിരപേക്ഷതയ്ക്ക് കോട്ടം തട്ടുന്ന പ്രവൃത്തികൾ നിലനിൽക്കുന്നതായി കാണാൻ കഴിയും. ഭരണനേട്ടത്തിനായി ഒരു പ്രത്യേക മതവിഭാഗത്തിനെ പ്രീണിപ്പിച്ചുകൊണ്ട് വോട്ട് രാഷ്ട്രീയം കളിക്കുമ്പോൾ ഭരണഘടനയും രാജ്യത്തിന്റെ മഹത്തായ പാരമ്പര്യവുമാണ് ഭരണാധികാരികൾ പണയം വയ്ക്കുന്നത്. രാജ്യത്ത് നടക്കുന്ന കലാപങ്ങൾ, ആരാധനാലയങ്ങൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ, നിയമനിർമ്മാണങ്ങളിൽ മതത്തിന്റെ സ്വാധീനം, പ്രധാന സ്ഥലങ്ങളിലെ പേരുമാറ്റം, വിശ്വാസത്തിന്റെ പേരിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ, വിധ്വംസക പ്രസംഗങ്ങൾ, ആൾക്കൂട്ട കൊലപാതകങ്ങൾ, ബുൾഡോസർ രാഷ്ട്രീയം, മതത്തിന്റെ പേരിൽ മനുഷ്യനെ രണ്ടായികാണാൻ പരിശ്രമിക്കുന്ന രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങൾ ഇവയെല്ലാം ഈ ദിനത്തിന് വലിയ വെല്ലുവിളി തന്നെയാണ്. 

മതത്തിന്റെ പേരിൽ മനുഷ്യാവകാശങ്ങൾ നിഷേധിക്കുന്നത് ലജ്ജാകരം തന്നെ. ഒരാൾ എന്ത് സംസാരിക്കണം, എന്തു ധരിക്കണം, എവിടെ പഠിക്കണം, എന്ത് പഠിക്കണം, എന്ത് ഭക്ഷിക്കണം, എന്ത് ജോലി ചെയ്യണം, എങ്ങനെ ചിന്തിക്കണം എന്നുവരെ തീരുമാനിക്കുവാൻ ഏകാധിപത്യ ഭരണകൂടങ്ങൾ ഈ കാലത്തും ശ്രമിച്ചുകൊണ്ടേയിരിക്കുന്നു, ആയതിനാൽ രാജ്യത്തെ ഭരണസംവിധാനങ്ങളിൽ പൂർണമായ ജനാധിപത്യവൽക്കരണം നടക്കേണ്ടതായിട്ടുണ്ട്. ഭരണഘടനാ ധാർമ്മികതയ്ക്ക് അനുസരിച്ച് ഐക്യത്തിലും സാഹോദര്യത്തിലും ജീവിക്കുന്ന ഒരു സമൂഹമാണ് രാജ്യത്തിന് വേണ്ടത്. ഡോ. ബി ആർ അംബേദ്കർ പറഞ്ഞതുപോലെ രാജ്യത്തിന്റെ മതങ്ങളും നവീകരണത്തിന്റെ പാതയിലൂടെ സഞ്ചരിക്കേണ്ടതുണ്ട്. തുല്യതയേയും സ്വാതന്ത്ര്യത്തേയും സാഹോദര്യത്തേയും പ്രോത്സാഹിപ്പിക്കുന്ന മതങ്ങളാണ് രാജ്യത്തിനാവശ്യം. മറിച്ചായാൽ രാഷ്ട്രീയ വിധ്വംസകശക്തികൾ ഈ അവസരം മുതലെടുത്തുകൊണ്ട് ജനങ്ങളെ ഭിന്നിപ്പിക്കുവാൻ ശ്രമിക്കും എന്നതിൽ സംശയമില്ല. ഇക്കാര്യത്തിൽ അവർ വിജയിക്കുന്നുണ്ട് എന്നതാണ് കഴിഞ്ഞകാല അനുഭവങ്ങൾ ജനങ്ങളെ പഠിപ്പിക്കുന്നത്. 

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം എന്ന നിലയിൽ ജിഡിപിയുടെ അടിസ്ഥാനത്തിൽ അല്ല രാഷ്ടത്തിന്റെ വികസനത്തെ മനസിലാക്കേണ്ടത്. മറിച്ച് രാജ്യത്തെ ജനങ്ങൾക്ക് ഭരണഘടന നൽകുന്ന അവകാശങ്ങൾ എത്രമാത്രം പൂർണ അർത്ഥത്തിൽ സംരക്ഷിക്കുവാൻ കഴിയുന്നു എന്നതാണ് പ്രാധാന്യം. അമർത്യാസെന്നും അരുന്ധതി റോയിയും മനുഷ്യാവകാശങ്ങൾക്കു വേണ്ടി വാദിക്കുന്നത് ഈ അർത്ഥത്തിലാണ്. മനുഷ്യാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട ലോകറാങ്കിങ്ങിൽ ഇന്ത്യ പുറകിലേക്ക് പോകുന്നത് ഭരണഘടനാ തത്വങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ഒരു രാഷ്ട്രമല്ല എന്ന സന്ദേശമാണ് നൽകുന്നത്. ലോക പട്ടിണി സൂചികയില്‍ റാങ്കിങ്ങിൽ 127 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 105 മാത്രമാണ്. വേൾഡ് ഹാപ്പിനസ്സ് ഇൻഡക്സിൽ രാജ്യത്തിന്റെ സ്ഥാനം 126ഉം ലോക ആരോഗ്യ സൂചികയില്‍ 112ഉം ആണ്. ലോക പത്രസ്വാതന്ത്ര്യ ഇൻഡക്സിൽ 159-ാം സ്ഥാനത്തുള്ള ഇന്ത്യ അന്താരാഷ്ട്ര വിവരാവകാശ ഇൻഡക്സിൽ 128-ാം സ്ഥാനത്താണ്. ഇത്തരം ആഗോള മനുഷ്യാവകാശ സംരക്ഷണ റാങ്കിങ്ങിൽ ഇന്ത്യ എന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം പുറകിൽ പോകുന്നത് മനുഷ്യാവകാശങ്ങൾ നൽകുന്ന ഒരു ഭരണഘടന ഇല്ലാത്തതുകൊണ്ടല്ല മറിച്ച് ഭരണഘടനയേയും മനുഷ്യാവകാശങ്ങളേയും സംരക്ഷിക്കുവാൻ കഴിയുന്ന ഭരണസംവിധാനങ്ങൾ ഇല്ലാത്തതുകൊണ്ടാണ്. ഭരണഘടനാ സാക്ഷരതയിലും ഭരണഘടനാ മൂല്യങ്ങളുടെ സംരക്ഷണത്തിലും കേരള സർക്കാർ എടുക്കുന്ന ശ്രമങ്ങൾ ഈ അവസരത്തിൽ രാജ്യത്തിന് മാതൃകയാണ്. ഇന്ത്യയിൽ സമ്പൂർണ ഭരണഘടനാ സാക്ഷരത നേടിയ ജില്ലയായി കൊല്ലം ജില്ല മാറിയത് അതിന്റെ ഭാഗമായിട്ടാണ്. 

കില, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സ്, കേരള ലെജിസ്ലേറ്റീവ് അംസംബ്ലി, കേരള സാക്ഷരതാ മിഷൻ, കേരള ലീഗൽ സർവീസ് അതോറിട്ടി എന്നീ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ രാജ്യത്തിന് മാതൃകയാണ്. ഈ ഭരണഘടനാ ദിനം ഭരണഘടന ജനങ്ങളുടെ പുസ്തകമാണ് എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ്. ഭരണഘടന ജനാധിപത്യത്തിന്റെ നട്ടെല്ലും ഭരണസംവിധാനങ്ങളുടെ മാർഗദർശിയുമാണ്.
ഭരണഘടനയ്ക്ക് എതിരായ എല്ലാ പ്രത്യേയ ശാസ്ത്രങ്ങളും രാജ്യത്തെ ജനങ്ങൾക്ക് എതിരാണ് എന്ന ഓർമ്മപ്പെടുത്തലിന്റെയും ദിനമാണ്. അത്തരം പ്രത്യയശാസ്ത്രങ്ങൾ ഇന്ത്യയെ ജനാധിപത്യത്തിൽ നിന്ന് ഏകാധിപത്യത്തിലേക്ക് നയിക്കുകയും ചെയ്യും. വി- ഡെമോക്രസി എന്ന ജോദം യൂണിവേഴ്സിറ്റിയുടെ പഠനങ്ങൾ ഇന്ത്യാ രാജ്യം ഒരു ഏകാധിപത്യ രാഷ്ട്രത്തിലേക്ക് മാറുന്നു എന്ന് വ്യക്തമാക്കുമ്പോൾ ഭരണഘടന സംരക്ഷിക്കുക എന്ന ഉത്തരവാദിത്തം നിറവേറ്റാൻ ഓരോ ജനാധിപത്യ വിശ്വാസികളും പ്രതിജ്ഞാബദ്ധരാണ്. 

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.