2 March 2024, Saturday

Related news

February 3, 2024
January 31, 2024
January 30, 2024
December 13, 2023
September 29, 2023
August 29, 2023
August 9, 2023
August 5, 2023
July 26, 2023
July 22, 2023

ഇമ്രാന്‍ ഖാന് നേരെ വധശ്രമം: കാലിന് വെടിയേറ്റു

Janayugom Webdesk
ഇസ്ലാമാബാദ്
November 3, 2022 5:22 pm

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും തെഹ്‌രീക് ഇ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാന് നേരെ വധശ്രമം. തെരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്ന് ആവശ്യപ്പെട്ട് ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ ഇസ്‌ലാമാബാദിലേക്ക് നടക്കുന്ന മഹാ പ്രതിഷേധ റാലിയില്‍ പങ്കെടുക്കുന്നതിനിടെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ദി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. അക്രമിയെ അറസ്റ്റ് ചെയ്ത് നീക്കി. കിഴക്കന്‍ പഞ്ചാബിലെ വസീറാബാദ് ജില്ലയില്‍ വച്ചാണ് വെടിവയ്പുണ്ടായത്. ഇമ്രാന്‍ ഖാന്റെ കാല്‍പാദത്തിലാണ് വെടിയേറ്റതെന്നും പരിക്ക് ഗുരുതരമല്ലെന്നും പാര്‍ട്ടി വക്താവ് ആസാദ് ഉമര്‍ അറിയിച്ചു. ഇമ്രാന്‍ ഖാനും മറ്റ് പാര്‍ട്ടി പ്രവര്‍ത്തകരും കണ്ടെയ്നര്‍ ലോറിയില്‍ നിന്നാണ് റാലിയില്‍ പങ്കെടുത്തത്. ലോറിക്ക് അടുത്തേയ്ക്ക് പാഞ്ഞെത്തിയ അക്രമി ഓട്ടോമാറ്റിക് തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ഇമ്രാന്‍ ഖാനെ മറ്റൊരു വാഹനത്തിലേക്ക് മാറ്റി ലാഹോറിലുള്ള ആശുപത്രിയില്‍ എത്തിച്ചു.

റാലിയ്ക്കിടെ സംഘടിപ്പിച്ച വെടിക്കെട്ട് ആണെന്നാണ് വെടിയൊച്ച കേട്ട ഭൂരിഭാഗം പേരും വിചാരിച്ചതെന്ന് പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്‍ സിഷാന്‍ ഭക്‌ഷ് പറഞ്ഞു. 15 സെക്കന്റിനുള്ളിലാണ് എല്ലാം നടന്നതെന്നും ഭക്‌ഷ് പറഞ്ഞു. ഇമ്രാന്‍ ഖാനെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്ന് അറസ്റ്റിലായ പ്രതി പറഞ്ഞു. ഇമ്രാന്‍ ഖാനെ കൊല്ലാന്‍ വേണ്ടി മാത്രമാണ് ഞാന്‍ വന്നത്. അയാള്‍ കൊല്ലപ്പെടണം. ഇമ്രാന്‍ ഖാന്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. റാലി തുടങ്ങിയപ്പോള്‍ തന്നെ തീരുമാനമെടുത്തിരുന്നുവെന്നും പൊലീസിന് നല്‍കിയ മൊഴിയില്‍ അക്രമി പറഞ്ഞു. പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമായ ലാഹോറില്‍ നിന്ന് റാലി പുറപ്പെട്ട് ഒരാഴ്ച തികയുന്നതിന് മുമ്പാണ് ആക്രമണമുണ്ടായത്. ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധറാലിയില്‍ പങ്കെടുക്കുന്നത്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് സംഭവത്തെ അപലപിച്ചു.

ആഭ്യന്തര മന്ത്രിയോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും ഇമ്രാന്‍ ഖാനും പരിക്കേറ്റ മറ്റ് പാര്‍ട്ടി അനുഭാവികളും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും ഷെരീഫ് പറ‌‌ഞ്ഞു. ഏപ്രില്‍ മാസത്തില്‍ അവിശ്വാസപ്രമേയത്തിലൂടെയാണ് ഇമ്രാന്‍ ഖാനെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കുന്നത്. ഷെഹബാസ് ഷെരീഫും അമേരിക്കന്‍ ഭരണകൂടവും ചേര്‍ന്ന് നടത്തിയ ഗൂഢലോചനയുടെ ഫലമാണ് തന്റെ പുറത്താകലെന്ന് ഇമ്രാന്‍ ഖാന്‍ നേരത്തെ പറഞ്ഞിരുന്നു. ഈ ആരോപണങ്ങള്‍ അമേരിക്ക നിഷേധിച്ചു. ഗൂഢാലോചനയുടെ വിവരങ്ങള്‍ ചേര്‍ത്ത് തന്റെ ജീവന്‍ അപകടത്തിലാണെന്ന് കാണിച്ച് ഇമ്രാന്‍ ഖാന്‍ വീഡിയോ പുറത്തുവിട്ടിരുന്നു. അഴിമതി ആരോപണത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇമ്രാന്‍ ഖാന് അ‍ഞ്ചുവര്‍ഷം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഈ ഉത്തരവിനെതിരെ ഇമ്രാന്‍ ഖാന്‍ കോടതിയെ സമീപിച്ച് അനുകൂലവിധി നേടിയിരുന്നു. തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്ന ആവശ്യവുമായി മഹാറാലി പ്രഖ്യാപിച്ചത്. അതേസമയം ആവശ്യം അംഗീകരിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. 2023ലാണ് അടുത്ത തെരഞ്ഞെടുപ്പ് നടക്കുക.

Eng­lish Sum­ma­ry: Assas­si­na­tion attempt on Imran Khan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.