27 April 2024, Saturday

Related news

April 27, 2024
April 21, 2024
April 21, 2024
April 20, 2024
April 19, 2024
April 15, 2024
April 15, 2024
April 7, 2024
April 6, 2024
April 4, 2024

ഇന്ത്യ‑അഫ്ഗാനിസ്ഥാന്‍ ആദ്യ ടി20 മത്സരം നാളെ മൊഹാലിയില്‍

Janayugom Webdesk
മൊഹാലി
January 10, 2024 9:43 pm

അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20 മത്സരത്തിനായി ഇന്ത്യ നാളെയിറങ്ങും. ടി20 ലോകകപ്പിന് മാസങ്ങള്‍ മാത്രം മുന്നില്‍ നില്‍ക്കെ ടീം ഒരുക്കാനുള്ള അവസാന അവസരം കൂടിയാണ് ഈ പരമ്പര. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആദ്യ മത്സരം പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നാളെ രാത്രി ഏഴിനാണ്. വ്യക്തിപരമായ കാരണത്തെ തുടര്‍ന്ന് വിരാട് കോലി ആദ്യ മത്സരത്തിനുണ്ടാകില്ലെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് സ്ഥിരീകരിച്ചു. വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജൂ സാംസണ്‍ ടീമിലുണ്ട്. ജിതേഷ് ശര്‍മ്മയാണ് മറ്റൊരു വിക്കറ്റ് കീപ്പറായി ടീമിലുള്ളത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20 പരമ്പരയില്‍ കളിച്ച ജിതേഷിനാണ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ഏകദിന ലോകകപ്പിന് ശേഷം പരിമിത ഓവര്‍ ക്രിക്കറ്റിലേക്ക് സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ്മ മടങ്ങിയെത്തുന്നുവെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. 

നീണ്ട നാളുകള്‍ക്ക് ശേഷമാണ് രോഹിത് വീണ്ടും ടി20യില്‍ ഇന്ത്യയെ നയിക്കാനെത്തുന്നത്. വരുന്ന ടി20 ലോകകപ്പിലും രോഹിത് തന്നെയാവും ടീം ഇന്ത്യയെ നയിക്കുക എന്ന സൂചനയാണിത്. പരിക്ക് കാരണം ഹാർദിക് പാണ്ഡ്യയും സൂര്യകുമാർ യാദവും ടീമിൽ ഇടം പിടിച്ചിട്ടില്ല. കെ എൽ രാഹുൽ, ശ്രേയസ് അയ്യർ എന്നിവരെ പരിഗണിച്ചില്ല. മുഹമ്മദ് സിറാജ്, ജസ്‌പ്രീത് ബുംറ എന്നിവർക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. രോഹിത് തിരിച്ചത്തെുമ്പോള്‍ ഓപ്പണറായി യശസ്വി ജയ്സ്വാളാകും ഇറങ്ങുക. ഇതോടെ ശുഭ്മാൻ ഗില്‍ഓപ്പണര്‍ സ്ഥാനത്തു നിന്ന് വഴി മാറേണ്ടിവരും. വിരാട് കോലി ഇല്ലാത്തതിനാല്‍ ഗില്ലായിരിക്കും മൂന്നാമനാകുക. തിലക് വര്‍മ നാലാം നമ്പറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിലകിനെ കളിപ്പിച്ചില്ലെങ്കില്‍ മലയാളി താരം സഞ്ജു സാംസണെ സ്പെഷലിസ്റ്റ് ബാറ്ററായി നാലാം നമ്പറില്‍ കളിപ്പിക്കാനും സാധ്യതയുണ്ട്. റിങ്കു സിങ് ആകും അഞ്ചാം നമ്പറില്‍ ഫിനിഷര്‍ ആയി ഇറങ്ങുക. രവീന്ദ്ര ജഡേജയില്ലാത്തതിനാല്‍ അക്സര്‍ പട്ടേലാകും ഓള്‍റൗണ്ടര്‍ സ്ഥാനത്തിറങ്ങുക. 

കുല്‍ദീപ് യാദവ്, രവി ബിഷ്ണോയി, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍, അവേഷ് ഖാന്‍ എന്നിവരാണ് ബൗളര്‍മാരുടെ നിരയിലുള്ളത്. ഇവരില്‍ ആരൊക്കെ പ്ലെയിങ് ഇലവനില്‍ ഇടംപിടിക്കുമോയെന്ന് കണ്ടറിയണം. ഐപിഎല്ലിലെ പ്രകടനം കൂടി അടിസ്ഥാനപ്പെടുത്തിയായിരിക്കും ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിനെ തെരഞ്ഞെടുക്കുക. അതിനാൽ അഫ്ഗാനെതിരായ പരമ്പരയും കളിക്കാരെ സംബന്ധിച്ചിടത്തോളും ഏറെ നിർണായകമാണ്. അതേസമയം അഫ്ഗാനിസ്ഥാന്റെ തുറുപ്പ് ചീട്ടായ റാഷിദ് ഖാന്‍ പരിക്കിനെ തുടര്‍ന്ന് കളിക്കാന്‍ ഇറങ്ങില്ലെന്ന് റിപ്പോര്‍ട്ട്. റാഷിദ് ഇല്ലെങ്കില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് കൂടുതല്‍ എളുപ്പമാകും. ഐപിഎല്ലിലൂടെ ഇന്ത്യന്‍ പിച്ചിനെ നന്നായി അറിയാവുന്ന താരമാണ് റാഷിദ് ഖാന്‍. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ സ്ഥിരതയോടെ പന്തെറിയുന്ന റാഷിദ് ഖാന്‍ ഇല്ലാത്തത് അഫ്ഗാനിസ്ഥാന് തിരിച്ചടിയാണ്.

Eng­lish Sum­ma­ry; India-Afghanistan first T20 match tomor­row in Mohali
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.