16 November 2024, Saturday
KSFE Galaxy Chits Banner 2

Related news

October 31, 2024
October 21, 2024
July 7, 2024
May 12, 2024
April 11, 2023
December 21, 2022
December 12, 2022
August 21, 2022
August 3, 2022
July 24, 2022

അതിര്‍ത്തിയില്‍ വീണ്ടും ഇന്ത്യ- ചൈന സംഘര്‍ഷം; സൈനികര്‍ക്ക് പരിക്കേറ്റു

Janayugom Webdesk
ന്യൂഡല്‍ഹി
December 12, 2022 11:42 pm

ഇന്ത്യ‑ചൈന അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടല്‍. അരുണാചല്‍ പ്രദേശിലെ തവാങ്ങിലുള്ള യാങ്സെ പ്രദേശത്തെ യഥാര്‍ത്ഥ അതിര്‍ത്തിക്ക് (എല്‍എസി) സമീപം ഈ മാസം ഒമ്പതിനാണ് ഏറ്റുമുട്ടലുണ്ടായത്. ഇരുവിഭാഗങ്ങളിലും നിരവധി സൈനികര്‍ക്ക് പരിക്കേറ്റു. വളരെ പെട്ടെന്ന് ഇരുവിഭാഗങ്ങളിലെയും സൈന്യം പിന്മാറിയെന്നും സമാധാനം പുനഃസ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചു. 

ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) അതിര്‍ത്തി കടന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഏകദേശം അറുന്നൂറോളം പിഎല്‍എ അംഗങ്ങളാണ് അതിര്‍ത്തി കടന്നതെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ സൈനികര്‍ ശക്തവും ധീരവുമായ ചെറുത്തുനില്‍പ്പ് നടത്തി. പരിക്കേറ്റവര്‍ ഗുവാഹട്ടിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്. പിഎല്‍എ അംഗങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
തവാങ് സെക്ടറിലെ അതിര്‍ത്തിക്ക് സമീപം വ്യത്യസ്ത ധാരണകളുള്ള പ്രദേശങ്ങളുണ്ട്. 2006 മുതല്‍ അനുവദിക്കപ്പെട്ട പ്രദേശം വരെ പട്രോള്‍ നടത്തുകയാണ് ഇരുരാജ്യങ്ങളും ചെയ്തുവരുന്നത്. എന്നാല്‍ ഒമ്പതിന് ചൈനീസ് സേന ഇന്ത്യന്‍ അതിര്‍ത്തി കടന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. പ്രദേശത്ത് സുസ്ഥിരമായ ശാന്തിയും സമാധാനവും കൈവരിക്കുന്നതിന് ചര്‍ച്ചകള്‍ നടത്തിവരികയാണ്. 

2020 ജൂണില്‍ കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലിന് ശേഷം ഇരുരാജ്യങ്ങളും അതിര്‍ത്തിയില്‍ മുഖാമുഖം തുടരുകയാണ്. ഗല്‍വാന്‍ ആക്രമണത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ചൈനയില്‍ നാല്പതോളം സൈനികര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട്. ഇതേ തുടര്‍ന്ന് പാംഗോങ്ങ് തടാകത്തിന്റെ തെക്കന്‍ തീരങ്ങളിലുള്‍പ്പെടെ നിരവധി ഏറ്റുമുട്ടലുകളുണ്ടായി.
ഇന്ത്യ- ചൈന ഉന്നതതല ചര്‍ച്ചകളിലൂടെ അതിര്‍ത്തിയിലെ സമാധാനം പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ചൈന വീണ്ടും കടന്നുകയറ്റം നടത്തിയിരിക്കുന്നത്. 

Eng­lish Sum­ma­ry: India-Chi­na bor­der con­flict again; Sol­diers were injured

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.