കസാക്കിസ്ഥാനിലെ ആഭ്യന്തര സംഘര്‍ഷത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. എത്രയും വേഗം രാജ്യത്തെ സ്ഥിതിഗതികള്‍ ശാന്തമാകാന്‍ ആഗ്രഹിക്കുന്നതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് അരിന്‍ദാം ബാഗ്ചി പറഞ്ഞു. രാജ്യത്തുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും മറ്റ് പ്രൊഫഷണലുകളും ജാഗ്രത പുലര്‍ത്തുകയും എംബസിയുമായി നിരന്തരം ബന്ധപ്പെടുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
കസാക്കിസ്ഥാനിലെ സ്ഥിതിവിശേഷങ്ങള്‍ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട നിരപരാധികളുടെ ബന്ധുക്കളുടെ ദുഖത്തില്‍ ഇന്ത്യ പങ്കു ചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.
ഇന്ത്യയുടെ വളരെ അടുത്ത സുഹൃദ് രാജ്യമാണ് കസാക്കിസ്ഥാന്‍. രാജ്യത്തെ സംഘര്‍ഷാവസ്ഥ എത്രയും വേഗം ശാന്തമാകട്ടെയെന്ന് ആഗ്രഹിക്കുന്നതായും ബാഗ്ചി പറഞ്ഞു. മധ്യേഷ്യന്‍ രാജ്യങ്ങളിലെ ഭരണത്തലവന്മാരെയാണ് ഇക്കുറി ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തില്‍ അതിഥികളായി ഇന്ത്യ ക്ഷണിച്ചിരിക്കുന്നത്. 26,27 ദിവസങ്ങളില്‍ ഡല്‍ഹിയിലെത്തുമെന്ന് കസാക്കിസ്ഥാന്‍ പ്രസിഡന്റ് കാസിം ജോമാര്‍ട്ട് ടൊകയേവും സ്ഥിരീകരിച്ചിരുന്നു. രാജ്യത്തെ പ്രതിസന്ധികള്‍ക്കിടയിലും അദ്ദേഹം ഇന്ത്യന്‍ സന്ദര്‍ശനം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കസാക്കിസ്ഥാനില്‍ 7800 ഇന്ത്യക്കാരുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. ഇതില്‍ 5300 പേര്‍ വിദ്യാര്‍ത്ഥികളും 2280 പേര്‍ നിര്‍മ്മാണ തൊഴിലാളികളും ബാക്കിയുള്ളവര്‍ മറ്റ് പ്രൊഫഷണല്‍ ജോലിക്കാരുമാണ്.
8000ത്തിലധികം പേര്‍ കസ്റ്റഡിയില്‍
ഇന്ധനവിലവർധനയ്ക്കെതിരേ കസാക്കിസ്ഥാനില്‍ നടക്കുന്ന പ്രക്ഷോഭത്തിൽ പങ്കെടുത്ത 8000ത്തിലധികം പേരെ കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ട്. സംഘര്‍ഷം അടിച്ചമര്‍ത്താനുള്ള നീക്കത്തിനിടെ ഇരുന്നൂറോളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം, രാജ്യത്ത് കഴിഞ്ഞയാഴ്ച നടന്നത് അട്ടിമറിശ്രമമാണെന്ന് പ്രസിഡന്റ് കാസിം ജൊമാർട്ട് ടൊകയേവ് ആരോപിച്ചു.
ഒരു കേന്ദ്രത്തിൽനിന്നാണ് ആക്രമണം തുടങ്ങിയതെന്നു പറഞ്ഞ അദ്ദേഹം പക്ഷേ, ആക്രമണത്തിനുപിന്നിൽ ആരാണെന്ന് വ്യക്തമാക്കിയിട്ടില്ല. അന്താരാഷ്ട്ര ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന്റെ വാദം. ഇതിനു തെളിവൊന്നും ലഭിച്ചിട്ടില്ല. റഷ്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ള സമാധാനസേന നിലവിൽ രാജ്യത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
ENGLISH SUMMARY:India expresses concern over Kazakhstan issue
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.