2 May 2024, Thursday

Related news

January 5, 2024
December 16, 2023
December 5, 2023
April 25, 2023
November 30, 2022
October 8, 2022
October 6, 2022
September 3, 2022
September 2, 2022
October 26, 2021

സൈനിക ചെലവില്‍ ഇന്ത്യ നാലാം സ്ഥാനത്ത്

Janayugom Webdesk
ന്യൂഡല്‍ഹി
April 25, 2023 10:14 pm

സൈനിക ചെലവില്‍ ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ. സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എസ്ഐപിആര്‍ഐ) പ്രസിദ്ധീകരിച്ച ആഗോള സൈനിക ചെലവുകളെക്കുറിച്ചുള്ള പുതിയ കണക്കുകളിലാണ് അമേരിക്ക, ചൈന, റഷ്യ എന്നിവയ്ക്ക് പിന്നിലായി ഇന്ത്യ നാലാം സ്ഥാനത്തുള്ളത്.
കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇന്ത്യയുടെ സൈനിക ചെലവ് 6.66 ലക്ഷം കോടി (8140 കോടി ഡോളര്‍). 2021 നെ അപേക്ഷിച്ച് ആറ് ശതമാനം വര്‍ധന രേഖപ്പെടുത്തി. ആത്മനിര്‍ഭര്‍ ആശയം പ്രോത്സാഹിപ്പിക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും പുറത്തുനിന്നും ആയുധങ്ങള്‍ വാങ്ങുന്നതിനാണ് ഏറെ തുകയും ചെലവഴിക്കുന്നത്. 

ഉക്രെയ്ൻ യുദ്ധം ആഗോള സൈനിക ചെലവ് വർധിപ്പിച്ചതായി എസ്ഐപിആര്‍ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള സൈനിക ചെലവ് 2022ൽ 2,24,000 കോടി ഡോളര്‍ (180 ലക്ഷം കോടി) ആയി ഉയര്‍ന്നിട്ടുണ്ട്. യൂറോപ്പിലെ സൈനികചെലവ് കുറഞ്ഞത് 30 വർഷത്തിനിടയിലെ ഏറ്റവും കുത്തനെയുള്ള വർധനവ് രേഖപ്പെടുത്തിയതായി സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. റഷ്യ, ഉക്രെയ്ന്‍ രാജ്യങ്ങളിലാണ് സൈനിക ചെലവുകൾ ക്രമാതീതമായി ഉയര്‍ന്നത്.
ഉക്രെയ‌്നിനുള്ള സൈനിക സഹായവും റഷ്യയിൽ നിന്നുള്ള ഉയർന്ന ഭീഷണിയെക്കുറിച്ചുള്ള ആശങ്കകളും പല രാജ്യങ്ങളുടെയും സൈനിക ചെലവ് ഉയര്‍ത്തി. മധ്യ, പടിഞ്ഞാറൻ യൂറോപ്പിലെ രാജ്യങ്ങളുടെ സൈനിക ചെലവ് 2022ൽ 34,500 കോടി ഡോളറായിരുന്നു.

ലോകത്തെ സൈനിക ചെലവിന്റെ 56 ശതമാനവും യുഎസ്, ചൈന, റഷ്യ എന്നീ രാജ്യങ്ങളാണ് പങ്കിടുന്നത്. ഉയർന്ന തോതിലുള്ള പണപ്പെരുപ്പം ഉണ്ടായിരുന്നിട്ടും 2022ൽ യുഎസ് സൈനിക ചെലവ് 71 ലക്ഷം കോടി രൂപ (87,700 കോടി ഡോളര്‍) ആണ്. ഇത് മൊത്തം ആഗോള സൈനിക ചെലവിന്റെ 39 ശതമാനവും രണ്ടാംസ്ഥാനക്കാരായ ചൈന ചെലവഴിച്ച തുകയേക്കാൾ മൂന്നിരട്ടിയുമാണ്. 29,200 കോടി ഡോളര്‍ (23 ലക്ഷം കോടി രൂപ) ആണ് ചൈനയുടെ പ്രതിരോധ ബജറ്റ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 4.2 ശതമാനം വര്‍ധിച്ചതായും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. 

1400 കോടിയുടെ പദ്ധതി; യുഎസ്, റഷ്യന്‍ മിസൈല്‍ സംവിധാനങ്ങള്‍ നാവികസേന വാങ്ങുന്നു

നാവികശക്തി വര്‍ധിപ്പിക്കുക ലക്ഷ്യമിട്ട് റഷ്യയില്‍ നിന്ന് ക്ലബ് മിസൈലുകള്‍ക്കൊപ്പം യുഎസ് നിര്‍മ്മിത ഹാര്‍പൂണ്‍ മിസൈലുകളും സ്വന്തമാക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ നാവികസേന. 1400 കോടിയിലധികം രൂപയുടെ പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഏറ്റെടുക്കലിനായി ഉടന്‍ അനുമതി നല്‍കുമെന്നും സൂചനയുണ്ട്.
ഏത് കാലാവസ്ഥയിലും ഉപയോഗിക്കാന്‍ സാധ്യമാകുന്ന മിസൈലുകളാണ് ഇവ. റഷ്യയില്‍ നിന്നുള്ള ക്ലബ് മിസൈലുകള്‍ ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലുകളിലും അന്തര്‍വാഹിനികളിലും സജ്ജീകരിച്ചിട്ടുണ്ട്. അവ പതിറ്റാണ്ടുകളായി ഉപയോഗത്തിലുമുണ്ട്. ബോയിങ് കമ്പനി നിര്‍മ്മിക്കുന്ന ആധുനിക സംവിധാനങ്ങളോടു കൂടിയ ഹാര്‍പൂണ്‍ മിസൈലുകള്‍ക്കൊപ്പം ഹാര്‍പൂണ്‍ ജോയിന്റ് കോമണ്‍ ടെസ്റ്റ് കിറ്റ്, മെയിന്റനന്‍സ് സ്റ്റേഷന്‍, സ്‌പെയര്‍ പാര്‍ട്‌സ് തുടങ്ങി നിരവധി സൗകര്യങ്ങളും ലഭ്യമാകും. 

Eng­lish Sum­ma­ry: India ranks fourth in mil­i­tary expenditure

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.