17 November 2024, Sunday
KSFE Galaxy Chits Banner 2

‘ഇന്ത്യ’ ഫാസിസ്റ്റ്‌വിരുദ്ധ ചേരിയുടെ ഉദയം

അഡ്വ. കെ പ്രകാശ്ബാബു
ജാലകം
July 30, 2023 4:40 am

ഇന്ത്യൻ ഫാസിസം കൂടുതൽ ആക്രമണോത്സുകമായ പാതയിലേക്ക് പോകുന്നതായാണ് സമീപകാല സംഭവവികാസങ്ങൾ തെളിയിക്കുന്നത്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ലോക്‌സഭയിൽ കേവല ഭൂരിപക്ഷം ലഭിച്ച ബിജെപി അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണമെന്ന അവരുടെ അജണ്ട നടപ്പിലാക്കാനുള്ള ശ്രമം വിജയിപ്പിച്ചു. ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാപദവി എടുത്തുകളഞ്ഞുകൊണ്ടും മുത്തലാഖ് ബില്ലും പൗരത്വഭേദഗതി നിയമവും പാസാക്കിക്കൊണ്ടും മുസ്ലിം വിരുദ്ധത എന്ന ഫാസിസ്റ്റ് അജണ്ടയ്ക്ക് അവർ കൂടുതൽ മൂർച്ച കൂട്ടി. ചങ്ങാത്തമുതലാളിത്തത്തിന്റെ വക്താക്കളായ ബിജെപി കശ്മീരിന്റെ മണ്ണ് ഇന്ത്യൻ കോർപറേറ്റുകളായ അംബാനിക്കും, അഡാനിക്കും കൈവശപ്പെടുത്താൻ വഴിയൊരുക്കി. മുത്തലാഖ് നിരോധന നിയമത്തിൽക്കൂടി സിവിൽ കരാറായ മുസ്ലിം വിവാഹ നിയമത്തിൽ ക്രിമിനൽ കുറ്റവും ശിക്ഷയും അടിച്ചേല്പിച്ചു. രാജ്യത്താദ്യമായി പൗരത്വം നിർണയിക്കുന്നതിൽ ‘മതം’ ഒരു അടിസ്ഥാനമായി. 2002ലെ ഗുജറാത്ത് വംശീയ കലാപത്തിനു തുല്യമായി മണിപ്പൂരിൽ മറ്റൊരു വംശീയ കലാപത്തിന് ബിജെപി വഴിമരുന്നിട്ടു. പരസ്പരം സൗഹാർദത്തിൽ കഴിഞ്ഞ ഒരു സംസ്ഥാനത്തെ ജനതയെ ആജന്മ ശത്രുക്കളാക്കി മാറ്റാൻ കേന്ദ്ര‑സംസ്ഥാന ബിജെപി നേതൃത്വങ്ങൾക്കു കഴിഞ്ഞു. വിഭജന മുദ്രാവാക്യം മുഴക്കി ജനങ്ങളെ തമ്മിലടിപ്പിക്കുന്നതിൽ ബിജെപി ഒരു പരിധി വരെ വിജയിച്ചു.

 


ഇതുകൂടി വായിക്കൂ; അവിശ്വാസ പ്രമേയങ്ങളുടെ ചരിത്രത്താള്‍


ഗുജറാത്തിലെന്നപോലെ മണിപ്പൂരിലും ഈ കലാപങ്ങളിലെല്ലാം ഹോമിക്കപ്പെടുന്നത് സ്ത്രീത്വമാണ്. സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നു എന്നു മാത്രമല്ല, കൂട്ടബലാത്സംഗത്തിന് ഇരയാവുകയും ക്രൂരമായി കൊലചെയ്യപ്പെടുകയും ചെയ്യുന്നു. മനുവാദികളായ ഇന്ത്യൻ ഫാസിസ്റ്റുകൾക്ക് സ്ത്രീജന്മങ്ങളെക്കുറിച്ചു തന്നെ വ്യത്യസ്തമായ കാഴ്ചപ്പാടുകളാണുള്ളത്. സ്ത്രീകൾ പ്രസവിക്കാനും വീട്ടുജോലി ചെയ്യാനും മാത്രമുള്ളതാണ് എന്ന സങ്കല്പം ഇറ്റലിയിലെ മുസോളിനിയും ജർമ്മനിയിലെ അഡോൾഫ് ഹിറ്റ്ലറും വച്ചു പുലർത്തിയിരുന്നു. മുസോളിനിയുടെ പ്രശസ്തമായ ഒരു വാചകമുണ്ട്, ‘സ്ത്രീകൾക്ക് ഗർഭപാത്രം പോലെ പുരുഷന്മാർക്ക് ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് യുദ്ധം’. യുദ്ധത്തെയും അക്രമങ്ങളെയും അന്ധമായി സ്നേഹിച്ചിരുന്നവരാണ് മുസോളിനിയും ഹിറ്റ്ലറും. ശുദ്ധ ആര്യരക്തത്തിനുവേണ്ടി വാദിക്കുകയും ദാഹിക്കുകയും ചെയ്ത ഹിറ്റ്ലർ, 1933ൽ ജർമ്മൻ പാർലമെന്റിൽ തന്റെ നാസി പാർട്ടിക്ക് ഭൂരിപക്ഷം കിട്ടിയപ്പോൾ ‘നാസി ആശയങ്ങൾ’ നടപ്പിലാക്കിത്തുടങ്ങി.  ഭാര്യയുണ്ടെങ്കിലും പുരുഷൻ ഒരു രാഷ്ട്രീയക്കാരനും യോദ്ധാവുമായിരിക്കണമെന്നും സ്ത്രീകൾ വീട്ടുകാര്യങ്ങൾ നോക്കിയാൽ മതിയെന്നുമുള്ളതായിരുന്നു നാസികളുടെ ആശയം. അതുകൊണ്ടുതന്നെ ആദ്യഭാര്യയുടെ മരണശേഷം (ആത്മഹത്യ) ഹിറ്റ്ലർ ഇവാ ബ്രൗണിനെ കൂടെക്കൂട്ടിയെങ്കിലും വിവാഹം കഴിച്ചിരുന്നില്ല.

 


ഇതുകൂടി വായിക്കൂ; ആശയങ്ങളാകണം സമരങ്ങൾ


നാസി പാർട്ടിയുടെ ഔദ്യോഗിക ഫോട്ടോഗ്രാഫറായ ഹോഫ്‌മാന്റെ സ്റ്റുഡിയോയിൽ ഫോട്ടോഗ്രാഫറായിരുന്ന ഇവാ ബ്രൗൺ 16 വർഷത്തോളം ഹിറ്റ്ലറോടൊപ്പം കഴിഞ്ഞിട്ടും അവർ വിവാഹിതരായില്ല. സോവിയറ്റ് പട്ടാളം വളഞ്ഞ തന്റെ ബങ്കറിൽ കുരുക്ഷേത്രത്തിൽ പരാജിതനായ ദുര്യോധനനെപ്പോലെ തന്റെ അന്ത്യനിമിഷങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടിവന്നപ്പോഴാണ് അഡോൾഫ് ഹിറ്റ്ലർ എന്ന ഏകാധിപതി 1945 ഏപ്രിൽ 29ന് ഇവാ ബ്രൗൺ എന്ന കാമുകിയെ വിവാഹം കഴിച്ചത്. അന്ന് ഹിറ്റ്ലർക്ക് 56 വയസും ഇവയ്ക്ക് 33 വയസുമായിരുന്നു. ഏറ്റവും ലളിതമായ ചടങ്ങിൽ തന്റെ ആഭ്യന്തര മന്ത്രിയും സന്തതസഹചാരിയുമായ ജോസഫ് ഗീബൽസിന്റെയും മാർട്ടിൻ ബോർമാന്റെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. പിറ്റേന്ന് ഏപ്രിൽ 30ന് തങ്ങൾക്കായി കരുതിയിരുന്ന രണ്ട് സയനൈഡ് ഗുളികകളിൽ ഒരെണ്ണം തന്റെ നായ ജർമ്മൻ ഷെപ്പേർഡ് ഇനത്തിലെ ‘ബ്ലോണ്ടി‘ക്കു നൽകി പരീക്ഷണം ഉറപ്പാക്കി. ശേഷിച്ച ഒരെണ്ണം തലേന്നു മാത്രം തന്റെ ഭാര്യയായ ഇവാ ബ്രൗണിനും നൽകി. ഉച്ചകഴിഞ്ഞ് 3.30ന് ബങ്കറിനകത്ത് വെടിയൊച്ച കേട്ട് ഓടിവന്ന സഹമന്ത്രിയും സൈനികരും കണ്ടത് ഒരു സോഫയിൽ ചാരിക്കിടക്കുന്ന ഹിറ്റ്ലറിന്റെ മൃതദേഹത്തെയാണ്. ഇവാ ബ്രൗണിന്റെ മൃതശരീരവും അതേ സോഫയിൽ ഹിറ്റ്ലറുടെ തൊട്ടരികിൽ തന്നെ ഉണ്ടായിരുന്നു. അഡോൾഫ് ഹിറ്റ്ലർ എന്ന നാസിത്തലവൻ സ്വന്തം പിസ്റ്റൾ ഉപയോഗിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. 1939ൽ ആരംഭിച്ച രണ്ടാം ലോകമഹായുദ്ധം യഥാർത്ഥത്തിൽ ഇതോടെ അവസാനിച്ചു.
70 ദശലക്ഷത്തിലധികം ആളുകളുടെ ജീവൻ അപഹരിക്കുകയും അതിലേറെ ആളുകൾക്ക് അംഗവൈകല്യം സംഭവിക്കുകയും ഭാവിതലമുറയ്ക്കു പോലും തീർത്താൽ തീരാത്ത ദുരിതങ്ങളും അസുഖങ്ങളും വരുത്തിവച്ച ഒരു ലോകയുദ്ധത്തിന്റെ കാരണദൂതന്റെ അന്ത്യമാണ് മുകളിൽപ്പറഞ്ഞത്. ഇന്നത്തെ ഇന്ത്യൻ ഫാസിസത്തിന് ഒരു ലോകയുദ്ധത്തിലേക്ക് രാജ്യത്തെയും രാഷ്ട്രങ്ങളെയും കൊണ്ടുപോകാൻ കഴിയില്ലെന്ന് നല്ല ബോധ്യമുണ്ട്. അതുകൊണ്ടാണ് അവരുടെ ഭ്രാന്തമായ ഹിന്ദുത്വ ആശയങ്ങളെ ഭൂരിപക്ഷ വർഗീയതയിൽക്കൂടി ഇവിടെ അടിച്ചേല്പിക്കാൻ ശ്രമിക്കുന്നത്. സങ്കുചിതമായ ദേശീയതയെ ഭ്രാന്തമായി താലോലിക്കുകയും ഹിന്ദുത്വ വർഗീയതയുമായി അതിനെ കൂട്ടിക്കെട്ടുകയും ചെയ്യുന്നത് അതുകൊണ്ടാണ്.


ഇതുകൂടി വായിക്കൂ;മണിപ്പൂര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി കേരളം


 

1947 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യം കിട്ടിയ ഇന്ത്യ അന്നും അതിനുമുമ്പും പലപ്പോഴും വിഭജിക്കപ്പെട്ടിട്ടുണ്ട്. അഫ്ഗാനിസ്ഥാനും പാകിസ്ഥാനും ബംഗ്ലാദേശും മ്യാൻമറും നേപ്പാളും ഭൂട്ടാനുമെല്ലാം ഇന്ന് സ്വതന്ത്ര രാഷ്ട്രങ്ങളാണ്. ഈ സ്വതന്ത്ര രാഷ്ട്രങ്ങളെല്ലാം കൂടി ഇന്ത്യയോട് കൂട്ടിച്ചേർക്കപ്പെട്ട് അഖണ്ഡഭാരതം സ്വപ്നം കാണുന്ന ഹിന്ദുത്വ വർഗീയവാദികൾ രാജ്യങ്ങളുടെ പരമാധികാരത്തെയും അന്താരാഷ്ട്ര സൗഹാർദങ്ങളെയും ഇന്ത്യൻ ജനതയുടെ ഐക്യത്തെയുമാണ് ചോദ്യം ചെയ്യുന്നത്.  ഗാന്ധിഘാതകനായ നാഥുറാം വിനായക് ഗോഡ്സേ എന്ന ഹിന്ദുത്വ ഭ്രാന്തനായ ബ്രാഹ്മണ മതവിശ്വാസിയുടെ ചിതാഭസ്മം ഇന്നും ഹിന്ദുമഹാസഭയുടെ പ്രവർത്തകർ സൂക്ഷിക്കുന്നു. ഗോഡ്സേ അയാളുടെ സഹപ്രവർത്തകരോട് അന്ത്യാഭിലാഷമായി പറഞ്ഞത് ‘പരദേശി മതവിശ്വാസികൾ കയ്യേറിയ വെട്ടിമുറിക്കപ്പെട്ട ഭാരതം, എന്ന് ഒരു അഖണ്ഡ സനാതന ഹൈന്ദവ സാമ്രാജ്യമായി പുനഃസ്ഥാപിക്കപ്പെടുന്നുവോ, അന്നുമാത്രമേ എന്റെ ചിതാഭസ്മം ഗംഗാനദിയിൽ നിമഞ്ജനം ചെയ്യാവൂ’ എന്നാണ്. അതുവരെ തന്റെ ആത്മാവ് ഈ ഭാരതത്തിൽ അലഞ്ഞുനടക്കട്ടെ എന്നും. ജാതിക്കും മതത്തിനും സമ്പത്തിനുമതീതമായി മനുഷ്യരെ സ്നേഹിച്ച, ഇന്ത്യക്കാരെ സ്നേഹിച്ച മഹാത്മജിയുടെ രക്തം കണ്ടിട്ടും കലിതീരാത്ത ഒരു ഹിന്ദുമത ഭ്രാന്തന്റെ ജല്പനം കേട്ട് ചിതാഭസ്മവും കെട്ടിപ്പിടിച്ചിരിക്കുന്നവരുടെ ഭരണത്തിൽ ഗുജറാത്തും ജമ്മു കശ്മീരും മണിപ്പൂരും മാത്രമല്ല ഇത് തുടർന്നാൽ ഇതിനപ്പുറവും നടക്കുമെന്നു നാം മനസിലാക്കണം. നാസി ആശയത്തിനു സമാനമായ ഹിന്ദുത്വ വർഗീയതയുടെ ആശയങ്ങളെ ഇല്ലാതാക്കുന്നതിന് ഇന്ത്യയിലെ ഫാസിസ്റ്റ് വിരുദ്ധചേരി ‘ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ലൂസീവ് അലയൻസ് (ഐഎൻഡിഐഎ)‘എന്ന പേരിൽ രൂപം കൊണ്ടിരിക്കുകയാണ്. ‘ഇന്ത്യ’യെ ശക്തിപ്പെടുത്താൻ രാജ്യത്തെ മതേതര ജനാധിപത്യ ഇടതുപക്ഷ ശക്തികൾ ഒരുമിച്ചുനിന്നേ മതിയാകൂ.

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.