22 December 2024, Sunday
KSFE Galaxy Chits Banner 2

വിറളിപിടിച്ച് ഇന്ത്യന്‍ കോര്‍പറേറ്റ് ലോകം

Janayugom Webdesk
November 24, 2021 5:00 am

കാര്‍ഷിക കരിനിയമങ്ങള്‍ പിന്‍വലിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രഖ്യാപനം ഉത്തര്‍പ്രദേശ്, പഞ്ചാബ് തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുള്ള തന്ത്രപരമായ പിന്മാറ്റമാണെന്ന ബോധ്യം മറ്റാരെക്കാളും ഉള്ളത് കര്‍ഷകര്‍ക്കു തന്നെയാണ്. അതുകൊണ്ടുതന്നെയാണ് കരിനിയമങ്ങള്‍ പിന്‍വലിച്ചുകൊണ്ടുള്ള ഭരണഘടനാപരമായ പ്രക്രിയ പൂര്‍ത്തിയാവാതെയും എംഎസ്‌പി, വെെദ്യുതി ഭേദഗതി നിയമം എന്നിവയില്‍ അനുകൂല തീരുമാനം ഉണ്ടാവുംവരെയും സമരമുഖത്തുനിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ അവര്‍ ഉറച്ചുനില്‍ക്കാന്‍ തീരുമാനിച്ചത്. കര്‍ഷകരുടെ ആശങ്ക അസ്ഥാനത്തല്ലെന്നാണ് സംഘപരിവാര്‍ വൃത്തങ്ങളില്‍ നിന്നും കോര്‍പറേറ്റ് താല്പര്യങ്ങളില്‍ നിന്നും പ്രഖ്യാപനത്തെ തുടര്‍ന്ന് ഉയര്‍ന്നുവരുന്ന അഭിപ്രായ പ്രകടനങ്ങള്‍ സൂചിപ്പിക്കുന്നത്. സംഘപരിവാര്‍ പ്രമുഖനും രാജസ്ഥാന്‍ ഗവര്‍ണറുമായ കല്‍രാജ്മിശ്ര കാര്‍ഷിക നിയമങ്ങള്‍ പുതിയ രൂപത്തില്‍ തിരിച്ചുവരുമെന്ന സൂചന നല്കി. പേര് വെളിപ്പെടുത്താന്‍ വിസമ്മതിക്കുന്ന സംഘപരിവാര്‍ വൃത്തങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാത്ത ഭരണാധികാരി എന്ന പ്രതിഛായക്കും ദേശീയ രാഷ്ട്രീയത്തില്‍ അദ്ദേഹം ഊട്ടിയുറപ്പിച്ചതായി ആഘോഷിക്കപ്പെടുന്ന ഔന്നത്യത്തിനും ഊനം തട്ടിയതായി കരുതുന്നു. എന്നാല്‍ കോര്‍പറേറ്റ് ലോകം പ്രധാനമന്ത്രി നാളിതുവരെ കെെക്കൊണ്ട തീരുമാനങ്ങളില്‍ ഏറ്റവും ചീത്തയായ തീരുമാനമായാണ് പ്രഖ്യാപനത്തെ വിശേഷിപ്പിക്കുന്നത്. രാജാവിനെക്കാള്‍ രാജഭക്തരായ മോഡി മന്ത്രി സഭാംഗങ്ങളില്‍ പലരും കോര്‍പറേറ്റ് താല്പര്യങ്ങള്‍ക്ക് വിരുദ്ധമായി, കാബിനറ്റിനെ ഇരുട്ടില്‍ നിര്‍ത്തി, പ്രധാനമന്ത്രി ഒറ്റക്ക് കെെക്കൊണ്ട തീരുമാനത്തില്‍ അസംതൃപ്തരാണ്. മോഡിയുടെ വ്യക്തിപ്രഭാവത്തെ ഭയപ്പെടുന്ന അത്തരക്കാര്‍ അത് പരസ്യമായി പ്രകടിപ്പിക്കാന്‍ തയാറല്ലെന്നെയുള്ളു. കോര്‍പറേറ്റുകളാവട്ടെ തങ്ങളുടെ അതൃപ്തിയും ആശങ്കകളും പങ്കുവയ്ക്കാന്‍ ‘ഗോദി മീഡിയ’യെയും അവയിലെ പോരാളി വൃന്ദത്തെയുമാണ് ഉപയോഗിക്കുന്നത്.

 


ഇതുകൂടി വായിക്കാം; രാഷ്ട്രീയ സമരരൂപം കൈവരിക്കുന്ന കര്‍ഷക പ്രക്ഷോഭം


 

‘മോഡിയുടെ ഔന്നത്യത്തിനും കരുത്തിനും കാര്യക്ഷമതക്കും ക്ഷയം സംഭവിച്ചിരിക്കുന്നു. കാര്‍ഷിക മേഖലയെ ഫ്യൂഡല്‍ കുലാക്കുകളില്‍ നിന്നും വിമോചിപ്പിക്കാനും അതുവഴി കാതലായ സാമ്പത്തിക നവീകരണത്തിനുമുള്ള സുവര്‍ണാവസരമാണ് നഷ്ടമായിരിക്കുന്നത്’ എന്ന് അവര്‍ വിലപിക്കുന്നു. ‘സ്വാതന്ത്ര്യത്തിനുശേഷം സമ്പദ്‌ഘടനയുടെ ഏറ്റവും ദുഷ്കരമായ മേഖലകളില്‍ തികഞ്ഞ ധാര്‍മ്മിക കരുത്തോടെ അര്‍ത്ഥപൂര്‍ണമായ പരിഷ്കാരങ്ങളാണ് മോഡി സര്‍ക്കാര്‍ ഇതിനകം നടപ്പാക്കിയത്. ഇനി തുടര്‍ന്ന് എന്തുസംഭവിക്കും’ എന്നതിലാണ് അവര്‍ക്ക് ഏറെ ഉല്‍ക്കണ്ഠ. രാജ്യത്തിന്റെ ‘റിഫോമര്‍-ഇന്‍-ചീഫ്’ (മുഖ്യ പരിഷ്കര്‍ത്താവ്) പദവിയില്‍ നിന്നുമുള്ള ഈ പതനം 1991ല്‍ ആരംഭിച്ച സാമ്പത്തിക പരിഷ്കാരങ്ങള്‍, ഔഡിയും ഹെലികോപ്റ്ററും ഉപയോഗിക്കുന്ന ഭൂപ്രഭുക്കന്മാരും കവര്‍ച്ചക്കാരായ ഇടനിലക്കാരും ഉയര്‍ത്തിയ സമ്മര്‍ദ്ദത്തിനു വഴങ്ങുകവഴി മോഡി പാടുപെട്ടുണ്ടാക്കിയ രാഷ്ട്രീയ മൂലധനത്തിനു ക്ഷതം വരുത്തിയതായും അവര്‍ വിലയിരുത്തുന്നു. അവരെ ഏറെ ഉല്‍ക്കണ്ഠപ്പെടുത്തുന്നത് കാര്‍ഷിക കരിനിയമങ്ങള്‍ പിന്‍വലിക്കപ്പെട്ടു എന്നുള്ളതല്ല. അതോടെ ‘രാജ്യത്തിന്റെ പാര്‍ലമെന്ററി ജനാധിപത്യത്തെ ഖാപ് പഞ്ചായത്ത് തന്ത്രത്തിലൂടെയും നിക്ഷിപ്ത താല്പര്യക്കാരുടെ കരിംഭീഷണിയിലൂടെയും സമ്മര്‍ദ്ദത്തിലൂടെയും അട്ടിമറിച്ചിരിക്കുന്നു. തെരുവില്‍ നിന്നുള്ള ഈ ‘വീറ്റോ’ പ്രയോഗത്തിനു വഴങ്ങുകവഴി ഗവണ്മെന്റിനെ ജനങ്ങളെ അണിനിരത്തിയും അക്രമം അഴിച്ചുവിട്ടും ജാമ്യത്തടവിലാക്കാവുന്ന അന്തരീക്ഷമാണ് ഒരുങ്ങിയിരിക്കുന്നത്. അങ്ങനെയെങ്കില്‍ തെരഞ്ഞെടുപ്പ് വിജയത്തിന് എന്ത് അര്‍ത്ഥമാണുള്ളതെ‘ന്ന് അവര്‍ ചോദിക്കുന്നു. ‘അത് കേന്ദ്രസര്‍ക്കാരിന്റെ നയരൂപീകരണത്തെയും അവ നടപ്പിലാക്കുന്നതിനുള്ള നിയമനിര്‍മ്മാണ പ്രക്രിയയുടെയും പാളം തെറ്റിച്ചിരിക്കുന്നു’. മേല്‍പറഞ്ഞ വാദഗതികള്‍ കര്‍ഷകപ്രക്ഷോഭം കോര്‍പറേറ്റുകളെ എത്ര ആഴത്തില്‍ മുറിവേല്പിച്ചിരിക്കുന്നു എന്നാണ് വ്യക്തമാക്കുന്നത്.

 


ഇതുകൂടി വായിക്കാം;  കര്‍ഷകപ്രക്ഷോഭം രാജ്യത്തിന് നല്‍കുന്ന ആഹ്വാനം


 

കര്‍ഷക പ്രക്ഷോഭം വര്‍ഗസമരത്തിന്റെ സ്വഭാവം കെെവരിച്ചുവെന്നും കാര്‍ഷിക കരിനിയമങ്ങള്‍ മാത്രമല്ല രാജ്യത്തെ തൊഴിലാളിവര്‍ഗത്തെ അപ്പാടെ അടിമകളാക്കാന്‍ ലക്ഷ്യംവച്ചുള്ള ലേബര്‍കോഡുകള്‍ക്ക് എതിരെ തിരിയുമെന്നതും കോര്‍പറേറ്റുകളെ വിറളിപിടിപ്പിച്ചിരിക്കുന്നു. കര്‍ഷക പ്രക്ഷോഭവും കര്‍ഷക, തൊഴിലാളി ഐക്യവും ഇന്ത്യന്‍ സമൂഹത്തിലെ രണ്ട് വിരുദ്ധ ശക്തികളും അവയില്‍ ഒന്നിന് നേതൃത്വം നല്കുന്ന കേന്ദ്രഭരണകൂടവും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലിനാണ് വഴിതുറക്കുന്നതാണെന്ന് അവര്‍ ഭയപ്പെടുന്നു. അതുകൊണ്ടുതന്നെ രാഷ്ട്രീയ ആഘാതം ലഘൂകരിക്കാനും കാര്‍ഷിക കരിനിയമങ്ങള്‍ പിന്‍വാതിലിലൂടെ അല്ലെങ്കില്‍ പുതിയ രൂപത്തില്‍ തിരികെ കൊണ്ടുവരാനും മോഡിയുടെ മേല്‍ സമ്മര്‍ദ്ദം കനക്കും.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.