18 December 2024, Wednesday
KSFE Galaxy Chits Banner 2

ഇന്ത്യയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടപ്പെടുന്നു

Janayugom Webdesk
May 18, 2024 5:00 am

ലസ്തീൻ ജനതയ്ക്കെതിരെ ഗാസയിൽ നടക്കുന്ന വംശീയ കൂട്ടക്കുരുതിയിൽ മോഡി ഭരണകൂടം നൽകുന്ന പിന്തുണയും പങ്കാളിത്തവും ലോകത്തിന്റെ മുന്നിൽ തുറന്നുകാണിക്കുകയാണ് ഇന്ത്യയിൽ നിന്നുള്ള സ്ഫോടക വസ്തുക്കളും ആയുധങ്ങളുമായി ഇസ്രയേലിലേക്ക് പോകുകയായിരുന്ന കപ്പലിന് നങ്കൂരമിടാൻ അനുമതി നിഷേധിച്ചുകൊണ്ടുള്ള സ്പെയിനിന്റെ തീരുമാനം. 26.8 ടൺ ആയുധങ്ങളുമായി ഇസ്രയേൽ ലക്ഷ്യമാക്കി നീങ്ങുന്ന ‘മരിയന്നെ ഡാനിക’ എന്ന ഡെൻമാർക്ക് പതാക വഹിക്കുന്ന കപ്പലിനാണ് കാർട്ടഗേന തുറമുഖത്ത് മേയ് 21ന് നങ്കൂരമിടാൻ സ്പെയിൻ അനുമതി നിഷേധിച്ചത്. ഇത് ആദ്യമായാണ് ഇന്ത്യയിൽനിന്ന് ആയുധങ്ങളുമായി ഇസ്രയേലിലേക്ക് നീങ്ങുന്ന കപ്പൽ കണ്ടെത്തുന്നതും തങ്ങളുടെ തുറമുഖത്ത് പ്രവേശിക്കുന്നതിന് യൂറോപ്യൻ രാഷ്ട്രമായ സ്പെയിൻ അനുമതി നിഷേധിക്കുന്നതും. ഹേഗിലെ അന്താരാഷ്ട്ര ന്യായ കോടതിയിൽ (ഇന്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റിസ്-ഐസിജെ), റാഫയിൽ ഇസ്രയേൽ തുടർന്നുവരുന്ന സൈനിക നടപടി ഉടൻ അവസാനിപ്പിച്ച് പിന്മാറാൻ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ദക്ഷിണാഫ്രിക്കയുടെ കേസ് പരിഗണിക്കവെയാണ് സംഭവം. സ്വന്തം ആവാസസ്ഥാനങ്ങളിൽനിന്നും ഒന്നിലധികം തവണ ആട്ടിപ്പായിക്കപ്പെട്ട 14 ലക്ഷത്തിലധികം പലസ്തീൻ അഭയാർത്ഥികളുടെ അവസാന അഭയസ്ഥാനമായ റാഫയ്ക്കുനേരെയുള്ള ആക്രമണത്തിൽനിന്നും ഇസ്രയേൽ പിന്മാറണമെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും പലസ്തീന് പൂർണ അംഗത്വം നൽകണമെന്നും യുഎൻ ജനറൽ അസംബ്ലി ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ലോകാഭിപ്രായം മാനിക്കാതെയുള്ള ഇന്ത്യയുടെ നടപടി. ഇസ്രയേൽ ഗാസയിൽ നടത്തുന്ന യുദ്ധത്തെയും വംശീയ ഉന്മൂലനത്തെയും ശക്തമായി എതിർക്കുന്ന യൂറോപ്യൻ രാഷ്ട്രങ്ങളിൽ ഒന്നാണ് സ്പെ­യിൻ. പലസ്തീന് യുഎന്നിൽ പൂർ­ണ അംഗത്വം നൽകണമെന്ന പ്രമേയത്തിന്റെ പ്രയോജകരിൽ സ്പെയിനും ഉൾപ്പെടുന്നു. സ്പെയിനിന്റെ നടപടി പുറത്തുവന്നതോ­ടെ മോഡിസർക്കാ­ർ പലസ്തീൻ വിഷയത്തിൽ തുടർന്നുപോരുന്ന ഇരട്ടത്താപ്പാണ് തുറന്നുകാട്ടപ്പെടുന്നത്. അത് ആഭ്യന്തര രംഗത്ത് പ്ര­ധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപിയും പിന്തുടരുന്ന വംശീയ വിദ്വേഷത്തിൽ അധിഷ്ഠിതമായ നയങ്ങളുടെ പ്രതിഫലനമായും നയതന്ത്ര വൃത്തങ്ങൾ വിലയിരുത്തുന്നു.

ഇസ്രയേലിന്റെ മുഖ്യ ആയുധ സ്രോതസായ യുഎസിലും വിവിധ യൂറോപ്യൻ രാഷ്ട്രങ്ങളിലും പലസ്തീനെതിരായ വംശഹത്യക്കായി ആയുധങ്ങളും പണവും നൽകുന്നതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് നടന്നുവരുന്നത്. പ്രമുഖ സർവകലാശാലകളും മറ്റ് ഉന്നത പഠന-ഗവേഷണ സ്ഥാപനങ്ങളും വിദ്യാർത്ഥികളുടെയും ഗവേഷകരുടെയും അധ്യാപകരുടെയും ഇസ്രയേലുമായുള്ള പഠന-ഗവേഷണ‑സാമ്പത്തിക സഹകരണത്തിനെതിരായ വലിയ പ്രതിഷേധങ്ങൾക്കാണ് സാക്ഷ്യംവഹിക്കുന്നത്. പല സർവകലാശാലകളും ഇസ്രയേലും ആ രാജ്യത്തെ സ്ഥാപനങ്ങളുമായുള്ള ബന്ധം വിച്ഛേദിച്ചാണ് കാമ്പസുകളിൽ സമാധാനാന്തരീക്ഷം പുനഃസ്ഥാപിച്ചതുതന്നെ. രാജ്യത്തുയർന്നുവന്ന വൻ പ്രതിഷേധങ്ങളെ തുടർന്ന് ആയുധവിതരണം അവസാനിപ്പിക്കാൻ നിർബന്ധിതമാകുമെന്ന് യുഎസിലെ ബൈഡൻ ഭരണകൂടം തന്നെ ഇസ്രയേലിന് മുന്നറിയിപ്പ് നൽകാൻ നിര്‍ബന്ധിതമായി. സ്വാതന്ത്ര്യപൂർവ കാലം മുതൽ തുടർന്നുവന്നിരുന്ന ദേശീയ അഭിപ്രായ സമന്വയത്തിനും സ്വതന്ത്ര ഇന്ത്യയുടെ പ്രഖ്യാപിത നയങ്ങൾക്കും വിരുദ്ധമായി ഇസ്രയേലിൽ അധികാരം കയ്യാളുന്ന സയണിസ്റ്റ് തീവ്ര വലതുപക്ഷത്തിന് അനുകൂലമായ നിലപാടുകളാണ് മോഡി ഭരണം അനുവർത്തിക്കുന്നത്. സയണിസ്റ്റ് ഭരണകൂടത്തിനുള്ള രാഷ്ട്രീയ പിന്തുണയ്ക്ക് അപ്പുറത്തേക്കുകടന്ന് ആയുധ നിർമ്മാണത്തിലും അവയുടെ കയറ്റിറക്കുമതിയിലും തന്ത്രപരവും ആഴത്തിലുള്ളതുമായ ബന്ധമാണ് മോഡി ഭരണം വളർത്തിയെടുത്തത്. അതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തിൽ ചെലുത്തുന്ന ദുഃസ്വാധീനങ്ങൾക്കും നാം സാക്ഷ്യവഹിക്കുകയുണ്ടായി. പെഗാസസ് പോലെയുള്ള ചാരനിരീക്ഷണ സംവിധാനങ്ങൾ സ്വന്തം ജനതയ്ക്കെതിരെ വിന്യസിക്കാൻ മോഡി ഭരണത്തെ പ്രാപ്തമാക്കിയത് അന്താരാഷ്ട്ര രംഗത്തെ ഫാസിസ്റ്റ് ശക്തികളുടെ ഈ അവിശുദ്ധ കൂട്ടുകെട്ടാണ്. സമാനമായ രാഷ്ട്രീയ ധാരകളോടൊപ്പം ആയുധ നിർമ്മാണത്തിലും അതിന്റെ കയറ്റുമതിയിലും അതുനൽകുന്ന കൊള്ളലാഭത്തിലും വ്യാപരിക്കുന്ന ഇരുരാജ്യങ്ങളിലെയും കോർപറേറ്റുകൾ ഈ നിഷേധാത്മക കൂട്ടുകെട്ടിനെ അരക്കിട്ടുറപ്പിക്കുന്നു. കഴിഞ്ഞ മാസം നടന്ന യുഎൻ മനുഷ്യാവകാശ കൗൺസിൽ യോഗത്തിൽ ഗാസയിൽ വെടിനിർത്തലിനും ഇസ്രയേലിനെതിരെ ആയുധ ഉപരോധം ഏർപ്പെടുത്തുന്നതിനും ആഹ്വാനം ചെയ്യുന്ന പ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്നും ഇന്ത്യ വിട്ടുനിന്നതും മറ്റൊന്നുംകൊണ്ടല്ല.

ഇന്ത്യയുടേയും ഇസ്രയേലിന്റെയും ഭരണം കയ്യാളുകയും നയപരിപാടികൾ ആവിഷ്കരിക്കുകയും ചെയ്യുന്ന രാഷ്ട്രീയം ഒരുപോലെ വിദ്വേഷത്തിൽ അധിഷ്ഠിതമാണ്. ഒരു ഭൂപ്രദേശത്ത് സഹസ്രാബ്ദങ്ങളായി ജീവിച്ചുപോന്ന ജനതയെ അവരുടെ മണ്ണിൽനിന്നും നിഷ്കാസനം ചെയ്യാനാവുന്നില്ലെങ്കിൽ അവരെ ഭൂമുഖത്തുനിന്നും തുടച്ചുനീക്കുകയാണ് സയണിസ്റ്റുകളുടെ ലക്ഷ്യം. ഇന്ത്യയിലാകട്ടെ ഭൂരിപക്ഷ മതത്തിനു വിധേയരായി, രണ്ടാന്തരം പൗരന്മാരായി ജീവിക്കാൻ കഴിയില്ലെങ്കിൽ ഈ മണ്ണിൽ നിങ്ങൾക്ക് ഇടമില്ലെന്ന് ഉദ്ഘോഷിക്കുന്ന പ്രത്യയശാസ്ത്രം സമ്പൂർണ ആധിപത്യത്തിനുവേണ്ടിയുള്ള തീവ്രയത്നത്തിലാണ് ഏർപ്പെട്ടിട്ടുള്ളത്. ഇതിനെതിരായ ചെറുത്തുനിൽപ്പ് രാഷ്ട്രാതിർത്തികളിൽ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. അത് മാനവികതയെ തിരിച്ചുപിടിക്കാൻ ലോകമെങ്ങും ജനാധിപത്യ വിശ്വാസികൾ നടത്തുന്ന ചെറുത്തുനിൽപ്പിന്റെ അവിഭാജ്യ ഘടകമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.