28 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 23, 2025
April 21, 2025
April 19, 2025
April 17, 2025
April 4, 2025
April 4, 2025
April 4, 2025
April 3, 2025
April 3, 2025
April 2, 2025

കൊച്ചിയിലെ ലഹരിമാഫിയയ്ക്ക് തമിഴ് പുലി സംഘങ്ങളുമായി ബന്ധമെന്ന് സൂചന

സ്വന്തം ലേഖകൻ
കൊച്ചി
December 15, 2021 9:25 pm

കൊച്ചിയിലെ ലഹരി മാഫിയയ്ക്ക് പിന്നിൽ കാനഡ കേന്ദ്രമായി പ്രവർത്തിക്കുന്ന തമിഴ് പുലികളുടെ പഴയ സംഘമെന്ന് സംശയം. തമിഴ് പുലികളെ ഉന്മൂലനാശം വരുത്തിയ ശ്രീലങ്കൻ സൈനിക നടപടിക്ക് മുൻപേ നാടുവിട്ട് കാനഡ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംഘങ്ങൾ അഫ്ഗാൻ, ഇന്ത്യയിലെ വിവിധ തുറമുഖങ്ങൾ കേന്ദ്രമാക്കി കള്ളക്കടത്ത് നടത്തുന്നതായി കേന്ദ്ര ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. കൊച്ചിയിൽ നിന്ന് മത്സ്യകയറ്റുമതിയുടെ മറവിൽ ലഹരി കയറ്റുമതി നടന്നതായി കേന്ദ്രജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. കാക്കനാട് എംഡിഎംഎ കേസിലെ പ്രതികൾക്കു കൃത്രിമ ലഹരി വസ്തുക്കൾ കൈമാറിയതു ശ്രീലങ്കൻ വംശജരായ രണ്ടു പേർ ആയിരുന്നു. ചെന്നൈ, പോണ്ടിച്ചേരി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഇവർക്കു കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വൻതോതിൽ ഇടപാടുകാരുണ്ട്. 

വർഷങ്ങളായി തമിഴ്‌നാട്ടിൽ താമസിക്കുന്ന ഇരുവരുടെയും ഭാര്യമാർ തമിഴ്‌നാട്ടുകാരാണെന്നും എക്സൈസ് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇവരുടെ താമസസ്ഥലം അടഞ്ഞു കിടക്കുകയാണ്. 40–45 വയസിനിടയിൽ പ്രായമുള്ള ഇവരെ കണ്ടെത്തുന്നതിനു ചെന്നൈ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ സഹായം തേടി.
വിദേശത്തുനിന്നു ചെന്നൈ വിമാനത്താവളവും തുറമുഖവും വഴിയെത്തുന്ന കാർഗോയിൽ ഒളിപ്പിച്ചാണ് എംഡിഎംഎ പോലുള്ള കൃത്രിമ ലഹരി എത്തിക്കുന്നത്. ചെന്നൈയിൽ നിന്നു മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേക്കു ഹാഷിഷ് ഓയിൽ കടത്തുന്നുണ്ട്. ഇതിനെല്ലാം പിന്നിൽ പുലികളുടെ ഇടപെടലാണ്. 

സംശയ നിഴലിലുള്ളവരുടെ ബന്ധുക്കളും കള്ളക്കടത്ത് പതിവാക്കിയവരാണ്. സ്വർണം, പുരാവസ്തുക്കൾ തുടങ്ങി നിരോധനമുള്ള പലതും കടത്തുന്നുണ്ട്. ഹവാല, മനുഷ്യക്കടത്ത് ഇടപാടുകളിലും ഇവർക്കു ബന്ധമുണ്ട്. യൂറോപ്പ്, റഷ്യ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നു വാങ്ങുന്ന കൃത്രിമ ലഹരി വസ്തുക്കൾ ഇന്ത്യയിൽ ഒരു കിലോയ്ക്കു 15 ലക്ഷം രൂപ മുതലാണ് ഈടാക്കുന്നത്. കേസിൽ അറസ്റ്റിലായ സുസ്മിതയാണു കേരളത്തിലെ സംഘത്തെ നിയന്ത്രിക്കുന്നത്. പ്രതികൾക്കു ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിൾപേ വഴിയും വലിയ തോതിൽ പണം നൽകിയിരുന്നു ഇവർ. കാക്കനാട് ലഹരിക്കടത്ത് സംഘത്തെ നിയന്ത്രിച്ചിരുന്ന കൊച്ചി സ്വദേശിനി സുസ്മിത ഫിലിപ്പിനെതിരെ എക്സൈസ് ക്രൈംബ്രാഞ്ചിന് ലഭിച്ചത് ശക്തമായ തെളിവുകളാണ്. ലഹരി സംഘങ്ങളിൽ ടീച്ചർ എന്ന പേരിലാണ് സുസ്മിത അറിയപ്പെട്ടിരുന്നത്. 11 കോടിയുടെ ലഹരിമരുന്ന് കേസിൽ 12-ാം പ്രതിയാണ് സുസ്മിത ഫിലിപ്പ്. ഹോട്ടലുകളിൽ ലഹരിപ്പാർട്ടികൾ സംഘടിപ്പിക്കാനും പ്രതികൾക്ക് സാമ്പത്തിക സഹായം നൽകാനും മുന്നിൽ നിന്നത് സുസ്മിതയാണ് എന്നാണ് അന്വേഷണ സംഘം പറയുന്നത്. 

ENGLISH SUMMARY:Indications are that the drug mafia in Kochi has links with the Tamil Tiger gangs
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.