March 30, 2023 Thursday

Related news

March 29, 2023
March 24, 2023
March 13, 2023
March 12, 2023
February 26, 2023
February 15, 2023
February 11, 2023
February 11, 2023
February 8, 2023
January 28, 2023

സിന്ധു നദീ ജല ഉടമ്പടി; പാകിസ്ഥാന് ഇന്ത്യയുടെ നോട്ടീസ്

Janayugom Webdesk
ന്യൂഡല്‍ഹി
January 27, 2023 11:14 pm

സിന്ധു നദീ ജല ഉടമ്പടിയില്‍ ഭേദഗതി ആവശ്യപ്പെട്ട് ഇന്ത്യ പാകിസ്ഥാന് നോട്ടീസ് അയച്ചു. ബുധനാഴ്ച സിന്ധു നദീജല കമ്മിഷണർമാർ വഴിയാണ് നോട്ടീസ് നല്‍കിയത്. 1960ല്‍ ഒപ്പുവച്ച ഉടമ്പടി നടപ്പാക്കുന്നതില്‍ പാകിസ്ഥാന്റെ അലംഭാവം ചോദ്യം ചെയ്താണ് നോട്ടീസ്. സിന്ധു നദീജല ഉടമ്പടിയില്‍ വരുത്തിയ ലംഘനങ്ങള്‍ പരിഹരിക്കാന്‍ ഉഭയകക്ഷി ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നതിന് 90 ദിവസത്തെ സമയവും പാകിസ്ഥാന് അനുവദിച്ചിട്ടുണ്ട്. ഇതാദ്യമായാണ് ഉടമ്പടിയിൽ ഇന്ത്യ ഭേദഗതി ആവശ്യപ്പെടുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി ഇന്ത്യയുടെ കിഷൻഗംഗ, റാറ്റിൽ ജലവൈദ്യുത പദ്ധതികളുടെ പ്രശ്നം ചർച്ച ചെയ്യാനും പരിഹാരം കാണാനും പാകിസ്ഥാൻ വിസമ്മതിച്ചതായി നോട്ടീസില്‍ പറയുന്നു. 

1960 സെപ്റ്റംബർ 19ന് അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവും പാകിസ്ഥാൻ പ്രസിഡന്റ് അയൂബ് ഖാനും കറാച്ചിയിൽ ഒപ്പുവച്ച ജലം പങ്കിടുന്നതിനുള്ള കരാറാണ് സിന്ധു നദീജല ഉടമ്പടി. ഒമ്പത് വര്‍ഷത്തെ ചര്‍ച്ചകള്‍ക്കു ശേഷമായിരുന്നു ഉടമ്പടി. ലോകബാങ്കാണ് കരാറിന് മധ്യസ്ഥത വഹിച്ചത്. ബിയാസ്, രവി, സത്‌ലജ്, സിന്ധു, ചെനാബ്, ഝലം എന്നീ നദികളിലെ ജലം വിതരണം ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള അവകാശമാണ് കരാറിന്റെ ഉള്ളടക്കം. ഈ നദികളുടെ മൊത്തം 168 ദശലക്ഷം ഏക്കർ അടിയിൽ, ഇന്ത്യയുടെ വിഹിതം 33 ദശലക്ഷം ഏക്കർ അടിയാണ്. കരാർ പ്രകാരം സിന്ധുനദിയിലെ 20 ശതമാനം വെള്ളം മാത്രമേ ഇന്ത്യക്ക് ഉപയോഗിക്കാനാവൂ. 

ഉടമ്പടി നടപ്പിലാക്കുന്നതിൽ ഇന്ത്യ എല്ലായ്‌പ്പോഴും ഉറച്ച പിന്തുണയും ഉത്തരവാദിത്തവും കാട്ടിയിട്ടുണ്ടെന്ന് കേന്ദ്ര ഉദ്യോഗസ്ഥന്‍ പറയുന്നു. എന്നാല്‍ പാകിസ്ഥാന്റെ പ്രവർത്തനങ്ങൾ ഉടമ്പടി വ്യവസ്ഥകളെയും അവ നടപ്പിലാക്കുന്നതിനെയും പ്രതികൂലമായി ബാധിച്ചതിനാലാണ് ഭേദഗതി ആവശ്യപ്പെട്ട് നോട്ടീസ് അയക്കാന്‍ നിര്‍ബന്ധിതരായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ കിഷൻഗംഗ, റാറ്റിൽ ജലവൈദ്യുത പദ്ധതികളോടുള്ള സാങ്കേതിക എതിർപ്പുകൾ പരിശോധിക്കാൻ പാകിസ്ഥാൻ 2015ൽ സ്വതന്ത്ര വിദഗ്ധന്‍ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തൊട്ടടുത്ത വര്‍ഷം ഈ ആവശ്യം പിന്‍വലിക്കുകയും തര്‍ക്കപരിഹാര കോടതി എതിർപ്പുകൾ തീർപ്പാക്കണമെന്ന് നിർദേശിക്കുകയുമായിരുന്നു.
ലോകത്തിലെ ഏറ്റവും വിജയകരമായ ജലം പങ്കിടൽ ശ്രമങ്ങളിലൊന്നായാണ് സിന്ധു നദീജല ഉടമ്പടി കണക്കാക്കപ്പെടുന്നത്.

Eng­lish Sum­ma­ry: Indus Riv­er Water Treaty; Indi­a’s Notice to Pakistan

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.