December 10, 2023 Sunday

Related news

November 24, 2023
August 28, 2023
August 28, 2023
August 14, 2023
January 19, 2023
January 12, 2023
December 30, 2022
December 26, 2022
November 30, 2022
November 13, 2022

അഫ്ഗാന്‍ പുറപ്പാട് ; അനിശ്ചിതത്വവും ഭയവും നിറഞ്ഞ ആദ്യ ദിനം

Janayugom Webdesk
കാബൂള്‍
September 1, 2021 10:46 pm

അനിശ്ചിതത്വവും ഭയവും നിറഞ്ഞ അഫ്ഗാനിസ്ഥാന്റെ ആദ്യദിനത്തില്‍ അതിര്‍ത്തികളിലേക്ക് ജനങ്ങളുടെ ഒഴുക്ക്.രാജ്യം വിടാന്‍ ശ്രമിക്കുന്നവര്‍ക്ക് ഏക ആശ്രയമായിരുന്ന കാബൂള്‍ വിമാനത്താവളവും താലിബാന്റെ നിയന്ത്രണത്തിലായതോടെ ആയിരക്കണക്കിന് ആളുകള്‍ അതിര്‍ത്തി ലക്ഷ്യമാക്കി നീങ്ങുകയാണ്. ഇതുവരെ അമ്പത് ലക്ഷം അഫ്ഗാന്‍ പൗരന്മാര്‍ രാജ്യത്ത് നിന്ന് പലായനം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. സ്ത്രീകളും കുട്ടികളുമടക്കം ചെറുസംഘങ്ങളായി കാല്‍നടയായും വാഹനങ്ങളിലും വിവിധ അതിര്‍ത്തികളിലേക്കാണ് ജനങ്ങളുടെ പാലായനം. 

പാകിസ്ഥാനിലേക്ക് ഖൈബര്‍ ചുരം വഴിയുള്ള കവാടമായ ടോര്‍ഖാം, ഇറാന്റെ അതിര്‍ത്തിയായ ഇസ്‌ലാം ഖല എന്നിവിടങ്ങളിലായി ആയിരക്കണക്കിനാളുകള്‍ പ്രവേശനത്തിനായി തമ്പടിച്ചിട്ടുണ്ട്. അതിര്‍ത്തി കടന്നെത്തുന്ന അഭയാര്‍ത്ഥികള്‍ക്കായി ഇറാന്‍ താല്ക്കാലിക കൂടാരങ്ങള്‍ സജ്ജമാക്കി. അഭയാര്‍ത്ഥികളെ പിന്നീട് തിരിച്ചയക്കുന്നതിന് നടപടികള്‍ ആരായുമെന്ന് ഇറാന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.
ഉസ്ബെക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍ അതിര്‍ത്തികള്‍ അടഞ്ഞുകിടക്കുകയാണ്. അതേസമയം അഭയാര്‍ത്ഥികള്‍ക്ക് ജര്‍മ്മനിയിലേക്ക് പ്രവേശിക്കുന്നതിന് വ്യോമാതിര്‍ത്തി തുറന്നുനല്‍കാമെന്ന് ഉസ്ബെക്കിസ്ഥാന്‍ അറിയിച്ചിട്ടുണ്ട്. തങ്ങളുടെ പദ്ധതികളുമായി സഹകരിച്ചിരുന്ന പതിനായിരത്തോളം പേരെ സ്വീകരിക്കാമെന്ന് ജര്‍മ്മനി വാഗ്‌ദാനം നല്‍കിയിരുന്നു. കാബൂള്‍ വിമാനത്താവളം തുറക്കുന്നതുമായി ബന്ധപ്പെട്ട് താലിബാന്‍ തുര്‍ക്കിയുമായും ഖത്തറുമായും ചര്‍ച്ചകള്‍ നടത്തിവരുകയാണ്. അതേസമയം തുര്‍ക്കിയും അഭയാര്‍ത്ഥി പ്രവാഹത്തോട് മുഖംതിരിക്കുകയാണ്. 

സാമ്പത്തിക മേഖലയിലെ ആശങ്ക വ്യക്തമാക്കുന്നതായിരുന്നു അഫ്ഗാനിസ്ഥാനിലെ എടിഎമ്മുകള്‍ക്കും ബാങ്കുകള്‍ക്കും മുന്‍പില്‍ ഇന്നലെ പ്രത്യക്ഷപ്പെട്ട നീണ്ട നിരകള്‍. സാമ്പത്തിക രംഗം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയേക്കുമെന്ന ആശങ്കയില്‍ കഴിയുന്നത്ര പണം കൈവശം സൂക്ഷിക്കാനാണ് പൗരന്മാരുടെ ശ്രമം. മാനുഷിക ദുരന്തത്തിന്റെ വക്കിലായ അഫ്ഗാന്‍ ജനതയ്ക്ക് അടിയന്തരമായി സഹായമെത്തിക്കണമെന്ന് ഐക്യരാഷ്ട്ര സഭ ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു. അഫ്ഗാനിലെ ജനതയില്‍ പകുതിയിലധികവും ഒരു നേരത്തെ ഭക്ഷണം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണുള്ളതെന്നും രാജ്യം വന്‍ ദുരന്തത്തിലേക്ക് നീങ്ങുകയാണെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
ENGLISH SUMMARY;influx of peo­ple to the bor­ders on the first day of Afghanistan
YOU MAY ALSO LIKE THIS VIDEO;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.