9 May 2024, Thursday

ഇൻഷുറൻസ് പരിരക്ഷയ്ക്ക് 24 മണിക്കൂർ ആശുപത്രിവാസം വേണ്ട

Janayugom Webdesk
കൊച്ചി
October 19, 2023 10:59 pm

വൈദ്യശാസ്ത്ര രംഗത്ത് ആധുനിക സാങ്കേതിക വിദ്യയും റോബോട്ടിക് സർജറിയും വ്യാപകമായ കാലഘട്ടത്തിൽ ആരേ­ാഗ്യ ഇൻഷുറൻസ് ലഭിക്കുന്നതിന് 24 മണിക്കൂർ ആശുപത്രിവാസം വേണമെന്ന ഇൻഷുറൻസ് കമ്പനികളുടെ നിബന്ധന ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. എറണാകുളം മരട് സ്വദേശി ജോൺ മിൽട്ടണ്‍ നല്‍കിയ പരാതിയിലാണ് നടപടി.

മില്‍ട്ടന്റെ മാതാവിന്റെ ഇടതുകണ്ണിന് എറണാകുളം ഗിരിധർ ആശുപത്രിയില്‍ ശസ്ത്രക്രിയ ചെയ്തിരുന്നു. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരു ദിവസം പോലും ആശുപത്രിയില്‍ കിടക്കാതെ ഡിസ്ചാർജ് ആവുകയും ചെയ്തു. ചികിത്സയ്ക്ക് ചെലവായ തുക ലഭിക്കുന്നതിനു വേണ്ടിയാണ് പരാതിക്കാരൻ യൂണിവേഴ്സൽ സോംപോ ജനറൽ ഇൻഷുറൻസ് കമ്പനിയെ സമീപിച്ചത്. എന്നാൽ 24 മണിക്കൂർ ആശുപത്രിവാസം ഇല്ലാത്തതിനാൽ, ഒപി ചികിത്സയായി കണക്കാക്കി ഇൻഷുറൻസ് കമ്പനി ക്ലെയിം അപേക്ഷ നിരസിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനെ സമീപിച്ചത്.
24 മണിക്കൂർ കിടത്തിച്ചികിത്സ ആവശ്യമുള്ളതും ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറഞ്ഞ സമയത്തിൽ ചികിത്സ അവസാനിക്കുകയും ചെയ്താൽ ഇൻഷുറൻസ് പരിരക്ഷയ്ക്ക് അർഹതയുണ്ടാകും. മയോപ്പിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പ്രത്യേക ഇഞ്ചക്ഷൻ, ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടുമെന്ന ഇൻഷുറൻസ് റെഗുലേറ്ററി അതോറിട്ടിയുടെ സർക്കുലറും കോടതി പരിഗണിച്ചു. പരാതിക്കാരന്റെ ആവശ്യം നിലനിൽക്കെ മറ്റൊരു പോളിസി ഉടമയ്ക്ക് ഇതേ ക്ലെയിം ഇൻഷുറൻസ് കമ്പനി അനുവദിച്ചതായും കോടതി കണ്ടെത്തി. 

ക്ലെയിം നിരസിക്കപ്പെട്ട ഉപഭോക്താവിന് നഷ്ടപരിഹാരമായി 57,720 രൂപ 30 ദിവസത്തിനകം നൽകാൻ ഇൻഷുറൻസ് കമ്പനിക്ക് ഉത്തരവ് നൽകി. ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ പ്രസിഡന്റ് ഡി ബി ബിനു, അംഗങ്ങളായ വൈക്കം രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ചാണ് ഉത്തരവിട്ടത്. പരാതിക്കാരന് വേണ്ടി അഡ്വ. റെയ്നോൾഡ് ഫെർണാണ്ടസ് ഹാജരായി. 

Eng­lish Sum­ma­ry: Insur­ance cov­er­age does not require 24-hour hospitalization

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.