18 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 6, 2024
November 2, 2024
October 30, 2024
September 25, 2024
August 22, 2024
July 24, 2024
July 13, 2024
June 11, 2024
June 3, 2024
April 3, 2024

തെരുവുനായ ശല്യത്തിനെതിരെ തീവ്ര യജ്ഞം

Janayugom Webdesk
തിരുവനന്തപുരം
September 12, 2022 7:28 pm

സംസ്ഥാനത്ത്‌ സെപ്റ്റംബർ 20 മുതൽ ഒരു മാസം തെരുവു നായകൾക്കായി തീവ്ര വാക്സിൻ യജ്ഞം നടത്തുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ്‌ വകുപ്പ്‌ മന്ത്രി എം ബി രാജേഷ്‌ പറഞ്ഞു. ഇതിനായി ബ്ലോക്ക്‌ പഞ്ചായത്ത്‌ തലത്തിലും നഗരസഭകളിലും പ്രത്യേകം തയ്യാറാക്കിയ വാഹനം ഉൾപ്പെടെ ഉപയോഗിക്കും. തെരുവ് നായ ശല്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാൻ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷമാണ് പ്രതികരണം. പരമാവധി തെരുവ് നായകളെ വാക്സിനേഷന് വിധേയരാക്കും. നായക്കുഞ്ഞുങ്ങളെ പിടികൂടി ചെറുപ്രായത്തില്‍ തന്നെ വാക്സിനേഷനും ABCയും നടത്താനും‍ നടപടി സ്വീകരിക്കും. മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുമായി ആലോചിച്ച് ഇതിനുള്ള പരിപാടി ആവിഷ്കരിക്കും. 

ഉന്നതതലയോഗം, കഴിഞ്ഞ മന്ത്രിതലയോഗത്തിലെ തീരുമാനങ്ങളുടെ പുരോഗതി വിലയിരുത്തി. തെരുവ് നായ ശല്യം നിയന്ത്രിക്കുന്നതിനുള്ള ഉത്തരവാദിത്തം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സര്‍ക്കാരും ഏറ്റെടുക്കുന്നു. പക്ഷെ, ജനകീയമായ ഇടപെടലിലൂടെ മാത്രമേ ശാശ്വത പരിഹാരം കാണാൻ കഴിയൂവെന്നും മന്ത്രി പറഞ്ഞു. നിലവിലെ സ്ഥിതി പരിഹരിക്കാൻ അടിയന്തിര നടപടികള്‍ കൈക്കൊള്ളും. അതേസമയം ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികളും സമീപനവും വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. ദീര്‍ഘകാല നടപടികള്‍ ആവിഷ്കരിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കും. കുടുംബശ്രീക്ക്‌ എബിസി അനുമതി നൽകണമെന്ന് സുപ്രീം കോടതിയിൽ ആവശ്യപ്പെടും. പേ പിടിച്ച നായകളെ കൊല്ലാനും അനുമതി തേടും.

സംസ്ഥാനത്തെ എല്ലാ ബ്ലോക്കിലും നായ്കൾക്കായി എബിസി (അനിമല്‍ ബെര്‍ത്ത് കൺട്രോള്‍) സ്റ്റെറിലൈസേഷൻ കേന്ദ്രങ്ങള്‍ ആരംഭിക്കും. അൻപത് ദിവസത്തിനകം ഇവ തയ്യാറാക്കാൻ നടപടി സ്വീകരിക്കും. മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടര്‍, തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പല്‍ ഡയറക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ഇതിനകം സജ്ജമായ 30 ABC കേന്ദ്രങ്ങള്‍ ഉടൻ പ്രവർത്തനം ആരംഭിക്കും. നിലവിൽ ചില ജില്ലാ പഞ്ചായത്തുകളും, കോർപറേഷനുകളും നടത്തുന്ന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ഊർജിതപ്പെടുത്തും. എബിസി പ്രോഗ്രാമിന്‌ വെറ്റിനറി സർവ്വകലാശാല പിജി വിദ്യാർത്ഥികളെയും ഫൈനൽ ഇയർ വിദ്യാർത്ഥികളെയും ഉപയോഗിക്കും. നായയെ പിടിക്കാൻ കൂടുതൽ പേർക്ക്‌ പരിശീലനം നൽകും. ഇതിനായി കോവിഡ്‌ സന്നദ്ധ സേനയിൽ നിന്ന് തത്‌പരരായ ആളുകൾക്ക്‌ പരിശീലനം നൽകും. വെറ്റിനറി സർവ്വകലാശാലയാണ്‌ ഇവർക്ക്‌ പരിശീലനം നൽകുന്നത്‌.

തെരുവ് നായകളെ പാര്‍പ്പിച്ച് പരിപാലിക്കുന്നതിന് ഷെല്‍ട്ടറുകള്‍ സാധ്യമായ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ആരംഭിക്കാനും ഉന്നത യോഗത്തില്‍ തീരുമാനമായി. ഇതിനായി ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ ജനകീയ ഇടപെടലിലൂടെ കണ്ടെത്തും. തെരുവ് നായകളുടെ വൻകൂട്ടമുള്ള ഹോട്ട്സ്പോട്ടുകള്‍ നിര്‍ണയിച്ച് നിരന്തര ഇടപെടല്‍ നടത്തി നായശല്യം പരിഹരിക്കാൻ നടപടികളെടുക്കും.

തെരുവ്‌ നായകളിൽ ചിലതിന് ജനങ്ങൾ ഭക്ഷണം നൽകുന്നുണ്ട്‌. ഇവയെ വാക്സിനേഷന്‌ വിധേയരാക്കാൻ ഭക്ഷണം നൽകുന്നവർ തന്നെ നേതൃത്വം നൽകണം. ഇങ്ങനെ വാക്സിനേഷന്‌ എത്തിക്കുന്നവർക്ക്‌ അഞ്ഞൂറ്‌ രൂപ നൽകുന്ന പദ്ധതിക്ക്‌ രൂപം നൽകും. എബിസി കേന്ദ്രങ്ങള്‍ തുടങ്ങാനായി പ്രൊജക്ടുകൾ വെക്കാത്ത തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് തുക വകയിരുത്താൻ വാർഷിക പദ്ധതി ഭേദഗതി ചെയ്യാന്‍ അനുവാദം നല്‍കും.

എംഎല്‍എമാരുടെ നേതൃത്വത്തില്‍ മണ്ഡലാടിസ്ഥാനത്തില്‍ ജനപ്രതിനിധികളുടെയും സര്‍വകക്ഷി പ്രതിനിധികളുടെയും യോഗം വിളിച്ചുചേര്‍ക്കും. സെപ്റ്റംബര്‍ 15നും 20നും ഇടയില്‍ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ഭരണസമിതി യോഗം ചേര്‍ന്ന് തെരുവുനായ ശല്യം പരിഹരിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യും. ഈ യോഗത്തില്‍ പ്രോജക്ട് ഭേദഗതിയും ആക്ഷൻ പ്ലാനും തീരുമാനിക്കും. മൃഗസംരക്ഷണം-ആരോഗ്യ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനകള്‍, വിദഗ്ധര്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, യുവജന സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് തദ്ദേശ സ്ഥാപനാടിസ്ഥാനത്തില്‍ യോഗം ചേരണം. തദ്ദേശ സ്ഥാപന തലത്തില്‍ ജനകീയ മോണിറ്ററിംഗ് സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ജില്ലാ ആസൂത്രണ സമിതികള്‍ ഇക്കാര്യം ഉറപ്പാക്കും.

സംസ്ഥാനത്തെ എല്ലാ വളർത്തു നായകൾക്കും 2022 ഒക്ടോബര്‍ 30 നകം വാക്സിനേഷനും, ലൈസൻസും പൂർണമാക്കാനുള്ള നടപടി സ്വീകരിക്കും. ഇതിനായി ആവശ്യമെങ്കില്‍ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും. വളർത്തു നായകൾക്കുള്ള ലൈസൻസ് അപേക്ഷ ILGMS സിറ്റിസൺ പോർട്ടൽ മുഖേന ഓൺലൈൻ ആയി നൽകാൻ സംവിധാനമൊരുക്കും. അപേക്ഷിച്ച് 7 ദിവസത്തിനകം ലൈസൻസ്ലഭിക്കുന്ന വിധത്തിലാകും സംവിധാനം. തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും പഞ്ചായത്ത്-നഗരകാര്യ ഡയറക്ടര്‍മാരും ഈ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും.

പരിസരം ശുചിയായി സൂക്ഷിക്കുന്നതും തെരുവ് നായകളുടെ കൂട്ടംകൂടല്‍ ഒഴിവാക്കാനുള്ള സുപ്രധാന നടപടിയാണ്. അതിനാല്‍ മാലിന്യം വലിച്ചെറിയുന്നത് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. മാലിന്യ നീക്കത്തിനായും ജനകീയ ഇടപെടൽ നടത്തും. കോവിഡ് കാലത്തെ സന്നദ്ധ സംഘടനകളെ പുനരുജ്ജീവിപ്പിച്ച് ഇതിനായി ഉപയോഗിക്കും. തെരുവ് പട്ടികളെ ഇണക്കിയെടുക്കുന്നതിന് സന്നദ്ധ സംഘടനകളുടെയും, കൂട്ടായ്മകളുടെയും, വ്യാപാരികൾ ഉള്‍പ്പെടെയുള്ള ടൗൺ സംവിധാനങ്ങളുടെയും ബോധപൂർവമായ ശ്രമം ഉണ്ടാവണം. സെപ്റ്റംബര്‍ 15മുതല്‍ ഇതിനായി വിപുലമായ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കും. തദ്ദേശ സ്വയം ഭരണ വകുപ്പ്, ശുചിത്വ മിഷന്‍, ആരോഗ്യവകുപ്പ്, മൃഗസംരക്ഷണവകുപ്പ് എന്നിവയുടെ നേതൃത്വത്തിലാകും പ്രചാരണ പരിപാടികള്‍. സ്കൂൾ കുട്ടികളെ പങ്കെടുപ്പിച്ചും വിപുലമായ പ്രചാരണം നടത്തും.

ഈ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും. ജില്ലാ ആസൂത്രണ സമിതി ഭാരവാഹികളായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ജില്ലാ കളക്ടര്‍മാരുടെയും യോഗം നാളെ 4.30 ന്‌ ഓണ്‍ലൈനില്‍ ചേരും.

മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, പ്രിൻസിപ്പല്‍ ഡയറക്ടര്‍ എം ജി രാജമാണിക്യം, നഗരകാര്യ ഡയറക്ടര്‍ അരുൺ കെ വിജയൻ, തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടര്‍ അബ്ദുള്‍ നാസര്‍, കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്, മൃഗസംരക്ഷണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍, ഡയറക്ടര്‍ കൗശികന്‍ തുടങ്ങിയവരും തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്മാരുടെ സംസ്ഥാനതല സംഘടനാ പ്രതിനിധികള്‍, വെറ്റിനറി സര്‍വകലാശാല, കാര്‍ഷിക സര്‍വകലാശാല, ശുചിത്വമിഷൻ, തൊഴിലുറപ്പ് മിഷൻ, മെഡിക്കല്‍ വിദ്യാഭ്യാസം, തുടങ്ങിയ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

Eng­lish Sum­ma­ry: Inten­sive vac­cine dri­ve in the state from 20: Rupees 500 to those who bring stray dogs for vaccination

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.