18 December 2024, Wednesday
KSFE Galaxy Chits Banner 2

വ്യാജ പ്രചരണങ്ങളുടെ പെരുമഴക്കാലത്തിലേക്ക്

പി ദേവദാസ്
January 9, 2024 4:15 am

രാജ്യത്തെ പൊതുതെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കേ, വലതുപക്ഷ മാധ്യമങ്ങളിലും സമൂഹമാധ്യമ ഇടങ്ങളിലും കെട്ടുകഥകളും നുണകളും നിറയുകയാണ്. ജനവിരുദ്ധ വികാരമുണ്ടായിരുന്നുവെങ്കിലും പ്രതിപക്ഷത്തെ അനൈക്യവും സാമുദായിക ധ്രുവീകരണനീക്കങ്ങളില്‍ വിജയിക്കാനായതുമാണ് 2019ലെ പൊതുതെരഞ്ഞെടുപ്പിലെ മോഡി വിജയം സാധ്യമാക്കിയതെങ്കിലും പുല്‍വാമ ഭീകരാക്രമണത്തിന്റെ ഫലമായി സൃഷ്ടിക്കുവാന്‍ സാധിച്ച ദേശീയ വികാരവും സുപ്രധാന പങ്കുവഹിച്ചുവെന്ന് വ്യക്തമായതാണ്. ആ ഭീകരാക്രമണത്തിന് പിന്നിലെ ദുരൂഹതകള്‍ മാറ്റുന്നതിനോ വെളിപ്പെടുത്തലുകള്‍ ശരിയല്ലെന്ന് സ്ഥാപിക്കുന്നതിനോ മോഡിക്കും കൂട്ടര്‍ക്കും സാധിച്ചിട്ടില്ല എന്നിടത്ത് പുല്‍വാമ ഇപ്പോഴും സമസ്യയായി തുടരുകയുമാണ്. ഈ പശ്ചാത്തലത്തിലാണ്, വീണ്ടുമൊരു തെരഞ്ഞെടുപ്പ് അടുത്തെത്തുമ്പോള്‍, ജമ്മു കശ്മീരില്‍ ഇടയ്ക്കിടെയുണ്ടാകുന്ന ഭീകരാക്രമണവും ആ ഭൂപ്രദേശത്തിന്റെ പേരില്‍ ബിജെപി ഉന്നത തലത്തില്‍ത്തന്നെ നടത്തുന്ന കുപ്രചരണങ്ങളും ശ്രദ്ധേയമാകുന്നത്. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ അനുച്ഛേദം 2019ല്‍ എടുത്തു കളയുന്നതിന് മുമ്പ് തന്നെ, 2014ല്‍ ബിജെപി അധികാരത്തിലെത്തിയതു മുതല്‍ കശ്മീരില്‍ ഭീകരപ്രവര്‍ത്തനം കുറഞ്ഞുവെന്നും സാധാരണക്കാരുടെ മരണനിരക്ക് പൂജ്യത്തിലെത്തിയെന്നുമാണ് പുതിയ പ്രചരണം. അതിനായി കോണ്‍ഗ്രസ് ഭരണകാലത്ത് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങളുടെയും അതില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെയും എണ്ണം വിവരിക്കുന്ന പ്രത്യേക സചിത്ര പോസ്റ്റര്‍ തന്നെ തയ്യാറാക്കി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഒരു സാധാരണക്കാരന്‍ പോലും മരിച്ചിട്ടില്ലെന്ന് സ്ഥാപിക്കുന്നതിന് തയ്യാറാക്കിയ പ്രസ്തുത പോസ്റ്ററില്‍ പക്ഷേ 2004 മുതലുള്ള കോണ്‍ഗ്രസ് ഭരണകാലത്തുള്ള കണക്കുകള്‍ മാത്രമേ ഉള്‍പ്പെട്ടിട്ടുള്ളൂ എന്നത് യാദൃച്ഛികമല്ല. കാരണം അതിന് മുമ്പുള്ള കണക്കുകള്‍ പറയുമ്പോള്‍ 2002ല്‍ ഗുജറാത്തിലെ വിവിധയിടങ്ങളില്‍ ആയിരക്കണക്കിന് സാധാരണക്കാരുടെ മരണക്കണക്ക് മറച്ചുപിടിക്കാനാവില്ല. ആ വര്‍ഗീയ — ഭീകര കലാപത്തിന്റെ രക്തപ്പാടുകള്‍ പതിഞ്ഞ രണ്ടുപേരാണ് — നരേന്ദ്ര മോഡിയും അമിത് ഷായും ഇപ്പോഴത്തെ രാജ്യഭരണത്തിന് നേതൃത്വം നല്‍കുന്നത്. അതുകൊണ്ടുതന്നെയാണ് ഭീകരാക്രമണങ്ങളിലും കലാപങ്ങളിലും ഉണ്ടായ മരണങ്ങളുടെ കണക്കെടുപ്പില്‍ 2002 ഉള്‍പ്പെടാതെ പോകുന്നത്.


ഇതുകൂടി വായിക്കൂ: പൊതുതെരഞ്ഞെടുപ്പ് മുന്ന‍ില്‍ക്കണ്ടുള്ള നീക്കങ്ങള്‍


ഇപ്പോള്‍ ബിജെപി പ്രചരിപ്പിക്കുന്ന പോസ്റ്ററിലെ കണക്കനുസരിച്ച് 2004 മുതല്‍ 2008 വരെ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലുണ്ടായ കലാപങ്ങളില്‍ അഞ്ഞൂറിലധികം പേര്‍ കൊല്ലപ്പെട്ടു എന്നാണ് വ്യക്തമാക്കുന്നത്. ഓരോ സംഭവത്തെയും പ്രത്യേകം പരാമര്‍ശിച്ചാണിത്. ഇവിടെയും ബോധപൂര്‍വമുള്ള കൗശലം പ്രയോഗിച്ചിട്ടുണ്ട്. അത് മറ്റൊന്നുമല്ല, ജമ്മു കശ്മീരിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നതാണത്. കാരണം മോഡിയുടെ കാലയളവില്‍, പ്രത്യേകിച്ച് 2019ന് ശേഷം ഭീകരാക്രമണം കുറഞ്ഞുവെന്ന് നിരന്തരം അവകാശപ്പെടുമ്പോഴും എല്ലാ ദിവസവുമെന്നോണം അവിടെ ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്. അതിനാലാണ് രാജ്യത്താകെയുള്ള ഭീകരാക്രമണത്തിന്റെ കണക്കില്‍ നിന്ന് ജമ്മു കശ്മീരിനെ ഒഴിവാക്കിയതെന്നതില്‍ സംശയമില്ല. മാത്രവുമല്ല, മണിപ്പൂരില്‍ നടന്നുകൊണ്ടിരിക്കുന്ന വംശീയ സംഘര്‍ഷങ്ങളും ഈ കണക്കില്‍ ഇല്ല. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള വംശീയ സംഘര്‍ഷമാണ് അവിടെ നടക്കുന്നതെങ്കിലും അയല്‍ രാജ്യങ്ങളിലെ ഭീകരസംഘടനാ ബന്ധമുണ്ടെന്ന് ആവര്‍ത്തിക്കുന്നത് മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേണ്‍ സിങ് ഉള്‍പ്പെടെയുള്ളവരാണ്. എങ്കിലും പട്ടികയില്‍ മണിപ്പൂര്‍ ഇടംപിടിച്ചിട്ടില്ല. ഇതില്‍ നിന്നെല്ലാംതന്നെ ഭീകരാക്രമണം സംബന്ധിച്ച അവകാശവാദങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് ബോധ്യപ്പെടുന്നതാണ്. മാത്രമല്ല, മ്യാന്‍മറില്‍ നിന്ന് കടന്നെത്തുന്ന ഭീകരപ്രവര്‍ത്തനം വടക്കുകിഴക്കന്‍ അതിര്‍ത്തികളില്‍ നടക്കുന്നുവെന്ന് അതാതിടങ്ങളില്‍ വ്യത്യസ്ത സംഭവങ്ങളുണ്ടാകുമ്പോള്‍ മുഖ്യമന്ത്രിമാരും ബിജെപി ഉന്നതരും ആവര്‍ത്തിക്കുന്നതുമാണ്. എന്നിട്ടും ബിജെപി അവകാശപ്പെടുന്നതിനനുസരിച്ച് രാജ്യത്ത് ഒരു സാധാരണ പൗരന്‍പോലും ഭീകരാക്രമണത്തില്‍ മരിച്ചില്ലെന്ന അവകാശവാദം വാസ്തവ വിരുദ്ധമാണെന്ന് മാത്രമല്ല, വിഘടനവാദത്തെ സഹായിക്കുന്നതുമാണ്. കാരണം ഈ പ്രദേശങ്ങള്‍ വേറിട്ടുപോകണമെന്ന ആവശ്യമുന്നയിക്കുന്ന നിരവധി സംഘടനകള്‍ കശ്മീരിലായാലും ചില വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലായാലും സജീവമാണ്. എന്നുമാത്രമല്ല രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രത്യേകിച്ച് കശ്മീരില്‍ ഭീകരപ്രവര്‍ത്തനം വലിയ അളവില്‍ നിയന്ത്രിക്കുന്നതിന് സാധിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍തന്നെ വ്യക്തമാക്കുന്നുണ്ട്. രണ്ടാഴ്ച മുമ്പാണ് പൂഞ്ചില്‍ ഭീകര വിരുദ്ധ പ്രവര്‍ത്തനത്തിനിടെ മൂന്ന് പൗരന്മാര്‍ക്ക് ജീവഹാനിയുണ്ടായത്. അത് താഴ്‌വരയില്‍ വലിയ പ്രതിഷേധത്തിനും വിവാദത്തിനും കാരണമായിരുന്നതുമാണ്.


ഇതുകൂടി വായിക്കൂ: മോഡിയുടെ ഏതു ഗ്യാരന്റിയെയും കേരളം പ്രതിരോധിക്കും


ഭീകരാക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം കുറഞ്ഞു എന്ന് വരുത്തുന്നതിന് പരസ്പര വിരുദ്ധമായ കണക്കുകള്‍ അവതരിപ്പിക്കുന്ന രീതിയാണ് കേന്ദ്രം സ്വീകരിച്ചുപോരുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ലോക്‌സഭയില്‍ നല്‍കിയ മറുപടിയില്‍ പറയുന്നത് മൂന്ന് വർഷത്തിനിടെ ഭീകരാക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം കുറഞ്ഞുവെന്നാണ്. 2023 ജനുവരി 31 വരെ ജമ്മു കശ്മീരിൽ ഏഴ് സാധാരണക്കാർ കൊല്ലപ്പെടുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ മറുപടി. ഇക്കാലയളവിൽ ഭീകരാക്രമണങ്ങൾ മൂലമുള്ള പരിക്കുകളുടെ എണ്ണം ഗണ്യമായി വർധിച്ചെന്നും മറുപടിയിലുണ്ടായിരുന്നു. മൂന്നുവര്‍ഷത്തിനിടെ കശ്മീരിലെങ്കിലും മൂന്ന് പൗരന്മാര്‍ മരിച്ചുവെന്ന് സമ്മതിക്കുന്ന മറുപടിയുള്ളപ്പോഴാണ് പൗരന്മാര്‍ മരിച്ചില്ലെന്ന ബിജെപി പ്രചരണം നടക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യസഭയില്‍ നല്‍കിയ മറുപടിയില്‍ 2018 മുതല്‍ 2022വരെ കശ്മീരില്‍ 786 ഭീകരാക്രമണങ്ങളുണ്ടായെന്നും 174 പൗരന്മാര്‍ കൊല്ലപ്പെട്ടുവെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ മറുപടി ദേശീയ മാധ്യമങ്ങളെല്ലാം വാര്‍ത്തയാക്കിയിരുന്നതുമാണ്. ഈ മറുപടി പ്രകാരം ഏറ്റവും കൂടുതൽ ആക്രമണങ്ങളുണ്ടായത് 2018ലാണ്, 228 തീവ്രവാദി ആക്രമണവും 40 സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടന്ന സാഹചര്യവുമുണ്ടായി. 2019ൽ 126 ഭീകരാക്രമണങ്ങളും 39 പൗരന്മാരുടെ മരണങ്ങളും, 2020ൽ 126 ആക്രമണങ്ങളും 32 സിവിലിയൻ മരണങ്ങളും, 2021ൽ 129 ആക്രമണങ്ങളും 37 മരണങ്ങളും രേഖപ്പെടുത്തി, 2022ൽ 125 ആക്രമണങ്ങളുണ്ടായപ്പോള്‍ 26 മരണങ്ങളുണ്ടായെന്നും മറുപടിയിലുണ്ടായിരുന്നു. ഇങ്ങനെ വ്യത്യസ്തമാണെങ്കിലും സര്‍ക്കാരിന്റെ കണക്കുകള്‍ നിലനില്‍ക്കുമ്പോഴാണ് ബിജെപി തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ വ്യാജപ്രചാരണം ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ അതിർത്തി ജില്ലകളായ പൂഞ്ച്, രജൗരി, ജമ്മു എന്നിവിടങ്ങളിൽ സുരക്ഷാ സേനയ്ക്കെതിരെ ആക്രമണങ്ങൾ വർധിച്ചുവെന്നും ഇന്റലിജൻസിന്റെ അഭാവം, സുരക്ഷാ സേനയുടെ ശോഷണം എന്നിവയാണ് ഇതിന് കാരണമെന്നും സൂചിപ്പിക്കുന്ന, ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം ദ വയര്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ഭീകരരുടെ നുഴഞ്ഞുകയറ്റവും അവര്‍ക്ക് ലഭിക്കുന്ന വിദേശ‑ആഭ്യന്തര പിന്തുണയും കണ്ടെത്താനാകുന്ന ഇന്റലിജന്‍സ് സംവിധാനത്തിന്റെ അഭാവം പ്രകടമാണെന്ന് റിപ്പോര്‍ട്ടിലുണ്ടായിരുന്നു.


ഇതുകൂടി വായിക്കൂ: രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ അവഗണിച്ചത് പരാജയ കാരണം


പൂഞ്ചില്‍ നടന്ന തീവ്രവാദി ആക്രമണമായിരുന്നു ഏറ്റവും പുതിയത്. താഴ്‌വാരത്ത് ഭീകരാക്രമണം കുറഞ്ഞുവെങ്കിലും അതിര്‍ത്തി മേഖലയില്‍ രണ്ട് വർഷമായി ഭീകരാക്രമണങ്ങളുടെ എണ്ണം വർധിച്ചുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. 2021 ഒക്ടോബറിൽ വനപ്രദേശങ്ങളിലുണ്ടായ രണ്ട് വ്യത്യസ്ത വെടിവയ്പ്പുകളിൽ ഒമ്പത് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഈ വസ്തുതകള്‍ നിലനില്‍ക്കെയാണ് ഇക്കാലയളവിനിടയില്‍ പൗരന്മാര്‍ ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന പ്രചരണം ബിജെപിയും വലതുപക്ഷ മാധ്യമങ്ങളും ശക്തമാക്കിയിരിക്കുന്നത്. കപട ദേശീയ ബോധം സൃഷ്ടിക്കുന്നതിനായി വസ്തുതാവിരുദ്ധമായ അവകാശവാദങ്ങളും വ്യാജകണക്കുകളും കെട്ടഴിച്ചുവിടുന്നതിന്റെ ഉദാഹരണമായി ഇതിനെ കാണാവുന്നതാണ്. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരില്‍ കഴിഞ്ഞ ദിവസം നടത്തിയ മഹിളാ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ വില കുറഞ്ഞ അവകാശവാദങ്ങള്‍ ഉന്നയിച്ചത് നാം കണ്ടതാണ്. തെരഞ്ഞെടുപ്പ് അടുത്തെത്തിയ ഘട്ടമായതിനാല്‍ ഇതിനു സമാനമായ പ്രചരണങ്ങള്‍ ഇനിയും വ്യാപകമാകുമെന്നതില്‍ സംശയമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.