1 March 2024, Friday

അസഹിഷ്ണുത ജനമുന്നേറ്റത്തിന്റെ മാറ്റ് കുറയ്ക്കില്ല

പിണറായി വിജയന്‍
മുഖ്യമന്ത്രി
November 22, 2023 4:45 am

വകേരള സദസ് സമാനതകളില്ലാത്ത ബഹുജന മുന്നേറ്റമായി മാറുന്നതിന്റെ കൂടുതൽ വ്യക്തമായ സാക്ഷ്യമായിരുന്നു നാലാം ദിവസത്തിലെ പര്യടനം. അഴീക്കോട് മണ്ഡലത്തിലെ ചിറയ്ക്കലിൽനിന്നാരംഭിച്ച് തലശേരിയിൽ സമാപിക്കുമ്പോൾ സംഘാടകരുടെ എല്ലാ കണക്കുകൂട്ടലുകൾക്കും അപ്പുറമുള്ള ജനസഞ്ചയത്തെയാണ് കാണാനായത്. ഇത്രയും ആവേശത്തോടെയുള്ള ജനപ്രവാഹത്തെ ഉൾക്കൊള്ളാൻ സദസ് നടന്ന ഒരു മൈതാനവും പര്യാപ്തമായിരുന്നില്ല. വിശാലമായ പന്തലുകൾക്ക് അടുത്തേക്ക് പോലും എത്താൻ കഴിയാതെ ജനങ്ങൾ പരിസരങ്ങളിലാകെ നിറഞ്ഞുനിൽക്കുകയായിരുന്നു.
നാടും ജനങ്ങളും ഒറ്റമനസായി ഈ മുന്നേറ്റം ഏറ്റെടുത്തു കഴിഞ്ഞു. ആരുടെയും പ്രേരണയില്ലാതെ പാതയോരങ്ങളിൽ തടിച്ചുകൂടുന്ന ജനാവലിയുടെ മുഖങ്ങളിൽ തെളിയുന്ന ആവേശവും സ്നേഹവായ്പും പ്രത്യേകം എടുത്തു പറയേണ്ടതാണ്.
സ്ത്രീകളുടെ പങ്കാളിത്തം ഓരോ ദിവസവും വർധിച്ചു വരികയാണ്. മഞ്ചേശ്വരം മണ്ഡലത്തിലെ ഉദ്ഘാടന പരിപാടി അസാധാരണമായ വനിതാ പങ്കാളിത്തം കൊണ്ട് കൂടി ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീടിങ്ങോട്ട് എല്ലായിടത്തും സ്ത്രീകളും കുട്ടികളും അത്യുത്സാഹത്തോടെ നവകേരള സദസിനെ അഭിവാദ്യം ചെയ്ത് ഒഴുകിയെത്തുന്ന ദൃശ്യങ്ങളാണ് കണ്ടത്.
ഈ ജനപിന്തുണ ചിലരെയെല്ലാം അസ്വസ്ഥരാക്കുന്നതിന്റെ പ്രശ്നങ്ങളെക്കുറിച്ചാണ് ഇന്ന് കണ്ണൂരിലെ വാർത്താ സമ്മേളനത്തിൽ സൂചിപ്പിച്ചത്.


ഇതുകൂടി വായിക്കൂ:  അസമത്വത്തിനും വിഭാഗീയതയ്ക്കുമെതിരെ ഒറ്റക്കെട്ടാവുക


അസ്വസ്ഥത പല വഴിക്കാണ് പ്രകടമാകുന്നത്. ഒരു ഭാഗത്ത് വ്യാജപ്രചാരണങ്ങൾ. വ്യാജവാർത്തകൾ തുടരെത്തുടരെ വരുന്നു. ഏറ്റവും ഒടുവിൽ അപകടകരമായ ചില കളികളാണ്. നവകേരള സദസുകളിലേക്കുള്ള യാത്രയ്ക്ക് കുറുകെ ചാടാൻ ചിലർ കഴിഞ്ഞ ദിവസം ശ്രമിച്ചത് അത്തരം കളിയുടെ ഭാഗമാണ്. സംഘർഷം സൃഷ്ടിക്കുകയും നിലവിലുള്ള അന്തരീക്ഷം മാറ്റിമറിച്ചു സമാധാനഭംഗമുണ്ടാക്കുകയും അതിലൂടെ നവകേരള മുന്നേറ്റത്തിന് തടയിടുകയും ചെയ്യാമെന്ന് കരുതുന്ന വികലമനസുകളാണ് ഇതിനു പിന്നിൽ. മഹാജനമുന്നേറ്റത്തിനെതിരായ ഇത്തരം നടപടികൾ നാടിനും ജനങ്ങൾക്കും എതിരാണ് എന്ന് മനസിലാക്കാൻ ബന്ധപ്പെട്ടവർക്ക് കഴിയുന്നില്ല എന്നതിലാണ് നാം അത്ഭുതപ്പെടേണ്ടത്. എന്തുകൊണ്ടാണ് ഇത്ര വലിയ അസ്വസ്ഥത ചിലർ പ്രകടിപ്പിക്കുന്നത് എന്നതിനുള്ള വ്യക്തമായ ഉത്തരമായിരുന്നു രാവിലെ ചേർന്ന പ്രഭാതയോഗം.
ആദിവാസി ഗോത്ര മൂപ്പൻ, സമുന്നതരായ സാഹിത്യകാരൻമാർ, മതപുരോഹിതർ, മതപണ്ഡിതർ, ബിസിനസുകാർ, കായികതാരങ്ങൾ, കലാകാരൻമാർ, യുവാക്കൾ, ഭിന്നലിംഗക്കാര്‍ തുടങ്ങി സമൂഹത്തിന്റെ പരിച്ഛേദമാണ് നായനാർ അക്കാദമിയിൽ ഒരുക്കിയ വേദിയിൽ ഒത്തുകൂടിയത്. പ്രിയ കഥാകൃത്ത് ടി പത്മനാഭൻ, നവകേരള സദസിന് ആശംസ നേർന്നതിനൊപ്പം അദ്ദേഹം ജീവിക്കുന്ന പ്രദേശത്തെ കുടിവെള്ള പ്രശ്നം ഉൾപ്പെടെ ഉന്നയിക്കുകയും ചെയ്തു. ആ പ്രശ്നം പരിഹരിക്കാമെന്ന് ബന്ധപ്പെട്ട മന്ത്രി അവിടെവച്ചു തന്നെ ഉറപ്പുനൽകി.
ദേശീയപാത, ഗെയിൽ പൈപ്പ് ലൈൻ പദ്ധതി എന്നിവ നടപ്പാക്കിയതിലെ നിശ്ചയദാർഢ്യത്തെ തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി അഭിനന്ദിച്ചു. റബ്ബറിന്റെ തറവില 250 രൂപയായി ഉയർത്തണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു. ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാടും അതുതന്നെയാണ്. കേന്ദ്രത്തിന്റെ പിന്തുണകൂടി കിട്ടിയാലേ പ്രശ്നം പരിഹരിക്കാനാകൂ. അതിനായി ഒന്നിച്ചു നിൽക്കണമെന്ന കാഴ്ചപ്പാട് പൊതുവിൽ എല്ലാവരും പങ്കുവച്ചു. നവകേരള സദസ് ബഹിഷ്കരിക്കാനുള്ള യുഡിഎഫ് തീരുമാനം തെറ്റാണെന്നും നാടിന്റെ പുരോഗതിക്കായി ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ബിഷപ്പ് പാംപ്ലാനി പറഞ്ഞപ്പോൾ പങ്കെടുത്തവരൊന്നാകെ കയ്യടിച്ചാണ് സ്വാഗതം ചെയ്തത്.


ഇതുകൂടി വായിക്കൂ:  നവകേരള സദസ്സ്; ജനകീയ പ്രശ്നങ്ങളറിഞ്ഞ് ജനങ്ങളുമായി സംവദിച്ച്


ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാർ, ജനങ്ങളുടെ വീട്ടുമുറ്റത്തുവന്ന് നിൽക്കുന്നത് ലോകചരിത്രത്തിൽ എവിടെയും സംഭവിച്ചിട്ടുണ്ടാവില്ലെന്നാണ് സാഹിത്യകാരൻ എം മുകുന്ദൻ പറഞ്ഞത്. ജനങ്ങൾക്ക് പരാതിപ്പെടാനുള്ള അവസരം കൊടുക്കാതെ അത് മുൻകൂട്ടി അറിയാൻ സാങ്കേതിക വിദ്യ ഉപയോഗിക്കാൻ കഴിയണമെന്ന ആശയവും അദ്ദേഹം പങ്കുവച്ചു. മിച്ചഭൂമിയിൽ താമസിക്കുന്ന വ്യക്തികളുടെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് പരിഹരിക്കുന്നതിൽ സർക്കാർ ഉണ്ടെന്നതിൽ സന്തോഷം തോന്നുന്നുവെന്നാണ് കണ്ണൂർ രൂപത ബിഷപ്പ് അലക്സ് വടക്കുംതല പറഞ്ഞത്.
ജനാധിപത്യത്തിന്റെ അടിസ്ഥാനമായ ഗ്രാമങ്ങളുടെ പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞ് പരിഹരിക്കുന്നതിൽ ഈ യാത്ര ഉപകരിക്കുമെന്ന് കേരള മുസ്ലിം ജമാഅത്ത് പ്രതിനിധി ആർ പി ഹുസൈൻ മാസ്റ്ററും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രതിനിധി ഷെരീഫ് ബാഖവി വേശാലയും അഭിപ്രായപ്പെട്ടു. വന്യമൃഗ ആക്രമണം, കടബാധ്യത മൂലമുള്ള ജപ്തി എന്നിവയടക്കം ഒട്ടനവധി വിഷയങ്ങളാണ് യോഗം ചർച്ച ചെയ്തത്. ഇങ്ങനെ ജനകീയ പ്രശ്നങ്ങൾ സഗൗരവം ചർച്ച ചെയ്യുന്ന വിപുലമായ ജനാധിപത്യ വേദി രൂപപ്പെടുന്നത്, ഭരണനിർവഹണത്തിന്റെ ഗതിവേഗവും സൂക്ഷ്മതയും വർധിപ്പിക്കുമെന്നതിൽ തർക്കമില്ല. അത് സഹിക്കാത്തവരുടെ അസഹിഷ്ണുതയാണ് നവകേരള സദസിനെതിരായ ആക്രമണോത്സുക പ്രകടനമായി പുറത്തുവരുന്നത്. അത്തരം അസ്വസ്ഥതകളൊന്നും ഈ ജനമുന്നേറ്റത്തിന്റെ മാറ്റ് കുറയ്ക്കില്ല എന്നുമാത്രം ഇവിടെ വ്യക്തമാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.