December 1, 2023 Friday

Related news

December 1, 2023
December 1, 2023
November 30, 2023
November 30, 2023
November 30, 2023
November 30, 2023
November 29, 2023
November 28, 2023
November 26, 2023
November 26, 2023

നവകേരള സദസ്സ്; ജനകീയ പ്രശ്നങ്ങളറിഞ്ഞ് ജനങ്ങളുമായി സംവദിച്ച്…

സ്വന്തം ലേഖകന്‍
കാസർകോട്
November 19, 2023 6:02 pm

കാസർകോട് ജില്ലയിലെ നാല് മണ്ഡലങ്ങളിൽ നടന്ന സംസ്ഥാന സർക്കാരിന്റെ നവകേരള സദസിന്റെ രണ്ടാംദിനത്തില്‍ വൻ ജനകീയ പങ്കാളിത്തം. കേരള മന്ത്രിസഭ അപ്പാടെ ജില്ലയിലെത്തിയപ്പോൾ അത് ജനങ്ങൾക്ക് പുതിയൊരു അനുഭവമായിരുന്നു. യുഡിഎഫിന്റെ ബഹിഷ്കരണ ആഹ്വാനം മറികടന്ന് ജനങ്ങൾ സമ്മേളന നഗരിയിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ശനിയാഴ്ച മഞ്ചേശ്വരത്തെ ഉദ്ഘാടന പരിപാടിയിലുണ്ടായ ബഹുജന പങ്കാളിത്തം പിന്നീടുള്ള ഓരോ മണ്ഡലത്തിലും വർധിച്ചു വരുന്ന കാഴ്ചയായിരുന്നു. രണ്ടാംദിവസം കാസർകോട് മണ്ഡലത്തിലായിരുന്നു ആദ്യത്തെ പരിപാടി. ചെങ്കള പഞ്ചായത്ത് മിനി സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞ ജനസഞ്ചയം സമീപത്തെ റോഡുകളെയും അക്ഷരാർത്ഥത്തിൽ മനുഷ്യ പ്രവാഹമാക്കി മാറ്റി. തങ്ങളുടെ പ്രശ്നങ്ങൾ സർക്കാരിന് മുന്നിൽ അവതരിപ്പിക്കാനായി സജ്ജമാക്കിയ കൗണ്ടറുകളിൽ കൂട്ടത്തോടെ എത്തി അവർ പരാതികളും നിവേദനങ്ങളും നൽകി. 

രാവിലെ എട്ട് മുതൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പരാതികള്‍ സ്വീകരിക്കാനെത്തിയിരുന്നു. ആദ്യദിനം പരാതി കൗണ്ടറുകളിൽ വൻ തിരക്കായതിനാൽ രണ്ടാംദിനം 22 കൗണ്ടറുകള്‍ തുറന്നു. ഭൂമിയും വീടുമില്ലാത്തവരും, ചികിത്സാ സഹായം പ്രതീക്ഷിച്ചെത്തിയവരുമായിരുന്നു പരാതിക്കാരിലേറെയും. രാവിലെ 11 നാണ് കാസർകോട് മണ്ഡലത്തിലെ പരിപാടിക്ക് തുടക്കമായത്. ഉദുമ മണ്ഡലത്തിലെ നവകേരള സദസ് ചട്ടഞ്ചാല്‍ ജിഎച്ച്എസ്എസിലും കാഞ്ഞങ്ങാട് മണ്ഡലത്തിലേത് ദുർഗാ എച്ച്എസ്എസിലും ആയിരുന്നു. തൃക്കരിപ്പൂർ മണ്ഡലത്തിലെ വിശാലമായ കാലിക്കടവ് സ്റ്റേഡിയം ജനസമുദ്രമാക്കിയായിരുന്നു സമാപന പരിപാടി.
കേന്ദ്ര സർക്കാരിന്റെ അവഗണനയും, സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളും അക്കമിട്ട് നിരത്തിയായിരുന്നു മുഖ്യമന്ത്രിയുടെ ഓരോ സദസിലുമുള്ള പ്രസംഗം. സർക്കാരിന്റെ ജനങ്ങളോടുള്ള കരുതൽ എന്നുമുണ്ടാകുമെന്നും, ഏത് പ്രതിസന്ധിയെയും ഈ സർക്കാർ അതിജീവിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഞായറാഴ്ച രാവിലെ കാസർകോട് റസ്റ്റ് ഹൗസിൽ ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തികളുമായി ആശയവിനിമയവും നടന്നു.

ജില്ലയുടെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചർച്ച ചെയ്തു. ജില്ലയിലെ ടൂറിസം മേഖല അവ മെച്ചപ്പെടുത്തുന്ന നടപടികളാരംഭിച്ച കാര്യം ചോദ്യങ്ങൾക്ക് മറുപടി നൽകവേ സൂചിപ്പിച്ചു. എച്ച്എഎല്ലിന്റെ ഏറ്റെടുത്ത ഭൂമിയിൽ ഭാവിയിൽ എന്തുചെയ്യാൻ സാധിക്കുമെന്ന് പരിശോധിക്കും. ഇക്കാര്യത്തിൽ കേന്ദ്ര സഹായം കൂടി ഉണ്ടാവേണ്ടതുണ്ട്. ജില്ലയുടെ പ്രശ്നങ്ങളും സംസ്ഥാനത്തെയാകെ ബാധിക്കുന്ന വിഷയങ്ങളും 25 പേരാണ് ആ ഹ്രസ്വകൂടിക്കാഴ്ചയിൽ അവതരിപ്പിച്ചത്. എഴുതി നല്‍കിയവരുമുണ്ട്. വിവിധ കേന്ദ്രങ്ങളിൽ മന്ത്രിമാരായ കെ രാജൻ, അഹമ്മദ് ദേവർ കോവിൽ, വീണാ ജോർജ്, ജി ആർ അനിൽ, പി പ്രസാദ്, ജെ ചിഞ്ചുറാണി, കെ രാധാകൃഷ്ണൻ, കെ എൻ ബാലഗോപാൽ, പി രാജീവ്, വി എൻ വാസവൻ, സജി ചെറിയാൻ, പി എ മുഹമ്മദ് റിയാസ്, വി ശിവൻകുട്ടി, എം ബി രാജേഷ്, ഡോ. ആർ ബിന്ദു, വി അബ്ദുറഹ്‌മാൻ, റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻ കുട്ടി, എ കെ ശശീന്ദ്രൻ, കെ ആന്റണി രാജു, ചീഫ് സെക്രട്ടറി ഡോ. വി വേണു, കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണൻ, ജില്ലാ കളക്ടർ കെ ഇമ്പശേഖരൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. 

കാസർകോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂരും ഉദുമയിൽ സി എച്ച് കുഞ്ഞമ്പു എംഎൽഎയും കാഞ്ഞങ്ങാട് ഇ ചന്ദ്രശേഖരൻ എംഎൽഎയും തൃക്കരിപ്പൂരിൽ എം രാജഗോപാലൻ എംഎൽഎയും അധ്യക്ഷത വഹിച്ചു. ഇന്ന് കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ രാവിലെ 11നും, മൂന്ന് മണിക്ക് കല്യാശേരിയിലും, 4.30ന് തളിപ്പറമ്പിലും ആറ് മണിക്ക് ഇരിക്കൂർ മണ്ഡലത്തിലും സദസ് നടക്കും. രാവിലെ ഒമ്പത് മണിക്ക് പയ്യന്നൂരിൽ പ്രഭാത യോഗവും നടക്കും. 

Eng­lish Sum­ma­ry: Know­ing the pop­u­lar prob­lems and inter­act­ing with the people…
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.