11 January 2026, Sunday

Related news

January 1, 2026
December 19, 2025
December 11, 2025
October 20, 2025
October 13, 2025
September 16, 2025
August 24, 2025
July 13, 2025
June 28, 2025
June 20, 2025

നിക്ഷേപത്തട്ടിപ്പുകളിൽ കുടുങ്ങുന്നവരുടെ കേരളം

Janayugom Webdesk
January 16, 2023 5:00 am

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളിൽ നിന്നായി പുറത്തുവന്ന സാമ്പത്തിക തട്ടിപ്പുകളുടെ എണ്ണം പത്തോളമാണ്. പ്രവീൺ റാണയുടെ നേതൃത്വത്തിലുള്ള സേഫ് ആന്റ് സ്ട്രോങ്, വിനോദ് കുമാറിന്റെ ഉടമസ്ഥതയിലുള്ള ജിബിജി നിധി, ജോയ് ഡി പാണഞ്ചേരിയുടെ ധന വ്യവസായ ബാങ്കേഴ്സ്, കണ്ണൂർ അർബൻ നിധി എന്നിവ അവയിൽ പ്രധാനപ്പെട്ടതാണ്. ഇവയെല്ലാം ദശകോടികളും അതിൽക്കൂടുതലും തുക തട്ടിയെടുത്ത പരാതികളെ തുടർന്നുള്ള കേസുകളാണ്. ഇതിനുപുറമേ ലക്ഷങ്ങൾ തട്ടിയെടുത്ത കേസുകളും കഴിഞ്ഞയാഴ്ചകളിൽ പുറത്തുവരികയുണ്ടായി. വിവിധ ജില്ലകളിൽ ശാഖ തുറന്ന് സംരംഭങ്ങളിൽ പങ്കാളിത്തം നല്കാമെന്ന് വാഗ്ദാനം നല്കി കോടികൾ കവര്‍ന്ന തട്ടിപ്പാണ് പ്രവീൺ റാണയുടെ നേതൃത്വത്തിൽ നടന്നതെന്ന പരാതിയാണ് ഉയർന്നത്. ഒരു ലക്ഷം മുതൽ 17 ലക്ഷം രൂപവരെ തട്ടിയ പരാതികളാണ് ലഭിച്ചിരിക്കുന്നത്. പ്രാഥമിക പരിശോധനയിൽ നൂറുകോടിയോളം തട്ടിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സമാനരീതിയിൽ വ്യത്യസ്ത വാഗ്ദാനങ്ങൾ നല്കിയാണ് മറ്റ് തട്ടിപ്പുകളും നടന്നിരിക്കുന്നത്. ചിട്ടിയുടെ പേരിലാണ് കാസർകോട് കുണ്ടംകുഴിയിലെ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള ജിബിജി നിധി തട്ടിപ്പ്. 2000 മുതൽ കാൽ ലക്ഷം രൂപവരെയുള്ള മാസ ചിട്ടികളിൽ ചേർക്കുകയും നറുക്ക് വീഴുന്നവർക്ക് ലഭിക്കുന്ന തുക ഉയർന്ന നിരക്കിലുള്ള പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപമായി സ്വീകരിക്കുകയും അവശേഷിക്കുന്ന ചിട്ടിഗഡുക്കള്‍ അതതു മാസങ്ങളിൽ ഈ നിക്ഷേപത്തിൽ നിന്ന് ഈടാക്കുകയും ചെയ്യുന്നു. എല്ലാ ഇടപാടുകളും ഓൺലൈനായും നറുക്കെടുപ്പ് സൂം മീറ്റിങ് മുഖേനയുമാണ് നടത്തിയിരുന്നത്.

അതുകൊണ്ട് തന്നെ വ്യക്തമായ രേഖകൾ പലരുടെയും കൈവശം ലഭ്യമല്ലെന്ന പരിമിതി ഈ തട്ടിപ്പിനിരയായവരും അന്വേഷണ ഉദ്യോഗസ്ഥരും നേരിടുന്നുണ്ട്. കൂടുതൽ പലിശ വാഗ്ദാനം ചെയ്തുതന്നെയാണ് തൃശൂരിലെ ധന വ്യവസായ ബാങ്കേഴ്സ്, കണ്ണൂരിലെ അർബൻ നിധി എന്നീ പേരുകളിലെ തട്ടിപ്പുകളും നടന്നിരിക്കുന്നത്. ഓരോ കേസുകളിലും നിരവധി പരാതികളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. മാനഹാനി ഭയന്ന് പരാതി നല്കാത്തവരുമുണ്ടാകാം. അതുകൂടി ചേരുമ്പോള്‍ തട്ടിപ്പിന്റെ വ്യാപ്തി വലുതായിരിക്കും. ഇതിന് മുമ്പും സമാനമായ നിരവധി തട്ടിപ്പുകള്‍ സംസ്ഥാനത്തു നടന്നിട്ടുണ്ട്. സ്ഥിര നിക്ഷേപത്തിന് ഉയര്‍ന്ന പലിശ നല്കാമെന്ന് പറഞ്ഞും സംരംഭങ്ങളിലെ ഓഹരി പങ്കാളിത്തവും ഭൂമിയിലെ നിക്ഷേപ സാധ്യതകളും മോഹിപ്പിച്ചുമൊക്കെയാണ് തട്ടിപ്പുകള്‍ പലതും നടന്നിട്ടുള്ളത്. ഓരോ തട്ടിപ്പുകള്‍ നടന്നുകഴിഞ്ഞ് പരാതികളാകുമ്പോഴും ചെറിയ തട്ടിപ്പുകളുടെ സൂചന ലഭിക്കുമ്പോഴും പൊലീസ് ഉള്‍പ്പെടെയുള്ള അധികാരികളും ഔദ്യോഗിക ധനകാര്യ സ്ഥാപനങ്ങളും ഇതുസംബന്ധിച്ചുള്ള മുന്നറിയിപ്പുകള്‍ നല്കാറുണ്ടെങ്കിലും തട്ടിപ്പുകള്‍ കുറയുന്നില്ലെന്നതാണ് സ്ഥിതി. ഇതിനുള്ള പ്രധാന കാരണം ആര്‍ത്തിമൂത്ത മനുഷ്യര്‍ തന്നെയാണ്. ഓഹരിക്കമ്പോളം, ഊഹക്കച്ചവടം എന്നിങ്ങനെ ഉദാരവല്‍ക്കരണ നയങ്ങളുടെ ഭാഗമായി ഉടലെടുത്തതാണ് ഇത്തരം തട്ടിപ്പുകള്‍. നിലവിലുള്ള സാമ്പത്തിക നിക്ഷേപങ്ങള്‍ക്ക് നല്കാവുന്ന പലിശ നിരക്കുകള്‍ സംബന്ധിച്ച് വ്യക്തമായ മാനദണ്ഡങ്ങള്‍ റിസര്‍വ് ബാങ്ക് പോലുള്ള സ്ഥാപനങ്ങള്‍ അതതു കാലങ്ങളില്‍ നിശ്ചയിക്കാറുണ്ടെങ്കിലും കൂടുതല്‍ പണം എളുപ്പത്തില്‍ ലഭിക്കണമെന്ന അതിമോഹം പലരെയും ഈ ചതിക്കുഴികളിലേക്ക് ആകര്‍ഷിക്കുന്നു. അധികൃതരുടെ മുന്നറിയിപ്പുകളോ മുന്‍കാല തട്ടിപ്പ് അനുഭവങ്ങളോ പരിഗണിക്കാതെ അവര്‍ ഈ തട്ടിപ്പിന് തല വച്ചുകൊടുക്കുന്നു. പണം നഷ്ടപ്പെടുമ്പോള്‍ പരാതിയുമായെത്തുന്നു. അപ്പോഴേക്കും തട്ടിപ്പ് നടത്തിയയാള്‍ പണം മുഴുവന്‍ പല മാര്‍ഗങ്ങളിലൂടെ കൈവശപ്പെടുത്തിയിരിക്കും.


ഇതുകൂടി വായിക്കൂ:  ആഗോളമാന്ദ്യ മുന്നറിയിപ്പ് ഇന്ത്യയും ആശങ്കപ്പെടേണ്ടതുണ്ട്


അതുകൊണ്ടുതന്നെ നിയമവിരുദ്ധമായ ഇടപാടുകള്‍ നടത്തുന്നതില്‍ നിന്ന് പിന്തിരിയുക എന്നതുതന്നെയാണ് ഇത്തരം തട്ടിപ്പുകള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ ഏറ്റവും കരണീയമായിട്ടുള്ളത്. ആര്‍ത്തി മനോഭാവം ഉപേക്ഷിക്കുകയാണ് അതിന് ആദ്യം വേണ്ടത്. മറ്റൊരു പ്രശ്നം കൂടി ഇത്തരം തട്ടിപ്പുകള്‍ നമ്മുടെ മുന്നില്‍ ഉയര്‍ത്തുന്നുണ്ട്. അത് വര്‍ധിച്ച തൊഴിലില്ലായ്മയാണ്. തട്ടിപ്പുകാര്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന വിധത്തിലാണ് തൊഴിലില്ലായ്മാനിരക്ക്. നിക്ഷേപം പിടിച്ചുനല്കിയാല്‍ ഉയര്‍ന്ന കമ്മിഷന്‍ കിട്ടുമെന്നും അതൊരു വരുമാനമാകുമെന്നുമുള്ള പ്രലോഭനത്തില്‍ വീണുപോകുന്ന തൊഴില്‍രഹിതര്‍ തട്ടിപ്പുകളുടെ വലിയ ഇരകളാണ്. ഒരാഴ്ചയ്ക്കിടെ തട്ടിപ്പ് പുറത്തുവന്ന സ്ഥാപനങ്ങളില്‍ നൂറുകണക്കിന് ജീവനക്കാരുണ്ടായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഏതെങ്കിലും സ്ഥലത്തിരുന്ന് തട്ടിപ്പുകാര്‍ ആസൂത്രണം ചെയ്യുന്ന പദ്ധതികളുടെ നടത്തിപ്പുകാര്‍ ഇവരാണ്. ജീവിക്കുവാന്‍ മറ്റു വഴികളില്ലാത്ത തൊഴില്‍രഹിതര്‍ നടത്തിപ്പുകാരായി മാറുന്നു. വലിയ വേതനം വാഗ്ദാനം ചെയ്തതു കൊണ്ട് സ്ഥാപനത്തിലെ ഉയര്‍ന്ന ജോലികള്‍ സ്വീകരിക്കേണ്ടിവന്ന ചിലരെങ്കിലും അറിയാതെ കേസില്‍പ്പെടുന്ന സാഹചര്യവുമുണ്ട്. അതുകൊണ്ടുതന്നെ യഥാര്‍ത്ഥ കുറ്റവാളികള്‍ പലപ്പോഴും രക്ഷപ്പെട്ടുപോകുന്ന സ്ഥിതിയാണ്. ഈ സാഹചര്യത്തില്‍ ഇത്തരം തട്ടിപ്പുകള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ ശക്തമായ നിയമനടപടികള്‍ക്കൊപ്പം വിപുലമായ ബോധവല്‍ക്കരണവും അത്യാവശ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.