20 June 2024, Thursday

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ആരോഗ്യം; ശുഭാപ്തി വിശ്വാസത്തിന് ഇടമുണ്ടോ

പ്രൊഫ. കെ അരവിന്ദാക്ഷൻ
August 31, 2021 5:00 am

ന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ സാമ്പത്തിക വളര്‍­ച്ചാ സാധ്യതകള്‍ ശുഭാപ്തി വിശ്വാസത്തിന്റേതായ പ്രവചനങ്ങള്‍ പുതിയ‍ ഉയരത്തില്‍ എത്തിനില്ക്കുകയാണിപ്പോള്‍. ലോക ബാങ്കിന്റേത് ജിഡിപിയുടെ 8.3 ശതമാനം, സര്‍ക്കാരിന്റെ വക 10.5 ശതമാനം എന്നിങ്ങനെയാണെങ്കില്‍ നാണയനിധിയുടെ പ്രവചനം ഇവക്കിടയില്‍ 9.5 ശതമാനത്തിലുമാണ്. സാമ്പത്തിക മേഖലയുടെ ഉയര്‍ത്തെഴുന്നേല്പ് മഹാമാരി അനന്തരകാലയളവിലെ 7.3 ശതമാനം തകര്‍ച്ചയുടെ പശ്ചാത്തലം കൂടി കണക്കിലെടുക്കുമ്പോള്‍ വാര്‍ഷിക വളര്‍ച്ചനിരക്ക് ജിഡിപിയുടെ ഒരു ശതമാനം വരെയുമാകാമെന്നു കരുതുന്നതാവും ശരിയായിരിക്കുക. ആഗോളവിപണി സമ്പദ്‌വ്യവസ്ഥകളുടെ സാമ്പത്തിക വളര്‍ച്ചനിരക്കുകള്‍ കണക്കിലെടുത്താല്‍‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടേത് രണ്ടു വര്‍ഷക്കാലത്തിനിടയിലെ സാമാന്യം തരക്കേടില്ലാത്തൊരു നേട്ടമായും കരുതുന്നതില്‍ വലിയ അപാകതയൊന്നുമില്ല.

ഈ വസ്തുതകള്‍ കണക്കിലെടുത്തതിന്റെ അടിസ്ഥാനത്തിലായിരിക്കണം ആഗോള സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചനിരക്ക് പിന്നിട്ട എട്ടു ദശകക്കാലയളവിലെ ഏറ്റവും മെച്ചപ്പെട്ട ഒന്നായും ഇന്ത്യയുടേത് പിന്നിട്ട നാല് ദശകക്കാലത്തിനിടയിലെ ചുരുക്കം ചില വര്‍ഷങ്ങളിലേത് ഒഴിച്ചു നിര്‍ത്തിയാല്‍ സമാനമായ നിലവാരം പുലര്‍ത്തിയതായും വേണം ലോക ബാങ്കിന്റെ നിഗമനം വിലയിരുത്താന്‍. കോവിഡ് അനന്തരകാലഘട്ടത്തിലെ വികസനം ഒരുവിധം സുഗമമായി നടക്കുമെന്നാണ് വിവക്ഷ എങ്കില്‍ തുടര്‍ന്ന് പ്രതീക്ഷിക്കാവുന്ന വളര്‍ച്ചനിരക്ക് എത്രയായിരിക്കും? മോഡി സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തികോപദേഷ്ടാവ് ഡോ. സുബ്രഹ്മണ്യന്‍ നടത്തുന്ന പ്രവചനം ജിഡിപി നിരക്ക് 2022–23 ല്‍ 6.5 മുതല്‍ ഏഴ് ശതമാനം വരെയാകാമെന്നും തുടര്‍ന്ന് ഇത് എട്ട് ശതമാനത്തിലെത്താമെന്നുമാണ്. ലോക ബാങ്കിന്റെ കണക്കുകൂട്ടല്‍ ഇത് 7.5 മുതല്‍ താഴോട്ട് 6.5 ശതമാനം വരെയായിരിക്കാമെന്നാണ്. നാണയനിധിയുടെ ശുഭാപ്തി വിശ്വാസം കറേക്കൂടി മെച്ചപ്പെട്ട് 8.5 ശതമാനമായിരിക്കുമെന്നും കാണുന്നു. അതേസമയം, ഈ കണക്കുകളൊന്നും അന്തിമമല്ല, വെറും പ്രതീക്ഷകള്‍ മാത്രമാണ്. ഐഎംഎഫ് കുറെക്കാലമായി വിശിഷ്യാ, മലയാളിയായ ഡോ. ബിന്ദുഗോപിനാഥ് മുഖ്യസാമ്പത്തിക ശാസ്ത്രജ്ഞയായതിനു ശേഷം അസാധാരണമായ തോതിലുള്ള ശുഭാപ്തിവിശ്വാസത്തിലുമാണെന്നു പറയേണ്ടിവരുന്നു. 2020–21ലെ ഏപ്രില്‍ ആദ്യം പ്രവചിക്കപ്പെട്ട വളര്‍ച്ചനിരക്ക് 12.5 ശതമാനമായിരുന്നെങ്കിലും ജൂലായ് ആയതോടെ 9.5 ആയി വെട്ടിക്കുറയ്ക്കപ്പെടുകയായിരുന്നു. എ­ന്നാ­ല്‍ മഹാമാരിക്ക് മുമ്പുള്ള മൂന്നു വര്‍ഷക്കാലത്തേക്കുള്ള ശരാശരി ജിഡിപി വളര്‍ച്ചനിരക്കാണെ­ങ്കില്‍ ഔദ്യോഗികമായി 5.8 ശതമാനവുമായിരുന്നു.

ആഗോള ചരക്കു വ്യാപാരം രണ്ടക്ക വളര്‍ച്ച നേടാനാണ് സാധ്യത കാണുന്നത്. ഇന്ത്യയുടെ ചരക്കു കയറ്റുമതിയിലും അനുകൂല ലക്ഷണങ്ങളാണ് കാണാന്‍ കഴിയുന്നത്. ഇതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് മഹാമാരിയുടെ പ്രത്യാഘാതമെന്ന നിലയില്‍ ആഗോളതലത്തിലെന്നപോലെ ഇന്ത്യയിലെ ആഭ്യന്തര വിപണിയിലും തൊഴിലിന്റെയും വരുമാനത്തിന്റെയും ക്രയശേഷിയുടെയും ഇടിവുമൂലം ഡിമാന്‍ഡ് താഴ്ന്നതാവാം. ഇന്ത്യയെ സംബന്ധിച്ചാണെങ്കില്‍ ഇതിനു മുമ്പൊരിക്കല്‍, അതായത് 2008ല്‍ ആഗോള ധനകാര്യ പ്രതിസന്ധി പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പ് നമ്മു­ടെ ജിഡിപി വളര്‍ച്ചനിരക്ക് 8.5 ശതമാനം വരെ കുതിച്ചുയര്‍ന്നതുമാണ്. അന്നും ചരക്കു കയറ്റുമതിയും സാമാന്യം നല്ല നിലവാരത്തിലെത്തിയിരുന്നു. ഇതിനുള്ള കാരണം ക്രയശേഷിയിലും ഡിമാന്‍ഡിലും ഉണ്ടായ ഇടിവായിരുന്നില്ല, മെച്ചപ്പെട്ട ഉല്പാദനമായിരുന്നു എന്നുമാത്രം.

അക്കാലത്തെന്നപോലെ ഇന്നും സംഘടിത മേഖലയിലാകെ തന്നെ ഉല്പാദനത്തില്‍ കുതിച്ചു ചാട്ടവും കോര്‍പ്പറേറ്റ് മേഖലയുടെ അതിവേഗ നിരക്കിലുള്ള ലാഭക്കൊയ്ത്തുമാണ്. അതിനു വിപരീതമായ നിലയിലാണ് അസംഘടിത മേഖലയിലെ തകര്‍ച്ചയും ഇപ്പോള്‍ പ്രകടമായി വരുന്നത്. സാധാരണ വ്യക്തികളുടെയും കുടുംബങ്ങളുടെയും വരുമാനത്തിലും ഉപഭോഗത്തിലും തുടര്‍ച്ചയായ ഇടിവാണ് ഈ മേഖലയില്‍ രേഖപ്പെടുത്തിക്കാണുന്നത്. മഹാമാരിക്ക് മുമ്പായി മോഡി സര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ടുനിരോധന തീരുമാനവും ജിഎസ്‌ടി പരിഷ്കാരം വരുത്തിവച്ച അനിശ്ചിതത്വങ്ങളുമാണ് കളമൊരുക്കിയത്. അതേസമയം, കോര്‍പ്പറേറ്റ് ലാഭവര്‍ധനവു പോലെതന്നെ സര്‍ക്കാരിന് നികുതി വര്‍ധനവും ഉണ്ടായിരിക്കുന്നു.

മോഡി സര്‍ക്കാരിന്റെ തുടക്കം മുതല്‍ പ്രധാനമന്ത്രി മുതല്‍ താഴോട്ട് സാധാരണ സംഘപരിവാര്‍ പ്രവര്‍ത്തകര്‍വരെ ഇന്ത്യന്‍ ജനതയെ വാഗ്ദാനങ്ങള്‍ നല്കി അവരുടെ മനസുകളില്‍ പ്രതീക്ഷകള്‍ ഉണര്‍ത്തി സ്വന്തം രാഷ്ട്രീയ അജണ്ട നടപ്പാക്കിവരുകയായിരുന്നു. തന്റെ സര്‍ക്കാര്‍ അധികാരമേറ്റ് നൂറ് ദിവസങ്ങള്‍ക്കകം വിദേശ സ്രോതസുകളിലുള്ള കള്ളപ്പണം പിടിച്ചെടുത്ത് വികസനത്തിനായി വിനിയോഗിക്കുമെന്ന് വച്ചുനീട്ടിയ വാഗ്ദാനം. സുപ്രീം കോടതിയില്‍ സീല്‍ ചെയ്ത കവറില്‍ ഏതാനും പേരുടെ രഹസ്യ വിവരങ്ങളുണ്ടെന്നു മാത്രം. ഇതേപ്പറ്റി വിമര്‍ശനമുയര്‍ന്നപ്പോള്‍, കള്ളപ്പണം തുടച്ചുനീക്കാനെന്ന പേരില്‍ നോട്ടുനിരോധനം എന്ന ചെപ്പടിവിദ്യയുമായി രംഗത്തുവരികയായിരുന്നു. ഒപ്പം ഗോവയില്‍ നടത്തിയ ഒരു പ്രസംഗത്തിനിടയില്‍ മോഡി ദുഃഖിതനായ സാധാരണ മനുഷ്യന്റെ “മുഖാവരണം” ധരിച്ച് മികവുറ്റ അഭിനയപാടവത്തോടെ മാധ്യമങ്ങള്‍ക്കു മുന്നിലെത്തി, ഏതാനും ദിവസങ്ങള്‍ക്കകം സമ്പദ്‌വ്യവസ്ഥയില്‍ പ്രചാരത്തിലുള്ള മുഴുവന്‍ കള്ളപ്പണവും പിടിച്ചെടുക്കുന്നതില്‍ താന്‍ വിജയിച്ചില്ലെങ്കില്‍ ഏത് ശിക്ഷയും ഏറ്റുവാങ്ങാന്‍ സന്നദ്ധനാണെന്നുമാണെന്ന് പ്രഖ്യാപിച്ചു.

ദിവസങ്ങളല്ല, വര്‍ഷങ്ങള്‍ ഏഴു കഴിഞ്ഞിട്ടും യാതൊന്നും നടന്നിട്ടില്ല. ഓരോ ഇന്ത്യന്‍ കുടുംബത്തിന്റെയും ബാങ്ക് അക്കൗണ്ടില്‍ കള്ളപ്പണ വിഹിതമായി 15 ലക്ഷം രൂപ നിരക്കില്‍ നിക്ഷേപിക്കപ്പെടുമെന്ന വാഗ്ദാനവും ജലരേഖയായി തുടരുകയാണിന്നും. മാത്രമല്ല, ഇലക്ട്രല്‍ ബോണ്ടെന്ന പേരിലുള്ള ഒരു അഭ്യാസത്തെ തുടര്‍ന്ന് സ്വന്തം പാര്‍ട്ടിയുടെ ഫണ്ടിലേക്ക് കോടിക്കണക്കിന് കള്ളപ്പണം സമാഹരിക്കുകയും ചെയ്തു. രണ്ടാമത്തെ വാഗ്ദാനം, ഏഴുദശകക്കാലം അധികാരത്തിലിരുന്നതിനുശേഷവും ജിഡിപി നിരക്ക് രണ്ടക്കത്തിലെത്തിക്കുന്നതില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തക്ക മറുപടി എന്ന നിലയില്‍ തന്റെ സര്‍ക്കാര്‍ ഈ ലക്ഷ്യം ഉടനടി കൈവരിക്കുമെന്നായിരുന്നു.

രണ്ടാം വട്ടം അധികാരത്തിലെത്തി മൂന്നു വര്‍ഷം പൂര്‍ത്തീകരിച്ചതിനു ശേഷവും ഈ വാഗ്ദാനവും എങ്ങും എത്തിയിട്ടില്ല. കോവിഡിന്റെ വരവോടെ ഈ വാഗ്ദാനവും വായുവില്‍ തന്നെ തുടരുമെന്നു വേണം കരുതാന്‍. മൂന്നാമത്തെ വാഗ്ദാനം സാമ്പത്തിക പരിഷ്കാരങ്ങളാണ്. ഇക്കൂട്ടത്തില്‍ ബാങ്കിങ് മേഖലയെ ബലപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ഇന്‍സോള്‍വെന്‍സി ആന്റ് ബാങ്ക്റപ്‌സി കോഡ് നടപ്പാക്കുക, “മേക്ക് ഇന്‍ ഇന്ത്യ” വഴി രാജ്യത്തെ “ആത്മനിര്‍ഭര്‍ ഭാരത്” എന്ന പദവിയിലെത്തിക്കുക, ‘ഉദയ്’ എന്ന പേരിലുള്ള വൈദ്യുതി മേഖലാ പരിഷ്കാരം യാഥാര്‍ത്ഥ്യമാക്കുക, ‘ഭാരത്‌മാല’ എന്ന ബൃഹദ് ആന്തരഘടന ഗതാഗത പദ്ധതിയുടെ ഭാഗമായി ഗതാഗത മേഖലയില്‍ ശതകോടികളുടെ മൂലധന നിക്ഷേപം ഉറപ്പാക്കുക തുടങ്ങിയവ ഉള്‍പ്പെടുന്നു. ഇതോടൊപ്പം 100 സ്മാര്‍ട്ട്സിറ്റികള്‍ തുടങ്ങുമെന്ന പ്രഖ്യാപനവും എവിടെ എത്തി നില്ക്കുന്നുവെന്നറിയില്ല.

ഈ പദ്ധതി പ്രഖ്യാപനം നടക്കുന്നത് ഇപ്പോള്‍ ഉപരാഷ്ട്രപതിയായിരിക്കുന്ന എം വെങ്കയ്യ നായിഡു കേന്ദ്രമന്ത്രിയായിരിക്കെ ആയിരുന്നു. മോഡി സര്‍ക്കാര്‍ പലപ്പോഴായി ആവര്‍ത്തിച്ച് പ്രാവര്‍ത്തികമാക്കുമെന്ന് പ്രഖ്യാപിച്ച യുവാക്കള്‍ക്കും വനിതകള്‍ക്കുമുള്ള പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യവും കോവിഡിന് മുമ്പുതന്നെ നിലവില്‍ വരേണ്ടിയിരുന്നതാണെങ്കിലും ഇന്നും അപ്രാപ്യമായി തുടരുകയാണ്. ഈ അവസരത്തില്‍ നാം ചെയ്യേണ്ടത് കോവിഡ് 19ന് മുമ്പുണ്ടായിരുന്ന നിക്ഷേപത്തിലും വളര്‍ച്ചനിരക്കിലുമുണ്ടായിരുന്ന വര്‍ധനവും തുടര്‍ന്നുണ്ടായ പൊതു സാമ്പത്തിക തകര്‍ച്ചയുമായി ഒന്നു തുലനം ചെയ്തുനോക്കുകയാണ്. മൂലധന നിക്ഷേപത്തിലും ജിഡിപിയിലും നേരിടേണ്ടി വന്നിരിക്കുന്നത് ആറിലൊന്നിലേറെ ഉണ്ടായ തിരിച്ചടിയാണെന്ന് വ്യക്തമാകുന്നു. അതോടൊപ്പം തൊഴിലവസരങ്ങളിലും വരുമാനത്തിലും ഉപഭോഗത്തിലും ക്രയശേഷിയിലുമുണ്ടായ തകര്‍ച്ചയുമാണ്.

ഇത്തരം കാര്യങ്ങളില്‍ ഒരു തിരിച്ചുവരവ് അസാധ്യമല്ലെങ്കിലും അതത്ര എളുപ്പത്തില്‍ നടക്കുമെന്നോ എന്ന് നടക്കുമെന്നോ പ്രവചിക്കാന്‍ കഴിയില്ല. കോര്‍പ്പറേറ്റ് മേഖലയ്ക്ക് മൊത്തത്തില്‍ തുടക്കത്തിലുണ്ടായിരുന്ന ഭയാശങ്കകളില്‍ അല്പം ശമനമുണ്ടായതിന്റെ ഫലമായി അവയുടെ കടബാധ്യതകളില്‍ കുറവുണ്ടാവുകയും ലാഭത്തോത് ക്രമേണ ഉയരുകയും ചെയ്തിട്ടുള്ളതായി കാണാന്‍ കഴിയുന്നുണ്ട്. വളര്‍ച്ചയുടെ പുനഃസ്ഥാപനം നടക്കേണ്ടത് ചെറുകിട‑ഇടത്തരം ഉല്പാദന മേഖലകളിലാണ്. ഈ മേഖലയും അനൗപചാരിക ഗ്രാമീണ മേഖല ആകെതന്നെയും നോട്ടുനിരോധനം ഏല്പിച്ച അപ്രതീക്ഷിതമായ ആഘാതത്തില്‍ നിന്നും ഇനിയും മോചിതമായിട്ടില്ല. ചെറുകിട വ്യാപാര‑വാണിജ്യ മേഖലകളും സംരംഭങ്ങളും വിപണികളില്‍ നിലനില്ക്കുന്ന അനിശ്ചിതത്വങ്ങളുടെയും ലോക്ഡൗണുകളുടെ ആവര്‍ത്തനത്തിന്റെയും ഫലമായി നിസഹായാവസ്ഥയിലാണ്. ലാഭത്തെപ്പറ്റിയല്ല, അവരുടെ ചിന്ത, മറിച്ച് ജീവിതം ഏതെങ്കിലും വിധത്തില്‍ രക്ഷിച്ചെടുക്കുന്നതിനെപ്പറ്റിയാണ്.

സമ്പദ്‌വ്യവസ്ഥയുടെ പുനരുജ്ജീവനത്തിന് കാതലായ പങ്ക് വഹിക്കാനുള്ളത് കോര്‍പ്പറേറ്റുകള്‍ക്കല്ല. ഇവിടെയാണ് സര്‍ക്കാരിന്റെയും പൊതു നിക്ഷേപത്തിന്റെയും മര്‍മ്മ പ്രധാനമായ പങ്ക് കാണേണ്ടത്. അതേ അവസരത്തില്‍ ഇന്ത്യയിലെ കേന്ദ്രഭരണകൂടത്തെ വെട്ടിലാക്കിയിരിക്കുന്നത് സര്‍ക്കാര്‍ എത്രതന്നെ കോര്‍പ്പറേറ്റ് അനുകൂല നയം സ്വീകരിച്ചാലും അതിനനുകൂലമായ നേരിയ പ്രതികരണംപോലും സ്വകാര്യ മേഖലയില്‍ നിന്നോ വമ്പന്‍ കോര്‍പ്പറേറ്റ് നിക്ഷേപകരില്‍ നിന്നോ ഉണ്ടാകുന്നില്ല എന്നതാണ്. ഇതിനുള്ള ബദല്‍ മാര്‍ഗം പൊതു നിക്ഷേപ വര്‍ധനവാണ്. എന്നാല്‍ ഇവിടെയുമുണ്ട് പ്രശ്നം. അതായത് മൂലധനം അടക്കമുള്ളവയുടെ ദൗര്‍ലഭ്യം. ഈ പ്രശ്നത്തിനുള്ള പരിഹാരം സര്‍ക്കാര്‍ പൊതു വിപണിയില്‍ നിന്നും കടമെടുക്കുക എന്നതാണ്.

അതേസമയം ഇവിടെയും പരിമിതികള്‍ ഏറെയാണ്. ഒന്ന്, വിപണികളുടെ തളര്‍ച്ച. രണ്ട്, സര്‍ക്കാരിന്റെ കടബാധ്യതകളില്‍ ഉണ്ടാകുന്ന കുത്തനെയുള്ള വര്‍ധന. നിര്‍ദ്ദിഷ്ട നിരക്കില്‍ ഇടക്കാല വളര്‍ച്ചനിരക്കെങ്കിലും മെച്ചപ്പെടണമെങ്കില്‍ വളര്‍ച്ചയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളും സജീവമാകണം. സ്വകാര്യ, പൊതുമേഖലാ നിക്ഷേപങ്ങള്‍ ഉയരണം. ആഭ്യന്തര ഡിമാന്‍ഡും കയറ്റുമതികളും വര്‍ധിക്കണം. പാന്‍ഡെമിക് തുടര്‍ന്നാല്‍ ഇതിനുള്ള സാധ്യതകള്‍ കാണുന്നുമില്ല. ചുരുക്കത്തില്‍ സാമ്പത്തിക വികസനത്തില്‍ പറയുന്ന ശുഭാപ്തി വിശ്വാസത്തില്‍ കഴമ്പില്ലെന്നു വരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.