22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 3, 2024
September 10, 2024
September 9, 2024
September 2, 2024
July 9, 2024
June 16, 2024
April 2, 2024
April 1, 2024
March 20, 2024

ചരിത്രസത്യമായ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റ് ആക്കി നാടകം അരങ്ങിലെത്തിയിട്ട് ഇന്ന് 69 വര്‍ഷം

പുളിക്കല്‍ സനില്‍രാഘവന്‍
December 6, 2021 2:13 pm

ജനസമൂഹത്തിന്‍റെ പൊളുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളിലൂടെ സഞ്ചരിച്ച് ഉടലുമുയിരും ചുട്ടുപൊള്ളിയ, സമൂഹത്തിന്‍റെ മനസുമാറ്റിയ മലായാള നാടക ചരിത്രത്തിലെ, ചരിത്രസത്യം, കെപിഎസിയുടെ സാമൂഹിക രാഷ്ട്രീയ നാടകമായ ‘നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി’ അരങ്ങിലെത്തിയിട്ട് ഇന്ന് 69 വര്‍ഷം. തോപ്പില്‍ ഭാസി രചിച്ച ഈ നാടകം എന്‍ രാജഗോപാലന്‍ നായരും, ജി ജനാര്‍ദ്ദനക്കുറുപ്പും ചേര്‍ന്നാണ് സംവിധാനം ചെയ്തത്. ഈ നാടകത്തിനു വേണ്ടി ഗാനങ്ങള്‍ എഴുതിയത് കവി ഒഎന്‍വി കുറുപ്പും, സംഗീത സംവിധാനം നിര്‍വ്വഹിച്ചത് ജി ദേവരാജനുമാണ്. നാടകരചനാ സമയത്ത് പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒളിവുജീവിതം നയിച്ച തോപ്പില്‍ ഭാസി, സോമന്‍ എന്ന തൂലികാ നാമത്തിലാണ് നാടകം എഴുതിയത്. (പിന്നീട് അദ്ദേഹം തന്റെ രണ്ടാമത്തെ മകന് സോമന്‍ എന്ന പേരും ഏക മകള്‍ക്ക് നാടകത്തിലെ പ്രധാന കഥാപാത്രമായ മാല എന്ന പേരും നല്‍കി) 1950 ‑ല്‍ ആരംഭിച്ച കെപിഎസി യുടെ രണ്ടാമത്തെ നാടകമായിരുന്നു ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി. ‘എന്റെ മകനാണ് ശരി’ എന്ന നാടകമായിരുന്നു ആദ്യത്തേത്. കൊല്ലം ജില്ലയിലെ ലോഹമണല്‍ നിക്ഷേപ, കടലോര ഗ്രാമമായ ചവറ തട്ടാശ്ശേരിയിലുള്ള ഓലമേഞ്ഞ നാടന്‍ തീയറ്ററില്‍ 1952 ഡിസംബര്‍ 6 നാണ് നാടകത്തിന്റെ ആദ്യ പ്രദര്‍ശനം. നിയമപാലകരുടെ വിലക്കുകളും, ആക്രമങ്ങളുമുണ്ടാകുമെന്ന ഭീഷിണിയുടെ നിഴലിലായിരുന്നു നാടകം അരങ്ങേറിയത്. തുടര്‍ന്ന് കെപിഎസി നടത്തിയ ജൈത്രയാത്രയായിരുന്നു. പതിനായിരത്തിലധികം വേദികളില്‍ അവതരിപ്പിക്കപ്പെട്ട നാടകം കേരളത്തിലെ കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിന് വളരെയേറെ സഹായകമായെന്നും 1957‑ല്‍ ഇഎംഎസിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പ്രഥമ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് വഴിയൊരുക്കിയെന്നും കണക്കാക്കപ്പെടുന്നു. 1952 ഡിസംബര്‍ 6ന് കൊല്ലം ചവറയിലായിരുന്നു ആദ്യവേദി. 1953 മാര്‍ച്ചില്‍ ഗവണ്മെന്റ് ഈ നാടകം നിരോധിച്ചു. ഗവണ്മെന്റിനു എതിരെ ജനങ്ങളില്‍ വികാരം വളര്‍ത്തുന്നു എന്നതായിരുന്നു ആരോപണം. 

നിരോധനത്തെ അവഗണിച്ച് കൊണ്ട് അവതരണം തുടരുകയും കോവളത്ത് വേദിയില്‍ വച്ച് എല്ലാ കലാകാരന്മാരെയും അറ്റസ്റ്റ് ചെയ്ത് കേസ് ചാര്‍ജ് ചെയ്യുകയും ചെയ്തു. നിയമയുദ്ധത്തിലൂടെ 2 മാസത്തിനു ശേഷം നിരോധനം നീക്കി. തുടര്‍ന്ന് ഏകദേശം ആറായിരത്തിലധികം വേദികളില്‍ നാടകം പ്രദര്‍ശിക്കപ്പെട്ടു. കേരളസമൂഹത്തിന്റെ രാഷ്ട്രീയ മനസ്സ് നിര്‍ണയിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കാന്‍ ഈ നാടകത്തിനു സാധിച്ചു. ഇന്ത്യയിലെ മറ്റിടങ്ങളില്‍ എന്നപോലെ തന്നെ കേരള സമൂഹത്തില്‍ നിലനിന്നിരുന്ന ജാതി സമ്പ്രദായത്തെയും ഉച്ചനീചത്വങ്ങളെയും എതിര്‍ക്കാനും കീഴാളരുടെ ഉയര്ച്ചക്കും ആഹ്വാനം ചെയ്യുന്നു. പരമുപിള്ള എന്ന ഉയര്‍ന്നജാതിയില്‍പെട്ട ആള്‍ കമ്മ്യുണിസ്റ്റ് ആവുന്നതാണ് കഥ. അയാള്‍ ചെങ്കൊടി കയ്യിലേക്ക് വാങ്ങുമ്പോള്‍ നാടകം അവസാനിക്കുന്നു. കാമ്പിശ്ശേരി കരുണാകരന്‍ ആണ് പരമുപിള്ളയെ അവതരിപ്പിച്ചത്. ഓ മാധവന്‍, സുലോചന, വിജയകുമാരി, സുധര്‍മ്മ, തുടങ്ങിയവരാണ് മറ്റഭിനേതാക്കള്‍.
നസീറിനെയും, ഷീലയെയും നായികാനായകന്മാരാക്കി 1970ല്‍ തോപ്പില്‍ഭാസി തന്നെ ഇതേ പേരില്‍ സിനിമയെടുത്തു. പരമുപിള്ളയുടെ വേഷം സത്യന്‍ അവിസ്മരണീയമാക്കി. ഉമ്മര്‍, ജയഭാരതി, തോപ്പില്‍ കൃഷ്ണപിള്ള, എസ് പി പിള്ള തുടങ്ങിയവര്‍ മറ്റ് താരങ്ങള്‍. വയലാറിന്റെ ഗാനങ്ങള്‍ക്ക് ദേവരാജന്‍ മാസ്റ്റര്‍ തന്നെ ഈണം പകര്‍ന്നു. ഉദയായുടെ ബാനറില്‍ കുഞ്ചാക്കോ ആണ് ചിത്രം നിര്‍മ്മിച്ചത്. വളരെ ഗൗരവമുള്ള രാഷട്രീയ പ്രശ്നങ്ങളേയും, ആഴമുള്ള സാമൂഹ്യസമസ്യകളേയും ജീവന്‍തുടിക്കുന്ന കഥാപാത്രങ്ങളിലൂടെ ആവിഷ്കരിച്ച ജീവിതംതന്നെയായ നാടകമാണ് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റ് ആക്കി. മധ്യതിരുവിതാംകൂറിലെ കര്‍ഷക സമരങ്ങളുടെ ആവി പാറുന്ന അനുഭവങ്ങളില്‍ നിന്ന് രൂപപ്പെടുത്തിയ നാടകമാണിത്. മലയാളക്കരയില്‍ ചെങ്കൊടി ഉയര്‍ത്തി അരനൂറ്റാണ്ടിലധികമായി കേരളത്തെ അരുണാഭമാക്കിയ തോപ്പില്‍ ഭാസിയുടെ അപൂര്‍വ്വ രചനയാണ് നിത്യ സത്യമായ നിങ്ങളെന്നെകമ്മ്യൂണിസറ്റ് ആക്കിയെന്ന നാടകം. 

Eng­lish Sumam­ry: It’s been 69 years since the play You Made Me a Communist

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.