ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നിയമവിധേയമായി കഴകം ജോലിക്കെത്തിയ ബി എ ബാലു എന്ന യുവാവിന് ജോലി ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ലീവെടുത്ത് പോകേണ്ടിവന്നു. ക്ഷേത്രം തന്ത്രിമാര്‍ എതിര്‍പ്പുയര്‍ത്തി കത്തു നല്‍കിയതാണ് ബാലു വിട്ടുനില്‍ക്കാനിടയാക്കിയത്. അഞ്ച് വര്‍ഷമായുണ്ടായിരുന്ന താല്‍ക്കാലിക ജോലിക്കാരനെ നോട്ടീസ് നല്‍കാതെ പിരിച്ചു വിട്ടതാണ് കാരണമായി പറയുന്നത്. മാത്രമല്ല ബാലുവിനെ കഴക ജോലിക്ക് നിയമിച്ചത് തന്ത്രിമാരുമായി ആലോചിക്കാതെയാണെന്നും നിയമപ്രകാരം അങ്ങനെ ചെയ്യേണ്ടതായിരുന്നുവെന്നും പറയുന്നു. ആചാരപരമായ പ്രവൃത്തികള്‍ക്ക് തന്ത്രിമാരുടെ അനുമതി വേണമെന്നാണ് മറ്റൊരു വാദം. പ്രതിഷ്ഠാദിന ചടങ്ങുകളില്‍ പങ്കെടുക്കില്ലെന്ന് ഈ മാസം ആറിന് തന്ത്രിമാര്‍ ദേവസ്വത്തിന് കത്തു നല്‍കിയതോടെ ബാലുവിനെ കഴക പ്രവൃത്തിയില്‍ നിന്നും ഓഫിസ് ജോലിയിലേക്ക് താല്‍ക്കാലികമായി മാറ്റാന്‍ ദേവസ്വം അധികൃതര്‍ നിര്‍ബന്ധിതരായി. ഇതിനെ ന്യായീകരിക്കാന്‍ തന്ത്രിമാരും അവരെ പിന്തുണയ്ക്കുന്നവരും പറയുന്ന കാര്യങ്ങള്‍ എത്രമാത്രം വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കപ്പെടുന്നതുമാണെന്ന് മനസിലാക്കുമ്പോഴാണ്, കൂടല്‍മാണിക്യം ക്ഷേത്ര തന്ത്രിമാരുടെ ഉള്ളിലെ ജാതി ചിന്തയുടെ ആഴം സുവ്യക്തമാകുക.
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ആദ്യമായി 1984ലാണ് പി പി രാമചന്ദ്രനെ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴക ജോലിക്ക് താല്‍ക്കാലികമായി നിയമിക്കുന്നത്. 1995ല്‍ അദ്ദേഹത്തിന് സ്ഥിരം നിയമനം നല്‍കി. 1984വരെ കാരായ്മയായി (പാരമ്പര്യ അവകാശം) ക്ഷേത്രത്തിലെ കഴക ജോലികള്‍ ചെയ്തിരുന്നത് മൂന്നു കുടുംബങ്ങളില്‍ നിന്നുള്ളവരായിരുന്നു. കൃഷ്ണപിഷാരം (ആറ് മാസം), അറയ്ക്കല്‍ പിഷാരം (നാല് മാസം), തെക്കെ വാരിയം (രണ്ട് മാസം) ഇങ്ങനെ ഒരു വര്‍ഷത്തില്‍ മൂന്നായി തിരിച്ചു ചെയ്തിരുന്ന കഴക പ്രവൃത്തികള്‍ക്ക് ഇനിമുതല്‍ വരാന്‍ സാധിക്കില്ലെന്ന് മൂന്നു കുടുംബങ്ങളും കത്ത് നല്‍കിയതിനെത്തുടര്‍ന്നാണ് ദേവസ്വത്തിന് കാരായ്മയില്ലാത്ത പി പി രാമചന്ദ്രനെ നിയമിക്കേണ്ടി വന്നത്. ക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന തുക ജീവിക്കാന്‍ പര്യാപ്തമല്ലെന്നായിരുന്നു കാരായ്മക്കാര്‍ ചൂണ്ടിക്കാണിച്ച പ്രധാന കാരണം. പലരും വിദേശത്തും മറ്റു പല ജോലികള്‍ക്കും പോകുകയായിരുന്നു. രണ്ടു മാസത്തെ മാത്രം കാരായ്മക്കാരായ തെക്കെ വാരിയത്തിന് ആ ദിവസങ്ങളില്‍ പോലും വരാന്‍ സാധിക്കില്ലെന്നും അറിയിച്ചിരുന്നെങ്കിലും സമീപകാലത്ത് വിദേശത്തുനിന്നും എത്തിയവര്‍ ദേവസ്വത്തിന് അപേക്ഷ നല്‍കി ആ രണ്ടു മാസത്തെ കഴക പ്രവൃത്തികള്‍ക്ക് ഇപ്പോള്‍ വീണ്ടും എത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ദേവസ്വം ബോര്‍ഡ് 10 മാസത്തേക്കാണ് സ്ഥിരം നിയമനം നടത്താറുള്ളത്.
കാരായ്മക്കാരായ തെക്കെ വാരിയത്തെ കഴകക്കാര്‍ക്ക് വിരമിക്കല്‍ പ്രായം അവര്‍ നിശ്ചയിക്കുന്നതാണ്. ആരോഗ്യമുള്ളിടത്തോളം അത് നിര്‍വഹിക്കാന്‍ അവകാശമുണ്ട്. അതിനു ശേഷം കുടുംബത്തിലെ മറ്റൊരു അംഗത്തിന് കൈമാറാം. ഇവര്‍ രണ്ടുമാസം ജോലിയെടുക്കുമ്പോള്‍ 10 മാസം ദേവസ്വം നിയമിച്ചയാളാണ് ഈ ജോലികള്‍ ചെയ്യുക. രണ്ടുമാസം ഇയാള്‍ ഓഫിസ് ജോലികളില്‍ ഏര്‍പ്പെടും. 2020 ജനുവരി വരെ അത് നിര്‍വഹിച്ചിരുന്നത് പി പി രാമചന്ദ്രനായിരുന്നു. എന്നാല്‍ ഈ 10 മാസം ജോലിയില്ലെങ്കിലും തെക്കെ വാരിയത്തിന് 2,000 രൂപ വീതം മാസം അലവന്‍സ് നല്‍കും. ഇവരാണ് ഇപ്പോള്‍ 12 മാസം കഴക ജോലി വേണമെന്ന അവകാശവാദവുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് ഒരിക്കലും അനുകൂലമാകില്ലെന്നും ഇതിന് അവകാശമുള്ള മറ്റു രണ്ടു കാരായ്മ കുടുംബക്കാര്‍ 40 വര്‍ഷം മുമ്പ് തങ്ങള്‍ക്ക് താല്പര്യമില്ലെന്ന് എഴുതി നല്‍കിയതിനാല്‍ ദേവസ്വം ബോര്‍ഡാണ് നിയമനം നടത്തുന്നതെന്നുമെല്ലാം നിശ്ചയമില്ലാതെയല്ല കേസിന് പോയിരിക്കുന്നത്. മറ്റു പല ഉദ്ദേശലക്ഷ്യങ്ങള്‍ ഇവര്‍ക്കുണ്ടെന്നാണ് മനസിലാക്കേണ്ടത്.
1984 മുതല്‍ ദേവസ്വം നിയമിച്ച കാരായ്മക്കാരനല്ലാത്ത പി പി രാമചന്ദ്രന്‍ ജോലിയെടുത്തപ്പോഴും 2020 ജനുവരി 31ന് വിരമിച്ച അദ്ദേഹത്തിനു പകരം, ദേവസ്വം നിയമിച്ച താല്‍ക്കാലിക കഴകക്കാരനായ, കാരായ്മയില്ലാത്ത മറ്റൊരാള്‍ അഞ്ച് വര്‍ഷം ജോലി ചെയ്തപ്പോഴും നിയമനം നടത്തിയത് ദേവസ്വം തന്നെയായിരുന്നു. പക്ഷെ ഇവര്‍ രണ്ടുപേരും സവര്‍ണരായതിനാല്‍ തന്ത്രി സമുദായത്തിന് എതിര്‍പ്പുണ്ടായില്ല. കഴകം കാരായ്മക്കാരുടെ കാര്യത്തിലാണ് തന്ത്രിമാരുമായി ആലോചിച്ചിരുന്നത്. ഇവിടെ അതില്ല.
പരീക്ഷയും ഇന്റര്‍വ്യുവും കഴിഞ്ഞാണ് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ബാലുവിനെ നിയമിച്ചത്. അതിനുള്ള എല്ലാ അവകാശ അധികാരവും ദേവസ്വത്തില്‍ നിക്ഷിപ്തവുമാണ്. കൂടല്‍മാണിക്യം ദേവസ്വം എംപ്ലോയീസ് റെഗുലേഷന്‍ ആക്ടിലും ഇതെല്ലാം പറയുന്നുണ്ട്. ഒഴിവാക്കിയ ജീവനക്കാരന് നോട്ടീസ് നല്‍കിയില്ലെന്നാണ് മറ്റൊരു വാദം. ഒരു ഒഴിവില്‍ സ്ഥിരം നിയമിതനായ വ്യക്തി ജോലിക്കെത്തിയാല്‍ താല്‍ക്കാലിക തസ്തിക ഇല്ലാതാകുന്നത് സ്വാഭാവികമാണെന്ന് ആര്‍ക്കും അറിയാവുന്ന കാര്യവുമാണ്. ഇവയൊന്നുമല്ല, ‘ഈഴവ ജാതി’ തന്നെയാണ് കൂടല്‍മാണിക്യത്തിലെ തന്ത്രിമാരെ പ്രകോപിപ്പിച്ചത്. ദേവസ്വം ബോര്‍ഡ് പരീക്ഷയെഴുതി കഴക ജോലി നേടിയ ബാലു ഈഴവനാണ്. തന്ത്രിമാര്‍ ദേവസ്വം ബോര്‍ഡോ സര്‍ക്കാരോ ആരു പറഞ്ഞാലും അമ്പലവാസിയല്ലാത്തവനെ പണിയെടുപ്പിക്കില്ലെന്നു തീരുമാനിക്കുകയും പ്രതിഷ്ഠാദിന ചടങ്ങുകളില്‍ നിന്നും മാറി നില്‍ക്കുമെന്ന് ബോര്‍ഡിന് കത്തു നല്‍കുകയും ചെയ്തത് അതുകൊണ്ടാണ്.
അങ്ങനെ സംഭവിച്ചാല്‍ വലിയ പ്രശ്നമാകുമെന്നും രാഷ്ട്രീയ — ഹിന്ദുത്വ തീവ്രസംഘടനകള്‍ അതേറ്റെടുത്ത് നാമജപ ഘോഷയാത്രയുള്‍പ്പെടെ സമരകോലാഹലങ്ങള്‍ സംസ്ഥാനത്താകെ നടമാടുമെന്നും നല്ല നിശ്ചയമുള്ള തന്ത്രിമാരുടെ തന്ത്രമായിരുന്നു അത്. ഈ സാഹചര്യത്തിലാണ് ബാലുവിനെ താല്‍ക്കാലിക വര്‍ക്ക്അറേഞ്ച്മെന്റിന്റെ പേരില്‍ കഴക ജോലിയില്‍ നിന്നും ഓഫിസിലേക്ക് ദേവസ്വത്തിന് മാറ്റേണ്ടിവന്നത്. അപ്പോഴാണ് കഴിഞ്ഞ 10 ദിവസത്തിലേറെ ക്ഷേത്രത്തില്‍ നടന്നത് ഒഴിവാക്കലിന്റെ ഭാഗമായുള്ള അവഗണനയായിരുന്നുവെന്ന് ബാലു തിരിച്ചറിയുന്നതും ലീവെഴുതി നല്‍കി പോകുന്നതും.
ഇരിങ്ങാലക്കുട കൂടല്‍ മാണിക്യക്ഷേത്രവുമായി ബന്ധപ്പെട്ട് ആചാരങ്ങളുടെയും പാരമ്പര്യത്തിന്റെയും പേരില്‍ നടന്നിരുന്ന അയിത്തവും സഞ്ചാരവിലക്കുമെല്ലാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും നവോത്ഥാന പ്രസ്ഥാന നേതാക്കളുടെയും നിരവധി കാലത്തെ പ്രക്ഷോഭങ്ങളുടെ ഫലമായിട്ടാണ് തകര്‍ത്തെറിയപ്പെട്ടത്. ക്ഷേത്രത്തിനുപുറത്തുള്ള വഴിയിലൂടെ പോലും നടക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട ഒരു വലിയ വിഭാഗമുണ്ടായിരുന്നു അവിടെ. ചരിത്രപ്രസിദ്ധമായ കുട്ടംകുളം സമരത്തിലൂടെയാണ് വഴിനടക്കാനുള്ള അവകാശം നേടിയെടുക്കുന്നത്. പൗരന്‍ എന്ന നിലയില്‍ ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ പോലും മാറ്റിമറിക്കാനും ഏതു സര്‍ക്കാരിനെക്കാളും ദേവസ്വം അധികൃതരെക്കാളും മുകളില്‍ സവര്‍ണജാതി നിയമങ്ങളാണെന്നു പ്രഖ്യാപിക്കുന്ന നീക്കങ്ങളാണ് കൂടല്‍മാണിക്യം തന്ത്രിമാരുടെ ഭാഗത്തും നിന്നും ഉണ്ടായത്. ജനാധിപത്യ സര്‍ക്കാരുകള്‍ ഇത്തരം ജാതി ഉച്ചനീചത്വങ്ങള്‍ക്ക് വഴങ്ങിക്കൊടുത്താല്‍ അത് ചരിത്രത്തെ നൂറ്റാണ്ട് പുറകിലേക്ക് വലിച്ചെറിയലാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.