9 January 2025, Thursday
KSFE Galaxy Chits Banner 2

കേരള മോഡലിന് കരുത്തു പകരാൻ കെഎഎസ്

എസ് വിജയകുമാരന്‍ നായര്‍
കേരള പിഎസ്‌സി അംഗം
November 4, 2021 5:30 am

എസ് വിജയകുമാരന്‍ നായര്‍ (കേരള പിഎസ്‌സി അംഗം)

കേരളത്തിലെ സിവിൽ സർവീസ് രംഗത്ത് പുതിയ ചരിത്രം രചിച്ച് കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെഎഎസ്) യാഥാർത്ഥ്യമായിരിക്കുകയാണ്. സർക്കാരിന്റെ ഇച്ഛാശക്തിയും കോവിഡ് മഹാമാരി സൃഷ്ടിച്ച കടുത്ത പ്രതിസന്ധിക്കിടയിലും കേരള പബ്ലിക് സർവീസ് കമ്മി­ഷൻ നിശ്ചയദാർഢ്യത്തോടെ നടത്തിയ ചിട്ടയായ പ്രവർത്തനവുമാണ് വളരെ ചുരുങ്ങിയ സമയംകൊണ്ട് എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി കെഎഎസ് ന്റെ ആദ്യ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണം സാധ്യമായത്. കേരള വികസന മാതൃക സൃഷ്ടിക്കുന്നതിൽ മഹത്തായ പങ്കുവഹിക്കുമ്പോഴും പതിറ്റാണ്ടുകളായി പൊതുസമൂഹത്തിന്റെ കടുത്ത വിമർശനത്തിന് വിധേയമായിട്ടുള്ള സിവിൽ സർവീസിലെ കാര്യക്ഷമതാരാഹിത്യത്തിനും ജനവിരുദ്ധതയ്ക്കും വലിയൊരളവുവരെ പരിഹാരമുണ്ടാക്കുന്നതിനും സാമൂഹ്യ പുരോഗതി­യിൽ പുത്തൻ അധ്യായങ്ങൾ രചിക്കുന്നതിനും പുതിയ സംവിധാനത്തിന് കഴിയുമെന്ന് തന്നെ പ്രത്യാശിക്കാം.

പൊതുജനാരോഗ്യവും പൊതുവിതരണവും പൊതുവിദ്യാഭ്യാസവും പൊതുഗതാഗതവും പൊതുമേഖലയുമൊക്കെ രാജ്യത്തിന് മാതൃകയായി നിലനിർത്താൻ കേരളത്തിന് കഴിഞ്ഞതിനു പിന്നിൽ സിവിൽ സർവീസിനും ചെറുതല്ലാത്ത പങ്കുണ്ട് എന്നത് അംഗീകരിക്കുമ്പോൾ തന്നെ, എക്കാലവും വിമർശന വിധേയമാകുന്ന ഏറ്റവും വലിയ പോരായ്മയാണ് സിവിൽ സർവീസിന്റെ മുഖമുദ്രയായി വിശേഷിപ്പിക്കപ്പെടുന്ന ജനവിരുദ്ധതയും യജമാനഭാവവും. അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും അനാവശ്യമായ കാലതാമസവും മോശമായ പെരുമാറ്റവുമൊക്കെ അ­വിടവിടെ ഏറിയും കുറഞ്ഞും എക്കാലവും നിലനിൽക്കുന്നുണ്ടെങ്കിലും ജീവനക്കാരിൽ പൊതുവാ­യി രൂഢമൂലമായിട്ടുള്ള യജമാനഭാവമാണ് ഓഫീസിലെത്തുന്ന ഉപഭോക്താക്കൾ സർക്കാർ ജീവനക്കാരെ മോശമായി വിലയിരുത്തുന്നതിന് കാരണമാകുന്നത്. കൊളോണിയൽ സംസ്‌കാരത്തിന്റെയും ജന്മി-നാടുവാഴിത്ത ശീലുകളുടെയും ബാക്കി പത്രമായിരുന്ന സിവിൽ സർവീസിന് ജനകീയ മുഖമുണ്ടായത് കേരളപ്പിറവിക്കു ശേഷം ജനകീയ സർക്കാരുകൾ അധികാരത്തിൽ വന്നശേഷമാണ്.

സംസ്ഥാന രൂപീകരണത്തിനു ശേഷം സിവിൽ സർവീസ് ജനപക്ഷമാക്കുന്നതിന് ലക്ഷ്യംവച്ച് ജനകീയ സർക്കാരുകൾ നടപ്പിലാക്കിയിട്ടുള്ള ഭരണനടപടികളുടെ യഥാർത്ഥ സത്ത ഉൾക്കൊള്ളുന്നതിന് വലിയൊരു വിഭാഗം ജീവനക്കാർ തയാറായില്ല എന്നത് നമ്മുടെ ഉദ്യോഗസ്ഥ സംവിധാനത്തിന്റെ പോരായ്മയാണ്. ജീവനക്കാരുടെ മോശമായ പെരുമാറ്റത്തെക്കുറിച്ചും സർക്കാരോഫീസിലെ അഴിമതിയെക്കുറിച്ചും കാലതാമസത്തെക്കുറിച്ചുമെല്ലാം വിമർശനമുന്നയിക്കുന്ന പുതുതലമുറയിൽപ്പെട്ടവർ സർവീസിലേക്ക് യഥേഷ്ടം കടന്നുവരുന്നുണ്ടെങ്കിലും അവരിൽത്തന്നെ ഒരു വിഭാഗം പണ്ടു പറഞ്ഞതെല്ലാം മറന്ന് അവർ ജോലി ചെയ്യുന്ന വകുപ്പിലെയും ഓഫീസിലെയും ഒഴുക്കിനനുസരിച്ച് മാറുന്നതാണ് കാണാൻ കഴിയുക. ചില വകുപ്പുകളിൽ അഴിമതി കട്ടപിടിച്ചു കിടക്കുന്നുവെന്ന് പൊതുസമൂഹത്തിൽ വലിയ തോതിൽ ആക്ഷേപമുണ്ടായാലും അത് മാറ്റിയെടുക്കാനുള്ള ശ്രമം ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടാവാറില്ല. ഒരു ജീവനക്കാരൻ മറ്റൊരു ഓഫീസിൽ ഒരാവശ്യവുമായി ചെല്ലുമ്പോൾ മോശമായ അനുഭവമുണ്ടാകുന്നതും പലപ്പോഴും കൈക്കൂലി കൊടുക്കേണ്ടി വരുന്നതും തടയുന്നതിനും കഴിയുന്നില്ല.

 


ഇതു കൂടി വായിക്കാം: കെഎഎസ്‌ റാങ്ക്‌ ലിസ്‌റ്റ്‌ പ്രസിദ്ധീകരിച്ചു; ആദ്യ റാങ്കുകൾ വനിതകൾക്ക്‌


 

ബ്രിട്ടീഷ് സാമ്രാജ്യവും നാട്ടുരാജാക്കന്മാരും അ­വരുടെ സൗകര്യത്തിന് പരുവപ്പെടുത്തിയ സാമ­­ന്തന്മാരുടെ കയ്യിൽ നിന്നും സിവിൽ സർവീസ് അർഹതപ്പെട്ടവരുടെ കൈകളിലെത്തിയതും ഒരു കാലത്ത് നായന്മാരും പരദേശി ബ്രാഹ്മണരും മാ­ത്രം കയ്യടക്കിവച്ചിരുന്ന സർക്കാരുദ്യോ­ഗം ഈഴവാദി പിന്നാക്കക്കാർക്കും പട്ടികജാതി പട്ടിക വർഗക്കാർക്കുമൊക്കെ കരഗതമായതും വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടി നടന്ന ദീർഘവും ത്യാഗോജ്ജ്വലവുമായ പോരാട്ടങ്ങളുടെ ഫലമായാണ്. മഹാരാജാവിന്റെ ഇഷ്ടമനുസരിച്ച് ഉന്നത ഉദ്യോ­ഗങ്ങളിൽ നടന്ന നിയമനങ്ങളും ഉന്നതോദ്യോഗസ്ഥന്മാരുടെ ബന്ധുക്കൾക്ക് മാത്രം ലഭിച്ചിരുന്ന താഴ്ന്ന തസ്തികകളിലെ നിയമനങ്ങളുമാണ് കൊച്ചിയിലും തിരുവിതാംകൂറിലും നടന്നിരുന്നതെങ്കിൽ അതിനെയെല്ലാം മാറ്റിമറിക്കാനായത് ഇവിടെ നടന്ന പ്രക്ഷോഭങ്ങൾ മൂലമായിരുന്നു. രാജാവിനെ പ്രീതിപ്പെടുത്തുന്ന ബ്രാഹ്മണർക്കോ രാജകുടുംബവുമായി വേഴ്ചയുള്ള പ്രമാണി നായർ കുടുംബാംഗങ്ങൾക്കോ രാജകുടുംബാംഗങ്ങളുടെ ബന്ധുക്കൾക്കോ മാത്രം ലഭിച്ചിരുന്ന ഉന്നതോദ്യോഗങ്ങൾ മലയാളികൾക്ക് ലഭിക്കുന്നതിനിടയാക്കിയ, ബാരിസ്റ്റർ ജി പി പിള്ളയുടെ നേതൃത്വത്തിൽ 1891 ൽ സമർപ്പിച്ച മലയാളി മെമ്മോറിയൽ, പഠിച്ചു കഴിഞ്ഞ ഈഴവർ തുടങ്ങിയ വിഭാഗങ്ങൾക്ക് അന്യ ഗവൺമെന്റുകൾക്കു കീഴിൽ തനതായ ജോലി ലഭിച്ചിട്ടും പൊന്നു തിരുമേനിയുടെ ഗവൺമെന്റിനു കീഴിൽ അഞ്ചു രൂപ ശമ്പളമുള്ള ഒരു ചെറിയ ജോലിയെങ്കിലും ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഡോ. പൽപ്പുവിന്റെ നേതൃത്വത്തിൽ 13176 പേർ ഒപ്പിട്ട് 1896 ൽ ശ്രീമൂലം തിരുനാൾ മഹാരാജാവിനു നൽകിയ ഈഴവ മെമ്മോറിയൽ, ജനപ്രതിനിധി സഭകളിൽ പിന്നാക്കം നിൽക്കുന്ന സമുദായ വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം വേണമെന്നും അതോടൊപ്പം ഉദ്യോഗത്തിലും സംവരണം പാലിക്കണമെന്നും ആവശ്യപ്പെട്ട് എൻ വി ജോസഫ്, ടി എം വർഗീസ്, സി കേശവൻ, പി കെ കുഞ്ഞ് മുതലായവരുടെ നേതൃത്വത്തിൽ നടന്ന നിവർത്തന പ്രക്ഷോഭണം തുടങ്ങിയവ മൂലം സമൂഹത്തിലുണ്ടായ പരിവർത്തനം വളരെ വലുതാണ്. നിവർത്തന പ്രക്ഷോഭണത്തെത്തുടർന്ന് പബ്ലിക് സർവീസിൽ പ്രാതിനിധ്യമില്ലാതിരുന്ന സമുദായങ്ങൾക്ക് പ്രത്യേക സൗജന്യങ്ങൾ ഏർപ്പെടുത്തിയും കാര്യക്ഷമതയ്ക്ക് ഭംഗം വരാതിരിക്കാൻ പബ്ലിക് പരീക്ഷകൾ നടത്തിയും ഈ നിർദ്ദേശങ്ങൾ നടപ്പിലാക്കുവാൻ ഒരു പബ്ലിക് സർവീസ് കമ്മിഷനെ നിയമിക്കുകയും ചെയ്തു. ഈഴവർ, മുസ്‌ലിങ്ങൾ, ലത്തീൻ കത്തോലിക്കർ തുടങ്ങിയ അന്നത്തെ അവശ വിഭാഗങ്ങ­ൾക്ക് ജനസംഖ്യാനുപാതികമായി ലഭിക്കാവുന്നിടത്തോളം സ്ഥാനങ്ങൾ സംവരണം ചെയ്യുന്നതിന് 1935 ജൂണിൽ പബ്ലിക് സർവീസ് കമ്മിഷണറെ നിയമിച്ചതോടെ സാധിച്ചു. 1936 സെപ്റ്റംബറിൽ നിയമനചട്ടങ്ങൾക്ക് അന്തിമരൂപം നൽകിയതോടെ തിരുവിതാംകൂറിൽ സിവിൽ സർവീസിലേയ്ക്കുള്ള നിയമനങ്ങൾക്ക് ചില ക്രമീകരണങ്ങളുണ്ടായി.


ഇതും കൂടി വായിക്കാം;നവംബർ ഒന്നിന് കെഎഎസ് നിയമന ശുപാർശ: മുഖ്യമന്ത്രി


കൊച്ചിയിലും ഇക്കാലത്ത് ജനസംഖ്യാനുപാതികമായി ഉദ്യോഗം നൽകാനുള്ള ഏർപ്പാടുണ്ടാക്കിയിരുന്നു. 1936 ൽ നിയമനച്ചട്ടമുണ്ടാക്കിയ തിരുവിതാംകൂറിലും കൊച്ചിയിലും സ്വാതന്ത്ര്യത്തിനു ശേഷവും തന്നിഷ്ട നിയമനങ്ങൾ നടന്നിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗലബ്ധിക്കു മാത്രമല്ല, ഉദ്യോഗക്കയറ്റത്തിനും ശരിയായ മാനദണ്ഡങ്ങളൊന്നും അന്നുണ്ടായിരുന്നില്ല. മേലുദ്യോഗസ്ഥന്മാരുടെ പ്രീതി നേടാൻ വേണ്ടി ഏത് മോശപ്പെട്ട മാർഗവും സ്വീകരിക്കാൻ മടിയില്ലാത്തവരുണ്ടായിരുന്നു. ഉദ്യോഗക്കയറ്റത്തിന് വഴിവിട്ട പ്രവർത്തനങ്ങൾ നടത്തുകയും മേലുദ്യോഗസ്ഥന്റെ ഭാര്യയെ പ്രീണിപ്പിക്കുകയും ചെയ്യുന്ന രീതിയും നിലവിലുണ്ടായിരുന്നു. മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായ മലബാർ, സ്വാതന്ത്ര്യ സമരത്തിലൂടെയും ട്രേഡ് യൂണിയൻ കർഷക പ്രസ്ഥാനങ്ങളിലൂടെയും അധ്യാപക-സമരങ്ങളിലൂടെയും വളരെ ഉയർന്ന രാഷ്ട്രീയ വിതാനങ്ങളിലെത്തിയിരുന്നു. 1947 സെപ്റ്റംബർ അഞ്ചിന് തിരുവിതാംകൂറിൽ കെ വി സുരേന്ദ്രനാഥിന്റെ മുൻകയ്യിൽ സർക്കാർ ജീവനക്കാർ സംഘടിക്കാൻ തുടങ്ങിയതിന് ശേഷമാണ് സിവിൽ സർവീസിൽ അവകാശ സമരങ്ങൾക്ക് തുടക്കമായത്. സ്വാതന്ത്ര്യലബ്ധിക്കു ശേഷം കേരള സംസ്ഥാന രൂപീകരണം വരെയുള്ള കാലഘട്ടങ്ങളിൽ നിലവിലിരുന്ന ജനകീയ സർക്കാരുകളുടെ കാലത്തും കടുത്ത അവഗണനയാണ് ജീവനക്കാർ നേരിട്ടത്.

 

കേന്ദ്രസർക്കാർ ജീവനക്കാർക്ക് ക്ഷാമബത്തയും ശമ്പളകമ്മിഷൻ നിയമനവുമെല്ലാം ഇതിനിടയ്ക്ക് നടന്നു. മദ്രാസ് സംസ്ഥാനത്തെ ജീവനക്കാർ കേന്ദ്രസർക്കാർ ജീവനക്കാർക്ക് ലഭിച്ച എക്‌സ്‌ചേഞ്ച് കോമ്പൻസേഷൻ അലവൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്കു വേണ്ടി 1947 ഡിസംബർ 15 മുതൽ ഏഴ് ദിവസം പണിമുടക്കി. തിരുവിതാംകൂറിലും സമരങ്ങൾ നടന്നു. അഞ്ചൽ എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ ജീവനക്കാർ മെച്ചപ്പെട്ട വേതനത്തിനു വേണ്ടി 1947 ഡിസംബർ മുതൽ 145 ദിവസം പണിമുടക്കി. കടുത്ത ശിക്ഷണ നടപടികളും ക്രൂരമായ പൊലീസ് മർദ്ദനവും പിരിച്ചുവിടലുമായിരുന്നു പ്രതിഫലം. 1954 ൽ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ഡിപ്പാർട്ടുമെന്റ് സർക്കാർ വകുപ്പായിരുന്ന കാലത്ത് ജീവനക്കാർ നടത്തിയ പണിമുടക്കവും അതിനെ സർക്കാർ ക്രൂരമായി നേരിട്ടതും കേരളത്തിലെ ജീവനക്കാർ ഒരിക്കലും മറക്കാൻ പാടില്ലാത്തതാണ്. രാഷ്ട്രീയ — സാമൂഹ്യ രംഗങ്ങളിൽ ആ സമരം വലിയ കോളിളക്കം സൃഷ്ടിച്ചു. മ്യൂസിയം ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചതിനെതിരെ 155 ദിവസം സമരം നടന്നതും ഈ കാലഘട്ടത്തിലാണ്. (അവസാനിക്കുന്നില്ല)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.