22 December 2024, Sunday
KSFE Galaxy Chits Banner 2

യാഥാര്‍ത്ഥ്യമാകുന്നത് പ്രാപ്തരായ രണ്ടാംനിര ഉദ്യോ­ഗസ്ഥ മേധാവികൾ എന്ന സ്വപ്നം

എസ് വിജയകുമാരന്‍ നായര്‍
കേരള പിഎസ്‌സി അംഗം
November 6, 2021 5:15 am

കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം 1957 ൽ ജനകീയ സർക്കാർ നിലവിൽ വന്നതോടെയാണ് സർക്കാർ ജീവനക്കാർക്ക് സംഘടനാ സ്വാതന്ത്ര്യമനുവദിച്ചതും മുൻ സർക്കാർ ശിക്ഷണനടപടിയുടെ ഭാഗമായി പിരിച്ചുവിട്ടവരെ സർവീസിൽ പ്രവേശിപ്പിച്ചതും മാന്യമായ വേതനമുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഉറപ്പു വരുത്തിയതും. തിരുവിതാംകൂറിലെയും കൊച്ചിയിലെയും മലബാറിലെയും സർവീസുകൾ സംയോജിപ്പിക്കുന്നതിന് കേന്ദ്ര ആഭ്യന്തര ഡെപ്യൂട്ടി സെക്രട്ടറി ചാറ്റർജി ചെയർമാനും ചീഫ്‌സെക്രട്ടറി എന്‍ ഇ എസ് രാഘവാചാരി അംഗവുമായ സമിതിയെ നിയമിച്ചതും ആ സർക്കാരാണ്. ജീവനക്കാരുടെ നിയമനത്തിന് മെരിറ്റും സാമൂഹ്യനീതിയും ഉറപ്പാക്കിക്കൊണ്ടുള്ള വ്യവസ്ഥകളുണ്ടായി. കെഎസ്ആറും കെഎസ് ആന്റ് എസ്എസ്ആറും കെഇആറും കെസിഎസ് ചട്ടങ്ങളും വിവിധ വകുപ്പുകൾക്ക് പ്രത്യേകം ചട്ടങ്ങളും വിശേഷാൽ ചട്ടങ്ങളും മാനുവലുകളും കോഡുകളും ഒക്കെയുണ്ടായി. കൂടുതൽ വകുപ്പുകൾ, ഓഫീസുകൾ, ജീവനക്കാർ, അധ്യാപകർ, സ്‌കൂളുകൾ, ആശുപത്രികൾ, പൊലീസ് ഉൾപ്പെടെയുള്ള സേനാവിഭാഗങ്ങൾ, 11 ശമ്പളപരിഷ്‌കരണങ്ങൾ, പ്രൊമോഷനുകൾ, ഗ്രേഡുകൾ, ആശ്രിതനിയമനം, ക്ഷാമബത്ത, ഉത്സവബത്ത, അവധിയാത്രാനുകൂല്യം വിവിധ തരം അവധികൾ, ലീവ് സറണ്ടർ, ടെർമിനൽ സറണ്ടർ, അന്യത്ര സേവനം, പെന്‍ഷന്‍ തുടങ്ങി നിരവധി ആനൂകൂല്യങ്ങൾ ലഭിച്ചു. ഒട്ടുമിക്ക ആനുകൂല്യങ്ങളും വലിയ പോരാട്ടങ്ങളുടെ ഫലമായി നേടിയെടുത്തവയാണെന്ന് സമ്മതിക്കുമ്പോഴും ആ നേട്ടത്തിനാനുപാതികമായ സേവനം സാമാന്യ ജനത്തിന് ലഭിക്കുന്നില്ല എന്ന പരാതി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.

കൈക്കൂലി, സേവനം വൈകിപ്പിക്കൽ, ന്യായമായ അവകാശങ്ങൾ നിഷേധിക്കൽ, നിയമങ്ങളും ചട്ടങ്ങളും ദുർവ്യാഖ്യാനം ചെയ്ത് സാധാരണക്കാർക്ക് നീതി വൈകിപ്പിക്കുകയോ നിഷേധിക്കുകയോ ചെയ്യുക, ഭരണതലത്തിലെ ശ്രേണീബദ്ധമായ തട്ടുകളിലെ അലംഭാവത്താൽ കാലതാമസമുണ്ടാക്കുക, അപേക്ഷകൾ അവഗണിക്കുക, സർക്കാർ ഫണ്ട് ദുർവിനിയോഗം ചെയ്യുക, പ്രളയഫണ്ട് ഉൾപ്പെടെയുള്ള ദുരിതാശ്വാസഫണ്ട് തിരിമറി നടത്തുക, സർക്കാർ പദ്ധതികൾ നടപ്പിലാക്കുന്നതിൽ കാലതാമസം വരുത്തുക, തുടങ്ങിയ ജനവിരുദ്ധമായ കാര്യങ്ങൾ നടത്തുന്നവർ ചെറിയൊരു ശതമാനമാണെങ്കിലും സർക്കാർ സർവീസിന് പൊതുവായ അവമതിപ്പുണ്ടാക്കുന്നതിന് അവർ കാരണക്കാരാകുന്നു. ഇവരെയൊന്നും നിയന്ത്രിക്കുന്നതിനോ തിരുത്തുന്നതിനോ കുറ്റക്കാരെന്ന് ബോധ്യമുള്ളവർക്കെതിരെ ലഘുവായ ശിക്ഷണ നടപടിയെങ്കിലും സ്വീകരിക്കുന്നതിനോ നിയമമുണ്ടെങ്കിലും മേലുദ്യോഗസ്ഥർക്ക് കഴിയാറില്ല. അഥവാ പല വകുപ്പുമേധാവികളും ഇക്കാര്യങ്ങളിൽ ഇടപെടാറുമില്ല. പല ഓഫീസുകളിലും ക്ലാർക്ക് ഭരണം മൂലമോ മേലുദ്യോഗസ്ഥൻ ഉൾപ്പെട്ട അവിശുദ്ധ സഖ്യം മൂലമോ ഇത്തരം കൊള്ളരുതായ്മകൾ വളരാൻ കാരണമാകുന്നുമുണ്ട്. ജീവനക്കാരുടെ സേവന‑വേതന വ്യവസ്ഥകളിലും മേലുദ്യോഗസ്ഥരുടെ പിടിപ്പുകേടു കൊണ്ട് യഥാസമയം തീരുമാനമെടുക്കാനാവാത്ത സ്ഥിതിയുണ്ട്.


ഇതും കൂടി വായിക്കാം:കേരള മോഡലിന് കരുത്തു പകരാൻ കെഎഎസ്


വിശേഷാൽ ചട്ടങ്ങൾ രൂപീകരിക്കുന്നതിന് നടപടി സ്വീകരിക്കാതിരിക്കുക, വകുപ്പുതല പ്രൊമോഷൻ കമ്മിറ്റികൾ യഥാസമയം ചേരുന്നതിനാവശ്യമായ രേഖകൾ തയാറാക്കി നൽകാതിരിക്കുക, പൊതുസ്ഥലംമാറ്റങ്ങളിലെ മാനദണ്ഡങ്ങൾ ലംഘിക്കുന്നതിന് കൂട്ടുനിൽക്കുക, ഓഫീസുകളിൽ ജീവനക്കാരുടെ യോഗം വിളിച്ചു ചേർത്ത് സ്വന്തം വകുപ്പ് ജനസൗഹൃദമാക്കുന്നതിനാവശ്യമായ ഇടപെടൽ നടത്താതിരിക്കുക, ജീവനക്കാരുടെ ആവലാതികളോട് മുഖംതിരിക്കുക തുടങ്ങി കെടുകാര്യസ്ഥതയുടെ ഉദാഹരണങ്ങളായ മേലുദ്യോഗസ്ഥർ ധാരാളമാണ്. ഒന്നും ചെയ്തില്ലെങ്കിലും തങ്ങൾക്ക് കാലാകാലങ്ങളിൽ സ്ഥാനക്കയറ്റം ലഭിച്ച് ഉന്നത സ്ഥാനങ്ങളിലെത്തും എന്ന ഉറപ്പുള്ളതുകൊണ്ടാണ് പലരും ഇത്തരം സമീപനം തുടരുന്നത്. സംസ്ഥാനത്തിന്റെ സാമൂഹ്യപുരോഗതിയിൽ സിവിൽ സർവീസ് വഹിച്ചപങ്ക് വളരെ വലുതായിരുന്നുവെന്ന് വിലയിരുത്തുമ്പോൾ തന്നെ, മൺമറഞ്ഞ കൊളോണിയൽ സംസ്‌കാരത്തിന്റെ മുഷിഞ്ഞ മുഖവുമായി നിന്നിരുന്ന സിവിൽ സർവീസിന് ജനഹിതമറിഞ്ഞ് പ്രവർത്തിക്കാൻ കഴിഞ്ഞില്ല എന്നത് തിരിച്ചറിഞ്ഞ സർക്കാരുകളെല്ലാം സിവിൽ സർവീസ് പരിഷ്‌കരണമെന്ന ആശയവുമായി മുന്നോട്ടു പോകുകയുണ്ടായി.

1957 ൽ ഇഎംഎസ് ചെയർമാനായ ഭരണപരിഷ്‌കാര കമ്മിഷനും 1965 ൽ എം കെ വെള്ളോടി ചെയർമാനായ കമ്മിഷനും 1967 ൽ ആർ ശങ്കരനാരായണൻ തമ്പി ചെയർമാനും സർവീസ് സംഘടനാ പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ അംഗങ്ങളുമായ റൂൾസ് റിവിഷൻ കമ്മിറ്റിയും സിവിൽ സർവീസ് പരിഷ്‌കരിക്കുന്നതിനും ജനകീയമാക്കുന്നതിനും നിരവധി നിർദ്ദേശങ്ങൾ സമർപ്പിച്ചു. 1969 മുതൽ 1977 വരെ അധികാരത്തിലിരുന്ന സി അച്യുതമേനോന്റെ നേതൃത്വത്തിലുള്ള സർക്കാർ ആവിഷ്‌കരിച്ചു നടപ്പാക്കിയ ജനക്ഷേമപദ്ധതികളുടെ ഭാഗമായി സിവിൽ സർവീസ് വലിയ വളർച്ച കൈവരിച്ചു. രണ്ടു ലക്ഷമായിരുന്ന സിവിൽ സർവീസിന്റെ അംഗബലം അ­ക്കാലത്ത് ഇരട്ടിയിലേറെ വർധിച്ചു. 1997ൽ ഇ കെ നായനാർ ചെയർമാനായുള്ള ഭരണപരിഷ്‌കാര കമ്മിഷനും ഏറ്റവുമൊടുവിൽ 2016 ൽ വി എസ് അച്യുതാനന്ദൻ ചെയർമാനായ കമ്മിഷനും സിവിൽ സർവീസ്, അഴിമതി മുക്തവും ജനപക്ഷവും ആക്കുന്നതിനുള്ള നിരവധി നിർദ്ദേശങ്ങൾ സമർപ്പിച്ചു. നിയമങ്ങളിലും ചട്ടങ്ങളിലും കാലോചിതമായ പരിഷ്‌കരണങ്ങൾ നടത്തി അഴിമതി അവസാനിപ്പിക്കുന്നതിനുള്ള ക്രിയാത്മകമായ നിരവധി നിർദ്ദേശങ്ങൾ സമർപ്പിച്ചു. ഉദ്യോഗസ്ഥ സംവിധാനം ഉടച്ചുവാർക്കുന്നതിനും ജീവനക്കാരെ ശാസ്ത്രീയമായി പുനർവിന്യസിക്കുന്നതിനും കഴിയുന്ന തരത്തിലുള്ള നിർദ്ദേശങ്ങളും ധാരാളമായുണ്ടായി. ഡിപ്പാർട്ടുമെന്റുകളുടെ അശാസ്ത്രീയമായ ഘടനയും അപ്രമാദിത്വവും പലപ്പോഴും ഇത്തരം നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനും പദ്ധതികളുടെ നടത്തിപ്പിനും വിഘാതമായിനിന്നു. ഒരേ ലക്ഷ്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന വിവിധ വിഭാഗങ്ങൾ പരസ്പര ധാരണയില്ലാതെ പ്രവർത്തിക്കുന്ന സാഹചര്യവും നിലനിൽക്കുന്നു. നിലവിൽ ജില്ലാതലത്തിൽ തീരുമാനങ്ങളെടുക്കാനും നടപ്പാക്കാനുമുള്ള സാധ്യതകൾ വിരളമാണ്.


ഇതും കൂടി വായിക്കാം:കെഎഎസ് ഇരട്ട സംവരണം സർക്കാരിന്റെ നയപരമായ തീരുമാനം, നടപ്പാക്കാൻ അധികാരമുണ്ട്: കേരളം


ഭരണപരവും നയപരവുമായ വിഷയങ്ങളിൽ, സംസ്ഥാനതലത്തിൽ വിവിധ തട്ടുകളിലായി അധികാരം കയ്യാളുന്നതുകൊണ്ടുണ്ടാകുന്ന കാലതാമസവും ദുർവ്യയവും മറ്റൊരു തടസമാണ്. ഇതിനുള്ള ഏക പോംവഴി അധികാരവും ഇച്ഛാശക്തിയുമുള്ള ഉദ്യോ­ഗസ്ഥന്റെ സേ­വനം ജില്ലാതലത്തിൽ ഉറപ്പാക്കു­കയും നയപരമായ വിഷയങ്ങളിലൊഴികെ തീരുമാ­ന­ങ്ങൾ ജില്ലാ തലത്തിൽ തന്നെ കൈ­ക്കൊ­ള്ളാ­നുള്ള സാഹചര്യ­മൊരുക്കുകയുമാണ്. പക്ഷേ ഇത്തരം മാറ്റങ്ങൾക്ക് ആര് നേതൃത്വം കൊടുക്കുമെന്നതായിരുന്നു കേരളത്തിലെ സിവിൽ സർവീസ് നേരിട്ട ഏറ്റവും വലിയ പ്രശ്‌നം. കാ­ര്യശേഷിയുള്ള മധ്യനിര ഓഫീസർമാരുടെ കുറവ് ജില്ലാതലത്തിൽ കാര്യക്ഷമത ഉറപ്പാക്കാൻ കഴി­യാത്ത സാഹചര്യം സൃഷ്ടിച്ചിരുന്നു. സെക്രട്ടേറിയറ്റ് — ഡയറക്ടറേറ്റ് സംവിധാനങ്ങൾ തനിയാവർത്ത­നങ്ങളായതു കൊണ്ടു തന്നെ അവിടെയും കാലതാമ­സമാണ് ഫലം. ഇവിടെയാണ് കേരളം പതിറ്റാണ്ടു­ക­ളായി നടപ്പിലാക്കാനാഗ്രഹിച്ച കേരള അഡ്മിനി­സ്‌ട്രേറ്റീവ് സർവീസ് യാഥാർത്ഥ്യമാകുന്നതിന്റെ പ്രസക്തി. ഭരണപരിഷ്‌കാര കമ്മിഷനുകൾ പല­പ്പോഴും ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും നടപ്പിലാ­ക്കാ­നുള്ള ഇച്ഛാശക്തി സർക്കാരുകൾക്കുണ്ടായില്ല. കഴിഞ്ഞ ഇടതുപക്ഷ സർക്കാർ കെഎഎസ് നട­പ്പിലാക്കുമെന്ന് വാഗ്ദാനം നൽകുകയും അതിനുള്ള നടപടികളുമായി മുന്നോട്ടു പോകുകയും ചെയ്തു.

സർവീസ് സംഘടനകളുമായി പലതവണ ചർച്ച നടത്തി. കെഎഎസ് രൂപീകരണത്തിനുള്ള വി­ശേ­ഷാൽ ചട്ടം രൂപീകരണം മുതൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതുവരെയുള്ള നടപടിക്രമങ്ങൾ വളരെ വേഗത്തിൽ കൃത്യതയോടെ നടപ്പാക്കു­ന്നതിൽ കേരള പബ്ലിക് സർവീസ് കമ്മി­ഷൻ അഭിമാനകരമായ നേട്ടമാണ് കൈവരിച്ചത്. 2019 ലെ കേരളപ്പിറവി ദിനത്തിൽ പുറപ്പെടുവിച്ച കെഎഎസ് വിജ്ഞാപനത്തിനു ശേഷമുണ്ടായ കോവിഡ് പ്രതിസന്ധികളെയെല്ലാം നിശ്ചയദാർ­ഢ്യ­ത്തോടെ അതിജീവിച്ചാണ് 2021ലെ കേരള­പ്പിറവി ദിനത്തിൽ, മൂന്ന് സ്ട്രീമുകളിലായി റിപ്പോർട്ട് ചെയ്യപ്പെട്ട 105 ഒഴിവുകളിലേക്ക് മെരിറ്റിന്റെയും സാമൂഹ്യനീതിയുടെയും അടിസ്ഥാനത്തിൽ നിയമ­ന ശുപാർശ നൽകാൻ കേരള പബ്ലിക് സർവീസ് കമ്മിഷന് കഴിഞ്ഞത്. നിയമനം ലഭിച്ചശേഷമുള്ള വിദഗ്ധ പരിശീലനം കഴിയുന്നതോടെ കേരളത്തി­ന്റെ ഭരണ നിർവഹണരംഗത്തെ കൂടുതൽ കാര്യ­ക്ഷമമാക്കുന്നതിന് പ്രാപ്തരായ രണ്ടാംനിര ഉദ്യോ­ഗസ്ഥ മേധാവികൾ എന്ന സ്വപ്നം യാഥാർ­ത്ഥ്യ­മാകുകയാണ്. ഇതോടെ കേരളത്തിലെ സിവിൽ സർവീസ് രംഗത്ത് പതിറ്റാണ്ടുകളായി വിമർശന­വിധേയമായിരുന്ന കാര്യക്ഷമതാരാഹിത്യത്തിനും ജനവിരുദ്ധതയ്ക്കും കെടുകാര്യസ്ഥതയ്ക്കും വലിയ തോതിൽ പരിഹാരമാകും എന്ന പ്രതീക്ഷ­യി­ലാണ് കേരളം. (അവസാനിച്ചു)

ENGLISH SUMMARY: janayu­gom arti­cle about The dream of capa­ble sec­ond-rate bureau­crats is com­ing true

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.