ഇന്ത്യയുടെ രണ്ട് അയല്‍ രാജ്യങ്ങളായ പാകിസ്ഥാനും ശ്രീലങ്കയും രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണ്. നിലവിലുണ്ടായിരുന്ന ഇമ്രാന്‍ഖാന്‍ മന്ത്രിസഭയ്ക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിനനുകൂലമായി ഭരണസഖ്യത്തിലെ ഘടക പാര്‍ട്ടികളും നിലപാടെടുത്തതാണ് പാകിസ്ഥാനില്‍ പ്രതിസന്ധിക്കു കാരണമായത്. എന്നാല്‍ കുടുംബവാഴ്ചയും ആസൂത്രണമില്ലാത്തതും ദ്രുതവേഗത്തിലുമുള്ള സാമ്പത്തിക നടപടികളുമാണ് ശ്രീലങ്കയുടെ പ്രതിസന്ധിക്കു കാരണമായത്. മറ്റൊരു അയല്‍ രാജ്യമായ മ്യാന്മറും ശ്രീലങ്കയുടെ വഴിയിലേയ്ക്ക് നീങ്ങുന്നുവെന്ന് വേണം അനുമാനിക്കുവാന്‍. ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചതുമുതല്‍ രാഷ്ട്രീയ സാമൂഹ്യ പ്രതിസന്ധിയിലാണ് മ്യാന്മര്‍. 2021 ഫെബ്രുവരി ഒന്നിനാണ് മ്യാന്മറില്‍ സൈനിക അട്ടിമറിയുണ്ടായത്. ജനാധിപത്യ പ്രക്രിയയ്ക്കുവേണ്ടി നീണ്ടകാലം പോരാട്ടം നടത്തിയ ദേശീയനേതാവും സമാധാനത്തിനുള്ള നൊബേൽ ജേതാവുമായ ഓങ് സാൻ സൂചി, പ്രസിഡന്റ് വിൻ മയന്റ് ഉള്‍പ്പെടെയുള്ളവരെ തടങ്കലിലാക്കിയാണ് സൈന്യം ഭരണം പിടിച്ചത്.
സൈനിക ഭരണവും സ്വേച്ഛാധിപത്യവാഴ്ചയും വീണ്ടും ജനാധിപത്യ പുനഃസ്ഥാപനവുമൊക്കെയായി ബര്‍മയെന്ന് പഴയ പേരിലും മ്യാന്മറെന്ന് പുതിയ പേരിലും അറിയപ്പെട്ടിരുന്ന രാജ്യം അസ്വസ്ഥതയുടെയും അശാന്തിയുടെയും തീരമായിരുന്നു എക്കാലവും. 1948ല്‍ സ്വതന്ത്ര റിപ്പബ്ലിക്കായി മാറിയെങ്കിലും 1962ൽ അട്ടിമറിയിലൂടെ ഭരണം സൈന്യത്തിന്റെ നിയന്ത്രണത്തിലായി. ആ ഒരു സാഹചര്യത്തില്‍ ജനാധിപത്യപരമായ തെരഞ്ഞെടുപ്പിനും ബഹുകക്ഷി സമ്പ്രദായത്തിനും വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ വ്യാപകമായി. അതോടൊപ്പംതന്നെ വിഘടനവാദ സംഘടനകളും ശക്തിയാര്‍ജിച്ചു. ആഭ്യന്തര യുദ്ധത്തിനും രാജ്യം സാക്ഷ്യം വഹിച്ചു. പ്രാദേശിക വൈരുധ്യങ്ങളും സൈനിക ശക്തിയും ജനാധിപത്യകാംക്ഷികളും ഗോത്ര — തദ്ദേശീയ വിഭാഗങ്ങളും തമ്മിലുള്ള സംഘർഷങ്ങളുമാണ് ആഭ്യന്തര യുദ്ധങ്ങൾക്ക് കാരണമായത്. ഇതിനിടയിലും ജനാധിപത്യത്തിനുവേണ്ടിയുള്ള പോരാട്ടം ശക്തിയാര്‍ജിച്ചുവന്ന ഘട്ടത്തിലാണ് ഓങ് സാൻ സൂചിയെന്ന വനിത മ്യാന്മറിന്റെ നേതാവാകുകയും അതുവഴി ലോകത്തിന്റെ ശ്രദ്ധാകേന്ദ്രവുമായി മാറുന്നത്. ദശകങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ 2008ലാണ് വീണ്ടും മ്യാന്മര്‍ എന്ന ഇന്ത്യയുടെ അയല്‍രാജ്യത്ത് ജനാധിപത്യം അംഗീകരിക്കപ്പെടുന്നത്.
ജനാധിപത്യ പരിവര്‍ത്തന പ്രക്രിയ യാഥാര്‍ത്ഥ്യമാക്കുന്നതിനിടെ അധികാരത്തിലുണ്ടായിരുന്ന സൈനിക ശക്തികള്‍ ചില കുബുദ്ധികള്‍ പ്രയോഗിച്ചിരുന്നു. പാര്‍ലമെന്റിലെ അംഗസംഖ്യയില്‍ 25 ശതമാനം തെരഞ്ഞെടുക്കപ്പെടാതെ തന്നെ സൈന്യത്തിനായി സംവരണം ചെയ്യണമെന്നും പ്രതിരോധം, ആഭ്യന്തരം എന്നീ മന്ത്രാലയങ്ങളുടെ നിയന്ത്രണം സൈന്യത്തിനായിരിക്കണമെന്നുമുള്ള ഉപാധിയായിരുന്നു അത്. 2008 ല്‍ ജനാധിപത്യഭരണഘടന അംഗീകരിക്കപ്പെട്ടുവെങ്കിലും 2010ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സൈന്യത്തിന്റെ പിന്‍ബലമുള്ള യൂണിയൻ സോളിഡാരിറ്റി ആന്റ് ഡെവലപ്മെന്റ് പാർട്ടിയാണ് അധികാരത്തിലെത്തിയത്. സൂചിയുടെ നേതൃത്വത്തിലുള്ള നാഷണൽ ലീഗ് ഫോർ ഡെമോക്രസി (എൻഎൽഡി) ആ തെരഞ്ഞെടുപ്പിന്റെ ഭാഗമായിരുന്നില്ല. 2012ൽ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എൻഎൽഡി മത്സരിക്കുവാന്‍ തുടങ്ങുകയും 2015ലെ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തുകയും ചെയ്തു. എന്നാല്‍ ജനാധിപത്യം സ്ഥാപിതമായെങ്കിലും ഭരണഘടനാനുസൃതമായ നിബന്ധനകള്‍ കാരണം ഭരണത്തിലും നയരൂപീകരണത്തിലും സൈന്യത്തിന് നിര്‍ണായക സ്വാധീനമുണ്ടായി. അതുകൊണ്ടുതന്നെ ഭരണവും സൈന്യവും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ മ്യാന്മര്‍ ഭരണത്തില്‍ പതിവായി. ജനാധിപത്യ പ്രക്ഷോഭത്തിന്റെ മുന്നണിപോരാളിയായിരുന്ന ഓങ് സാൻ സൂചിയെ സാങ്കേതികകാരണങ്ങള്‍ ഉന്നയിച്ച് അധികാരത്തില്‍ നിന്ന് പുറത്തുനിര്‍ത്തിയത് അതിന്റെ നിരവധി ഉദാഹരണങ്ങളില്‍ ഒന്നായിരുന്നു.
അഞ്ചുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കി 2020ല്‍ വീണ്ടും രാജ്യം തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചപ്പോഴും എൻഎൽഡി അധികാരം നിലനിര്‍ത്തി. എന്നാല്‍ ക്രമക്കേട് ആരോപിച്ച് സൈന്യം രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ക്രമക്കേട് ആരോപണം തള്ളിയെങ്കിലും അതിന്റെ പേരില്‍ സൈന്യം ഭരണത്തില്‍ നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. അതിന്റെ ഒടുവിലാണ് കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലെ അട്ടിമറി നടന്നത്. ജനാധിപത്യം അട്ടിമറിക്കപ്പെടുക മാത്രമല്ല അതോടെ രാജ്യത്ത് സംഭവിച്ചത്. കടുത്ത മനുഷ്യാവകാശലംഘനങ്ങളും പട്ടിണിയും പലായനവും നിരന്തര വാര്‍ത്തകളായി മ്യാന്മറില്‍ നിന്ന് പുറത്തുവന്നുകൊണ്ടിരുന്നു. മാര്‍ച്ചില്‍ ഐക്യരാഷ്ട്രസഭ(യുഎന്‍)യുടെ മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തില്‍ ഹൈകമ്മിഷണര്‍ മിഷെല്‍ ബാഷ്‌ലെ മ്യാന്മറിന്റെ സമകാലിക സാമൂഹ്യാവസ്ഥയെ പരാമര്‍ശിക്കുകയുണ്ടായി. അവിടെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നതെന്നും സമ്പദ്ഘടന തകര്‍ച്ചയിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒന്നരക്കോടിയോളം മനുഷ്യര്‍ ദുരിതത്തിലാണെന്നും വരുംമാസങ്ങളില്‍ ഭക്ഷ്യക്ഷാമം രൂക്ഷമാകുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്കുകയുണ്ടായി. സൈനിക അട്ടിമറി നടന്നതിനുശേഷം രാജ്യത്ത് ജനാധിപത്യ പുനഃസ്ഥാപനത്തിനുവേണ്ടിയും മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെയും വന്‍ പ്രതിഷേധങ്ങളാണ് തുടരുന്നത്. ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം സമാധാനപരമായി നടന്ന പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്തുന്നതിനായി നടത്തിയ സൈനിക നടപടികളില്‍ ഇതുവരെയായി 1800ലധികം പേര്‍ മരിച്ചിട്ടുണ്ട്. അതില്‍ 400 ഓളം (20 ശതമാനത്തിലധികം) മരണവും സൈന്യത്തിന്റെ കസ്റ്റഡിയിലാണ് നടന്നതെന്ന് മിഷെല്‍ ബാഷ്‌ലെ സമ്മതിച്ചിട്ടുണ്ട്. 2021 ഫെബ്രുവരിക്കുശേഷം അരലക്ഷത്തിലധികം പേര്‍ക്കെങ്കിലും വീടുവിട്ടുപോകേണ്ടിവന്നിട്ടുണ്ട്. 15,000ത്തിലധികം പേര്‍ രാജ്യത്തുനിന്നുതന്നെ പലായനം ചെയ്തു. അന്താരാഷ്ട്ര മനുഷ്യാവകാശ — മാനുഷിക നിയമങ്ങളെല്ലാം ലംഘിച്ചുള്ള നടപടികളാണ് രാജ്യത്ത് ഉണ്ടാകുന്നതെന്ന് ഐക്യരാഷ്ട്രസഭ കുറ്റപ്പെടുത്തിയിരുന്നു.
സാമ്പത്തിക, വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക സംരക്ഷണ സംവിധാനങ്ങളെല്ലാം തകര്‍ന്ന നിലയിലാണെന്ന് ഐക്യരാഷ്ട്രസഭ നേരത്തെ തന്നെ മ്യാന്മറിനെ കുറിച്ച് വിലയിരുത്തിയിരുന്നു. അമൂല്യമായ വികസന നേട്ടങ്ങളും നശിപ്പിക്കപ്പെട്ടതോടെ, രാജ്യം തകർച്ചയുടെ വക്കിലാണെന്നായിരുന്നു രണ്ടുമാസങ്ങള്‍ക്ക് മുമ്പ് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗം അഭിപ്രായപ്പെട്ടത്. 15000ത്തിലധികം പേരെയാണ് ഒരുവര്‍ഷത്തിനിടെ രാജ്യത്തെ സൈനിക ഭരണകൂടം തടവിലിട്ടത്. ഇതില്‍ 10000ത്തോളം പേര്‍ ഇപ്പോഴും തടവില്‍ കഴിയുകയാണ്. 240 കുട്ടികളെയെങ്കിലും സൈന്യം തടവിലിട്ടുവെന്ന് യുഎന്‍ കണ്ടെത്തുകയുണ്ടായി.ഈയൊരു പശ്ചാത്തലം നിലവിലിരിക്കെയാണ് സാമ്പത്തിക ഘടനയില്‍ വന്‍ പ്രത്യാഘാതവും ഒരു പക്ഷേ ശ്രീലങ്കയിലേതിനു സമാനമായ സാഹചര്യവും സൃഷ്ടിച്ചേക്കാവുന്ന നടപടി കഴിഞ്ഞ ദിവസമുണ്ടായിരിക്കുന്നത്. വിദേശ നാണയങ്ങള്‍ രാജ്യത്തിന്റെ നാണയമായ ക്യാറ്റിലേയ്ക്ക് മാറ്റണമെന്ന നിര്‍ദേശമാണ് ഭരണകൂടം നല്കിയിരിക്കുന്നത്. വ്യക്തികളും സ്ഥാപനങ്ങളും അവര്‍ക്കു ലഭിക്കുന്ന വിദേശ നാണയങ്ങള്‍ രാജ്യത്തിന്റെ നാണയത്തിലേയ്ക്ക് മാറ്റണം.
നിക്ഷേപം, കയറ്റുമതി എന്നിങ്ങനെ വിവിധയിനങ്ങളില്‍ ലഭിക്കുന്ന വരുമാനം രാജ്യത്തിന്റെ നാണയത്തിലേയ്ക്ക് മാറ്റണം. ഈ നിര്‍ദേശം ലംഘിക്കുന്നവര്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഈ നിര്‍ദേശം പക്ഷേ രാജ്യത്തിന്റെ വിദേശനാണയസമാഹരണത്തെ ബാധിക്കുമെന്ന ആശങ്ക ഇതിനകം സാമ്പത്തിക വിദഗ്ധര്‍ ഉയര്‍ത്തിയിട്ടുണ്ട്. രാജ്യത്തിന്റെ സ്വന്തം കറന്‍സിയുടെ മൂല്യശോഷണത്തെ തുടര്‍ന്ന് നാണയപ്പെരുപ്പവും വിലക്കയറ്റവും രൂക്ഷമായ സാഹചര്യം മ്യാന്മറില്‍ നേരത്തെതന്നെ സംജാതമായിരുന്നു. അതിന്റെ കൂടെ വിദേശ നാണയശോഷണം കൂടി സംഭവിച്ചാല്‍ അതുണ്ടാക്കുന്ന പ്രത്യാഘാതം അതീവഗുരുതരമായിരിക്കും. ശ്രീലങ്കയുടെ അനുഭവം അതാണ് വ്യക്തമാക്കുന്നത്. ഈ തീരുമാനം രാജ്യത്തെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് തീവ്രതയേറ്റുമെന്നാണ് കഴിഞ്ഞ ദിവസമുണ്ടായ അക്രമസംഭവങ്ങള്‍ തെളിയിക്കുന്നത്. മ്യാന്മര്‍ കേന്ദ്ര ബാങ്കിന്റെ ഡെപ്യൂട്ടി ഗവര്‍ണര്‍ തന്‍ തന്‍ സ്വേയ്ക്കാണ് വെടിയേറ്റത്. മിലിട്ടറി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സൈനിക ഭരണാധികാരികള്‍ പുറത്തുവിട്ടിട്ടില്ല. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്ന നിഗമനത്തില്‍ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുന്നതിന്റെ സൂചന കൂടിയായി ഇതിനെ കരുതാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.