റജബ് തയ്യിബ് എർദോഗൻ എന്ന തുർക്കി പ്രസിഡന്റ് ലോകരാജ്യങ്ങളിലെ കുപ്രസിദ്ധ ഭരണാധികാരികളുടെ ആദ്യപട്ടികയിൽ ഇടംപിടിച്ച വ്യക്തിയാണ്. ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ് ഡെവലപ്മെന്റ് പാർട്ടി (എകെപി) യുടെയും പ്രസിഡന്റ് എർദോഗന്റെയും നേതൃത്വത്തിൽ രാജ്യത്ത് നടപ്പിലാക്കിവരുന്ന നയങ്ങൾക്ക് നെതന്യാഹു ഉൾപ്പെടെയുള്ളവരുടെ ഭരണത്തോട് സാമ്യം ഏറെയുമാണ്. അതുകൊണ്ടുതന്നെ പ്രസ്തുത ഭരണത്തിനെതിരായ പ്രക്ഷോഭങ്ങൾ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ പതിവുമാണ്. അത്തരം പ്രക്ഷോഭങ്ങൾ അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നു എന്ന് വിലയിരുത്താവുന്ന സംഭവങ്ങളാണ് തുർക്കിയിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്.
ഇസ്താംബൂൾ മേയറും ഭരണനയങ്ങൾക്കെതിരായ വിമർശനങ്ങളുടെ നായകനുമായ എക്രെം ഇമാമോഗ്ലുവിനെ അറസ്റ്റ് ചെയ്തതിനെതിരെ ആരംഭിച്ച പ്രക്ഷോഭം രണ്ടാഴ്ചയിലധികമായി വൻ ജനപങ്കാളിത്തത്തോടെ തുടരുന്നത് അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. പ്രധാന പ്രതിപക്ഷമായ റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി (സിഎച്ച്പി) നേതാവുകൂടിയായ ഇമാമോഗ്ലുവിനെ ഭീകരബന്ധം, അഴിമതി എന്നീ കുറ്റങ്ങൾ ചാർത്തിയാണ് അറസ്റ്റ് ചെയ്തത്. വിവിധ രാജ്യങ്ങളിലെ കുർദ് വിഭാഗങ്ങളുടെ അധീനമേഖലകളുടെ സ്വയം ഭരണത്തിനായി തുർക്കിയിൽ പ്രവർത്തിക്കുന്ന നിരോധിത കുർദിഷ് വർക്കേഴ്സ് പാർട്ടിയെ പിന്തുണയ്ക്കുന്നുവെന്ന ആരോപണം നേരത്തെ തന്നെ എർദോഗനും അനുയായികളും ഇമാമോഗ്ലുവിനുമേൽ ചാർത്തിയിരുന്നു. അതിന്റെ തുടർച്ചയായാണ് അഴിമതിക്കൊപ്പം ഭീകരബന്ധവും കുറ്റമായി ചാർത്തിയത്. എന്നാൽ പ്രാഥമിക വാദത്തിനിടെ കോടതി ഭീകരബന്ധമെന്ന കുറ്റം റദ്ദാക്കുകയും അഴിമതിക്കേസിൽ അന്വേഷണ വിധേയമായി അറസ്റ്റ് ചെയ്യുന്നതിന് അനുമതി നൽകുകയുമായിരുന്നു. ആദ്യവാദത്തിനുശേഷം മാർച്ച് 23ന് അദ്ദേഹത്തെ മേയർ പദവിയിൽ നിന്ന് നിയമവിരുദ്ധമായി പുറത്താക്കുകയും ചെയ്തു.
മാർച്ച് 19നാണ് ഇമാമോഗ്ലു, മാധ്യമ പ്രവർത്തകൻ ഇസ്മയിൽ സയ്മാസ് എന്നിവരടക്കം നൂറോളം പേരെ കസ്റ്റഡിയിലെടുത്തത്. അതേദിവസംതന്നെ പ്രതിഷേധം ആരംഭിക്കുകയും ചെയ്തു. എകെപിയുടെ ദുർഭരണത്തിനും മേയറുടെ അറസ്റ്റിനുമെതിരെ രംഗത്തിറങ്ങണമെന്ന് സിഎച്ച്പിക്ക് പുറമേ തുർക്കി കമ്മ്യൂണിസ്റ്റ് പാർട്ടി (ടികെപി) ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ ആഹ്വാനം ചെയ്തതിനെ തുടർന്നായിരുന്നു പ്രതിഷേധം തുടങ്ങിയത്. മാർച്ച് 23ന് മേയർ പദവിയിൽ നിന്ന് പുറത്താക്കുക കൂടി ചെയ്തതോടെ പ്രക്ഷോഭം ഇസ്താംബൂളിന് പുറത്തേക്ക് പടർന്ന് രാജ്യവ്യാപകമാകുകയും രണ്ടാഴ്ച പിന്നിട്ട് തുടരുകയുമാണ്. വിദ്യാർത്ഥികൾ, യുവജനങ്ങൾ, മഹിളകൾ, തൊഴിലാളികൾ എന്നിങ്ങനെ ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവർ അണിനിരക്കുന്ന പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഏപ്രിൽ രണ്ടിന് വിദ്യാർത്ഥി സംഘടനകളും പ്രധാന പ്രതിപക്ഷ പാർട്ടികളും ദേശവ്യാപകമായി വ്യാപാര ബഹിഷ്കരണ ദിനമെന്ന പേരിലാണ് പ്രതിഷേധം നടത്തിയത്. ഭരണകക്ഷിയായ എകെപിയും പ്രസിഡന്റ് റജബ് തയ്യിബ് എർദോഗനുമായി ബന്ധപ്പെട്ട എല്ലാ കമ്പനികളെയും വ്യാപാര സ്ഥാപനങ്ങളെയും ബഹിഷ്കരിച്ചുകൊണ്ടായിരുന്നു ഇത് നടന്നത്.
സർക്കാരിന്റെ കോർപറേറ്റ് അനുകൂല നിലപാടുകൾക്കും ജനവിരുദ്ധ നയങ്ങൾക്കുമെതിരായ സമരമായി നിലവിൽ നടക്കുന്ന പ്രതിഷേധം മാറിക്കൊണ്ടിരിക്കുകയാണ്. വൻകിട കോർപറേറ്റുകളുടെ പിന്തുണയോടെ ഭരിക്കുന്ന സർക്കാരിന്റെ അടിച്ചമർത്തലുകൾക്കും അനീതികൾക്കുമെതിരെ മുഴുവൻ ജനങ്ങളും പോരാട്ടത്തിനിറങ്ങണമെന്നായിരുന്നു സിഎച്ച്പി ആഹ്വാനം ചെയ്തത്. നിരവധി ചെറുകിട വ്യവസായ, വാണിജ്യ സംരംഭകരും സർക്കാരിന്റെ കോർപറേറ്റ് അനുകൂല നയങ്ങൾക്കെതിരായ സമരമെന്ന നിലയിൽ പിന്തുണയുമായി രംഗത്തെത്തിയിട്ടുമുണ്ട്. കേവലം ഇസ്താംബൂളിലെ മേയറെ അറസ്റ്റ് ചെയ്തതിനെതിരായ പ്രതിഷേധം സർക്കാർ വിരുദ്ധ പോരാട്ടമായിരിക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്.
ഇമാമോഗ്ലുവിന്റെ അറസ്റ്റ് പെട്ടെന്നുള്ള തീരുമാനമായിരുന്നില്ലെന്നാണ് സാഹചര്യങ്ങൾ സൂചിപ്പിക്കുന്നത്. അറസ്റ്റിന് തലേദിവസം അദ്ദേഹത്തിന്റെ ഡിപ്ലോമ സർട്ടിഫിക്കറ്റ് സർവകലാശാല റദ്ദാക്കിയിരുന്നു. 1990ൽ വടക്കൻ സൈപ്രസിലെ സർവകലാശാലയിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ പ്രവേശനം നേടുന്നതിനായി ക്രമക്കേട് നടത്തിയെന്നാരോപിച്ചാണ് ഡിപ്ലോമ റദ്ദാക്കിയത്. പ്രസിഡന്റ് പദവിയിൽ മത്സരിക്കണമെങ്കിൽ സർവകലാശാലാ ബിരുദം നിർബന്ധമാണെന്ന വ്യവസ്ഥ നിലനിൽക്കെയായിരുന്നു ഈ നടപടിയുണ്ടായത്. അതുകൊണ്ടുതന്നെ തനിക്കെതിരെ മത്സരിക്കാനിടയുള്ള ഇമാമോഗ്ലുവിനെ അതിൽ നിന്ന് തടയുകയും എർദോഗൻ ലക്ഷ്യം വയ്ക്കുന്നുണ്ടെന്ന് തെളിയുന്നു. ഇമാമോഗ്ലുവിന്റെ അറസ്റ്റ് നിയമവിരുദ്ധമെന്ന് വിലയിരുത്തിയ കമ്മ്യൂണിസ്റ്റ് പാർട്ടി (ടികെപി) ജനങ്ങളുടെ സാർവത്രിക വോട്ടവകാശത്തെ ഇല്ലാതാക്കുന്നതിനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.
2028ലാണ് തുർക്കിയിൽ അടുത്ത പൊതുതെരഞ്ഞെടുപ്പ് നടക്കുക. ഇപ്പോൾതന്നെ വലിയ പ്രതിഷേധം നേരിടുകയും പ്രതിച്ഛായാ നഷ്ടം സംഭവിക്കുകയും ചെയ്തിരിക്കുന്ന എർദോഗൻ വീണ്ടും ജയിക്കുക പ്രയാസകരമായിരിക്കുമെന്നാണ് പൊതു വിലയിരുത്തൽ. ഈ സാഹചര്യത്തിൽ തങ്ങളുടെ ശക്തരായ എതിരാളികളെ രംഗത്തുനിന്ന് നീക്കുന്നതിനുള്ള നടപടിയാണിത് എന്നും കരുതപ്പെടുന്നു.
2019ൽ എർദോഗനെയും അദ്ദേഹത്തിന്റെ പാർട്ടിയെയും ഞെട്ടിച്ചായിരുന്നു ഇമാമോഗ്ലു രാജ്യത്തെ വൻ നഗരമായ ഇസ്താംബൂളിന്റെ മേയറായത്. കഴിഞ്ഞ വർഷം നടന്ന തെരഞ്ഞെടുപ്പിലും മികച്ച ഭൂരിപക്ഷത്തോടെ സ്ഥാനം നിലനിർത്താൻ അദ്ദേഹത്തിനായി. ഇസ്താംബൂളിൽ മാത്രമല്ല രാജ്യമാകെ അദ്ദേഹത്തിന്റെ ഭരണനയങ്ങൾ പ്രകീർത്തിക്കപ്പെടുകയും പിന്തുണയേറുകയും ചെയ്തു.
ഇമാമോഗ്ലുവിന്റെ അറസ്റ്റിനെ തുടർന്നുണ്ടായ പ്രകടനങ്ങൾ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ പ്രതിഷേധമായാണ് കണക്കാക്കപ്പെടുന്നതെന്ന് അൽ ജസീറ ഉൾപ്പെടെ ആഗോളമാധ്യമങ്ങൾ വിലയിരുത്തുന്നു. രാജ്യത്തെ 81 പ്രവിശ്യകളിൽ 55 എണ്ണത്തിലും പ്രക്ഷോഭം വ്യാപിച്ചിരിക്കുകയാണ്. പ്രതിഷേധം തടയുന്നതിനും അടിച്ചമർത്തുന്നതിനും കടുത്ത നടപടികളാണ് അധികൃതർ സ്വീകരിക്കുന്നത്. വിദേശ ബന്ധമെന്നുൾപ്പെടെ കുപ്രചരണങ്ങളും അഴിച്ചുവിടുന്നു. ആദ്യഘട്ടത്തിൽ നൂറോളം പേരെയാണ് അറസ്റ്റ് ചെയ്തിരുന്നതെങ്കിൽ പ്രതിഷേധത്തെ അടിച്ചമർത്തുന്നതിന്റെ ഭാഗമായി പിന്നീട് 200ലധികം പേരെയും അറസ്റ്റ് ചെയ്തു. ഇതിലേറെയും വിദ്യാർത്ഥികളായിരുന്നു. പലയിടങ്ങളിലും കണ്ണീർവാതകവും ജലപീരങ്കിയും ഉപയോഗിച്ച് പ്രതിഷേധക്കാരെ നേരിട്ടു. ഇത് നിരവധി പേർക്ക് പരിക്കേൽക്കുന്നതിന് കാരണമായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 2,000ത്തിലധികം പേരെ അറസ്റ്റ് ചെയ്തു. പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്കെതിരായ നടപടികളുടെ ഭാഗമായി ഏഴ് മാധ്യമപ്രവർത്തകരെയും അറസ്റ്റ് ചെയ്തു. കോടതി ഇടപെടലിനെ തുടർന്ന് മാധ്യമപ്രവർത്തകരെ പിന്നീട് വിട്ടയച്ചു.
ഇതിനിടെ റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി (സിഎച്ച്പി) ഇമാമോഗ്ലുവിനെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചുകഴിഞ്ഞു. ഇക്കാര്യത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഭിന്നാഭിപ്രായമാണ് വച്ചുപുലർത്തുന്നതെന്നാണ് ടികെപിയുടെ പ്രസ്താവന സൂചിപ്പിക്കുന്നത്. പ്രക്ഷോഭത്തിനുള്ള പിന്തുണയും പങ്കാളിത്തവും പ്രസിഡന്റ് സ്ഥാനാർത്ഥിക്കനുകൂലമായുള്ളതല്ലെന്ന് ടികെപി വ്യക്തമാക്കുന്നു. രാജ്യത്തിന്റെ നിലനില്പിനും ജനങ്ങളുടെ ശോഭനമായ ഭാവിക്കും വേണ്ടിയുള്ളത് എന്ന നിലയിലാണ് പോരാട്ടത്തെ പിന്തുണയ്ക്കുന്നത്. മതേതരത്വം, സ്വാതന്ത്ര്യം, സോഷ്യലിസം എന്നിവയ്ക്കുവേണ്ടിയാണ് ടികെപി നിലകൊള്ളുന്നതെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
പ്രക്ഷോഭത്തിനുപിന്നിൽ വിദേശ ശക്തികളാണെന്ന പ്രചരണമാണ് പ്രധാനമായും ഭരണകക്ഷി നടത്തുന്നത്. അതിനുള്ള മറുപടിയും ടികെപിയുടെ പ്രസ്താവനയിലുണ്ട്. പട്ടിണി കിടക്കേണ്ടിവരുന്ന വിരമിച്ച ജീവനക്കാർക്കും ഭാവി നഷ്ടമാകുന്ന വിദ്യാർത്ഥികൾക്കും വോട്ടവകാശം നിഷേധിക്കപ്പെടുന്ന പൗരന്മാർക്കും വിദേശശക്തികളുമായി ബന്ധമുണ്ടെന്ന പ്രചരണം ആരും വിശ്വസിക്കില്ലെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി പറഞ്ഞു. രാജ്യത്തെ ജനങ്ങളെ ആർക്കും വിലയ്ക്കെടുക്കാൻ കഴിയില്ലെന്നും അവർ രാജ്യത്തെ ഒറ്റുകൊടുക്കില്ലെന്നും പാർട്ടിയുടെ പ്രസ്താവനയിൽ വിശദീകരിക്കുന്നു. ഒരു രാജ്യത്തെ ഭരണാധികാരിയും സർക്കാരും ജനങ്ങളെ ചൂഷണം ചെയ്യുകയും ജനാധിപത്യം തകർത്ത് കോർപറേറ്റുകൾക്ക് അനുകൂലമായ ഭരണം നടത്തുകയും ചെയ്യുന്നതിന്റെ ദുരിതങ്ങൾ അനുഭവിക്കുകയാണ് തുർക്കിയിലെ ജനങ്ങൾ. ഇസ്താംബൂൾ മേയറുടെ അറസ്റ്റിനെത്തുടർന്ന് അവിടെ പടർന്നിരിക്കുന്ന പ്രതിഷേധം യഥാർത്ഥത്തിൽ ആ ജനങ്ങളുടെയാകെ പോരാട്ടമാണ്. അതാണ് ഇപ്പോൾ തുർക്കിയിൽ കണ്ടുകൊണ്ടിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.