ഇന്ത്യയിലെ സാമ്പത്തിക പരിഷ്കാരങ്ങളുടെ ശില്പിയായിട്ടാണ് മൻമോഹൻ സിങ്ങിനെ ലോകമെമ്പാടും വാഴ്ത്തപ്പെടുന്നത്. അദ്ദേഹത്തിന്റെ വിയോഗം കമ്പോള സിദ്ധാന്ത വാദികൾക്ക് തീരാനഷ്ടം തന്നെ. കുത്തഴിഞ്ഞ മുതലാളിത്ത രീതി പിന്തുടരുന്ന ഇപ്പോഴത്തെ ഭരണകർത്താക്കൾ സിങ്ങിനെ വേണ്ടുംവണ്ണം അംഗീകരിച്ചിട്ടില്ലായെന്നതും കൗതുകകരം തന്നെ. സമർത്ഥനായ വിദ്യാർത്ഥി എന്ന നിലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രജ്ഞനിലേക്കുള്ള പരിണാമം സ്വാഭാവികമായ ഒന്നു മാത്രം. അവിടെ നിന്നും ഭരണാധികാരിയായി രൂപാന്തരം പ്രാപിക്കുമ്പോൾ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിത ചക്രത്തിന് പല ഘട്ടങ്ങൾ ഉള്ളതായി കാണാം. സംരക്ഷിത നയങ്ങളുടെ അകമ്പടിയോടെയുള്ള നിയന്ത്രിത സമ്പദ്‌വ്യവസ്ഥയോട് തുടക്കത്തിൽ കാര്യമായ എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ലാത്ത സിങ്, തുറന്ന സമ്പദ്‌വ്യവസ്ഥയോടാണ് കൂടുതൽ ഇഷ്ടം പ്രകടിപ്പിച്ചത്. പ്രായോഗിക വാദിയായ വിദ്യാർത്ഥിയെന്നോ, സാമ്പത്തിക ശാസ്ത്രജ്ഞനെന്നോ അദ്ദേഹത്തെ ആദ്യകാലങ്ങളിൽ തന്നെ പലരും വിലയിരുത്തിയിട്ടുണ്ട്. ഐഎംഫിലെ പരിചയസമ്പത്ത് അതിന് വളവും ഊർജവും നൽകി പാകപ്പെടുത്തിയിട്ടുണ്ടാവണം. അമരത്ത് എത്തിയപ്പോൾ, ധനമന്ത്രി എന്ന നിലയിൽ മൂർച്ച കൂടിയ മുതലാളിത്ത ആയുധങ്ങൾ അവസരം മുതലെടുത്ത് സമർത്ഥമായി ഉപയോഗിക്കുന്ന ഭരണകർത്താവിനെയാണ് നമുക്ക് കാണാൻ കഴിഞ്ഞത്. ഇക്കാര്യത്തിൽ നല്ലൊരു പരിധി വരെ അദ്ദേഹം വിജയിക്കുകയും ചെയ്തു.
‘അടവ് ശിഷ്ട’ത്തിലെ (Balance of payments) പ്രതിസന്ധി പരിഹരിച്ചതും, വളർച്ചാ തോത് ഉയർത്തിയതും, വിദേശ വിനിമയം സാവധാനം മെച്ചപ്പെടുത്തിയതും പരക്കെ അംഗീകരിക്കപ്പെട്ടു. അന്താരാഷ്ട്ര ഏജൻസികളും വിദേശ രാജ്യങ്ങളും സിങ്ങിനെ പാടിപ്പുകഴ്ത്തി. രാജ്യം ഒരുപാട് മുന്നോട്ടു പോയി എന്നതിൽ സംശയമില്ല. താമസിയാതെ, 1991ൽ അദ്ദേഹം നടപ്പാക്കിയ ഉദാരവല്‍ക്കരണത്തിന്റെയും ആഗോളവല്‍ക്കരണത്തിന്റെയും ദൂഷ്യങ്ങൾ രാജ്യം അനുഭവിക്കാൻ തുടങ്ങിയത് അദ്ദേഹവും തിരിച്ചറിഞ്ഞു. ‘തൊഴിൽ രഹിത വളർച്ച’യുടെ (jobless growth) ബലിയാടുകൾ സാധാരണക്കാരും വിദ്യാസമ്പന്നരും ആണെന്നതിന്റെ പ്രതിവിധിയാണ് പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയിൽ നടപ്പാക്കിയ സമഗ്ര വളർച്ച (inclusive growth).
പുത്തൻ സാമ്പത്തിക പരിഷ്കാരങ്ങൾ പാവപ്പെട്ടവനെ അരികുവല്‍ക്കരിച്ചതിന്റെ പ്രായശ്ചിത്തമായിരുന്നു സമഗ്ര വളർച്ചാ സമീപനം. അതിനും ഫലം കാണാനായില്ല. തൊഴിലില്ലായ്മ കൂടുന്ന ചിത്രമാണ് തൊണ്ണൂറുകൾക്ക് ശേഷം രാജ്യം സാക്ഷ്യം വഹിച്ചത്. ഇന്നും അത് കൂടിക്കൊണ്ടിരിക്കുന്നു. തൊഴിൽ ഇലാസ്തികത ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലാണെന്നത് ഇന്ന് കള്ളകണക്കുകൾ കൊണ്ട് മറച്ചുവയ്ക്കുന്നു. മൻമോഹൻ സിങ് അങ്ങനെയൊരു സാഹസത്തിന് മുതിർന്നില്ലായെന്നത് അദ്ദേഹത്തിന്റെ അക്കാദമിക സത്യസന്ധത കൊണ്ടായിരിക്കാം.
നിർണായക സമയത്ത് സർക്കാരിന്റെ പങ്ക് അംഗീകരിക്കുന്നത്തിൽ സിങ് മടി കാണിച്ചില്ല. ഇതിന് സഹായകമായത് സർക്കാരിനെ പിന്തുണച്ചിരുന്ന ഇടതു പക്ഷത്തിന്റെ നിലപാടുകളുമായിരുന്നു. ഇടതുപക്ഷത്തിന്റെ കൃത്യമായ ഇടപെടൽ അക്കാദമിക സമൂഹം ഉൾപ്പെടെ അംഗീകരിച്ച വസ്തുതയാണ്. തൊഴിലുറപ്പ് പദ്ധതി, പൊതു മിനിമം പരിപാടി തുടങ്ങിയവ കൊണ്ട് ആഗോളവല്‍ക്കരണത്തിന്റെ പ്രത്യാഘാതങ്ങളെ കുറയ്ക്കാൻ ശ്രമിക്കുകയുണ്ടായി. ഗ്രാമീണവാസികൾക്കിടയിലും, സാധാരണക്കാരിലും പണം എത്തുകയും വാങ്ങല്‍ശേഷി മെച്ചപ്പെടുകയും ചെയ്തു.
അമേരിക്കയുമായുള്ള അണ്വായുധ കരാർ നടപ്പാക്കാൻ ശ്രമിച്ച സർക്കാരിന്, ഇടതുപക്ഷം നൽകിയ പിന്തുണ പിൻവലിച്ചെങ്കിലും തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ഭരണം നിലനിർത്തി. മൻമോഹൻ സിങ് രണ്ടാമതും പ്രധാനമന്ത്രിയായി. ഇവിടെ, അദ്ദേഹത്തിന്റെ മറ്റൊരു ഘട്ടം നമുക്ക് കാണാം. സിങ് കൂടുതൽ പരീക്ഷിക്കപ്പെട്ട കാലഘട്ടമായിരുന്നു ഇത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ പരിചയക്കുറവിന്റെ പോരായ്മകൾ ഒന്നൊന്നായി പുറത്തുവന്ന കാലം. കോൺഗ്രസിന്റെ തലപ്പത്തിരിക്കുന്നവരുടെ ചേഷ്ടകൾക്കനുസരിച്ച് കാര്യങ്ങള്‍ നടത്തിക്കൊടുക്കുന്ന പ്രധാനമന്ത്രി. അഴിമതി, ധൂർത്ത്, സ്വജന പക്ഷപാതം എന്നിവ കൊണ്ട് ജനങ്ങൾക്കിടയിൽ അവമതി ഉണ്ടായ സർക്കാരിന്റെ അമരക്കാരൻ എന്ന നിലയിലേക്കുള്ള പതനം പലരുടെയും കണക്കുകൂട്ടലുകൾക്കു വിരുദ്ധമായിരുന്നു.
പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളിലെ ചില നേതാക്കന്മാരുടെ സഭ്യത കൈവെടിഞ്ഞുള്ള പരാമർശത്തിനും രാജ്യം സാക്ഷ്യം വഹിച്ചു. അടുത്ത തെരഞ്ഞെടുപ്പിൽ വമ്പൻ പരാജയവും ഏറ്റുവാങ്ങി. പുത്തൻ സാമ്പത്തിക പരിഷ്കാരങ്ങൾ സൃഷ്ടിച്ച മറ്റൊരു ദുരന്തമായിരുന്നു ആഗോള തലത്തിൽ തന്നെ ചർച്ച ചെയ്യപ്പെടുന്ന അസമത്വം. ഇതിനെക്കുറിച്ചും സിങ് ബോധവാനായിരുന്നു.
അദ്ദേഹം പ്രധാനമന്ത്രിയായിരുന്നപ്പോൾ തന്നെ ഇന്ത്യയുടെ വർധിച്ചുവരുന്ന വരുമാന — സമ്പത്തുകളിലെ അസമത്വം പഠന വിധേയമായി. തുടർന്നുള്ള അസ്വമതത്തെക്കുറിച്ചുള്ള പഠനങ്ങളും അദ്ദേഹത്തിന്റെ കാലയളവ് പരിഗണിച്ചിട്ടുണ്ട്. തോമസ് പിക്റ്റിയുടെ പഠനം, ഓക്സ്ഫാം റിപ്പോർട്ട്, ലോക അസമത്വ ലാബ് റിപ്പോർട്ട് എന്നിവ ഇന്ത്യയിലെ സാമ്പത്തിക പരിഷ്കാരങ്ങളുടെ ഫലമായുണ്ടായ അസമത്വത്തെ അടയാളപ്പെടുത്തുന്നു. വരുമാനവും സ്വത്തും ചില കൈകളിൽ കേന്ദ്രീകരിക്കുന്നത്, ശതകോടീശ്വരൻമാരുടെ അഭൂതപൂർവമായ വളർച്ച എന്നിവ ലോകമെമ്പാടും ചർച്ച ചെയ്യുകയും പരിഹാരം കാണാൻ ശ്രമിക്കുകയും ചെയ്യുന്നു. തന്റെ സ്വതസിദ്ധമായ മൗനത്തിലും നിസഹായതയോടെ ഇതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാവും എന്നതിൽ സംശയമില്ല. വിമർശനങ്ങളും പോരായ്മകളും ഒരു ഭരണാധികാരിക്ക് പുതിയ കാര്യങ്ങളല്ല. ഇതിന്റെ നടുവിൽ എന്തു നേട്ടം ഉണ്ടായി എന്നതാണ് പ്രസക്തമായ ചോദ്യം. ‘ഹിന്ദു വളർച്ചാ നിരക്ക്’ എന്ന് വിശേഷിപ്പിച്ചിരുന്ന കുറഞ്ഞ സാമ്പത്തിക വളർച്ചാത്തോതിൽ നിന്ന് കൈപിടിച്ച് ഉയർത്തിയ സങ്കേതിക തികവുള്ള സാമ്പത്തിക ശാസ്ത്രജ്ഞനായി മൻമോഹൻ സിങ്ങിനെ അടയാളപ്പെടുത്തും എന്നതിൽ സംശയമില്ല. നിലവിലെ ഭരണാധികാരികള്‍ കൊട്ടിഘോഷിക്കുന്ന സാമ്പത്തിക കരുത്തിലും അദ്ദേഹത്തിന്റെ കാലത്തെ ഏറ്റവും ഉയർന്ന വളർച്ചാത്തോത് കൈവരിക്കാനായിട്ടില്ലെന്നത് പ്രത്യേക പരാമർശം അർഹിക്കുന്നു. പ്രസിദ്ധ സാമ്പത്തിക ശാസ്ത്രജ്ഞനും അദ്ദേഹത്തിന്റെ ഗുരുവുമായ ജോൺ റോബിൻസന്റെ വാക്കുകളിൽ, ‘തലയിൽ നിറച്ച് സിദ്ധാന്തവും കാലുകൾ നിലത്തൂന്നിയും ജീവിക്കുന്ന വ്യക്തി‘യായിരുന്നു മന്‍മോഹന്‍ സിങ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.