23 December 2024, Monday
KSFE Galaxy Chits Banner 2

കാഴ്ചക്കാരനെ കമ്മ്യൂണിസ്റ്റാക്കിയ കലാവൈഭവം

പി ‌എസ് സുരേഷ്
February 19, 2024 4:10 am

എറണാകുളം ലോ കോളജിലെ ഏതാനും വിദ്യാർത്ഥികൾ കോളജിൽ അവതരിപ്പിച്ച നിഴൽ നാടകത്തിൽ നിന്നാണ് കെപിഎസിയുടെ തുടക്കം. ആ സംഘത്തിന്റെ നേതാക്കൾ ജി ജനാർദനക്കുറുപ്പും പുനലൂർ രാജഗോപാലൻ നായരുമായിരുന്നു. കൊറിയൻ യുദ്ധം നടക്കുന്ന കാലമാണ്. യുദ്ധക്കെടുതി വരച്ചുകാട്ടുന്ന, പൊരുതുന്ന കൊറിയ എന്ന പേരിൽ നിഴൽ നാടകമാണ് അവർ അവതരിപ്പിച്ചത്. അനൗൺസ്മെന്റ് ജനാർദനക്കുറുപ്പിന്റെതായിരുന്നു. രാജഗോപാലൻ നായർ, കല്യാണകൃഷ്ണൻ നായർ, കെ കെ കെ കുറുപ്പ്, സുകുമാരൻ എന്നിവർ അഭിനേതാക്കൾ. യുവകവി പുതുശേരി രാമചന്ദ്രന്റെ, ”നിറതോക്കും പേനയുമായി പൊരുതുന്ന കലാകാരാ അഭിവാദനമേകുന്നു” എന്ന വരികൾ ജനാർദനക്കുറുപ്പിന്റെ മനോഹര ശബ്ദത്തിൽ പുറത്തുവന്നു. നിഴൽ നാടകം വിജയമായി. അതിൽ പ്രവർത്തിച്ചവരൊക്കെ ഹീറോകളുമായി. എറണാകുളത്തെ ഭാരത് കഫേ ടൂറിസ്റ്റ് ഹോം ഉടമ ഗോവിന്ദസ്വാമിയുടെ വാടക കെട്ടിടത്തിലെ മുറിയിലാണ് ജനാർദനക്കുറുപ്പ് താമസിച്ചിരുന്നത്. ആ മുറിയിൽ സംഘാംഗങ്ങൾ ഒത്തുകൂടി. പുതിയൊരു കലാസമിതി രൂപീകരിക്കണമെന്ന് അവർ തീരുമാനിച്ചു, അതിനൊരു പേരും തീരുമാനിച്ചു. അങ്ങനെയാണ് കേരളാ പീപ്പിൾസ് ആർട്സ് ക്ലബ്ബ് (കെപിഎസി) എന്ന പേരുണ്ടാകുന്നത്. ജനാർദനക്കുറുപ്പും രാജഗോപാലൻ നായരും പാർട്ടിയുടെ താര പ്രസംഗകരായി. രാജഗോപാലൻ നായർ സ്ഥാനാർത്ഥിയായി, തെരഞ്ഞെടുപ്പിൽ വിജയിച്ചു. പിന്നീടിവരുടെ താവളം തിരുവനന്തപുരമായി. നേരത്തെ തുടങ്ങിവച്ച കലാസമിതിയുടെ രൂപരേഖ പാർട്ടി സംസ്ഥാന കമ്മിറ്റി മുമ്പാകെ സമർപ്പിച്ചു. പാർട്ടി അതിന് അനുമതി നൽകി. ജനാർദനക്കുറുപ്പ്, രാജഗോപാലൻ നായർ, കോട്ടയം ശ്രീനി (മാനേജർ), രാജാമണി, പൂജപ്പുര കൃഷ്ണൻ നായർ എന്നിവരാണ് തുടക്കക്കാർ. അവർക്ക് എല്ലാവിധ പിന്തുണയുമായി എം പി പോൾ സാറുമുണ്ടായിരുന്നു.
ഒരു പുതിയ നാടകം അവതരിപ്പിക്കണമെന്ന ആലോചനയിലായി ആ യുവസംഘം. പഴയതും പുതിയതുമായ തലമുറകൾ തമ്മിലുള്ള സംഘർഷം പ്രമേയമാക്കിയ നാടകമായിരുന്നു അവരുടെ ആഗ്രഹം. രാജഗോപാലൻ നായരും ജനാർദനക്കുറുപ്പും പൂജപ്പുര കൃഷ്ണൻ നായരും ഒത്തുചേര്‍ന്ന് നാടകം തയ്യാറാക്കി. ‘എന്റെ മകനാണ് ശരി’ എന്നാണതിന് പേരിട്ടത്. കാമ്പിശേരിയും ആ സംരംഭത്തിൽ പങ്കുചേർന്നു. പ്രാഥമിക ചെലവ് എങ്ങനെ കണ്ടെത്തുമെന്നായി അവരുടെ അന്വേഷണം. അവസാനം രാജാമണിസ്വാമി അരങ്ങേറ്റം വരെയുള്ള മുഴുവൻ ചെലവും വഹിക്കാമെന്നേറ്റു. ആ സമിതിയിലേക്ക് നായികയായും പാട്ടുകാരിയായും സുലോചന വന്നു. പാട്ടുകാരനായി കെ എസ് ജോർജുമെത്തി. നാടകം വിജയമായിരുന്നു. ധാരാളം ബുക്കിങ്ങും കിട്ടി. ഇതിനിടയിൽ ഒരു നടന് നാടകം കളിക്കാൻ ബുദ്ധിമുട്ടായി. അന്നത്തെ ബുക്കിങ് റദ്ദാക്കാൻ വേണ്ടി രണ്ടു രൂപ കമ്പി അടിക്കാൻ വായ്പ ചോദിച്ചുകൊണ്ട് വിദ്യാർത്ഥി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയായിരുന്ന ഒ മാധവനെ കോട്ടയം ശ്രീനി സമീപിക്കുന്നു. ആ റോൾ താനെടുക്കാം നാടകം റദ്ദാക്കണ്ട എന്നായി ഒ മാധവൻ. ഒറ്റദിവസം കൊണ്ട് സ്ക്രിപ്റ്റ് പഠിച്ച് ഏവരെയും അമ്പരപ്പിച്ചുകൊണ്ട് മാധവൻ രംഗത്തെത്തി. മഹാനായ ഒരു നടന്റെ രംഗപ്രവേശനം അങ്ങനെയാണുണ്ടായത്.
പുതിയൊരു നാടകത്തിനുവേണ്ടിയുള്ള അന്വേഷണമായി. ശൂരനാട് സംഭവത്തെ തുടർന്ന് പാർട്ടിയെ നിരോധിക്കുകയും നാടാകെ പൊലീസ് അതിക്രമം അഴിച്ചുവിടുകയും ചെയ്തു. ശൂരനാട് കേസിലെ പ്രതികളുടെ കേസ് നടത്തിപ്പിനായി തോപ്പിൽ ഭാസി ഒളിവിലിരുന്നു കൊണ്ടെഴുതിയ നാടകം പുസ്തകമാക്കി വില്പന നടത്തിവരികയായിരുന്നു. ഡിഫൻസ് കമ്മിറ്റി നേതാവ് കെ കേശവൻ പോറ്റി(പോറ്റിസാർ)യായിരുന്നു അതിന് മുൻകയ്യെടുത്തത്. ഈ നാടകം രംഗത്തവതരിപ്പിക്കാമോ എന്ന് ഭാസി രാജഗോപാലൻ നായരോടും ജനാർദനക്കുറുപ്പിനോടും അന്വേഷിച്ചു. നാടകം അവർ വായിച്ചു. ചില്ലറ മാറ്റം വരുത്തി നാടകം അവതരിപ്പിക്കാൻ തീരുമാനിച്ചു. ഭാസിയുടെ അനുമതി വാങ്ങി. ഒഎൻവി- ദേവരാജൻ ടീം ഗാനവിഭാഗം ഏറ്റെടുത്തു, പേരും തീരുമാനിച്ചു; നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി.

 


ഇതുകൂടി വായിക്കൂ:പുതുകാലത്തെ കർഷക രോഷം


കാഴ്ചക്കാരനെ കമ്മ്യൂണിസ്റ്റാക്കിയ കലാവൈഭവമാണ് പിന്നീട് ചവറ തട്ടാശേരിയിലെ ഓലക്കൊട്ടകയിൽ അരങ്ങേറിയത്. 1952 ഡിസംബർ ആറിന് രാത്രി ഒമ്പത് മണിക്കായിരുന്നു നാടകത്തിന്റെ അരങ്ങേറ്റം. അതേപ്പറ്റി ഡിസംബർ 19ലെ ജനയുഗം വാരികയിൽ ആനന്ദ് എഴുതിയ ആസ്വാദനക്കുറിപ്പിൽ “അതൊരു നാടകാഭിനയമല്ല, ഒരു അർധരാത്രി‌ക്കിടയിൽ വച്ച് ഒരു നാടിന്റെ ജീവിതം കൺമുന്നിലൂടെ നീങ്ങുകയാണ്” എന്നായിരുന്നു വിശേഷിപ്പിച്ചത്. നിലവിലുള്ള നാടകസങ്കല്പങ്ങളെ അത് മാറ്റിമറിച്ചു. തോപ്പിൽ ഭാസി ഒളിവിലിരുന്നുകൊണ്ട് ‘സോമൻ’ എന്ന തൂലികാനാമത്തിൽ എഴുതിയ ഈ നാടകം കെപിഎസി രംഗത്ത് അവതരിപ്പിക്കുമ്പോൾ അത് ചരിത്രസംഭവമായി മാറുമെന്ന് സംഘാടകർ ഒട്ടുമേ പ്രതീക്ഷിച്ചില്ല. അതേപ്പറ്റി ഒ മാധവൻ തന്റെ ആത്മകഥയായ ജീവിതഛായകളിൽ എഴുതിയ വാക്കുകൾ: “ഓലകൊണ്ട് മറച്ച ഒരു തുറസായ കൊട്ടകയിലായിരുന്നു നാടകം. തികച്ചും അമച്വർ നടന്മാരായ ഞങ്ങൾ നിറഞ്ഞ ആത്മവിശ്വാസത്തോടെ നാടകം ആരംഭിച്ചു. നിറഞ്ഞുതുളുമ്പുന്ന സദസിൽ നിന്നും ആദ്യം മുതൽ തന്നെ പ്രോത്സാഹനജനകമായ പ്രതികരണമായിരുന്നു. കെ എസ് ജോർജിന്റെ (ദീപങ്ങൾ മങ്ങി കൂരിരുൾ തിങ്ങി മന്ദിരമൊന്നതാ കാൺമൂ കൺമുന്നിൽ…) അവതരണഗാനം ഉയര്‍ന്നതോടെ സദസ് നിശബ്ദമായി. ഭാര്യയെ ശകാരിച്ചുകൊണ്ട് അരങ്ങത്തേ‌ക്ക് വരുന്ന വയസനായ പരമുപിള്ള എന്ന കാമ്പിശേരി കരുണാകരനെ കണ്ടമാത്രയിൽ സദസ് ഒന്നാകെ കയ്യടിച്ച് സന്തുഷ്ടി രേഖപ്പെടുത്തി. അഭിനേതാക്കളുടെ പ്രകടനങ്ങളെല്ലാം ഒന്നിനൊന്നിന് മെച്ചമായിരുന്നു. ജോർജും സുലോചനയും കൂടി പാടിയ പാട്ടുകളെല്ലാം അതീവ ഹൃദ്യമായി. ’

കിന്നരി തലപ്പാവും കണ്ണഞ്ചിപ്പിക്കുന്ന വേഷഭൂഷാദികളുമായി കർണാടകസംഗീതം ആലപിച്ച് രംഗത്തേ‌ക്ക് ചാടിവീഴുന്ന നടനെ പ്രതീക്ഷിച്ചിരിക്കുന്ന സദസിന്റെ മുന്നിലാണ് ഓലമടലുമായി എല്ലുന്തിയ ഒരു വൃദ്ധൻ കടന്നുവരുന്നത്. രംഗത്ത് വരുന്ന കഥാപാത്രങ്ങളൊക്കെ തങ്ങൾക്ക് പരിചയമുള്ളവര്‍. വീട്ടിലുള്ളവരാകാം, അയൽക്കാരാകാം. അവർ പറയുന്നതോ തനി നാട്ടിൻപുറത്തുകാരുടെ ഭാഷ. നിത്യജീവിതത്തിലെ ദുഃഖങ്ങളെപ്പറ്റി ഒരുപക്ഷേ ദുരഭിമാനം കാരണം തങ്ങൾ പുറത്തുപറയാത്ത കാര്യങ്ങൾ കൂടി ഈ കഥാപാത്രങ്ങൾ വിളിച്ചുപറയുന്നു. പപ്പുവും കറുമ്പനും മാലയും എല്ലാം പറയുന്നതിൽ സത്യമുള്ളതുപോലെ. അരങ്ങിൽ കണ്ടത് നാടകമല്ല, അത് തങ്ങളുടെ സ്വന്തം ജീവിതമാണെന്ന് അവർക്ക് തോന്നി. അതുകൊണ്ടാണ് നാടകാവസാനം ‘ആ കൊടി ഇങ്ങു താ എനിക്കിതൊന്ന് പൊക്കിപ്പിടിക്കണം’ എന്നും ‘നിങ്ങളെല്ലാവരും കൂടി എന്നെ അങ്ങ് കമ്മ്യൂണിസ്റ്റാക്കി എന്നാ ഇനി ഞാനതാ’ എന്നും കാമ്പിശേരി എന്ന നടൻ പരമുപിള്ളയായി ഉറക്കെപ്പറഞ്ഞപ്പോൾ ആ പഴയ കൊട്ടകയിലുയർന്ന കരഘോഷം ദിഗന്തങ്ങൾ ഭേദിക്കുന്ന മുദ്രാവാക്യമായി മാറിയത്. ചരിത്രത്തിന്റെ അംശമായി മാറിയ ഈ നാടകത്തിന്റെ ജൈത്രയാത്രയായിരുന്നു പിന്നെ നാം കണ്ടത്. ഒറ്റ ദിവസം കൊണ്ട് 35ഓളം വേദികളിലാണ് ബുക്കിങ് ആയത്. വർഷങ്ങളോളം ഈ നാടകം ഒറ്റ രാത്രിപോലും ഒഴിവില്ലാതെ കേരളത്തിനകത്തും പുറത്തും കളിച്ചു. പതിനായിരത്തിലധികം സ്റ്റേജുകളിൽ നാടകം ഇതിനകം അവതരിപ്പിച്ചതായാണ് കണക്ക്.
അന്തരിച്ച കോടാകുളങ്ങര വാസുപിള്ള ഒഴികെ മറ്റാരും പ്രൊഫഷണൽ നാടകരംഗത്ത് പരിശീലനം സിദ്ധിച്ചവരല്ല. നടിമാരിൽ ചിലർ മുമ്പ് നാടകങ്ങളിൽ വേഷമിട്ടിരുന്നു. എന്നാൽ കാമ്പിശേരിയും ജി ജനാർദനക്കുറുപ്പും രാജഗോപാലൻ നായരും ഒ മാധവനും തോപ്പിൽ കൃഷ്ണപിള്ളയും ഭാസ്കര പണിക്കരും തങ്ങളുടെ അഭിനയമികവ് നാടകത്തിലൂടെ തിരിച്ചറിയുകയായിരുന്നു. പാട്ടുകളാകട്ടെ ടേപ്പിലൂടെയല്ല കേൾപ്പിച്ചിരുന്നത്. കെ എസ് ജോർജും സുലോചനയും സുധർമ്മയും ഓരോ സ്റ്റേജിലും ആവർത്തിച്ച് പാടുകയായിരുന്നു. ഒഎൻവിയുടെ വരികളും ദേവരാജൻ മാസ്റ്ററുടെ സംഗീതവും കൂടി ചേർന്നപ്പോൾ നാടകത്തിന്റെ സ്വീകാര്യത വാനോളം ഉയർന്നു.

കെപിഎസി നാടകങ്ങൾക്ക് ഇത്ര വലിയ പ്രചാരം കിട്ടാൻ എന്തേ കാരണം എന്ന് ചോദിക്കുന്നവരുണ്ട്. അവർ കൈകാര്യം ചെയ്ത നാടകങ്ങളുടെ സാമൂഹ്യപ്രസക്തിയാണ് അതിന്റെ മറുപടി. സമകാലിക സാമൂഹിക പ്രശ്നങ്ങൾ കെപിഎസി നാടകങ്ങളിൽ ധീരമായി കൈകാര്യം ചെയ്തു. അതായിരുന്നു കരുത്തിനും വ്യാപകമായ അംഗീകാരത്തിനും കാരണമായത്. പ്രതിഭാശാലികളായ ഒരുപിടി ആളുകളുടെ സാഹസികമായ പരിശ്രമമാണ് ഈ നാടകം യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞത്. നാടകത്തിന്റെ അഭൂതപൂർവമായ വിജയം ഭരണാധികാരികളെയും കമ്മ്യൂണിസ്റ്റ് വിരുദ്ധരെയും വിറളി പിടിപ്പിച്ചു. ഉദ്ഘാടനം ചെയ്തതിന്റെ 85-ാം ദിവസം നാടകം സർക്കാർ നിരോധിച്ചു. കോവളത്തായിരുന്നു അന്ന് നാടകം നിശ്ചയിച്ചത്. തിരുവനന്തപുരം ജില്ലാ കളക്ടർ നാടകത്തിന് വിലക്ക് ഏർപ്പെടുത്തി. കൊല്ലം കളക്ടർ സ്ക്രിപ്റ്റ് കണ്ട് അംഗീകാരം നൽകിയതുകൊണ്ടാണ് ഉദ്ഘാടനം മുതൽ അത് അവതരിപ്പിച്ചു വന്നത്. ഇക്കാര്യം കെപിഎസി ഭാരവാഹികൾ തിരുവനന്തപുരം കളക്ടറെ കണ്ട് ബോധ്യപ്പെടുത്തി. പക്ഷേ കളക്ടറുടെ മറുപടി വിചിത്രമായിരുന്നു. കോവളത്ത് വസൂരി രോഗം പടർന്നുപിടിച്ചതുകൊണ്ട് നാടകം നിരോധിക്കുകയാണെന്നായിരുന്നു വിശദീകരണം. സർക്കാരിന്റെ രാഷ്ട്രീയ താല്പര്യമാണ് ഇതിന്റെ പിന്നിലെന്ന് മനസിലാക്കിയ സംഘം എന്തുവന്നാലും നാടകം നടത്തുമെന്ന് മറുപടി പറഞ്ഞു. നാടകം നിശ്ചയിച്ച ദിവസം കെപിഎസി സംഘം അവിടെ എത്തി. വൻ പൊലീസ് സംഘവുമുണ്ട്. നിശ്ചയിച്ച തിയേറ്ററിൽ നാടകം നടത്താൻ കഴിയാത്തവണ്ണം ടിക്കറ്റ് വിറ്റുകഴിഞ്ഞു. ഇതേത്തുടർന്ന് ഓപ്പൺഎയറിൽ നാടകം നടത്താൻ നിശ്ചയിച്ചു. തിരക്കിട്ട് അതിനുള്ള സ്റ്റേജും തയ്യാറാക്കി. നാടകം തുടങ്ങാറായപ്പോൾ നിരോധന ഉത്തരവുമായി പൊലീസുകാർ എത്തി. എന്നാൽ അത് കാര്യമാക്കാതെ നാടകം നടത്തി. തുടർന്ന് സംഘാംഗങ്ങളെ അറസ്റ്റ് ചെയ്ത് പാളയം സ്റ്റേഷനിൽ കൊണ്ടുവന്നു. രാഷ്ട്രീയ നേതാക്കളായ കാമ്പിശേരി, ജനാർദനക്കുറുപ്പ്, ഒ മാധവൻ, രാജഗോപാലൻ നായർ തുടങ്ങിയവർക്ക് കേസും പൊലീസും ഒന്നും പുത്തരിയായിരുന്നില്ല. എന്നാൽ സുലോചന, സുധർമ്മ തുടങ്ങിയ നടികളെ സ്റ്റേഷനിലെത്തിച്ചത് വിഷമത്തിലാക്കി. ആ സംഭവത്തെപ്പറ്റി ജി ജനാർദനക്കുറുപ്പിന്റെ വാക്കുകളിലേ‌ക്ക് തന്നെ പോകാം.
“നാടകത്തിൽ സമൂഹഗാനത്തിന്റെ നേതൃത്വം ജോർജിനായിരുന്നെങ്കിലും പൊലീസ് സ്റ്റേഷനിൽ ആ നേതൃത്വം ഞാൻ ഏറ്റെടുത്തു. ഞങ്ങൾ കൂട്ടത്തോടെ പാടാൻ തുടങ്ങി. ധാരാളം ആളുകൾ സ്റ്റേഷന് മുന്നിൽ തടിച്ചുകൂടി. തബല, മൃദംഗം, ക്ലാരനെറ്റ് തുടങ്ങിയ വാദ്യോപകര ണങ്ങളുടെ മേളക്കൊഴുപ്പിൽ ഞങ്ങളുടെ ഗാനാലാപനം കൂടുതൽ കൊഴുത്തു. വിവരമറിഞ്ഞ് ഐജി ചന്ദ്രശേഖരൻ നായർ സ്റ്റേഷനിലെത്തി. ഐജിക്ക് എന്നെ നേരിട്ടറിയാമായിരുന്നു. ‘ജാമ്യം തരാം നിങ്ങൾ ബോണ്ട് എഴുതിവച്ച് പോകണം’ എന്ന് ഐജി ആവശ്യപ്പെട്ടെങ്കിലും ഞാൻ അത് കൂട്ടാക്കിയില്ല. നാടകം കളിച്ചത് കുറ്റമല്ല. അത് നിരോധിച്ചതാണ് കുറ്റം. അതുകൊണ്ട് നിരോധനം പിൻവലിക്കുക, ഞങ്ങളെ നിരുപാധികം മോചിപ്പിക്കുക ഞാൻ ശാന്തനായി പ്രതിവചിച്ചു. ബുദ്ധിമാനായ ഐജി പാർട്ടി സെക്രട്ടറി എം എൻ ഗോവിന്ദൻ നായരുമായി ബന്ധപ്പെട്ടു. അദ്ദേഹം സ്റ്റേഷനിലെത്തി. കേസ് രജിസ്റ്റർ ചെയ്തതുകൊണ്ട് ഞങ്ങൾക്ക് ജാമ്യമെടുക്കേണ്ടതുണ്ട്. പക്ഷേ ജാമ്യക്കാർ വേണ്ട. സ്വന്തം ജാമ്യത്തിൽ എല്ലാവരേയും മോചിപ്പിക്കാൻ തയ്യാറായി. അങ്ങനെ ഞങ്ങൾ ജയിൽ വിമോചിതരായി. നാടകം നിരോധിച്ചതും നിരോധനാജ്ഞ ലംഘിച്ച് ഞങ്ങൾ കളിച്ചതും ഞങ്ങളെ അറസ്റ്റ് ചെയ്തതും മറ്റും ജനങ്ങൾ വളരേവേഗം അറിഞ്ഞു. നാടൊട്ടുക്ക് പ്രതിഷേധം ഇരമ്പി”. ഈ നിരോധനാജ്ഞയ്ക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കാൻ പാർട്ടിയും കെപിഎസിയും തീരുമാനിച്ചു. തിരുക്കൊച്ചി നിയമസഭയിലും ഇതിന്റെ അനുരണനങ്ങളുണ്ടായി. കാമ്പിശേരി കരുണാകരനും എം എൻ ഗോവിന്ദൻ നായരും നാടകനിരോധനത്തെ എതിർത്തുകൊണ്ട് സർക്കാരിനെതിരെ നിയമസഭയിൽ ആഞ്ഞടിച്ചു. അമർഷത്തിന്റെ അഗ്നി കാഴ്ചക്കാരുടെ മനസിലേ‌ക്ക് പടർന്നുകയറി. ആ അഗ്നിയിൽ അധികാരം പടച്ചുവിട്ട നിരോധന ഉത്തരവുകൾ കത്തിയമർന്നു.
തുടർന്ന് കെപിഎസിയുടെ ജൈത്രയാത്രയാണ് കേരളം കണ്ടത്. 66 നാടകങ്ങൾ ഇതിനകം സ്റ്റേജുകളിൽ അവതരിപ്പിച്ചു. തോപ്പിൽ ഭാസി, എൻ എൻ പിള്ള, കെ ടി മുഹമ്മദ്, എസ് എൽ പുരം സദാനന്ദൻ, കണിയാപുരം രാമചന്ദ്രൻ, എൻ കൃഷ്ണപിള്ള തുടങ്ങിയ മഹാരഥന്മാരുടെയൊക്കെ നാടകങ്ങൾ രംഗത്തവതരിപ്പിച്ചു.

കേരളം കണ്ട അനേകം അതുല്യകലാകാരന്മാർ കെപിഎസിക്കുവേണ്ടി പ്രവർത്തിച്ചു. ഒഎൻവി, വയലാർ, ദേവരാജൻ, എൽ പി ആർ വർമ്മ, കെ രാഘവൻ, പുനലൂർ ബാലൻ, കണിയാപുരം രാമചന്ദ്രൻ, കെ കേശവൻ പോറ്റി, എം ബി ശ്രീനിവാസൻ, എം എസ് ബാബുരാജ്, വി ദക്ഷിണാമൂർത്തി, എം കെ അർജുനൻ, സുലോചന, കെ എസ് ജോർജ് തുടങ്ങിയവർ പിന്നണിയിൽ പ്രവർത്തിച്ചിട്ടുണ്ട്. എൻ രാജഗോപാലൻ നായർ, ജി ജനാർദനക്കുറുപ്പ്, ടി എ മൈതീൻകുഞ്ഞ്, എം പി കുട്ടപ്പൻ, കെപിഎസി സുലോചന, കെ എസ് ജോർജ്, തോപ്പിൽ കൃഷ്ണപിള്ള, ശ്രീനാരായണ പിള്ള, വെളിയം ഭാസ്ക്കര പണിക്കർ, ഒ മാധവൻ, കാമ്പിശേരി കരുണാകരൻ, പി ജെ ആന്റണി, സുധർമ്മ, വി സാംബശിവൻ, വിജയകുമാരി, ഭാർഗവി, കുമരകം ശങ്കുണ്ണി മേനോൻ, എൻ എൻ പിള്ള, മിസിസ് ചിന്നമ്മ, സി ജെ ഗോപിനാഥ്, മുടിയിൽത്തറ ഭാസ്കർ, പത്മാക്ഷിയമ്മ, ജെ പി തമ്പി, ബിയാട്രിസ്, അഡ്വ. ആർ ഗോപാലകൃഷ്ണൻനായർ, ശങ്കരാടി, കോട്ടയം ചെല്ലപ്പൻ, മണവാളൻ ജോസഫ്, കെപിഎസി ലീല, കവിയൂർ പൊന്നമ്മ, ഖാൻ, പ്രേമചന്ദൻ, ജോൺസൺ, കെ പി ഉമ്മർ, കെപിഎസി ലളിത, ശ്രീലത, ആലുംമൂടൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ, കലാമണ്ഡലം ഗംഗാധരൻ, സായ് കുമാർ, ആർട്ടിസ്റ്റ് സുജാതൻ, ആർട്ടിസ്റ്റ് കേശവൻ തുടങ്ങിയവർ കെപിഎസിയുടെ ഭാഗമായി. ഈ പട്ടിക അപൂര്‍ണമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.