16 June 2024, Sunday

മുന്‍ഗണന മനുഷ്യ വികസനത്തിനുതന്നെ

പ്രൊഫ. കെ അരവിന്ദാക്ഷൻ
May 25, 2024 4:49 am

ദേശീയതലത്തില്‍ തെരഞ്ഞെടുപ്പുകള്‍ക്കായി രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുക്കുന്ന സംഗമവേദികളിലെല്ലാം ശ്രദ്ധാകേന്ദ്രമാകുന്നത് വികസനം എന്ന വാഗ്ദാനം ആയിരിക്കും. ഇതിലേക്കായി സമ്മതിദായകരെ ആകര്‍ഷിക്കുന്നതിന് വികസന റിപ്പോര്‍ട്ടും (എച്ച്ഡിഐ) കാലാകാലങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടാറുണ്ട്. ഇത്തരം റിപ്പോര്‍ട്ടുകളില്‍ ഊന്നല്‍ നല്‍കപ്പെടുക, മനുഷ്യവികസനം എന്ന ലക്ഷ്യം നേടിയെടുക്കാന്‍ ആവശ്യമായ ദീര്‍ഘകാല പരിപ്രേക്ഷ്യവും തന്ത്രവും രൂപപ്പെടുത്തുന്നതിനായിരിക്കും. സമീപകാലത്തെ ഇന്ത്യന്‍ വികസനം സംബന്ധമായ രണ്ട് റിപ്പോര്‍ട്ടുകള്‍ നമുക്ക് ലഭ്യമാണ്. ആദ്യത്തേത് ഐക്യരാഷ്ട്രസഭാ വികസന പരിപാടി (യുഎന്‍ഡിപി) യുടെ ഭാഗമായുള്ള 2023–24ലേക്കുള്ള മനുഷ്യ വികസന റിപ്പോര്‍ട്ടാണ്. രണ്ടാമത്തേത് ആഗോള ഇന്‍ ഇക്വാളിറ്റി ലാബ് 2004 മാര്‍ച്ചില്‍ തയ്യാറാക്കിയ, 1922നും 2023നും ഇടയ്ക്ക് ഇന്ത്യയിലെ വരുമാനവും സ്വത്തുമായി ബന്ധപ്പെട്ട അസമത്വങ്ങളുടെ പ്രവണതകള്‍ സംബന്ധിച്ചുള്ള പരിശോധനയാണ്. ഈ രണ്ട് റിപ്പോര്‍ട്ടുകളില്‍ നിന്നും നമുക്ക് വായിച്ചെടുക്കാന്‍ കഴിയുക, രണ്ട് മേഖലകളുടെയും പ്രവണതകള്‍ ഒട്ടും ആശാവഹമല്ലെന്നും ഗുരുതരമായ വീഴ്ചകളുണ്ടായിട്ടുണ്ടെന്നുമാണ്.
പുതുതായി കേന്ദ്രത്തില്‍ അധികാരത്തിലെത്തുന്ന സര്‍ക്കാര്‍ മുകളില്‍ സൂചിപ്പിച്ച റിപ്പോര്‍ട്ടുകളിലെ മുഖ്യമായ കണ്ടെത്തലുകള്‍ കണക്കിലെടുക്കാന്‍ ബാധ്യസ്ഥരാണ്; അത് നിര്‍ബന്ധവുമാണ്. കാരണം, ഭരണം പിടിക്കാന്‍ ശ്രമിക്കുന്ന ഇന്ത്യ സഖ്യവും മൂന്നാമതും അധികാരത്തിനായി തിടുക്കം കാട്ടുന്ന എന്‍ഡിഎ സഖ്യവും അവരുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോകളില്‍ മുന്തിയ പ്രാധാന്യം നല്‍കിയിരിക്കുന്നത് മനുഷ്യ വിഭവശേഷി പരമാവധി വികസന പുരോഗതിക്കായി വിനിയോഗിക്കാനും അതുവഴി മനുഷ്യന്റെ ക്ഷേമവും ഐശ്വര്യവും വര്‍ധിപ്പിക്കാനും ആണല്ലോ. 2022ലെ എച്ച്ഡിഐ റിപ്പോര്‍ട്ടില്‍ യുഎന്‍ നല്‍കുന്ന വിവരം ഈ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 193 ലോക രാജ്യങ്ങളില്‍ 134ആണെന്നാണ്. 2021നെ അപേക്ഷിച്ച് ഇത് അല്പം മെച്ചമാണത്രെ. അതായത്, അന്ന് ഇന്ത്യയുടെ ഈ റാങ്കിങ്ങ് 192 രാജ്യങ്ങളില്‍ 135ആയിരുന്നു. ഈ മാറ്റത്തിലൂടെ 2021നും 22നും ഇടയ്ക്ക് എച്ച്ഡിഐ മൂല്യത്തിലുണ്ടായിരിക്കുന്ന ഒരു പോയിന്റിലെ വര്‍ധന 0.633ല്‍ നിന്ന് 0.644ലേക്കാണ്. ഈ കണക്കനുസരിച്ച് ഇന്ത്യ ഇടത്തരം മനുഷ്യവികസന രാജ്യങ്ങളുടെ കുടുംബത്തിലെ അംഗമായിരിക്കുകയാണ്. അതേ അവസരത്തില്‍ മോഡി സര്‍ക്കാര്‍ കഴിയുന്നത്ര വേദികളില്‍ മുന്‍സര്‍ക്കാരുകളുടെ വികസന വിരുദ്ധതയെ അപലപിക്കുമ്പോള്‍ സൗകര്യാര്‍ത്ഥം തമസ്കരിക്കാറുള്ളത്, 1990നും 2022നും ഇടയ്ക്ക് രാജ്യത്തിന്റെ ഈ മേഖലയിലുണ്ടായ നേട്ടം മൂല്യാടിസ്ഥാനത്തില്‍ 48.4ശതമാനത്തോളമായിരുന്നു എന്നതാണ്. അതായത് 0.434ല്‍ നിന്ന് 0.644ലേക്കുള്ള വര്‍ധന.

ഈ ഘട്ടത്തിലെത്തിയെങ്കിലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഭൂട്ടാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ചൈന എന്നീ രാജ്യങ്ങള്‍ക്കും താഴെയാണ്. ഇടത്തരം വികസനം നേടിയ രാജ്യങ്ങളുടെ കൂട്ടത്തില്‍പ്പെട്ട മ്യാന്മര്‍,ഘാന,കോംഗോ,കെനിയ, അംഗോള തുടങ്ങി ഇന്ത്യയെക്കാള്‍ ചെറിയ രാജ്യങ്ങള്‍കൂടി ഉള്‍പ്പെടുന്നുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭിമാനകരമായി ചൂണ്ടിക്കാണിക്കാവുന്ന ഏക നേട്ടം ലിംഗപരമായ അസമത്വം അഥവാ ജെന്‍ഡര്‍ ഇന്‍ ഈക്വാളിറ്റി ഇന്‍ഡെക്സില്‍ നേടാനായ മെച്ചപ്പെട്ട റാങ്കാണ്. 2022ല്‍ ഇത് 193രാജ്യങ്ങളില്‍ 108-ാം സ്ഥാനമായിരുന്നെങ്കില്‍ 2021ല്‍ ഇത് 122രാജ്യങ്ങളില്‍ 191ആയിരുന്നു. അതേയവസരത്തില്‍ ലിംഗാടിസ്ഥാനത്തിലുള്ള തൊഴിലാളി പങ്കാളിത്തത്തിന്റെ കാര്യത്തില്‍ വലിയ അന്തരമുണ്ട്. സ്ത്രീ-പുരുഷ പങ്കാളിത്തങ്ങളില്‍ ഈ അന്തരം 2022ല്‍ 47.8ശതമാനം വരെ ആയിരുന്നു. സ്ത്രീ പങ്കാളിത്തം 28.3ശതമാനവും പുരുഷ പങ്കാളിത്തം 76.1ശതമാനവും വീതമായിരുന്നു.
അതേ അവസരത്തില്‍ പെരുകിവരുന്ന സാമ്പത്തിക സമത്വങ്ങള്‍ മനുഷ്യ വിഭവ വികസന സാധ്യതകള്‍ക്കുമേല്‍ ഏല്പിക്കുന്നത് അതീവ ഗുരുതരമായ ആഘാതമാണെന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. 2020നുശേഷമാണ് ഈ പ്രവണത അതിശക്തമായി അനുഭവപ്പെട്ടുതുടങ്ങിയത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ഉയര്‍ന്ന വരുമാന വിഭാഗത്തില്‍പ്പെടുന്നവരും താണവിഭാഗത്തില്‍ പെടുന്നവരും തമ്മിലുള്ള അന്തരം ഭയാനകമായ വിധമാണ് വര്‍ധിച്ചുവരുന്നത്. ആഗോളതലത്തിലാണെങ്കില്‍ വ്യാപാര മേഖലയിലാണ്, സ്വത്തിന്റെയും വരുമാനത്തിന്റെയും കേന്ദ്രീകരണം 40ശതമാനം വരെ ഉയര്‍ന്നിട്ടുള്ളതെന്നു കാണുന്നു. രണ്ടോ, മൂന്നോ അതിസമ്പന്ന രാജ്യങ്ങളുടെ നിയന്ത്രണത്തിലാണ് ആഗോള ചരക്കുവ്യാപാരം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്. 2021ല്‍ ഈ മൂന്നു മുതലാളിത്ത രാജ്യങ്ങളിലും വിപണിമൂലധന കേന്ദ്രീകരണം 90ശതമാനം വരുന്ന ലോക രാജ്യങ്ങളിലെയും ജിഡിപിയുടെ ആകത്തുകയേക്കാളേറെ വരുമായിരുന്നു. വരുമാനത്തിലുള്ള അസമത്വങ്ങള്‍ മനുഷ്യവികസനവുമായി ബന്ധപ്പെട്ട മറ്റ് അസമത്വങ്ങളുമായി പരസ്പരം കോര്‍ത്തിണക്കപ്പെട്ട നിലയിലാണെന്നത് പ്രശ്നത്തിന്റെ ഗൗരവവും സങ്കീര്‍ണതയും വെളിവാക്കുന്നു. 

ആഗോള ഇന്‍ ഈക്വാളിറ്റി ലാബിന്റെ പഠനം നോക്കുക. 2022–23ല്‍ ഇന്ത്യന്‍ ദേശീയ വരുമാനത്തില്‍ താഴെത്തട്ടിലുള്ള 50ശതമാനം പേരുടെ വരുമാനം 15 ശതമാനം മാത്രമാണ്. താഴെത്തട്ടിലുള്ള 50ശതമാനത്തിന്റെയും ഇടത്തരം വരുമാനക്കാരുടെ 40ശതമാനത്തിന്റെയും യഥാക്രമം 0.3ശതമാനവും 0.7 ശതമാനവും വീതമായിരിക്കും ദേശീയ വരുമാനത്തിന്റെ ശരാശരി ഓഹരി. ഏറ്റവും ഉയര്‍ന്ന തട്ടിലുള്ള അതി സമ്പന്നരായ 10,000 വ്യക്തികളുടെ വരുമാനം ഒരു ശരാശരി ഇന്ത്യന്‍ പൗരന്‍ നേടുന്ന വരുമാനത്തിന്റെ 2,069ഇരട്ടിയായിരിക്കും. വരുമാനത്തിലെ ഇത്രയും വലിയ അന്തരം മൊത്തം ഡിമാന്‍ഡിന്റെയും ഉപഭോഗത്തിന്റെയും മേല്‍ മാത്രമല്ല, അവരുടെ ക്ഷേമെെശ്വര്യങ്ങളുടെ മേലും ഉണ്ടായിരിക്കുമെന്ന് ഉറപ്പാണല്ലോ. ഓരോ ശതമാനനിരക്കിലും യഥാര്‍ത്ഥ വരുമാനത്തില്‍ വര്‍ധനവുണ്ടാകുമ്പോള്‍ അതിനനുസൃതമായി ഉയര്‍ന്നവരുമാന വിഭാഗക്കാരുടെ വരുമാനത്തിലും വര്‍ധനവുണ്ടാകുമെങ്കിലും ഇത്തരം വര്‍ധനവിന്റെ തോത് ശേഷിക്കുന്ന ജനങ്ങളുടെയും വരുമാനത്തിലും ഗണ്യമായി ഉയര്‍ന്ന നിരക്കിലായിരിക്കുകയും ചെയ്യും. വളര്‍ച്ചാനിരക്കില്‍ ഏറ്റവും ഉയര്‍ന്ന 10ശതമാനത്തെയെടുത്താല്‍ അതില്‍ത്തന്നെ ഒന്നാം നിരയിലുള്ളവര്‍ക്കായിരിക്കും മറ്റുള്ളവരെക്കാളധികം ഗുണം കിട്ടുക. 2014–2022കാലയളവില്‍ ഇത്തരം വരുമാന വിഭാഗത്തില്‍പ്പെടുന്ന 40ശതമാനം പേരുടെ വരുമാനം ഏറ്റവും താഴെത്തട്ടിലുള്ള 50ശതമാനത്തിന്റെതിനേക്കാള്‍ താണനിരക്കിലായിരുന്നു വര്‍ധിച്ചുവന്നിരുന്നത്. ഈ നിലയില്‍ തലതിരിഞ്ഞ വരുമാന വിതരണവും വളര്‍ച്ചയും ഉയര്‍ന്ന വരുമാന വിഭാഗക്കാര്‍ക്ക് അനുകൂലമായിരുന്നു. അതായത് മധ്യവരുമാന വിഭാഗക്കാരുടെ എണ്ണം ഇക്കാലമത്രെയും ക്രമേണ കുറഞ്ഞുവരുന്നു എന്നുതന്നെയാണ്. വരുമാന വളര്‍ച്ചയോടൊപ്പം വരുമാന വിതരണ മാതൃകയും സമൂഹത്തിന്റെ ഉന്നത ശ്രേണിയിലുള്ളവരില്‍ അതിവേഗം കേന്ദ്രീകരിക്കപ്പെടുന്നു എന്നതിനാല്‍, നമ്മുടെ സാമൂഹ്യ ഘടന കൃത്യമായി രണ്ടു വര്‍ഗങ്ങളായി വിഭജിക്കപ്പെടുന്നു. അതായത് മുതലാളിത്ത വികസന പാത സ്വീകരിച്ചാല്‍ സംഭവിക്കുന്ന ദുരന്തം പോലെ സമൂഹം ‘ഉള്ളവന്‍’ എന്നും ‘ഇല്ലാത്തവന്‍’ എന്നും രണ്ടായി വെട്ടിമുറിക്കപ്പെടുന്നു. 

ഈയിടെ പുറത്തുവന്ന ഗാര്‍ഹിക വരുമാന കടബാധ്യത – സമ്പാദ്യ – നിക്ഷേപ സര്‍വേകളില്‍ സൂചിപ്പിച്ചിട്ടുള്ളതുപോലെ ദീര്‍ഘകാലമായി നിലവിലിരുന്ന വിതരണ മേഖലയിലെ ഈ അനീതിയുടെ ഫലമായി ഓരോ ഇന്ത്യന്‍ കുടുംബത്തിന്റെയും കടബാധ്യത തുടര്‍ച്ചയായി ഉയര്‍ന്നു വരികയാണ്. 2023ഡിസംബറില്‍ ഇത് ജിഡിപിയുടെ 40ശതമാനത്തിലെത്തിയിരുന്നു. അറ്റ സമ്പാദ്യനിരക്ക് ജിഡിപിയുടെ 5.2ശതമാനമായി ചുരുങ്ങുകയും ചെയ്തു. കടബാധ്യതയുടെ ഘടനയും ഒട്ടും ആശ്വാസം നല്‍കുന്നില്ല. ഈട് നല്‍കാതെ കൈപ്പറ്റിയിരിക്കുന്ന കടബാധ്യതയുടെ വര്‍ധനവാണ് മറ്റ് വിധത്തിലുള്ള കടബാധ്യതയേക്കാളേറെ. വ്യക്തിഗത വായ്പകള്‍ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് കുമിഞ്ഞുകൂടുന്ന ബാധ്യതകളും ഗുരുതര പ്രതിസന്ധികള്‍ക്കാണിടയാക്കിയിരിക്കുന്നത്. ഇതിനെല്ലാം പുറമെ, കാര്‍ഷിക, ബിസിനസ്, സംരംഭകത്വ വായ്പകളുമുണ്ട്. ഇതെല്ലാം പ്രതികൂല നിക്ഷേപ സാഹചര്യങ്ങളുടെയും സംരംഭകത്വ പ്രോത്സാഹന പരിപാടികളുടെയും അപര്യാപ്തതയുടെ ഫലമാണ്. ഒരു പരിധിവരെ നിക്ഷേപകര്‍ പ്രകടമാക്കുന്ന അലംഭാവവും നഷ്ടസാധ്യതകള്‍ക്കും കടബാധ്യതാ വര്‍ധനവിനും ഇടയാക്കിയിട്ടുണ്ട്.
സ്വതന്ത്ര ഇന്ത്യയില്‍ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന ഗാര്‍ഹിക കടബാധ്യത രേഖപ്പെടുത്തിയിട്ടുള്ളത് 2022–23ലാണ്. ജിഡിപിയുടെ 5.8ശതമാനം. താണ സമ്പാദ്യനിരക്കിന്റെയും ഉയര്‍ന്ന കടബാധ്യതാ നിരക്കിന്റെയും അടിസ്ഥാനത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ വിലയിരുത്തുമ്പോള്‍ അടിയന്തരമായി ഒരു ബദല്‍ വികസന തന്ത്രത്തിനും കാഴ്ചപ്പാടിനും രൂപം നല്‍കാതെ തരമില്ല എന്ന് വ്യക്തമാകുന്നു. ഇത്തരമൊരു തന്ത്രത്തിന്റെ കേന്ദ്ര ബിന്ദുവായിരിക്കേണ്ടത് മനുഷ്യ വിഭവ വികസനം തന്നെയാണ്.
മനുഷ്യാധ്വാനശക്തി ഒരു ബാധ്യതയായി കാണുന്നതിനു പകരം അത് അമൂല്യമായൊരു ആസ്തിയായി കാണുകയാണ് വേണ്ടത്. ആധുനികശാസ്ത്ര, സാങ്കേതിക വിജ്ഞാനവും എഐയും റോബോട്ടിക്സും മറ്റും മനുഷ്യാധ്വാന ശക്തിക്ക് സഹായകമായ അനുബന്ധ മേഖലകളായി മാത്രമേ പരിഗണിക്കപ്പെടാന്‍ പാടുള്ളൂ. മനുഷ്യനെയും പ്രകൃതിയെയും വിസ്മരിച്ചുകൊണ്ടുള്ള യാതൊരുവിധ വികസന തന്ത്രവും ദീര്‍ഘകാല വികസനത്തിന് സഹായകമാവില്ല. ഹ്രസ്വകാല തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കപ്പുറം രാഷ്ട്രീയ ഇച്ഛാശക്തിയാണ് ഇതിന് അനിവാര്യമായിട്ടുള്ളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.