24 December 2024, Tuesday
KSFE Galaxy Chits Banner 2

സിഎച്ച്ആർ: യുഡിഎഫ് നിലപാട് വഞ്ചനാപരം

കെ കെ ശിവരാമൻ
November 23, 2024 4:30 am

കാര്‍ഡമം ഹില്‍ റിസര്‍വു (സിഎച്ച്ആര്‍) മായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നിന്നുണ്ടായ ഇടക്കാല ഉത്തരവ് ഹൈറേഞ്ചിലെ ലക്ഷക്കണക്കിന് കൃഷിക്കാരെ ആശങ്കാകുലരാക്കിയിരിക്കുകയാണ്. അന്തിമ വിധി വരുന്നതുവരെ ഈ മേഖലയിൽ പട്ടയം നൽകരുതെന്നും വാണിജ്യ ആവശ്യങ്ങൾക്കായി ഭൂമി വിനിയോഗിക്കരുതെന്നുമാണ് വിധി. കേസ് ഡിസംബർ നാലിന് വീണ്ടും കോടതി പരിഗണിക്കും. 2002 മുതലാണ് സിഎച്ച്ആറുമായി ബന്ധപ്പെട്ട കേസ് ഉണ്ടാവുന്നത്. വൺ ലൈഫ് വൺ എര്‍ത്ത് എന്ന പരിസ്ഥിതി സംഘടനയാണ് കോടതിയിലെത്തിയത്. സിഎച്ച്ആർ 2,15,720 ഏക്കർ ആണെന്നും അത് വനമാണെന്നും നൽകിയിരിക്കുന്ന പട്ടയങ്ങൾ റദ്ദാക്കി ഭൂമി തിരിച്ചുപിടിക്കണമെന്നും അവർ വാദിച്ചു. 1822ലെ രാജവിളംബരത്തിലൂടെയാണ് ഏലക്കൃഷിയെ സർക്കാർ അംഗീകരിച്ചത്. ഏലത്തിന്റെ അനന്തസാധ്യതകൾ തിരുവിതാംകൂർ രാജകുടുംബം നല്ലതുപോലെ മനസിലാക്കിയിരുന്നു. തുടക്കത്തിൽ ഏലം സ്വതന്ത്രമായി സംസ്കരിക്കുവാനും വിൽക്കാനും കൃഷിക്കാർക്ക് അനുമതി ഉണ്ടായിരുന്നില്ല. സംസ്കരിച്ച് രാജകുടുംബത്തിൽ എത്തിച്ചുനൽകണമായിരുന്നു. ഇതിന് നിശ്ചിത തുക പ്രതിഫലമായി ലഭിക്കും. ഭാവിയിൽ രാജ്യത്തിന്റെ ഖജനാവ് നിറയ്ക്കുന്ന സ്വർണഖനിയായി മാറും എന്ന് തിരിച്ചറിഞ്ഞതോടെ 1897ൽ പഴയ കരിമണ്ണൂർ, കാരിക്കോട് വില്ലേജുകളിലെ 15,720 ഏക്കർ ഭൂമി ഏലം കൃഷിക്കായി മാറ്റിവച്ചുകൊണ്ട് വിളംബരം പുറപ്പെടുവിച്ചു. ഈ വിളംബരം അനുസരിച്ച് സിഎച്ച്ആർ 15,720 ഏക്കർ മാത്രമാണെന്ന് 2018ൽ കേരള നിയമസഭയിലെ പി ഉബൈദുള്ളയുടെ ചോദ്യത്തിന് സംസ്ഥാന റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ മറുപടി കൊടുത്തിട്ടുണ്ട്. രാജ വിളംബരത്തിൽ സിഎച്ച്ആറിന്റെ അതിരുകളും പറയുന്നുണ്ട്. 

പരിസ്ഥിതി സംഘടനയുടെ ഹർജിയെ കുറിച്ച് സംസ്ഥാനം നിലപാട് വ്യക്തമാക്കണമെന്ന് 2004ലും 2005ലും സുപ്രീം കോടതി അന്നത്തെ യുഡിഎഫ് സർക്കാരിനോട് ആവശ്യപ്പെട്ടു. പക്ഷേ സർക്കാർ മറുപടി കൊടുത്തില്ല. കോൺഗ്രസിലെ ഹരിത എംഎൽഎമാർ എന്നറിയപ്പെട്ടവരാണ് സര്‍ക്കാരിനെക്കൊണ്ട് ഇങ്ങനെ നിലപാട് എടുപ്പിച്ചത് എന്നും വ്യക്തം. ഇവരുടെ സഹായത്തോടെയാണ് 15,720 ഏക്കർ 2,15,720 ഏക്കർ ആയി മാറിയതെന്നും വ്യക്തം. സംസ്ഥാന സർക്കാർ ഉണർന്നു പ്രവർത്തിച്ചിരുന്നുവെങ്കിൽ ഈ വിഷയത്തിന് അന്നുതന്നെ പരിഹാരം ഉണ്ടാകുമായിരുന്നു. 2007ൽ വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ സംസ്ഥാന സർക്കാർ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഇതിൽ സിഎച്ച്ആർ 15,720 ഏക്കർ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2023ലും 24ലും ഇതേ നിലപാട് ആവർത്തിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി സത്യവാങ്മൂലം നൽകി.
എന്നാൽ ഈ വിഷയത്തിൽ പലപ്പോഴും വനം വകുപ്പ് എടുക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ നിലപാടിന് കടകവിരുദ്ധവുമാണ് എന്നത് മറച്ചുവയ്ക്കാനാവില്ല. രാജവാഴ്ചക്കാലത്ത് തന്നെ ഇവിടെ കൃഷിക്കാർക്ക് ഭൂമി പതിച്ചുനൽകാൻ തുടങ്ങി. 1905, 10, 35 വർഷങ്ങളിലൊക്കെ നൂറുകണക്കിന് ഏക്കര്‍ ഭൂമി കൃഷിക്കാർക്ക് പതിച്ചുനൽകിയിട്ടുണ്ട്. 1958ൽ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കാലത്ത് തന്നെ സിഎച്ച്ആർ ഉൾപ്പെടുന്ന പ്രദേശം റവന്യുഭൂമിയാണെന്നും വൃക്ഷങ്ങളുടെ സംരക്ഷണം മാത്രമാണ് വനംവകുപ്പിന് കൈമാറിയിട്ടുള്ളത് എ­ന്നും വ്യക്തമാക്കിയിട്ടുണ്ട്. 

2006 ഫെബ്രുവരി എട്ടിന് അ­ന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അധ്യക്ഷതയിൽ മന്ത്രിമാരായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനും ആര്യാടൻ മുഹമ്മദും ഉൾപ്പെടുന്ന ഉപസമിതി യോഗം ചേർന്ന് ഏലമല പ്രദേശം 344 ചതുരശ്ര കിലോമീറ്റർ ആണെന്നും, വനം ഭൂമി ആണെന്നും തീരുമാനമെടുത്ത് സത്യവാങ്മൂലം നൽകാൻ തീരുമാനിച്ചുവെങ്കിലും ജനകീയ പ്രതിഷേധത്തിന് മുമ്പിൽ കീഴടങ്ങുകയായിരുന്നു. പിന്നീട് വന്ന എൽഡിഎഫ് സർക്കാർ ഇക്കാര്യത്തിൽ വ്യക്തത വരുത്തി. 1922 മുതലുള്ള ചരിത്രം, തിരുവിതാംകൂർ രാജാവ് മുതൽ വിവിധ സർക്കാരുകൾ നടത്തിയ നിയമനിർമ്മാണങ്ങൾ, തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ കേസ് നടത്തി. അതിനായി റവന്യു മന്ത്രി കെ പി രാജേന്ദ്രൻ, വനം മന്ത്രി ബിനോയ് വിശ്വം, തൊഴില്‍ മന്ത്രി പി കെ ഗുരുദാസൻ എന്നിവരടങ്ങുന്ന ഉപസമിതിയെ നിയോഗിക്കുകയും അവരുടെ റിപ്പോർട്ട് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. 

യുഡിഎഫ് സർക്കാരിലെ മന്ത്രി ടി എം ജേക്കബ് ഗവർണർ ആർ എൽ ഭാട്ടിയയ്ക്ക് 2005ൽ സിഎച്ച്ആർ 344 ചതുരശ്ര കിലോമീറ്റർ ആണെന്നും ഇത് വനമാണെന്നും റിപ്പോർട്ട് നൽകി. ഇത് 2,15,720 ഏക്കര്‍ വരും. 2002 മുതൽ യുഡിഎഫ് സർക്കാർ തികച്ചും കർഷക വിരുദ്ധ നിലപാടാണ് സ്വീകരിച്ചു വന്നത്. എങ്കിലും ചില വനം വകുപ്പ് ഉദ്യോഗസ്ഥന്മാരും പരിസ്ഥിതി സംഘടനകളും പറയുന്നതുപോലെ സിഎച്ച്ആർ വനഭൂമിയാണെന്ന് കാണിച്ച് ഒരു ഉത്തരവും ഇതുവരെ ഇറങ്ങിയിട്ടില്ല. വ്യക്തമായ ഉത്തരവ് ഇല്ലാത്ത മലമ്പ്രദേശം റവന്യു ഭൂമിയായി തുടരും. ലക്ഷക്കണക്കിന് മനുഷ്യർ താമസിക്കുന്ന ഈ മേഖലയിൽ വീടുകളും, കടകമ്പോളങ്ങളും, പൊതുസ്ഥാപനങ്ങളും ഒക്കെ പ്രവർത്തിക്കുന്നു. ഇതെല്ലാം ഇടിച്ചുനിരത്തി പട്ടയങ്ങൾ റദ്ദാക്കി കുടുംബങ്ങളെ കൂടിയിറക്കുന്നതിനുവേണ്ടി വാദിക്കുന്നവര്‍ ആരോടെല്ലാം അച്ചാരം വാങ്ങിയിട്ടുണ്ടെന്നും, ഇവരുടെ സാമ്പത്തിക സ്രോതസ് എന്തൊക്കെയാണെന്നും സർക്കാർ അന്വേഷിക്കണം. 

സിഎച്ച്ആർ വിഷയത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുന്ന യുഡിഎഫ്, കേസിന്റെ നാൾവഴികൾ പരിശോധിക്കണം. തുടക്കം മുതൽ കൃഷിക്കാർക്കെതിരായ നിലപാടാണ് യുഡിഎഫ് സ്വീകരിച്ചുവന്നത്. യുഡിഎഫും ചില സ്വതന്ത്ര കർഷക സംഘടനകളും ജില്ലയിൽ എൽഡിഎഫ് സർക്കാരിനെതിരെ വലിയ സമരത്തിന് കോപ്പ് കൂട്ടുകയാണ്. കോടതിയിൽ നിന്ന് കൃഷിക്കാർക്കെതിരായ ഇടക്കാല വിധിയുണ്ടായത് സംസ്ഥാന സർക്കാരിന്റെ കർഷക വിരുദ്ധ നിലപാട് മൂലമാണ് എന്നാണ് ഇവരുടെ വാദം. സത്യത്തിന്റെ നേരെ നോക്കി കൊഞ്ഞനം കുത്തുന്ന പണി യുഡിഎഫിന്റെ ജന്മഗുണമാണ്. ചില ചോദ്യങ്ങൾക്ക് യുഡിഎഫ് ഉത്തരം പറയണം. 2002ൽ ആണല്ലോ പരിസ്ഥിതി സംഘടന സുപ്രീം കോടതിയിൽ എത്തിയത്. നിലപാട് വ്യക്തമാക്കണമെന്ന് സുപ്രീം കോടതി 2004ലും 2005ലും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ട് യുഡിഎഫ് സർക്കാർ സത്യവാങ്മൂലം നൽകിയില്ല. 2005ൽ ഗവർണർക്ക് നൽകിയ നിവേദനത്തിൽ സിഎച്ച്ആർ 2,15,720 ഏക്കർ ആണെന്ന് വ്യക്തമാക്കിയത് സര്‍ക്കാരിന്റെ നിലപാടല്ലേ? 2006 തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ ഉപസമിതി സിഎച്ച്ആർ 344 ചതുരശ്ര കിലോമീറ്റർ ആണെന്ന് അംഗീകരിച്ചിട്ടുണ്ടോ? 

സിഎച്ച്ആറിനെ സംബന്ധിച്ച് 1958ലും 2007ലും 2023ലും 2024ലും എൽഡിഎഫ് സർക്കാർ സ്വീകരിച്ച നിലപാട് ഒന്നുതന്നെയാണ്. ഏലമല പ്രദേശം റവന്യു ഭൂമിയാണെന്ന് എൽഡിഎഫ് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അത്തരം ഒരു നിലപാട് യുഡിഎഫ് സ്വീകരിച്ചിട്ടുണ്ടോ? വനം വകുപ്പിന്റെ റിപ്പോർട്ട് ഉയർത്തിപ്പിടിച്ചുകൊണ്ടാണ് അവര്‍ സർക്കാരിനെതിരെ തിരിയുന്നത്. എന്നാല്‍ 1958, 2007, 23, 24 വർഷങ്ങളിലൊക്കെ എൽഡിഎഫ് സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടുള്ളതും ജനങ്ങളെ ബോധ്യപ്പെടുത്തിയിട്ടുള്ളതുമാണ്. ഇപ്പോ­ൾ യുഡിഎഫ് നടത്തുന്ന സമരം അവരുടെ ജനവഞ്ചന മറച്ചുവയ്ക്കാനുള്ള ശ്രമം മാത്രമാണ്.
ഇടുക്കി ആകെ വനവൽക്കരിക്കാനുള്ള ഒരു അന്താരാഷ്ട്ര ഗൂഢാലോചന നടക്കുന്നുണ്ട്. യുഡിഎഫിലെ പല നേതാക്കളും അക്കൂട്ടത്തിലാണ്. വിഷയത്തിൽ എൽഡിഎഫ് ജനങ്ങളോടൊപ്പമാണ്. ജനങ്ങൾക്കെതിരായി ഉണ്ടാവുന്ന ഏതൊരു നീക്കത്തിനുമെതിരെ എൽഡിഎഫ് ഒറ്റക്കെട്ടായി പോരാട്ട വീഥികളിൽ അണിനിരക്കും. എന്താണ് യാഥാർത്ഥ്യമെന്ന് ജനങ്ങളോട് വിശദീകരിക്കാനും യുഡിഎഫിന്റെ വഞ്ചനാപരമായ നിലപാട് തുറന്നുകാണിക്കുന്നതിനും ഡിസംബർ മൂന്നിന് കട്ടപ്പന, നെടുങ്കണ്ടം, കുമളി എന്നിവിടങ്ങളിൽ ആയിരക്കണക്കിന് കൃഷിക്കാരെ അണിനിരത്തിക്കൊണ്ടുള്ള ബഹുജന കൂട്ടായ്മ നടത്തുന്നതിന് സിപിഐ ജില്ലാ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.