7 May 2024, Tuesday

എല്ലാവരുടെയും സഖാവ്

കാനം രാജേന്ദ്രൻ
August 19, 2023 4:25 am

കേരള ജനതയ്ക്കാകെ സഖാവായിരുന്ന പി കൃഷ്ണപിള്ള ഓർമ്മയായിട്ട് ഇന്ന് 75 വർഷം തികയുകയാണ്. ആധുനിക കേരളത്തിന്റെ ചരിത്രം മാറ്റി എഴുതുന്നതിൽ പി കൃഷ്ണപിള്ള നിസ്തുലമായ പങ്ക് വഹിച്ചു. പതിനെട്ടു വർഷത്തെ പൊതു ജീവിതത്തിനിടയിൽ ഇത്രയേറെ വിലപ്പെട്ട സംഭാവനകൾ ഭാവിതലമുറയ്ക്ക് പ്രദാനം ചെയ്ത നേതാക്കൾ കേരളത്തിൽ ദുർലഭമാണ്. അനിതരസാധാരണമായ ഒരു രാഷ്ട്രീയ ശില്പിയായിരുന്നു കൃഷ്ണപിള്ള. അധ്വാനിക്കുന്ന ജനങ്ങൾക്കും അവരുടെ സംഘടനകൾക്കും ശാസ്ത്രീയവും നൂതനവുമായ ഒരു ലക്ഷ്യവും മാർഗവും ആവിഷ്കരിക്കാൻ കഴിഞ്ഞതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടം. ഉയർന്ന നേതാക്കളിൽ പലരും ഒരു നിശ്ചിത പ്രാദേശിക പരിധിയിൽ, അല്ലെങ്കിൽ ഒരു കാലയളവിൽ മാത്രമായി, പ്രവർത്തനവും കീർത്തിയും പരിമിതപ്പെടുത്തിയപ്പോൾ കൃഷ്ണപിള്ളയുടെ വേദി കേരളം മുഴുവനുമായിരുന്നു. ഒരു കൊടുങ്കാറ്റായി വന്നു; കൊടുങ്കാറ്റായിത്തന്നെ നിലനിന്നു. തൊഴിലാളിവർഗം ഒരു സമരശക്തിയാണെന്നും അവരുടെ കൂട്ടായ പ്രവർത്തനത്തിന്റെ നേതൃത്വം അവരിൽ നിന്നുതന്നെ വളർന്നുവരുന്ന സമരാനുഭവങ്ങളെ ഉൾക്കൊള്ളുന്ന വിഭാഗങ്ങളിലാണ് സ്ഥിതി ചെയ്യുന്നതെന്നും കേരളക്കരയിലെ തൊഴിലാളി പ്രവർത്തകരെ പഠിപ്പിച്ച ആദ്യത്തെ ഗുരു കൃഷ്ണപിള്ളയാണ്. ഏതൊരു തൊഴിലാളിയുടെയും കർഷക തൊഴിലാളിയുടെയും മാത്രമല്ല നാട്ടുകാര്യസ്ഥന്മാരുടേയും വീട്ടിൽ ചെന്ന് അവിടെയുള്ള സൗകര്യങ്ങളോട് ഇണങ്ങിക്കഴിഞ്ഞുകൊണ്ട് അനുദിനപ്രവർത്തന പരിപാടികൾ സഖാവ് വിവരിക്കുന്നതു കേട്ടാൽ അവിടമെല്ലാം ഒന്നാംതരം തൊഴിലാളി-കർഷക സമരരംഗങ്ങളാണെന്നു തോന്നിപ്പോകുമെന്ന് ആർ സുഗതൻ അനുസ്മരിച്ചിട്ടുണ്ട്.
അധ്വാനിക്കുന്ന വർഗത്തിന്റെ ചെറുകൂരയിലെ, ഉപ്പിടാത്ത പഴംകഞ്ഞിവെള്ളവും കീറപ്പായയും മങ്ങിയ ചിമ്മിനിവിളക്കും എല്ലാം പി കൃഷ്ണപിള്ളയോളം കൂടുതൽ ഉപയോഗിച്ചിട്ടുള്ള ഒരു തൊഴിലാളി നേതാവ് വേറെ കാണുകയില്ല.

 


ഇതുകൂടി വായിക്കൂ; ഗഗനനീലിമയായ് ഗദ്ദർ


കോഴിക്കോട്ടും ഫറോക്കിലും കല്ലായിയിലുമെല്ലാം ആദ്യകാലത്ത് തൊഴിലാളി പ്രവർത്തനം തുടങ്ങിയപ്പോൾ കടവും പട്ടിണിയുമായി നടന്ന് സഖാക്കളോടൊപ്പം ചേർന്നു പ്രവർത്തിച്ച കാലങ്ങളിലെ കഥകൾ പ്രസിദ്ധമാണ്. രാവിലത്തെ കാപ്പി ആരെങ്കിലും സൗജന്യമായി വാങ്ങിച്ചുകൊടുക്കുന്നതു കാത്തു നടക്കും. അതു കഴിഞ്ഞാൽ യൂണിയൻ പ്രവർത്തനം. ഉച്ചയ്ക്കുശേഷം ഊണു വാങ്ങിക്കൊടുക്കുന്ന ആളെ നോക്കി നടപ്പായി. അതുകഴിഞ്ഞാൽ പ്രക്ഷോഭണവും പ്രവർത്തനവും. കാൽനടയായും, പൊലീസിന്റേയും ഗുണ്ടകളുടേയും ഉപദ്രവങ്ങളെ നേരിട്ടും സഖാവ് ഇടതടവില്ലാതെ നടത്തിയ തൊഴിലാളി പ്രവർത്തനങ്ങളുടെ വിവരം ദീർഘമായ ഒരു ചരിത്രത്തിനു വകതരുന്നതാണ്.
അന്നത്തെ തൊഴിലാളി വോളണ്ടിയർമാരായിരുന്ന പല പ്രമുഖ രാഷ്ട്രീയ പ്രവർത്തകരും ഇതിനു സാക്ഷികളാണ്. പ്രയാസങ്ങളും കഷ്ടാനുഭവങ്ങളും സഖാവിന് കൂടുതൽ കൂടുതൽ ഉഷാറായി പ്രവർത്തിക്കുവാനുള്ള ആവേശമാണ് നൽകിയിട്ടുള്ളത്. ആരോടും എപ്പോഴും കമ്മ്യൂണിസ്റ്റ് പാർട്ടി, തൊഴിലാളി യൂണിയൻ, കർഷകസംഘം ഇവയെപ്പറ്റിയേ സഖാവിനു പറയാനുണ്ടായിരുന്നുള്ളു.
ജാപ്പു വിരുദ്ധ പ്രവർത്തനകാലത്തും, ഭരണക്കൈമാറ്റകാലത്തും അതിനിടയ്ക്കുമെല്ലാം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലും തൊഴിലാളി സംഘടനകളിലും അഭിപ്രായഭിന്നതകളും കുഴപ്പങ്ങളും തലപൊക്കിയപ്പോഴുമെല്ലാം പാർട്ടി ശത്രുക്കളെ ഞെട്ടിപ്പിക്കത്തക്ക വിധത്തിൽ അവയെല്ലാം യോജിപ്പിച്ച് ഉറപ്പിച്ച സഖാവിന്റെ സംഘടനാപരമായ കഴിവും രാഷ്ട്രീയമായ കാഴ്ചപ്പാടിന്റെ വ്യക്തതയും തെളിഞ്ഞു കാണാമായിരുന്നു.


ഇതുകൂടി വായിക്കൂ;രാഷ്ട്രീയ നേതാക്കൾക്കിടയിലെ പണ്ഡിതൻ


 

സഹപ്രവർത്തകരുടെ ഏതു ചെറിയ തെറ്റിനേയും നിർദാക്ഷിണ്യമായി വിമർശിച്ചു തള്ളാനും, അവരുടെ രാഷ്ട്രീയ വളർച്ചയ്ക്ക് കോട്ടം തട്ടാതെ അവരെ താങ്ങിനിർത്താനും കൃഷ്ണപിള്ള സമർത്ഥനായിരുന്നു. തൊഴിലാളിയായി ജീവിച്ചു വളർന്ന ഒരാളുടെ അച്ചടക്കവും, സംസ്കാരവും തുറന്ന പെരുമാറ്റവും അത്രയേറെ വികസിച്ച ഉത്തമനായ ഒരു കമ്മ്യൂണിസ്റ്റുകാരനെ കൃഷ്ണപിള്ളയിൽക്കൂടി കേരളീയർ കണ്ടിരുന്നു.
കൃഷ്ണപിള്ളയുടെ മരണംകൊണ്ട് കേരളത്തിനു മാത്രമല്ല ഇന്ത്യക്കുതന്നെ ഒരു മഹാനഷ്ടമാണ് സംഭവിച്ചത്. അതായത് വലിയവർക്കു മാത്രമല്ല പിഞ്ചുകുട്ടികൾക്കുപോലും അദ്ദേഹത്തെ മറക്കാൻ സാധിക്കുകയില്ല. എന്തുകൊണ്ടെന്നാൽ ജനങ്ങളെല്ലാം അദ്ദേഹത്തിന് അത്രയും സ്നേഹം അർപ്പിച്ചിരുന്നു. കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ ആകെ മർദിതജനതയുടെ നേതാവായ അദ്ദേഹത്തെ നാം എന്നും സ്മരിക്കുക.
പി കൃഷ്ണപിള്ള ഉയർത്തിപ്പിടിച്ച ചെങ്കൊടി നമുക്ക് കൂടുതൽ ഉയരത്തിൽ പറപ്പിക്കാം. പുതിയൊരിന്ത്യ കെട്ടിപ്പടുക്കാനുള്ള, വർഗീയ ശക്തികൾക്കെതിരായുള്ള പോരാട്ടത്തിൽ സഖാവിന്റെ സ്മരണ നമുക്ക് കരുത്താവട്ടെ.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.