19 November 2024, Tuesday
KSFE Galaxy Chits Banner 2

ക്രിക്കറ്റിന്റെ മാന്യതയും പ്രൗഢിയും വീണ്ടെടുക്കണം

പ്രൊഫ. കെ അരവിന്ദാക്ഷൻ
December 14, 2023 4:30 am

ക്രിക്കറ്റ് മാന്യന്മാരുടെ കളി എന്നാണല്ലോ അറിയപ്പെടുന്നത്. സാധാരണക്കാരുടെ കളിയായ ഫുട്ബോള്‍ ക്രിക്കറ്റിനെ അപേക്ഷിച്ച് ചെലവ് വളരെ കുറച്ച് സംഘടിപ്പിക്കാന്‍ കഴിയും. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആഗോളതലത്തില്‍ മുന്‍കാലത്ത് ഹോക്കിക്ക് നേടാന്‍ കഴിഞ്ഞിരുന്ന സ്ഥാനം ഇപ്പോള്‍ ക്രിക്കറ്റാണ് കയ്യടക്കിയിരിക്കുന്നത്. നമ്മുടെ കൊച്ചു സംസ്ഥാനമായ കേരളത്തിലും ക്രിക്കറ്റ് സമീപകാലത്ത് മാന്യതയുടെ അംഗീകാര ചിഹ്നമായി മാറിയിട്ടുണ്ട്. അതുകൊണ്ടായിരിക്കണമല്ലൊ വിദേശ ടീമുകള്‍ പങ്കെടുക്കുന്ന മത്സരങ്ങള്‍ക്ക് ഉയര്‍ന്ന ടിക്കറ്റ് നിരക്കുകള്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയതിനെപ്പറ്റി പരാതിയുയര്‍ന്നപ്പോള്‍ സംസ്ഥാന കായിക വകുപ്പുമന്ത്രി തന്നെ, അതിനെ അനുകൂലിക്കുന്ന പ്രസ്താവനയുമായി രംഗത്തുവന്നത്. കാശുള്ളവര്‍ മാത്രം ക്രിക്കറ്റ് മത്സരങ്ങള്‍ കാണാന്‍ പോകുന്നതാണ് ഉചിതം എന്നതായിരുന്നു മന്ത്രിയുടെ നിലപാട്. ശക്തമായ വിമര്‍ശനമുയര്‍ന്നപ്പോള്‍, അദ്ദേഹം തിരുത്തല്‍ പ്രസ്താവനയുമായി രംഗത്തുവന്ന കാര്യവും നമുക്കറിയാം.
ഏതാനും ദിവസം മുമ്പ് ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദില്‍ നടന്ന ഇന്ത്യ‑ഓസ്ട്രേലിയ ക്രിക്കറ്റ് ഫെെനല്‍ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ നടന്നത് മറ്റൊന്നാണ്. മത്സരം അവസാനിച്ചപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തില്‍ ഉണ്ടായത് ഞെട്ടിക്കുന്ന നിശബ്ദതയാണ്. കുറച്ചു സമയത്തേക്കൊന്നുമായിരുന്നില്ല ഈ നിശബ്ദത തുടര്‍ന്നത്. മുമ്പൊക്കെ ഇന്ത്യന്‍ ടീം പരാജയപ്പെടുമ്പോഴും വിജയം കെെവരിച്ച വിദേശ ടീമിന് അനുകൂലമായ ജയ്‌വിളികള്‍ കേള്‍ക്കാന്‍ കഴിയുമായിരുന്നു. ടീം പാകിസ്ഥാന്റേതായിരുന്നാല്‍ത്തന്നെയും അതായിരുന്നു അനുഭവം. എന്നാല്‍ ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. അഹമ്മദാബാദ് സ്റ്റേഡിയത്തിന്റെ ചില കോണുകളില്‍ ഏതാനും പേര്‍ വിജയം നേടിയ ഓസ്ട്രേലിയന്‍ ടീമിനെതിരെ മുദ്രാവാക്യം മുഴക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ ക്രിക്കറ്റ് കളിക്കാരുമുണ്ടായിരുന്നു എന്നതാണ് സ്ഥിതി കൂടുതല്‍ വഷളാക്കിയത്. മാന്യതയ്ക്ക് നിരക്കാത്ത ഈ നടപടി രാജ്യസ്നേഹത്താല്‍ പ്രചോദിതമാണെന്ന് വ്യാഖ്യാനിക്കപ്പെട്ടാലും ഇത് ഇന്ത്യയുടെ പാരമ്പര്യത്തിന് അനുയോജ്യമല്ല. ഇന്ത്യന്‍ ജനതയുടെ പ്രതിച്ഛായയ്ക്കു തന്നെ കളങ്കമേല്പിക്കുന്നതും മാന്യന്മാരുടെ കളിക്ക് ചേരാത്തതുമാണ്.
മുന്‍കാലങ്ങളില്‍ പ്രതിപക്ഷത്തായിരുന്നവരുടെ പാര്‍ട്ടിയാണ് 2014 മുതല്‍ കേന്ദ്രത്തിലും ചില സംസ്ഥാനങ്ങളിലും അധികാരത്തിലിരിക്കുന്നത്. ഈ രാഷ്ട്രീയ മാറ്റം പുതുതായി അധികാരത്തിലെത്തിയ പാര്‍ട്ടിയിലെ മന്ത്രിമാരടക്കമുള്ള നേതാക്കളുടെ സമീപനത്തിലും മനോഭാവത്തിലും സമൂലം മാറ്റമുണ്ടാക്കിയിരിക്കുന്നു. തന്നിഷ്ടപ്രകാരം എന്തും ചെയ്യാമെന്ന സ്ഥിതി നിലവില്‍ വന്നിരിക്കുന്നു. ഒരു ദളിത് കുടുംബത്തിന്റെ ഭൂമി നിയമവിരുദ്ധമായി കയ്യേറി സ്വന്തമാക്കിയ ഒരു കേന്ദ്രമന്ത്രിയുടെ നടപടിയെ പ്രതിപക്ഷ നേതാക്കളില്‍ ഒരാള്‍ ചോദ്യം ചെയ്തപ്പോള്‍, അതിനുള്ള മറുപടി ‘താങ്കള്‍ക്ക് ഇതൊന്നും സഹിക്കാന്‍ കഴിയില്ലെങ്കില്‍ പാകിസ്ഥാനിലേക്ക് പോകാം’ എന്നായിരുന്നു.

 


ഇതുകൂടി വായിക്കൂ;  മരമണ്ടന്‍ എലി തിരുപ്പതിയില്‍!


ഗാര്‍ഫീല്‍ സോബേഴ്സ് എന്ന വെസ്റ്റ് ഇന്ത്യന്‍ ക്രിക്കറ്റ് ചാമ്പ്യനോട് ഒരു മാധ്യമപ്രവര്‍ത്തകന്‍ ഏറ്റവും മുന്തിയ ബാറ്റ്സ്‌മാന്‍ ആരാണ് എന്ന് ചോദിച്ചപ്പോള്‍ പരാമര്‍ശിച്ചത് സുനില്‍ ഗവാസ്കറുടെ പേരായിരുന്നു. ഇന്നത്തെ സാഹചര്യത്തില്‍ ഒരു ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍ ഇങ്ങനെ മറ്റാെരു രാജ്യത്തെ മികച്ച താരത്തിന്റെ പേര് പറഞ്ഞാല്‍ ‘താങ്കള്‍ ഇന്ത്യയില്‍ ജീവിക്കാന്‍ അര്‍ഹനല്ല, മറ്റെവിടെയെങ്കിലും പോയി ജീവിക്കുക’ എന്നതായിരിക്കും പ്രതികരണം. ഇത്തരമൊരു പ്രതികരണമാണ് മോഡിയുടെ ഇന്ത്യയില്‍ നിന്നും പ്രതീക്ഷിക്കേണ്ടിവരിക. ഗവാസ്കറുടെ പേര് പറയുന്നതിന് മുമ്പ് തനിക്ക് നേരിട്ടറിയാവുന്ന നിരവധി ബാറ്റ്സ്‌മാന്‍മാരുടെ പ്രകടനത്തെപ്പറ്റി സോബേഴ്സ് പ്രശംസകള്‍ കോരിച്ചൊരിഞ്ഞിരുന്നു. ഈ മനോഭാവത്തെയാണ് വിശാലമനസ്കത എന്ന് വിശേഷിപ്പിക്കേണ്ടത്. മാന്യതയും ഇതാണ്. ഇതിന്റെ പേരില്‍ ഗാഫീല്‍ഡ് സോബേഴ്സിനോട് വെസ്റ്റ് ഇന്‍ഡീസ് വിട്ടുപോകാന്‍ ആ രാജ്യം നിര്‍ദേശിച്ചില്ല.
വ്യക്തികളോടോ രാജ്യങ്ങളോടോ ഉള്ള എതിര്‍പ്പും വിമര്‍ശനവും സ്വകാര്യ സംഭാഷണങ്ങളിലും ആശയവിനിമയങ്ങളിലും സ്വാഭാവികമായ പ്രതികരണങ്ങളെന്ന നിലയില്‍ ഉണ്ടായേ‌ക്കാം. പൊതുവേദികളിലും മാധ്യമങ്ങളിലൂടെയും ഇതൊന്നും നടന്നിരുന്നില്ല. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഒരു ഏകദിന മത്സരത്തില്‍, ലങ്കന്‍ കളിക്കാരനായ അരവിന്ദ് ഡിസില്‍വ വളരെ മനോഹരമായ ഒരു അര്‍ധസെഞ്ചുറി സ്കോര്‍ ചെയ്തു. സ്വന്തം നാട്ടില്‍ സ്റ്റേഡിയത്തിലെ നേട്ടത്തിലെ ആഹ്ലാദപ്രകടനത്തിന്റെ ഭാഗമായി അദ്ദേഹം തന്റെ ബാറ്റ് പകുതിയോളം ഉയര്‍ത്തിയെങ്കിലും കാണികളില്‍ നിന്നും അതിനുള്ള പ്രോത്സാഹനമൊന്നും ഉണ്ടായില്ല. നിരാശനായ അദ്ദേഹം ബാറ്റ് പൊടുന്നനെ താഴ്ത്തി. ആധുനിക ഇന്ത്യന്‍ സാഹചര്യത്തില്‍ അരവിന്ദ് ഡിസില്‍വ ഒരു ദേശവിരുദ്ധനായി മുദ്രകുത്തപ്പെടുമായിരുന്നു.
ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ക്കെല്ലാം സുപരിചിതമായ പേരാണല്ലൊ വിജയ് മര്‍ച്ചന്റിന്റെത്. എന്നാല്‍, ഇന്നത്തെ രാജ്യസ്നേഹികളെന്നറിയപ്പെടുന്ന ചിലര്‍‍ക്ക് അദ്ദേഹത്തിന്റെ സംഭാവന എന്തായിരുന്നു എന്ന് അറിവുണ്ടായിരിക്കണമെന്നില്ല. സമീപകാലം വരെ വിജയ് മര്‍ച്ചന്റിന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ബാറ്റിങ് ശരാശരി ബ്രാഡ്‌മാനിന്റെതിന് തൊട്ടുപിന്നിലുണ്ടായിരുന്നു. ഇന്ത്യയില്‍ പര്യടനം നടത്തിവന്നിരുന്ന മുഴുവന്‍ ഇംഗ്ലീഷ് കളിക്കാരുടെയും കയ്യൊപ്പുകള്‍ ശേഖരിച്ച പുസ്തകത്തില്‍ താങ്കളുടെ കയ്യൊപ്പും കൂടി ചേര്‍ക്കണമെന്ന് മഹാത്മാഗാന്ധിയോട് വിജയ് മര്‍ച്ചന്റ് അഭ്യര്‍ത്ഥിച്ചു. ഗാന്ധിജി തന്റെ കയ്യൊപ്പിട്ടത് ഈ പട്ടികയുടെ ഏറ്റവും അവസാനമായിരുന്നു.

ഇന്ത്യയുടെ ക്യാപ്റ്റന്‍ ബിഷന്‍ സിങ് ബേഡി, 1978ലാണ് ടീമുമായി പാക് പര്യടനത്തിന് പോയത്. 1971ല്‍ നടന്ന ഇന്ത്യ‑പാക് യുദ്ധത്തിന്റെ സ്മരണ അന്നും നിലനിന്നിരുന്നെങ്കിലും ഇരുരാജ്യങ്ങളിലെയും ക്രിക്കറ്റ് കളിക്കാര്‍ക്കിടയിലെ സൗഹൃദത്തെ ഇത് ഒരു തരത്തിലും ബാധിച്ചിരുന്നില്ല. ഈ പരമ്പരയില്‍ ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടി നേരിടേണ്ടി വന്നെങ്കിലും ഇരു രാജ്യങ്ങളിലെയും ടീം അംഗങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന് നിസാരമായൊരു പോറല്‍പോലുമുണ്ടായില്ല. ബേഡിയുടെ സൗഹൃദപരമായ ഈ പെരുമാറ്റവും ഇടപെടലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും പില്‍ക്കാല ക്യാപ്റ്റനായ സുനില്‍ ഗവാസ്കറിലേക്കും പകര്‍ന്നു കിട്ടാതിരുന്നില്ല. കറാച്ചിയില്‍ ഗവാസ്കര്‍ നേടിയ സെഞ്ചുറികള്‍ കണ്ട് മതിമറന്ന പാക് ടീം അംഗങ്ങളും ആസ്വാദകരും അദ്ദേഹത്തെ ‘മഹാനായൊരു ബാറ്റ്സ്‌മാന്‍’ എന്ന നിലയിലാണ് വരവേറ്റതെന്നോര്‍ക്കുക. ഈ അവസരങ്ങളില്‍ രാഷ്ട്രീയമോ, മതപരമോ ആയ യാതൊരുവിധ നീരസവും ഉണ്ടായിരുന്നില്ല. സമാനമായൊരു വരവേല്പായിരുന്നു അസിഫ് ഇഖ്ബാല്‍ നേതൃത്വം നല്‍കിയിരുന്ന പാക് ക്രിക്കറ്റ് ടീം ഇന്ത്യയില്‍ എത്തിയപ്പോള്‍ ഇന്ത്യന്‍ ജനത നല്‍കിയതും. എന്നാല്‍ 1980കള്‍ മുതല്‍ ആരോഗ്യകരമായ അന്തരീക്ഷം ക്രമേണ അപ്രത്യക്ഷമാകാന്‍ തുടങ്ങി. ക്രിക്കറ്റ് ടൂര്‍ണമെന്റുകളുടെ കാര്യത്തില്‍ മാത്രമായിരുന്നില്ല. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അന്നുമുതല്‍ നടന്ന മുഴുവന്‍ കായിക, വിനോദ മേഖലകളിലെ മത്സരങ്ങളിലും ഇതേ വികാരം തന്നെ അനുഭവപ്പെട്ടു. 1983ല്‍ അഹമ്മദാബാദില്‍ നടന്ന വെസ്റ്റ് ഇന്‍ഡീസ്-ഇന്ത്യ മത്സരത്തില്‍ ഇന്ത്യയെക്കാള്‍ മികച്ച നിലയില്‍ മത്സരം കാഴ്ചവയ്ക്കുകയും മിന്നുന്ന വിജയം നേടുകയും ചെയ്ത വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ക്ലെെവ് ലോയിഡിനുണ്ടായ അനുഭവം മാത്രം മതിയാകും ഈ മാറ്റത്തിന് തെളിവ്. ക്ലെെവ് ലോയിഡിന്റെ സാന്നിധ്യത്തില്‍ വെസ്റ്റ് ഇന്‍ഡീസ് കളിക്കാര്‍ സ്റ്റേഡിയത്തിന് വെളിയിലേക്ക് നീങ്ങുന്നതിനിടെ ഗ്യാലറിയില്‍ നിന്നും അവര്‍ക്കുനേരെ കല്ലേറുണ്ടായി. ഇത്രയേറെ നീചവും നിന്ദ്യവുമായൊരു പെരുമാറ്റം ഇതിനുമുമ്പ് ഒരിക്കലും ഒരു വിദേശ ക്രിക്കറ്റ് ടീമിന് എതിരായും ഇന്ത്യന്‍ ആസ്വാദകരില്‍ നിന്നും ഉണ്ടായിട്ടില്ല. കൊല്‍ക്കത്തയില്‍ 1967ല്‍ നടന്ന ഇന്ത്യക്കെതിരായ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ടീമാണ് വിജയിച്ചത്. ഇതില്‍ രോഷാകുലരായ സാമൂഹ്യദ്രോഹികള്‍ സ്റ്റേഡിയത്തിന് തീയിട്ടു. ജീവന്‍ രക്ഷിക്കുന്നതിനായി സ്റ്റേഡിയത്തില്‍ നിന്നും അതിവേഗം ഓടി പുറത്തെത്തിയ വെസ്റ്റ് ഇന്‍ഡീസ് കളിക്കാര്‍ക്ക് രക്ഷാകവചം തീര്‍ത്തത് ക്രിക്കറ്റ് പ്രേമികളായിരുന്നു. അവരെ സുരക്ഷിതരായി ഹോട്ടലില്‍ എത്തിക്കുകയും ചെയ്തു. പൊലീസ് സേന രംഗത്തുവരുന്നതിനു മുമ്പുതന്നെ ഈ സുരക്ഷാബാധ്യത കളിക്കാരോടൊപ്പം ജനങ്ങള്‍ സ്വയം ഏറ്റെടുക്കുകയാണുണ്ടായത്.

 


ഇതുകൂടി വായിക്കൂ; മങ്ങലേല്‍ക്കുന്ന ഇന്ത്യന്‍ നയതന്ത്ര പ്രതിച്ഛായ


ദീര്‍ഘകാലം പാക് ക്യാപ്റ്റനായിരുന്ന ഇമ്രാന്‍ ഖാന്‍ ഇന്നും ഇന്ത്യന്‍ ജനതയുടെയും ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെയും മനസുകളില്‍ ആഴത്തില്‍ ഇടംനേടിയിട്ടുള്ള രാഷ്ട്രീയ നേതാവാണ്. ആഗോളപ്രശസ്തി നേടിയ ഓക്സ്‌ഫോ‍ഡ് സര്‍വകലാശാലയില്‍ നിന്നും ഉന്നതബിരുദം നേടിയ വ്യക്തി എന്നതിലുപരി ഉന്നതനിലവാരം പുലര്‍ത്തുന്ന ഒരു ക്രിക്കറ്റ് കളിക്കാരന്‍ എന്നനിലയിലും അദ്ദേഹം പ്രാമുഖ്യം നേടിയിരിക്കുന്നു. എങ്കിലും 1996 ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ പാകിസ്ഥാന്‍ ഇന്ത്യയോട് പരാജയപ്പെടുമെന്ന അവസ്ഥയിലെത്തിയപ്പോള്‍ ഈ മുന്‍ ക്യാപ്റ്റന്‍ കമന്ററി ബോക്സില്‍ നിഷ്പക്ഷത പാലിക്കാന്‍ ബാധ്യസ്ഥനാണെന്നത് മറന്ന് സ്വന്തം നാട്ടിലെ കളിക്കാരെ പരസ്യമായി പ്രോത്സാഹിപ്പിക്കുന്ന രംഗവും കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ഏറെത്താമസിയാതെ പാക് പ്രധാനമന്ത്രിയായി തീര്‍ന്ന ഇമ്രാന്‍ഖാന്‍ തന്നെയാണ് ഇപ്പോള്‍ ഇന്ത്യന്‍ കളിക്കാര്‍ക്കുനേരെ തിരിയുന്നതും ‘ആള്‍ക്കൂട്ടം ബോധം കെടുന്നവിധം നിശബ്ദരായിരിക്കുന്നു’ എന്ന് ഉച്ചത്തില്‍ ആക്രോശിക്കുന്നതും. ഈ മാറ്റവും ക്രിക്കറ്റിന്റെ കളങ്കം വര്‍ധിപ്പിക്കുന്നു. ഇതൊരിക്കലും ആശാസ്യമല്ല. ക്രിക്കറ്റ് ഒരേസമയം മാന്യന്മാരുടെയും സാധാരണക്കാരുടെയും കളിയായി തുടരുകതന്നെ വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.